Jump to content

ആമച്ചൽ കൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആമച്ചൽ കൃഷ്ണൻ

കമ്യൂണിസ്റ്റ്പാർടിയുടെ ആദ്യകാല നേതാവും സ്വാതന്ത്ര്യസമര സേനാനിയും വിപ്ലവഗായകനുമായിരുന്നു ആമച്ചൽ കൃഷ്ണൻ( - 18 ഫെബ്രുവരി 2012).

ജീവിതരേഖ

[തിരുത്തുക]

കാട്ടാക്കട പഞ്ചായത്തിലെ ആമച്ചൽ പ്രദേശത്ത് ജനിച്ച് അലക്കു തൊഴിലാളിയായി വളർന്ന സഖാവ് നന്നേ ചെറുപ്പത്തിലേ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ ആകൃഷ്ടനാവുകയും നിരവധി പ്രക്ഷോഭങ്ങളിൽ പങ്കാളിയാവുകയും ചെയ്തു. തുടർന്ന് പുരോഗമന ആശയങ്ങളുടെ വഴിതേടിക്കൊണ്ട് കമ്മ്യൂണിസ്റ്റ് സഹയാത്രികനും പിന്നീട് സജീവ പ്രവർത്തകനുമായിത്തീർന്നു.

തെക്കൻ തിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് ആമച്ചൽ കൃഷ്ണന്റെ വിപ്ലവഗാനാലാപനം വളരെ വലിയ പങ്കാണ് വഹിച്ചത്. മേദിനിയുമൊന്നിച്ചും അദ്ദേഹം പല വേദികളിലും ഗാനങ്ങൾ ആലപിച്ചു. കെ.പി.എ.സി.യുടെ നാടക ഗാനങ്ങളും പി. ഭാസ്‌കരന്റെയും വയലാറിന്റെയും ഒ എൻ വിയുടെയും ഹൃദ്യമായ വിപ്ലവഗാനങ്ങളും പ്രചാരത്തിലെത്തും മുമ്പ് തന്നെ നാടൻ ശീലുകളെ സ്വന്തമായി എഴുതി തയ്യാറാക്കി മധുരവിപ്ലവ ഗാനങ്ങളാക്കി പാർട്ടി വേദികളിൽ സ്ഥിരമായി അവതരിപ്പിക്കുന്നതും ഇദ്ദേഹത്തിന്റെ ശൈലിയായിരുന്നു.അക്കാലത്തെ സമ്മേളനങ്ങളിലും പാർട്ടിവേദികളിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ ആളെ കൂട്ടുന്നതിനും ആമച്ചലിന്റെ പാട്ടുകൾ നിർബന്ധമായിരുന്നു. ഒരു പരിപാടി തീർന്നാൽ ഉടൻ അടുത്ത യോഗത്തിന്റെ സംഘാടകർ സൈക്കിളുമായി വന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോവുക പതിവായിരുന്നു.[1]

ജന്മിത്തത്തിനും തൊഴിലാളി വർഗ്ഗചൂഷണത്തിനുമെതിരായി പാർട്ടിയുടെ നിരവധിയായ പ്രക്ഷോഭങ്ങളിലെ മുൻനിരക്കാരനായിരുന്ന അദ്ദേഹം 1954-ലെ ട്രാൻസ്‌പോർട്ട് സമരത്തിൽ പങ്കെടുത്ത് കൊടിയ മർദനത്തിന് വിധേയനായി. ക്രൂരമായ മർദനത്തെതുടർന്ന് മരിച്ചു എന്ന് കരുതി പൊലീസ് ഉപേക്ഷിച്ചു. പുനലൂരിലെ പൊന്തക്കാടുകളിൽ നിന്നും അർധപ്രാണനോടുകൂടി പാർട്ടിക്കാർ പിന്നീട് കണ്ടെടുക്കുകയായിരുന്നു[2]. കേരളത്തിൽ ആദ്യമായി നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അമ്പലത്തിൻകാല വാർഡിൻ നിന്നും പഞ്ചായത്ത് മെമ്പറായിട്ടുണ്ട്. 1964 ലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലുണ്ടായ പിളർപ്പിനെ തുടർന്ന് അദ്ദേഹം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉറച്ചു നിന്നു. അലക്ക് തൊഴിലാളികളെ സംഘടിപ്പിക്കുകയും അവർക്ക് ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരം സംഘടിപ്പിക്കുകയും അത് നേടിയെടുക്കുന്നതിൽ വിജയിക്കുകയും ചെയ്തു.

അവലംബം

[തിരുത്തുക]
  1. http://www.janayugomonline.com/php/newsDetails.php?nid=1009716&cid=52[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആ നാദധാര നിലച്ചു / മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-02-18. Retrieved 2012-02-18.
"https://ml.wikipedia.org/w/index.php?title=ആമച്ചൽ_കൃഷ്ണൻ&oldid=3624321" എന്ന താളിൽനിന്ന് ശേഖരിച്ചത്