Jump to content

ഇൽതുമിഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇൽത്തുമിഷ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇൽതുമിഷ്
ഡൽഹി സുൽത്താൻ
ഇൽതുമിഷിന്റെ ഖബറിടം
ഭരണകാലം1210–1236
പൂർണ്ണനാമംഷംസുദ്ദീൻ ഇൽതുമിഷ്
പദവികൾനാസിർ, അമീറുൽ മുഅ്മിനീൻ
മരണംമെയ് 1, 1236
മരണസ്ഥലംഡെൽഹി
അടക്കം ചെയ്തത്ഖ്തുബ് കോപ്ലക്സ്, മെഹ്രൗളി, ഡെൽഹി
മുൻ‌ഗാമിആരാം ഷാ
പിൻ‌ഗാമിറുക്നുദ്ദീൻ ഫൈറൂസ്
Spouseഷാ തുർകാൻ ,
അനന്തരവകാശികൾനാസിറുദ്ദീൻ മഹ്മൂദ്, റുക്നുദ്ദീൻ ഫൈറൂസ്, റസിയാ സുൽത്താന, മുഈസുദ്ദീൻ ബഹ്റാം.
രാജവംശംഇന്ത്യയിലെ അടിമ രാജവംശം
പിതാവ്ഈലം ഖാൻ
മതവിശ്വാസംഇസലാം
ഇൽതുമിഷിന്റെ ഖബറിടം

ഇൽതുമിഷ് ഇന്ത്യ ഭരിച്ച അടിമ വംശത്തിലെ സുൽത്താൻ. തുർക്കിസ്ഥാനിലെ ഇൽബരി ഗോത്രത്തില്പെട്ട ഈലം ഖാനാണ് ഇൽതുമിഷിന്റെ പിതാവ്. ഗോത്രത്തലവനായ പിതാവിന്റെ മറ്റു മക്കളെക്കാൾ ബുദ്ധിമാനും സുന്ദരനുമായിരുന്നു ഇൽതുമിഷ്. അസൂയ കാരണം മറ്റ് സഹോദരങ്ങൾ ഇദ്ദേഹത്തെ അടിമയാക്കി ഒരു വ്യാപാരിക്ക് വിറ്റു.പലതവണ കൈമാറി ഡൽഹി സുൽത്താനായ ഖുത്ബുദ്ദീൻ ഐബകിന്റെ കൈയിലെത്തിപ്പെട്ടു. ഇൽതുമിഷിന്റെ ബുദ്ധിപാടവത്തിൽ മതിപ്പു തോന്നിയ ഖുത്ബുദ്ദീൻ ഐബക് അദ്ദേഹത്തെ ബദായൂനിലെ ഗവർണ്ണറാക്കുകയും തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. ഐബകിന്റെ മരണശേഷം ദൽഹിയിലെ പ്രഭുക്കന്മാർ അദ്ദേഹത്തിന്റെ മകൻ ആരാം ഷായെ സുൽത്താനായി വാഴിച്ചു. എന്നാൽ ഭരണപാടവമില്ലാത്ത ആഡംബര പ്രിയനായ ആരാം ഷാക്ക് അതിനുള്ള യോഗ്യതയുണ്ടായിരുന്നില്ല. 1211 ൽ ആരാംഷായും ഇൽതുമിഷും യമുനയുടെ തീരത്ത് വെച്ച് ഏറ്റുമുട്ടി . യുദ്ധത്തിൽ വിജയിച്ച ഇൽതുമിഷ് അടിമ വംശത്തിന്റെ രണ്ടാമത്തെ സുൽത്താനായി അധികാരമേറ്റു. ദൽഹിയിലെ വിഖ്യാതമായ ഖുത്ബ് മിനാർ പണികഴിപ്പിച്ചത് ഇൽതുമിഷാണ്

ഖുത്ബ് മിനാർ

[തിരുത്തുക]

ഇഷ്ടിക കൊണ്ട് നിർമ്മിച്ച് ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമാണ് ഖുത്ബ് മിനാർ (Qutub Minar) (ഹിന്ദി: क़ुतुब मीनार ഉർദ്ദു: قطب منار). ഇന്തോ-ഇസ്ലാമിക വാസ്തുശില്പ്പകലക്ക് ഒരു ഉത്തമോദാഹരണമാണ്‌ ഈ ഗോപുരം.ദക്ഷിണദില്ലിയിലെ മെഹ്റോളിയിലെ ഖുത്ബ് സമുച്ചയത്തിലാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്. യുനെസ്കോയുടെലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഖുത്ബ് മിനാറും ഉൾപ്പെട്ടിട്ടുണ്ട്.

72.5 മീറ്റർ (237.8 അടി) ഉയരമുള്ള ഈ ഗോപുരത്തിന്റെ മുകളിലേക്ക് കയറുന്നതിന്‌ 399 പടികളുണ്ട്. അഞ്ചു നിലകളുള്ള ഇതിന്റെ താഴെത്തട്ടിന്റെ വ്യാസം 14.3 മീറ്ററും മുകളിലെ നിലയുടെ വ്യാസം 2.75 മീറ്ററുമാണ്‌.

ചരിത്രം

[തിരുത്തുക]

ഇസ്ലാമികവാസ്തുകലയിലെ എട്ട് മട്ടകോണുകളും, എട്ട് ചാപങ്ങളും ചേർന്ന മിനാറുകളുടെ അസ്തിവാരരൂപരേഖ. ഇത്തരത്തിലുള്ള വാസ്തുവിദ്യയാണ് ഖുത്ബ് മിനാറിന്റെ കാര്യത്തിലും ഉപയോഗിച്ചിരിക്കുന്നതെങ്കിലും കോണുകളുടേയും ചാപങ്ങളുടേയും എണ്ണം 12 വീതമാണ്. ആധുനികനിർമ്മിതികളിലൊന്നായ മലേഷ്യയിലെ പെട്രോണാസ് ഗോപുരങ്ങളും ഈ വാസ്തുകല പിന്തുടരുന്നു

1199-ൽ ദില്ലി സുൽത്താനായിരുന്ന ഖുത്ബ്ദീൻ ഐബക് ആയിരുന്നു ഈ മിനാറിന്റെ ആദ്യ നില പണിതത്. സുൽത്താൻ ഇൽത്തുമിഷ്, 1229-ഓടെ മറ്റു നാലുനിലകൾ പണി പൂർത്തീകരിച്ചു. ഗോറി സാമ്രാജ്യത്തിന്റെ കാലത്ത് അഫ്ഗാനിസ്താനിൽ പലയിടത്തും ഇത്തരത്തിലുള്ള ഗോപുരങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ നിന്നും ആശയം ഉൾക്കൊണ്ടാണ് ഗോറികളുടെ അടിമയായിരുന്ന ഖുത്ബ്ദീൻ ഈ ഗോപുരം നിർമ്മിച്ചത്. ഖുത്ബ് മിനാറിന്റെ രീതിയിൽ 8 കോണുകളും 8 ചാപങ്ങളുടേയും രീതിയിലുള്ള അസ്തിവാരവാസ്തുശൈലിയുടെ മാതൃകകൾ അഫ്ഗാനിസ്താനിൽ പലയിടത്തും കാണാൻ സാധിക്കും. ഈ ശൈലിയുടെ ഒരു ആദ്യകാല ഉദാഹരണം, ഇറാനിലെ സിസ്താനിൽ കാണാം. ഇവിടെ ഖ്വാജ സിയ പുഷ് എന്ന സ്ഥലത്ത് പന്ത്രണ്ടാം നൂറ്റാണ്ടീൽ നിർമ്മിച്ച ഇഷ്ടികകൊണ്ടുള്ള ഒരു മിനാറിന്റെ അവശിഷ്ടം നിലനിൽക്കുന്നുണ്ട്. ഒരു ചത്രുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഒരു മദ്ധ്യകാല ആവാസകേന്ദ്രത്തിനുമേൽ ഉയർത്തിയിട്ടുള്ള ഈ മിനാറും ഖുതുബ് മിനാറിന്റെ അതേ അസ്ഥിവാരരൂപരേഖ പങ്കുവക്കുന്നു.

ഇടിമിന്നൽ മൂലവും ഭൂകമ്പം മൂലവും മിനാറിന്‌ പലപ്പോഴും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ദില്ലി സുൽത്താന്മാരായിരുന്ന അലാവുദ്ദീൻ ഖിൽജി, മുഹമ്മദ് തുഗ്ലക്, ഫിറോസ് ഷാ തുഗ്ലക്, ഇബ്രാഹിം ലോധി എന്നിവരുടെ കാലത്ത് മിനാറിന്റെ കേടുപാടുകാൾ തീർത്തിട്ടുണ്ട്. 1326ൽ മുഹമ്മദ് തുഗ്ലക്കിന്റെ കാലത്ത് കുത്തബ് മീനറിന് ഇടിമിന്നൽ ഏൽക്കുകയും അത് കേട് പാട് തീർത്തതായും പഴയകാല രേഖകളിൽ കാണുന്നൂ.1368ലും ഇടിമിന്നലിൽ ഉണ്ടായ കേട് പാടുകൾ തീർത്ത് ഫിറോസ് ഷാ തുഗ്ലക്ക് ആണ് മുകളിൽ കാണുന്ന മാർബിൾ പാളികൾ പതിച്ചത് എന്നും രേഖകളിൽ കാണുന്നൂ.

ഖുത്ബ്ദീൻ ഐബക് പണിത ആദ്യനിലയുടെ ചുമരിൽ അറബിവാചകങ്ങൾ കൊത്തി വച്ചിട്ടുണ്ട്. ഏറ്റവും മുകളിലെ രണ്ടുനിലകളൊഴികെ മറ്റു നിലകളെല്ലാം ചുവന്ന മണൽക്കല്ലിന്റെ കട്ടകൾ കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. മുകളിലെ രണ്ടു നിലകൾ ഫിരോസ് ഷാ തുഗ്ലക് വെണ്ണക്കല്ലുകൊണ്ടാണ് തീർത്തിട്ടുള്ളത്.


അവലംബം

[തിരുത്തുക]
  • Ikram, Sheikh Mohamad (1966), Muslim Rule in India & Pakistan, 711-1858 A.C., Star Book Depot.
  • Jackson, Peter (2003), The Delhi Sultanate: A Political and Military History, Cambridge University Press, ISBN 0521543290.
  • Mehta, J.L. (1986), Advanced Study in the History of Medieval India, Vol. 1, Sterling Publishers.
  • McLeod, John (2002), The History of India, Greenwood Press.
  • Wink, Andre (1997), Al-Hind: The Making of the Indo-Islamic World, Vol. II - The Slave Kings and the Islamic Conquest 11th-13th centuries, Brill, ISBN 9004102361.
"https://ml.wikipedia.org/w/index.php?title=ഇൽതുമിഷ്&oldid=2835164" എന്ന താളിൽനിന്ന് ശേഖരിച്ചത്