ആന വളർത്തിയ വാനമ്പാടി
ആന വളർത്തിയ വാനമ്പാടി | |
---|---|
സംവിധാനം | പി. സുബ്രഹ്മണ്യം |
നിർമ്മാണം | പി. സുബ്രഹ്മണ്യം |
കഥ | നീലാ |
തിരക്കഥ | തിക്കുറിശ്ശി സുകുമാരൻ നായർ |
സംഭാഷണം | തിക്കുറിശ്ശി സുകുമാരൻ നായർ |
അഭിനേതാക്കൾ | തിക്കുറിശ്ശി സുകുമാരൻ നായർ ഡി. ബലസുബ്രഹ്മണ്യൻ എം.എൻ. നമ്പ്യാർ ശ്രീറാം എസ്.പി. പിള്ള ബഹദൂർ ഫ്രൻസിസ് രാമസ്വാമി മിസ് കുമാരി ശാന്തി എസ്.ഡി. സുബ്ബലക്ഷ്മി സി.കെ. സരസ്വതി |
സംഗീതം | ബ്രദർ ലക്ഷ്മണൻ |
ഗാനരചന | തിരുനയിനാർകുറിച്ചി മാധവൻ നായർ |
ഛായാഗ്രഹണം | എൻ.എസ് മണി |
ചിത്രസംയോജനം | കെ.ഡി. ജോർജ് |
വിതരണം | എ. കുമാരസ്വാമി റിലീസ് |
റിലീസിങ് തീയതി | 18/02/1959 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
നീലാ പ്രൊഡക്ഷൻസിന്റെ ആന വളർത്തിയ വാനമ്പാടി 1959 പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്. പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ നിർമ്മാണവും അദ്ദേഹം തന്നെ നിർവഹിച്ചു. കഥ നീലായുടേയും സംഭാഷണം തിക്കുറിശ്ശി സുകുമാരൻ നായരുടേതുമാണ്. തിരുനയിനാർകുറിച്ചി എഴുതിയ ഗാനങ്ങൾക്ക് ബ്രദർ ലക്ഷ്മണൻ സംഗീതം നൽകി. മെരിലാൻഡിൽ നിർമിച്ച പ്രസ്തുത ചിത്രം കുമാരസ്വാമി ആൻഡ് കമ്പനി വിതരണം ചെയ്തു. 1959 ഫെബ്രുവരി മാസം 18-ന് ചിത്രം പ്രദർശിപ്പിച്ചു തുടങ്ങി.[1]
1971-ൽ ചിത്രത്തിന്റെ രണ്ടാം ഭാഗം, ആന വളർത്തിയ വാനമ്പാടിയുടെ മകൻ എന്ന പേരിൽ പ്രദർശനത്തിനെത്തി. മലയാളചലച്ചിത്രത്തിലെ ആദ്യ രണ്ടാം ഭാഗമായി ഈ ചിത്രത്തെ കണക്കാക്കുന്നു. കഥാസാരം സിങ്കപ്പൂരിലെ ഒരു എസ്റ്റേറ്റ് ഉടമസ്ഥനാണ് ശെൽവവതി.നാട്ടിൽ കഴിഞ്ഞിരുന്ന ഭാര്യ ലക്ഷ്മി കൈക്കുഞ്ഞുമായി വിമാനത്തിൽ സിങ്കപ്പൂരിലേയ്ക്ക് പോകുന്ന വഴി വിമാനം തകർന്നു.അവിചാരിതമായി ഉണ്ടായ അത്യാഹിതത്തിൽ നിന്നു ആ പിഞ്ചുകുഞ്ഞു മാത്രം അത്ഭുതകരമായ വിധത്തിൽ രക്ഷപ്പെട്ടു.ഒരു കരിമ്പടത്തിനുള്ളിൽ മരക്കൊമ്പിൽ ഉടക്കി കിടന്നു കരഞ്ഞു വിളിച്ച ആ പെൺകുഞ്ഞിനെ ആദിയപ്പൻ എന്ന കുരങ്ങ് കണ്ടു പിടിക്കുന്നു.ഭീമരാജൻ എന്ന ആന ആ ഓമനക്കുഞ്ഞിനെ തുമ്പിക്കയ്യിൽ കോരിയെടുത്ത് തന്റെ യജമാനനായ ധർമ്മരാജനെ ഏല്പിച്ചു.നഗരജീവിതം വെറുത്ത് ആരണ്യവാസം കൈക്കൊണ്ട ധർമ്മരാജൻ അവൾക്കു മല്ലിയെന്നു പേരിട്ടു സ്വന്തം പുത്രിയെപ്പോലെ വളർത്തി.സിങ്കപ്പൂരിൽ നിന്നും നിരാശാഭരിതനായി നാട്ടിൽ മടങ്ങിയെത്തിയ ശെൽവവതി തന്റെ സഹോദരി സരസ്വതിയുടെ മകൻ ശേഖറിനെ വളർത്തി അവന്റെ ഭാവി ഭാസുരമാക്കുന്നതിൽ മാത്രം ശ്രദ്ധിച്ചു കഴിഞ്ഞു വന്നു. കാനം പിന്നെ പല പ്രാവശ്യം പൂത്തു.മല്ലിക ആ കാടിന്റെ സ്വർണ്ണകുമാരിയായി വളർന്നു.അവൾ ഒരു വാനമ്പാടിയായി കാട്ടുപൂക്കളും കാട്ടരുവിയുമായി ഉല്ലസിച്ചു ജീവിച്ചു.കാട്ടിൽ താവളമടിച്ചു കൊള്ള നടത്തി വന്നിരുന്ന ഒരു തസ്ക്കര വീരൻ ഒരു ദിവസം മല്ലിയെ കണ്ടുമുട്ടി. ആരെയും ആകർഷിക്കത്തക്ക ആകാരസൗകുമാര്യം നിറഞ്ഞു നിന്ന ആ കാട്ടുമങ്കയിൽ ആ പരാക്രമിയ്ക്ക് അടക്കാനാവാത്ത അഭിനിവേശം ഉണ്ടായി.അവളെ അപഹരിക്കുവാൻ അവൻ നേരം നോക്കി കഴിഞ്ഞു. ഒരപസർപ്പക വിദഗ്ധനായി കഴിഞ്ഞിരുന്ന ശേഖറെ വനത്തിൽ മറഞ്ഞു കഴിഞ്ഞിരുന്ന കൊള്ള സംഘത്തിനെ പിടിക്കുവാൻ അധികാരികൾ നിയോഗിക്കുന്നു.അതിലേക്കായി കാട്ടിലെത്തിയ ശേഖർ ഒരു ദിവസം വനസുന്ദരിയായ മല്ലിയെ കണ്ടുമുട്ടുന്നു.പ്രഥമദർശനത്തിൽ തന്നെ അകം കൊണ്ടടുത്തു കഴിഞ്ഞ അവർ വീണ്ടും കണ്ടുമുട്ടി കഥകളും കാര്യങ്ങളും പറഞ്ഞ് പിരിക്കുവാനാകാത്ത ഹൃദയ ബന്ധത്തിലായി.ശേഖറുമായുള്ള ബന്ധം ധർമ്മരാജനു ഇഷ്ടമായില്ല.അയാളുടെ ഉപദേശ നിർദ്ദേശങ്ങളൊന്നും അനുരാഗവതിയായ മല്ലിയുടെ മനസ്സിലെ ചിത്രം മായിക്കാൻ ഉപകരിച്ചില്ല. ഇതിനിടയിൽ കൊള്ള സംഘത്തെ മുഴുവൻ ശേഖറും കൂട്ടരും കൂടി പിടികൂടി.മല്ലിയെത്തേടി മരക്കൊമ്പുകളിൽ കെട്ടിയുണ്ടാക്കിയിരുന്ന അവളുടെ വീട്ടിൽ ചെന്നു.മല്ലിയുടെ വീട് കത്തിയെരിയുന്നു.തീയിൽ വെന്തു മരിച്ചു പോയ തന്റെ അച്ഛനെ വിളിച്ചു കരൾപൊട്ടിക്കരയുന്ന മല്ലി. ജീവിതത്തിൽ ഉറ്റവരായി മറ്റാരുമില്ലാത്ത തന്റെ ഹൃദയേശ്വരിയെ ശേഖർ നാട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നു. ശെൽവവതിയുടെ സഹോദരനായ അരുണാചലത്തിന്റെ മകൾ മോഹന ശേഖറെ സ്നേഹിച്ചിരുന്നു. ആ രാഗവായ്പ് മോഹനയുടെ അമ്മയ്ക്ക് ഹിതകരമായിരുന്നില്ല.സ്വസഹോദരനായ അഴകു സുന്ദരത്തിനു മോഹനയെ വിവാഹം ചെയ്തു കൊടുക്കണമെന്നായിരുന്നു അങ്കമുത്തുവിന്റെ ഉദ്ദേശം. പക്ഷേ ശേഖറിന്റെ അമ്മയ്ക്കും അമ്മാവനും ഇഷ്ടപ്പെട്ട വിധത്തിൽ ശേഖറുമായുള്ള മോഹനയുടെ വിവാഹം നിശ്ചയിച്ചു കഴിഞ്ഞപ്പോഴാണ് മല്ലിയും കാട്ടുകുരങ്ങൻ കൂട്ടുകാരനുമായി ശേഖർ നാട്ടിലെത്തിയത്. അഴകുസുന്ദരം മോഹനയെ നഷ്ടപ്പെടുന്നത് ഇഷ്ടപ്പെട്ടില്ല. സംഘട്ടനങ്ങൾ സത്യത്തിന്റെ ഇരുട്ടറയിൽ വെളിച്ചം പകർന്നു.തീയിൽ വീണു മരണമടഞ്ഞു എന്നു കരുതപ്പെട്ട ധർമ്മരാജൻ നാട്ടിലെത്തി.യഥാർത്ഥ കൊള്ളക്കാരൻ അഴക് സുന്ദരമാണെന്ന സത്യത്തിനോടൊപ്പം മല്ലി ശെൽവ വതിയുടെ നഷ്ടപ്പെട്ട ഓമന മകളാണെന്നും അറിവായി.അഴക സുന്ദരം അഴിക്കുള്ളിലേയ്ക്കും മല്ലിക മണിയറയിലേയ്ക്കും ആനയിക്കപ്പെടുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- തിക്കുറിശ്ശി സുകുമാരൻ നായർ
- ഡി. ബലസുബ്രഹ്മണ്യൻ
- എം.എൻ. നമ്പ്യാർ
- ശ്രീറാം
- എസ്.പി. പിള്ള
- ബഹദൂർ
- ഫ്രൻസിസ് രാമസ്വാമി
- മിസ് കുമാരി
- ശാന്തി
- എസ്.ഡി. സുബ്ബലക്ഷ്മി
- സി.കെ. സരസ്വതി
പിന്നണിഗായകർ
[തിരുത്തുക]- എ.എം. രാജ
- ജമുനാ റാണി
- പി. ലീല
- പി.ബി. ശ്രീനിവാസ്
അവലംബം
[തിരുത്തുക]- ↑ മലയാളം സിനീമ ഇന്റർനെറ്റ് ഡാറ്റാ ബേസിൽ നിന്ന് ആന വളർത്തിയ വാനമ്പാടി
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ആന വളർത്തിയ വാനമ്പാടി.
- പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- 1959-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ബ്രദർ ലക്ഷ്മണൻ സംഗീതം നൽകിയ ഗാനങ്ങൾ
- തിരുനായിനാർകുറിച്ചി-ബ്രദർലക്ഷ്മൺ ഗാനങ്ങൾ
- തിരുനായിനാർ കുറിച്ചി എഴുതിയ ഗാനങ്ങൾ
- എൻ.എസ് മണി കാമറ ചലിപ്പിച്ച ചിത്രങ്ങാൾ
- കെ.ഡി. ജോർജ്ജ് ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- തിക്കുറിശ്ശി കഥ എഴുതിയ മലയാളചലച്ചിത്രങ്ങൾ
- പി. സുബ്രഹ്മണ്യം നിർമ്മിച്ച ചലച്ചിത്രങ്ങൾ