Jump to content

ഇഗ്നാത്തിയോസ് അബ്ദുല്ല രണ്ടാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇഗ്നാത്തിയോസ് അബ്ദുള്ള രണ്ടാമൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സുറിയാനി ഓർത്തഡോക്സ് സഭയുടെ മുൻ പരമാദ്ധ്യക്ഷൻ ആയിരുന്നു ഇഗ്നാത്തിയോസ് അബ്ദുള്ള രണ്ടാമൻ അഥവാ ഇഗ്നാത്തിയോസ് അബ്ദേദ് ആലോഹോ രണ്ടാമൻ.[1][2] അന്ത്യോഖ്യായുടെ 118ാമത്തെ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ് ആയിരുന്നു അദ്ദേഹം.

ഇഗ്നാത്തിയോസ് അബ്ദേദ് ആലോഹോ രണ്ടാമൻ
അന്ത്യോഖ്യാ പാത്രിയർക്കീസ്
സഭസുറിയാനി ഓർത്തഡോക്സ് സഭ
ഭദ്രാസനംഅന്ത്യോഖ്യ
സ്ഥാനാരോഹണം1906
ഭരണം അവസാനിച്ചത്1915
മുൻഗാമിഇഗ്നാത്തിയോസ് അബ്ദുൾ മസിഹ് രണ്ടാമൻ
പിൻഗാമിഇഗ്നാത്തിയോസ്‌ ഏലിയാസ്‌ തൃതീയൻ‍
എതിർപ്പ്ഇഗ്നാത്തിയോസ് അബ്ദുൾ മസിഹ് രണ്ടാമൻ
മെത്രാഭിഷേകം1872 സെപ്റ്റംബർ 3
വ്യക്തി വിവരങ്ങൾ
ജനന നാമംഅബ്ദേദ് സാത്തുഫ്
ജനനം1833 ജൂൺ 7
സദാദ്, സിറിയ വിലയറ്റ്, ഓട്ടോമൻ സാമ്രാജ്യം
മരണം1915 നവംബർ 26
ജറുസലേം, ജറുസലേം മുതസാരിഫേറ്റ്, ഓട്ടോമൻ സാമ്രാജ്യം
ഭവനംവിശുദ്ധ മർക്കോസിന്റെ ആശ്രമം, ജറുസലേം

1912ൽ മലങ്കര മെത്രാപ്പോലീത്തയായിരുന്ന വട്ടശ്ശേരിൽ ദിവന്നാസിയോസ് ആറാമനെ അധികാരത്തിൽ നിന്ന് പുറത്താക്കി. ഇത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സ്ഥാപനത്തിനും ഇന്നും തുടരുന്ന മലങ്കര യാക്കോബായ-ഓർത്തഡോക്സ് സഭാ തർക്കത്തിനും കാരണമായി. ക്നാനായ സമുദായത്തിൽ ഉൾപ്പെട്ടവർക്കായി ആദ്യമായി വ്യതിരിക്ത സഭാ സംവിധാനം സ്ഥാപിച്ചത് ഇദ്ദേഹമാണ്. അങ്ങനെ 1910ൽ ക്നാനായ യാക്കോബായ അതിഭദ്രാസനം സ്ഥാപിതമായി. ഇതിനേത്തുടർന്ന് കത്തോലിക്കാ സഭയും ക്നാനായ കാത്തോലിക്കർക്ക് വേണ്ടി കോട്ടയം കേന്ദ്രമാക്കി അതിരൂപത സ്ഥാപിച്ചു.[3]

ആദ്യകാല ജീവിതം

[തിരുത്തുക]

സുറിയാനി ഓർത്തഡോക്സ് സഭയിലെ ഒരു ശെമ്മാശൻ ആയിരുന്ന ജിർജിസ് സാത്തുഫിന്റെയും നസ്ര ഹന്ന അൽ തവീലിന്റെയും മകനായി ഒട്ടോമൻ സാമ്രാജ്യത്തിലെ സദാദിലാണ് അബ്ദുള്ള ജനിച്ചത്. 1857ൽ കുർക്കുമാ ദയറായിൽ ചേർന്ന അദ്ദേഹം പിന്നീട് എദേസ്സയിൽ ആദ്ധ്യാപനം നടത്തി ഏതാനം വർഷങ്ങൾ കഴിച്ചുകൂട്ടി. അവിടെ വെച്ചുതന്നെ അദ്ദേഹം ശെമ്മാശൻ പട്ടം സ്വീകരിച്ചു. 1866ൽ അമിദിൽ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് യാക്കൂബ് ദ്വിതീയന്റെ സഹായിയായി നിയമിതനായി. 1867ൽ അദ്ദേഹത്തെ പാത്രിയർക്കീസ് സന്യാസത്തിലേക്ക് സ്വീകരിച്ചു. തുടർന്ന് പുരോഹിതനായും നിയമിക്കപ്പെട്ടു. 1870ൽ അദ്ദേഹം തുർ അബ്ദീൻ പ്രദേശം ചുറ്റി സഞ്ചരിച്ച് അവിടത്തെ ജനങ്ങളെയും ഗ്രാമങ്ങളെയും കുടുംബങ്ങളെയും പറ്റി വിശദമായി എഴുതിയിട്ടുണ്ട്.[3]

മെത്രാൻ

[തിരുത്തുക]

1872 സെപ്റ്റംബർ 3ന് അദ്ദേഹത്തെ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ ജറുസലേമിന്റെ മെത്രാപ്പോലീത്തയായി നിയമിച്ചു. തദവസരത്തിൽ അദ്ദേഹം ഗ്രിഗോറിയോസ് എന്ന നാമം സ്വീകരിച്ചു. 1874 മുതൽ 1877 വരെ ഇംഗ്ലണ്ടിലേക്കും ഇന്ത്യയിലേക്കും ഉള്ള യാത്രകളിൽ പാത്രിയർക്കീസിനെ അദ്ദേഹം അനുഗമിച്ചിരുന്നു. ഇന്ത്യയിൽ രണ്ട് വർഷംകൂടി തുടർന്ന അദ്ദേഹം പിന്നീട് ലണ്ടനിലേക്ക് പോവുകയും കുർക്കുമാ ദയറായിലേക്ക് ഒരു അച്ചടി പ്രസ്സ് തരപ്പെടുത്തുകയും ചെയ്തു. 1880 മുതൽ 1886 വരെ സിറിയയുടെ മെത്രാനായും 1890മുതൽ അമിദിലെ മെത്രാനായും അദ്ദേഹം പ്രവർത്തിച്ചു. 1888ൽ ലണ്ടനിലേക്ക് വീണ്ടും പോയ അദ്ദേഹം അവിടെ ലാംബെഥ് കോൺഫറൻസിൽ പങ്കുചേർന്നു. അവിടെനിന്ന് രണ്ടാമത്തെ അച്ചടി പ്രസ്സും അദ്ദേഹം സ്വീകരിച്ചു. 1895ലോ 1896ലോ അർമ്മേനിയൻ വംശജരോട് ഒപ്പം ചേർന്ന് ഒട്ടോമൻ സാമ്രാജ്യത്തെ ചൊടിപ്പിച്ച ഒരു പ്രമേയത്തിൽ ഒപ്പുവെച്ചു. ഇതേത്തുടർന്ന് തുർക്കി സർക്കാർ അദ്ദേഹത്തെ നാടുകടത്താൻ ഉത്തരവിട്ടു. തുടർന്ന് ഫ്രഞ്ച് കോൺസുലേറ്റിൽ അഭയം തേടിയ അദ്ദേഹം അവിടെ വെച്ച് സുറിയാനി കത്തോലിക്കാ സഭയിൽ ചേർന്നു. 1898ൽ അദ്ദേഹം സുറിയാനി കത്തോലിക്കാ സഭയുടെ ഹിമസിന്റെയും ഹമായുടെയും മെത്രാനായി നിയമിതനായി. 1898 ഒക്ടോബർ 9ന് പാത്രിയർക്കീസ് ഇഗ്നാത്തിയോസ് എഫ്രേം റഹ്മാനിയെ തിരഞ്ഞെടുത്ത സുന്നഹദോസിൽ അദ്ദേഹവും അംഗമായിരുന്നു.[3]

പാത്രിയർക്കീസ്

[തിരുത്തുക]

സുറിയാനി ഓർത്തഡോക്സ് സഭയുടെ അന്നത്തെ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അബ്ദുൾ മസിഹ് രണ്ടാമൻ 1903 നവംബർ 10ന് സ്ഥാനഭൃഷ്ടനാക്കപ്പെട്ടു. ഇതേത്തുടർന്ന് 1906 ഓഗസ്റ്റ് 5ന് അബ്ദുള്ള സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിനുശേഷം ലണ്ടനിലേക്ക് പോയ അദ്ദേഹം അവിടെ എഡ്വേർഡ് ഏഴാമൻ രാജാവിനെ രണ്ടുവട്ടം സന്ദർശിച്ചു. 1908 മുതൽ ഇന്ത്യയിൽ അദ്ദേഹം സന്ദർശനം നടത്തി.[3] പാത്രിയർക്കീസ് ആയ ശേഷവും സമയത്തിന്റെ ഏറിയ പങ്കും അദ്ദേഹം ചിലവഴിച്ചത് ജറുസലേമിലെ മർക്കോസിന്റെ ദയറായിൽ ആയിരുന്നു. എഡ്വേർഡ് ഏഴാമൻ രാജാവിൽ നിന്ന് ഒരു പതക്കവും ഒട്ടോമൻ സുൽത്താനിൽ നിന്ന് രണ്ട് പതക്കങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കുർക്കുമാ ദയറായിലെ സെമിനാരി പുനരാരംഭിച്ചത് അദ്ദേഹമാണ്. 1913ൽ അദ്ദേഹം അൽ-ഹിക്മ എന്ന പ്രസിദ്ധീകരണം തുടങ്ങി. അതോടൊപ്പം ആദ്യമായി ആറ് വൈദികരും ആറ് അത്മായരും അടങ്ങുന്ന ഒരു സഭാ സമിതി അദ്ദേഹം രൂപീകരിക്കുകയും ചെയ്തു.[3]

മലങ്കര സഭ

[തിരുത്തുക]

പാത്രിയർക്കീസാകുന്നതിന് വർഷങ്ങൾക്കു മുമ്പ് അന്നത്തെ പാത്രിയർക്കീസ് ഇഗ്നാത്തിയോസ്‌ പത്രോസ് നാലാമന്റെ ഇന്ത്യാ സന്ദർശനവേളയിൽ ഗ്രിഗോറിയോസ് അബ്ദുള്ള അദ്ദേഹത്തെ അനുഗമിച്ചിരുന്നു. 1876ൽ പാത്രിയർക്കീസിന്റെ അദ്ധ്യക്ഷതയിൽ വിളിച്ചു ചേർത്ത മുളന്തുരുത്തി സുന്നഹദോസിൽ അദ്ദേഹം പങ്കെടുക്കുകയും 1879വരെ കേരളത്തിൽ തുടരുകയും സുറിയാനി ഓർത്തഡോക്സ് സഭയുടെ അക്കാലത്തെ മലങ്കര മെത്രാപ്പോലീത്ത പുലിക്കോട്ടിൽ ദിവന്നാസിയോസ് ജോസഫ് രണ്ടാമനെ സാഹായിക്കുകയും ചെയ്തുവന്നു.[3]

പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അബ്ദുല്ല ദ്വിതീയന്റെ 1911ലെ മലങ്കര സഭാ സന്ദർശനം. മലങ്കര മെത്രാപ്പോലീത്ത വട്ടശ്ശേരിൽ ദിവന്നാസിയോസ്, പാത്രിയാർക്കൽ പ്രതിനിധി ഒസ്താത്തിയോസ് സ്ലീബോ, ഇവാനിയോസ് പൗലോസ്, കൂറിലോസ് പൗലോസ് എന്നിവർ സമീപം

1906ൽ പാത്രിയർക്കീസ് സ്ഥാനത്ത് എത്തിയശേഷം ഇന്ത്യൻ സഭയിൽ തന്റെ അധികാരം കൂടുതൽ ശക്തമാക്കാൻ ആദ്ദേഹം പരിശ്രമിച്ചുകൊണ്ടിരുന്നു. പുലിക്കോട്ടിൽ ദിവന്നാസിയോസ് ജോസഫ് രണ്ടാമന്റെ മരണശേഷം ചേർന്ന മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ, വൈദികരായ ഗീവർഗീസ് വട്ടശ്ശേരിയെയും കൊച്ചുപറമ്പിൽ പൗലോസിനെയും തിരഞ്ഞെടുത്തത് പാത്രിയർക്കീസിന്റെ അടുക്കലേക്ക് അയച്ചു. 1908 മെയ് 31ന് പാത്രിയർക്കീസ് അബ്ദുള്ള രണ്ടുപേരെയും മെത്രാന്മാരായി വാഴിക്കുകയും വട്ടശ്ശേരി ഗീവർഗ്ഗീസിനെ ദിവന്നാസിയോസ് ആറാമൻ എന്ന പേരിൽ മലങ്കര മെത്രാപ്പോലീത്തയായി നിയമിക്കുകയും ചെയ്തു.[4]

1889ലെ തിരുവിതാംകൂർ റോയൽ കോടതി വിധി അനുസരിച്ച് മലങ്കര സഭയുടെ ആത്മീയ പരമാദ്ധ്യക്ഷൻ അന്ത്യോഖ്യാ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ് ആണെന്ന് തീർപ്പ് കൽപ്പിക്കപ്പെട്ടു. എന്നാൽ സഭാഭരണവിഷയങ്ങളിൽ പാത്രിയർക്കീസിന് ഏതാനം ചില അധികാരങ്ങൾ മാത്രമേ കോടതി വിധി പ്രകാരം ഉണ്ടായിരുന്നുള്ളൂ. മലങ്കര അസോസിയേഷൻ തെരഞ്ഞെടുക്കുന്ന സ്ഥാനാർത്ഥിയെ മലങ്കര മെത്രാപ്പോലീത്തയായി നിയമിക്കാനും സഭയ്ക്ക് മെത്രാന്മാരെ വാഴിച്ചു നൽകാനും മൂറോൻ തൈലം കൂദാശ ചെയ്യാനുമുള്ള അധികാരങ്ങൾ പാത്രിയർക്കീസിൽ നിക്ഷിപ്തമായിരുന്നു. എന്നാൽ മലങ്കര സഭയിൽ ഭൗതിക ഭരണ വിഷയങ്ങളിൽ കൂടുതൽ അധികാരം ആഗ്രഹിച്ചിരുന്ന പാത്രിയർക്കീസ് അത് അനുവദിച്ചു കിട്ടുന്നതിന് സമ്മതപത്രം എഴുതി നൽകാൻ വട്ടശ്ശേരി ദിവന്നാസിയോസിനോട് നിർദ്ദേശിച്ചു. എന്നാൽ വട്ടശ്ശേരി ദിവന്നാസിയോസ് അതിന് തയ്യാറായില്ല. തുടർന്ന് പാത്രിയർക്കീസ് 1908ൽ കേരളത്തിൽ നേരിട്ട് എത്തി വട്ടശ്ശേരി ദിവന്നാസിയോസിന്റെ മേൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ ആരംഭിച്ചു. വട്ടശ്ശേരി ദിവന്നാസിയോസ് ഇതിന് വഴങ്ങാതെ വന്നതോടെ പാത്രിയർക്കീസ് അദ്ദേഹത്തെ മുടക്കി. 1910ൽ അദ്ദേഹം ക്നാനായ യാക്കോബായ സമുദായാംഗങ്ങളെയും പള്ളികളെയും മലങ്കര മെത്രാപ്പോലീത്തയിൽ നിന്ന് വേർപെടുത്തി തന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉള്ള അതിഭദ്രാസന സംവിധാനത്തിന്റെ കീഴിൽ ആക്കി.[3] വട്ടശ്ശേരി ദിവന്നാസിയോസിന് പകരം പുതിയ മലങ്കര മെത്രാപ്പോലീത്തയെ തിരഞ്ഞെടുക്കാൻ അസോസിയേഷൻ വിളിച്ചു ചേർക്കുകയും ചെയ്തു. 1911 ഓഗസ്റ്റിൽ ആലുവയിൽ ചേർന്ന അസോസിയേഷൻ യോഗം കൂറിലോസ് പൗലോസ് കൊച്ചുപറമ്പിലിനെ മലങ്കര മെത്രാപ്പോലീത്തയായി തിരഞ്ഞെടുക്കുകയും 30ാം തീയ്യതി പാത്രിയർക്കീസ് അത് അംഗീകരിച്ച് പുതിയ മലങ്കര മെത്രാപ്പോലീത്തയെ നിയമിക്കുകയും ചെയ്തു. ഇത് വട്ടശ്ശേരി ദിവന്നാസിയോസ് അംഗീകരിച്ചില്ല.

പാത്രിയർക്കീസിന്റെ ആത്മീയ അധികാരത്തെ നേരിടാൻ സ്ഥാനഭൃഷ്ടനാക്കപ്പെട്ട മുൻ പാത്രിയർക്കീസ് അബ്ദുൾ മസിഹിനെ വട്ടശ്ശേരി ക്ഷണിച്ചു വരുത്തി. 1912 സെപ്റ്റംബർ 15ാം തീയ്യതി നിരണത്ത് വെച്ച് പൗലോസ് ഇവാനിയോസ് മുറിമറ്റത്തിലിനെ കിഴക്കിന്റെ മഫ്രിയോനോ-കാതോലിക്കാ ആയി അബ്ദുൾ മസിഹ് നിയമിക്കുകയും ചെയ്തു.[5] അങ്ങനെ മലങ്കര യാക്കോബായ സഭ രണ്ട് വിഭാഗങ്ങളായി പിളർന്നു. അബ്ദുള്ള പാത്രിയർക്കീസ് ബാവയുടെയും അദ്ദേഹത്തിന്റെ അംഗീകാരമുള്ള മെത്രാപ്പോലീത്തയുടെയും പക്ഷത്ത് നിന്നവർ ബാവാ കക്ഷി അല്ലെങ്കിൽ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ എന്നറിയപ്പെട്ടു. വട്ടശ്ശേരി ദിവന്നാസിയോസ് മെത്രാന്റെയും പുതിയതായി സ്ഥാപിക്കപ്പെട്ട കാതോലിക്കേറ്റിന്റെയും കൂടെ നിന്നവർ മെത്രാൻ കക്ഷി അഥവാ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയെന്നും അറിയപ്പെട്ടു. അന്നുമുതൽ തുടങ്ങിയ സഭാതർക്കം ഇന്നും നിലനിൽക്കുന്നു.[6][7]

1915ൽ ജറുസലേമിലെ മർക്കോസിന്റെ ദയറായിൽ വെച്ച് ഇഗ്നാത്തിയോസ്‌ അബ്ദുള്ള രണ്ടാമൻ പാത്രിയർക്കീസ് അന്തരിച്ചു. അദ്ദേഹത്തിന്റെ ഭൗതികശരീരം അതേ ആശ്രമത്തിൽ തന്നെ കബറടക്കപ്പെട്ടു.[3]

അവലംബം

[തിരുത്തുക]
  1. "HistoryMalayalam" (in ഇംഗ്ലീഷ്). Retrieved 2023-02-13.
  2. PhD, George Joseph K. Episcopacy and the Destruction of Christianity. God Jesus Proof Academy.
  3. 3.0 3.1 3.2 3.3 3.4 3.5 3.6 3.7 Kiraz, George A. (2011). Brock, Sebastian P.; Butts, Aaron M.; Kiraz, George A.; Van Rompay, Lucas (eds.). ʿAbdullāh II Saṭṭūf (Online ed. Beth Mardutho, 2018 ed.). Gorgias Press.
  4. "Mor Koorilos Paulose Kochuparambil". Archived from the original on 2023-04-18. Retrieved 2023-02-13.
  5. Varghese, Baby (2011). Brock, Sebastian P.; Butts, Aaron M.; Kiraz, George A.; Van Rompay, Lucas (eds.). Malankara Orthodox Syrian Church (Online ed. Beth Mardutho, 2018 ed.). Gorgias Press.
  6. Kiraz, George A. (2011). Brock, Sebastian P.; Butts, Aaron M.; Kiraz, George A.; Van Rompay, Lucas (eds.). Maphrian (Online ed. Beth Mardutho, 2018 ed.). Gorgias Press.
  7. The Concise Encyclopedia of Orthodox Christianity. United Kingdom: Wiley. 2014. p. 305. ISBN 9781118759332.