ഇടവ ബഷീർ
ഇടവ ബഷീർ | |
---|---|
ഇടവ ബഷീർ | |
ജനനം | ഇടവ, തിരുവനന്തപുരം, കേരളം |
മരണം | 28 മേയ് 2022 (വയസ്സ് 73) |
ദേശീയത | ഇന്ത്യൻ |
തൊഴിൽ(s) | ഗായകൻ, ഗാനമേള സംഘാടകൻ |
ജീവിതപങ്കാളി | Rahana റഷീദ |
കുട്ടികൾ | ഭീമ ഉല്ലാസ് ഉഷസ്സ് സ്വീറ്റാ ഉൻമേഷ് |
മലയാള ചലച്ചിത്ര പിന്നണിഗായകനും ഗാനമേളകളുടെ സംഘാടകനുമായിരുന്നു ഇടവ ബഷീർ (ജീവിതകാലം: 2 ഡിസംബർ 1948 - 28 മേയ് 2022). അക്കോർഡിയൻ തുടങ്ങിയ ആധുനിക ഉപകരണങ്ങൾ ഗാനമേളകളിൽ ആദ്യമായി അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു. യേശുദാസിന്റെയും റഫിയുടെയും പാട്ടുകളിലൂടെ ആരാധകരെ ഇളക്കി മറിച്ച ബഷീർ, ഗാനമേളകളിലെ സൂപ്പർസ്റ്റാറായിരുന്നു. കേരളത്തിൽ ഗാനമേളകളുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ച ബഷീറിന്റെ ജീവിതത്തിൽ സംഗീതവിരുന്നില്ലാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല. ഏതാനും സിനിമകളിലും ഇദ്ദേഹം പാടിയിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]1943 ഡിസംബർ 2-ന് കൊല്ലം ജില്ലയോട് ചേർന്നുകിടക്കുന്ന തിരുവനന്തപുരം ജില്ലയിലെ ഇടവയിലാണ് ബഷീറിൻറെ ജനനം. രണ്ടു പതിറ്റാണ്ടിലേറെയായി കൊല്ലം കടപ്പാക്കട പ്രതിഭ ജങ്ഷനിൽ സംഗീതാലയത്തിലായിരുന്നു താമസം. എട്ടാം ക്ലാസ് വരെ ഇടവയിലായിരുന്നു പഠനം. പിന്നീട് കുടുംബം കൊല്ലത്തേക്ക് താമസം മാറ്റിയതിനാൽ പത്തുവരെ പട്ടത്താനം ക്രിസ്തുരാജ് സ്കൂളിൽ പഠിച്ചു.[1]. കോടമ്പള്ളി ഗോപാലപിള്ള എന്ന സംഗീതഞ്ജന്റെ അടുത്തു നിന്നാണ് ബഷീർ ശാസ്ത്രീയ സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ അഭ്യസിച്ചത്. രത്നാകരൻ ഭാഗവതർ, വെച്ചൂർ ഹരിഹര സുബ്രഹ്മണ്യം തുടങ്ങിയവരുടെ പക്കൽ നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്നും ഗാനഭൂഷണം പാസായി. കൊല്ലം കടപ്പാക്കട പീപ്പിൾസ് നഗർ സംഗീതാലയത്തിലായിരുന്നു താമസം. തിരുവനന്തപുരം സ്വാതിതിരുനാൾ മ്യൂസിക് അക്കാദമിയിൽ നിന്ന് 1972ൽ ഗാനഭൂഷണം പാസായി. അവിടെ പഠിക്കുമ്പോൾ തന്നെ ഗാനമേളകളിൽ പാടിയിരുന്നു. രാഗഭവൻ, ബ്ലൂ ഡയമണ്ട്സ് തുടങ്ങിയ ട്രൂപ്പുകളിലെ താരമായിരുന്നു ബഷീർ [2]
ഗാനമേളകളുടെ സുൽത്താൻ
[തിരുത്തുക]72ൽ ഗാനഭൂഷണം പാസായ ശേഷം മുഴുനീള പാട്ടുകാരനായി. ചുരുങ്ങിയ സമയം കൊണ്ട് ഗാനമേള വേദികളിലെ സൂപ്പർതാരമായി.[3] വർക്കലയിൽ സംഗീതാലായ എന്ന ഒരു ഗാനമേള ട്രൂപ്പ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ഗാനഗന്ധർവൻ കെ.ജെ.യേശുദാസ് ആയിരുന്നു ഉദ്‌ഘാടകൻ. കേരളത്തിൽ അപൂർവം ഗാനമേള സമിതികൾമാത്രമുണ്ടായിരുന്നപ്പോഴാണു സംഗീതാലയ പിറന്നത്.[4] നടി മല്ലിക സുകുമാരനൊപ്പം ഒട്ടനവധി വേദികളിൽ പാടി. കേരളത്തിലുടനീളവും ഇന്ത്യയ്ക്കകത്ത് പല സംസ്ഥാനങ്ങളിലും അമേരിക്ക, കാനഡ, സൗദി, യുഎഇ, മലേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളിലും ഗാനമേളകൾ അവതരിപ്പിച്ചു. യേശുദാസിന്റെയും മുഹമ്മദ് റാഫിയുടെയും പാട്ടുകളിലൂടെ ബഷീർ ജനഹൃദയങ്ങൾ കീഴടക്കി.[5]
യേശുദാസിന്റെ അസാമാന്യ ജനപ്രീതിയുടെ ഉപോൽപ്പന്നങ്ങളെന്നോണം കേരളത്തിൽ അങ്ങോളമിങ്ങോളം പൊട്ടി വീണ അസംഖ്യം പ്രാദേശിക ഗന്ധർവൻമാ'രിൽ ഒരാൾ എന്ന നിലയ്ക്കാവില്ല ചരിത്രം ബഷീറിനെ രേഖപ്പെടുത്തുക. [6]ഗാനമേളയുടെ മുഖഛായ മാറ്റിയ ഗായകൻ എന്ന നിലയ്ക്കാണ്. [7]ജനപ്രിയ സംഗീത ലോകത്ത് ബഷീറിന്റെ ഏറ്റവും വിലപ്പെട്ട സംഭാവന പകരം വെക്കാനില്ലാത്ത ആ ഗാനമേളക്കാലം തന്നെ. ഒരു പ്രത്യേക വിഭാഗം ആസ്വാദകരുടെ രുചിഭേദങ്ങളിൽ തളച്ചിടപ്പെട്ടിരുന്ന ഗാനമേളകളെ കൂടുതൽ ജനകീയമാക്കുകയും യുവഹൃദയങ്ങളോട് കൂടുതൽ അടുപ്പിക്കുകയും മാത്രമല്ല, വിപ്ലവാത്മകമായ പരീക്ഷണങ്ങളിലൂടെ അത്തരം പരിപാടികളുടെ രൂപഭാവങ്ങൾ മാറ്റിമറിക്കുക കൂടി ചെയ്തു ബഷീർ. [8]കോർഗിന്റെ ജാപ്പനീസ് മിനി സിന്തസൈസറും യമഹയുടെ എക്കോ മിക്‌സറും ഡബിൾ ഡെക്ക് കീബോർഡും ഓർഗനും 12 തന്ത്രികളുള്ള ഗിറ്റാറും റോളണ്ടിന്റെ റിഥം കംപോസറും ജൂപ്പിറ്റർ സിന്തസൈസറും പിയാനോ എക്കോഡിയനും ഉൾപ്പെടെ മലയാളികൾ കണ്ടു ശീലിച്ചിട്ടില്ലാത്ത നിരവധി പാശ്ചാത്യ-പൗരസ്ത്യ സംഗീതോപകരണങ്ങൾ ബഷീർ സ്വന്തം ഗാനമേളകളിൽ അവതരിപ്പിച്ചു. ശബ്ദവിന്യാസത്തിലും മൈക്രോഫോണിലുമെല്ലാം ഉണ്ടായിരുന്നു ആ സവിശേഷമായ ബഷീർ സ്പർശം. ഷുവർ മൈക്കിന്റെയും (ഫോർ സൈഡ് മൈക്ക്) എ.കെ.ജി. മൈക്കിന്റെയും കണ്ടൻസർ മൈക്കിന്റെയും കാലത്ത് നിന്ന് അത്യന്താധുനിക ഹൈ-ഇംപെഡൻസ് ഡൈനാമിക് മൈക്കുകളുടെയും കാലത്തെത്തുമ്പോഴും ശബ്ദത്തിലേയും ആലാപനത്തിലെയും ഇന്ദ്രജാലത്തിന്റെ ഒരംശം പോലും ചോർന്നു പോകരുതെന്ന് നിർബന്ധമുണ്ടായിരുന്നു ബഷീറിന്. [9]
സിനിമയിലേക്ക് ഓഫറുകൾ വന്നെങ്കിലും ഗാനമേളകളെ ആയിരുന്നു ബഷീർ കൂടുതൽ സ്നേഹിച്ചത്. ജനങ്ങളോട് നേരിട്ട് ഇടപഴകാൻ ഇതിലും മികച്ച വേദിയില്ലെന്നായിരുന്നു ബഷീറിന്റെ അഭിപ്രായം. [10] അക്കോർഡിയൻ അടക്കം അത്യാധുനിക സംഗീത ഉപകരണങ്ങൾ കേരളത്തിലെ വേദികളിൽ ആദ്യമായി അവതരിപ്പിച്ചു ബഷീർ. യമഹയുടെ സിന്തസൈസർ, മിക്സർ, എക്കോ തുടങ്ങിയവ ആദ്യമായി നമ്മുടെ വേദികളിൽ അവതരിപ്പിച്ചത് ബഷീർ ആയിരുന്നു. പാട്ടിലെ പുതുമയാർന്ന പരീക്ഷണങ്ങൾ കാണാനും കേൾക്കാനും വൻ ജനക്കൂട്ടം ബഷീറിന്റെ പരിപാടികളിലേക്ക് ഒഴുകിയെത്തി. ഓൾ കേരള മ്യുസീഷ്യൻസ് & ടെക്നീഷ്യൻസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്നു. 4 വേദികളിൽ വരെ പാടിയ ദിവസങ്ങളുണ്ടായിരുന്നെന്ന് ബഷീർ പറഞ്ഞിട്ടുണ്ട്.[11]
ചലച്ചിത്ര ഗാനങ്ങൾ
[തിരുത്തുക]കൊല്ലം അസീസിയുടെ നാടകങ്ങളിലൂടെ പിന്നണി ഗാന രംഗത്തെത്തി. കുമരകം രാജപ്പനായിരുന്നു സംഗീതം. 1978ൽ അടൂർ ഭാസി സംവിധാനം ചെയ്ത ‘രഘുവംശം’ സിനിമയിൽ എ.ടി. ഉമ്മറിന്റെ സംഗീതസംവിധാനത്തിൽ മദ്രാസിൽ എവിഎം സ്റ്റുഡിയോയിൽ വച്ച് എസ്. ജാനകിയോടൊത്ത് പാടിക്കൊണ്ടായിരുന്നു സിനിമാപ്രവേശം. എസ്.ജാനകിക്കൊപ്പം പാടിയ 'വീണവായിക്കുമെൻ വിരൽത്തുമ്പിലെ..' എന്ന് തുടുങ്ങുന്ന ഗാനമാണ് ബഷീറിന്റെ ആദ്യ ചലച്ചിത്ര ഗാനം. കെ.ജെ. ജോയിയുടെ സംഗീത സംവിധാനത്തിൽ വാണി ജയറാമുമൊത്ത് പാടിയ 'ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ..' എന്ന ഗാനം അക്കാലത്തെ ഹിറ്റായിരുന്നു.[12]
മരണം
[തിരുത്തുക]അവസാനകാലത്ത് ഹൃദ്രോഗം അടക്കം നിരവധി ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നെങ്കിലും ഗാനമേളാരംഗത്ത് സജീവസാന്നിദ്ധ്യമായിരുന്നു ബഷീർ. അങ്ങനെയിരിയ്ക്കേ, 2022 മെയ് 28-ന് ആലപ്പുഴയിൽ ബ്‌ളൂ ഡയമണ്ട്‌സ് ഓർക്കസ്ട്രയുടെ സുവർണജൂബിലി ആഘോഷവേദിയിൽ ( പാതിരപ്പള്ളി ക്യാംലോട്ട് കൺവൻഷൻ സെന്ററിൽ )[13] പാടിക്കൊണ്ടിരിയ്ക്കേ അദ്ദേഹത്തിന് പെട്ടെന്ന് ഹൃദയാഘാതം അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമുണ്ടായി. യേശുദാസ് ആലപിച്ച 'മാനാ ഹോ തും...' എന്ന ഹിന്ദിഗാനത്തിന്റെ അവസാനത്തെ പല്ലവി പാടിത്തീരാൻ രണ്ടുവരി ബാക്കിനിൽക്കെയാണ് കുഴഞ്ഞുവീണത്. ഗാനമേള ട്രൂപ്പിലുണ്ടായിരുന്ന നഴ്‌സും ഗാനമേള കാണാൻ എത്തിയവരിലുണ്ടായിരുന്ന ഡോക്ടറും ചേർന്ന് പ്രഥമശുശ്രൂഷ നൽകി. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.[14] [15]മൃതദേഹം കിളികൊല്ലൂർ മുസ്‍ലിം ജമാഅത്ത് പള്ളി കബർസ്ഥാനിൽ ഖബറടക്കി.[16] മരണസമയത്ത് 78 വയസ്സായിരുന്നു അദ്ദേഹത്തിന്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2022-05-28. Retrieved 2022-05-29.
- ↑ https://www.manoramaonline.com/news/kerala/2022/05/29/chest-pain-during-concert-singer-edava-basheer-hospitalized.html
- ↑ https://www.asianetnews.com/music/he-even-gave-up-film-opportunities-to-fill-the-stage-edava-basheer-memory-rcmic6
- ↑ https://www.manoramaonline.com/news/latest-news/2022/05/28/chest-pain-during-concert-singer-edava-basheer-hospitalized.html
- ↑ https://www.deshabhimani.com/news/kerala/idava-basheer/1022679[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.mathrubhumi.com/movies-music/music/ravi-menon-remembers-edava-basheer-1.7557037
- ↑ https://www.mathrubhumi.com/movies-music/music/ravi-menon-remembers-edava-basheer-1.7557037
- ↑ https://www.mathrubhumi.com/movies-music/music/ravi-menon-remembers-edava-basheer-1.7557037
- ↑ https://www.mathrubhumi.com/movies-music/music/ravi-menon-remembers-edava-basheer-1.7557037
- ↑ https://www.asianetnews.com/music/he-even-gave-up-film-opportunities-to-fill-the-stage-edava-basheer-memory-rcmic6
- ↑ https://www.manoramaonline.com/district-news/kollam/2022/05/29/kollam-singer-edava-basheer-passes-away.html
- ↑ https://www.asianetnews.com/kerala-news/singer-edava-basheer-collapsed-and-died-while-singing-rclrvp
- ↑ https://www.asianetnews.com/music/he-even-gave-up-film-opportunities-to-fill-the-stage-edava-basheer-memory-rcmic6
- ↑ "ഗായകൻ ഇടവ ബഷീർ കുഴഞ്ഞുവീണ് മരിച്ചു". www.deshabhimani.com. Deshabimani. 28 May 2022. Archived from the original on 2022-05-28. Retrieved 29 May 2022.
- ↑ https://www.mathrubhumi.com/news/kerala/last-moments-of-singer-idava-basheer-1.7559062
- ↑ https://www.manoramaonline.com/district-news/kollam/2022/05/29/kollam-singer-edava-basheer-passed-away.html