Jump to content

ഇൻ ദ് പീനൽ കോളനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"ഇൻ ദ് പീനൽ കോളനി"
കഥാകൃത്ത്ഫ്രാൻസ് കാഫ്‌ക
Original title"In der Strafkolonie"
വിവർത്തകൻEugene Jolas (1941)
രാജ്യംജർമ്മനി
ഭാഷജർമ്മൻ
സാഹിത്യരൂപംചെറുകഥ
പ്രസാധകർKurt Wolff Verlag
മാധ്യമ-തരംbook (hardcover)
പ്രസിദ്ധീകരിച്ച തിയ്യതിOctober 1919
ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചത്1941

ഇരുപതാം നൂറ്റാണ്ടിലെ ബൊഹേമിയയിലെ പ്രേഗ് നഗരത്തിൽ ജീവിച്ചിരുന്ന ജർമ്മൻ സാഹിത്യകാരൻ ഫ്രാൻസ് കാഫ്ക എഴുതിയ ദീർഘകഥയാണ് ഇൻ ദ് പീനൽ കോളനി (ശിക്ഷാകോളനിയിൽ ജർമ്മൻ: In der Strafkolonie). 1914-ൽ രണ്ടാഴ്ച കൊണ്ട് എഴുതിയ ഈ കഥ, അഞ്ചുവർഷം കഴിഞ്ഞ് 1919-ൽ, കാഫ്കയുടെ ജീവിതകാലത്തു തന്നെ പ്രസിദ്ധീകരിച്ചു. ഒരു ശിക്ഷാകോളനി സന്ദർശിക്കുന്ന ഒരു സന്ദർശകന് അവിടത്തെ ഓഫീസർ, വധശിക്ഷ നൽകാൻ ഉപയോഗിച്ചിരുന്ന ഹാരോ എന്ന ഉപകരണത്തിന്റെ പ്രവർത്തനം വിവരിച്ചു കൊടുക്കുന്നു. ശിക്ഷാവിധികിട്ടിയ ആൾ കമിഴ്ന്നു കിടക്കുമ്പോൾ, യന്ത്രത്തിന്റെ സൂചികൾ, അയാൾ ലംഘിച്ച "നീ നിന്റെ മേലധികാരികളെ ബഹുമാനിക്കണം" എന്ന നിയമം അയാളുടെ പുറത്ത് ആലേഖനം ചെയ്യുകയാണ് ആദ്യം ചെയ്യുന്നത്. തുടർന്ന് കൂടുതൽ ആഴത്തിൽ കടക്കുന്ന സൂചി, കുറ്റക്കാരനെ കൊല്ലുന്നു. ശിക്ഷാവിധി നടപ്പാക്കുന്നതിന്റെ ഭാഗമായി തന്റെ കുറ്റവും ശിക്ഷയുടെ നീതിയും കുറ്റക്കാരന് ബോധ്യമാകുന്നു എന്ന മേന്മ ഈ ശിക്ഷാമുറയ്ക്കുണ്ടായിരുന്നു. അതിനാൽ മൃതദേഹത്തിന്റെ മുഖത്ത് സത്യജ്ഞാനത്തിന്റെ നിർവൃതി പ്രതിഫലിച്ചു.

ഈ വിവരണത്തിനു ശേഷം ഓഫീസർ, ജോലിക്കിടെ ഉറങ്ങിയ കുറ്റത്തിന് വധശിക്ഷ വിധിക്കപ്പെട്ട ഒരു കുറ്റവാളിയുടെ മേൽ അതു പ്രയോഗിച്ചു കാണിക്കാൻ ഒരുങ്ങുന്നു. എന്നാൽ സന്ദർശകൻ ഈ മരണയന്ത്രത്തിന്റെ ഉപയോഗത്തെ പിന്തുണയ്ക്കുന്നില്ലെന്നു സൂചിപ്പിക്കുന്നു. അതോടെ ഓഫീസർ കുറ്റവാളിയെ യന്ത്രത്തിൽ നിന്നു മാറ്റി അവന്റെ സ്ഥാനം സ്വയം ഏറ്റെടുക്കുന്നു. "മേലധികാരികളെ ബഹുമാനിക്കുക" എന്ന കല്പനയ്ക്കു പകരം "നീതിമാനായിരിക്കുക" എന്ന കല്പന ആലേഖനം ചെയ്യാൻ യന്ത്രത്തിനു നിർദ്ദേശം കൊടുത്തതിനു ശേഷമാണ് അയാൾ അതിൽ കയറിയത്. യന്ത്രം ഓഫീസറുടെ പുറത്ത് കല്പന എഴുതാൻ തുടങ്ങിയെങ്കിലും അതിനിടെ അത് കേടായി ഛിന്നഭിന്നമാകുന്നു. എങ്കിലും ആ പ്രക്രിയയിൽ ഓഫീസർ മരിച്ചിരുന്നു.[1]

യൂറോപ്പിനെ ഗ്രസിച്ച നാത്സി ഭീകരതയ്ക്കു മുൻപെഴുതപ്പെട്ടതെങ്കിലും, ഈ കൃതിയിൽ കാഫ്ക സങ്കല്പിക്കുന്ന പീനൽ കോളനി, നാത്സികൾ സ്ഥാപിച്ച മരണക്യാമ്പുകളെ അനുസ്മരിപ്പിക്കുന്നു. കാഫ്കയ്ക്കു ശേഷമാണ് കോൺസെൻട്രേഷൻ ക്യാമ്പുകൾ നിലവിൽ വന്നതെങ്കിലും അദ്ദേഹത്തിന്റെ സഹോദരിമാർ അവയിൽ ഒടുങ്ങിയെന്ന് കാഫ്കയുടെ ജീവിതകഥ എഴുതിയ റോണാൾഡ് ഹേമാൻ ചൂണ്ടിക്കാണിക്കുന്നു. സ്വന്തം പിതാവുമായി കാഫ്കയ്ക്കുണ്ടായിരുന്ന വിഷമം പിടിച്ച ബന്ധം പ്രതിഫലിപ്പിക്കുന്ന ഒരു സംഭവം ഈ കൃതിയുടെ പ്രസിദ്ധീകരണത്തെ തുടർന്നുണ്ടായി. അച്ചടിച്ച കഥയുടെ ഒരു പ്രതി പിതാവിന് നൽകാൻ ശ്രമിച്ച കാഫ്കയ്ക്ക്, "കിടക്കയുടെ അടുത്തുള്ള മേശപ്പുറത്തിട്ടേക്കുക" എന്ന അവജ്ഞാപൂർവമായ പ്രതികരണമാണ് കിട്ടിയത്. [2]

അവലംബം

[തിരുത്തുക]
  1. Literature, Art and Medicine Database, Literature Annotations: Kafka, France - In the Penal Colony
  2. റൊണാൾഡ് ഹേമാൻ എഴുതിയ K: A Biography of Kafka, പ്രസാധനം ഫീനിക്സ് പ്രെസ്
"https://ml.wikipedia.org/w/index.php?title=ഇൻ_ദ്_പീനൽ_കോളനി&oldid=2265266" എന്ന താളിൽനിന്ന് ശേഖരിച്ചത്