ഈദ് ഗാഹ് (ചെറുകഥ)
"ഈദ്ഗാഹ്" | |
---|---|
കഥാകൃത്ത് | പ്രേംചന്ദ് |
Original title | "عیدگاہ" |
രാജ്യം | ഇന്ത്യ |
ഭാഷ | ഉർദു |
സാഹിത്യരൂപം | ചെറുകഥ |
പ്രസിദ്ധീകരിച്ചത് | ചാന്ദ്[1] |
പ്രസിദ്ധീകരണ തരം | ആനുകാലികം |
പ്രസിദ്ധീകരിച്ച തിയ്യതി | 1938 |
മുൻഷി പ്രേംചന്ദ് ഉർദുവിൽ എഴുതിയ ഒരു ഹിന്ദുസ്ഥാനി ചെറുകഥയാണ് ഈദ് ഗാഹ്. (ഉർദു: عیدگاہ, ഹിന്ദി: ईदगाह).[2][3] 1938-ൽ പ്രസിദ്ധീകരിച്ച ഈ കഥ പ്രേംചന്ദിന്റെ ഏറ്റവും പ്രസിദ്ധമായ രചനകളിൽ ഒന്നായി പറയപ്പെടുന്നു.
കഥാസാരം
[തിരുത്തുക]മുത്തശ്ശി ആമിനയ്‌ക്കൊപ്പം താമസിക്കുന്ന ഹമീദ് എന്ന നാല് വയസുള്ള അനാഥയുടെ കഥയാണ് ഈദ് ഗാഹ് പറയുന്നത്. കഥയിലെ നായകനായ ഹമീദിന് മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നു. എന്നിരുന്നാലും മുത്തശ്ശി അവനോട് പറയുന്നു, അവന്റെ പിതാവ് പണം സമ്പാദിക്കാൻ വിട്ടുപോയെന്നും അവന്റെ അമ്മ അവനുവേണ്ടി മനോഹരമായ സമ്മാനങ്ങൾ വാങ്ങാൻ അല്ലാഹുവിങ്കലേക്ക് പോയിട്ടുണ്ടെന്നും. ഇത് ഹമീദിനെ പ്രതീക്ഷയിൽ നിറയ്ക്കുന്നു. അവരുടെ ദാരിദ്ര്യത്തെയും ചെറുമകന്റെ ക്ഷേമത്തെയും ചുറ്റിപ്പറ്റിയുള്ള ആമിനയുടെ ആശങ്കകൾക്കിടയിലും, ഹമീദ് സന്തുഷ്ടനും ഉത്സാഹവാനുമായ കുട്ടിയാണ്.
ഗ്രാമത്തിലെ മറ്റ് ആൺകുട്ടികളുമായി ഹമീദ് ഈദ് ഗാഹിലേക്ക് പുറപ്പെടുമ്പോൾ ഈദ് രാവിലെ കഥ ആരംഭിക്കുന്നു. ഒരു റംസാൻ പെരുന്നാളിനു നാട്ടുകാരോടൊപ്പം ഈദ് ഗാഹ് (മുസ്ലിംകളുടെ പെരുന്നാൾ നമസ്കാരം നടക്കുന്ന സ്ഥലം ആണ് ഈദ് ഗാഹ്. ഈദ് എന്ന അറബി പദവും ഗാഹ് എന്ന പേർഷ്യൻ പദവും ചേർന്നാണ് ഈ പ്രയോഗമുണ്ടായത്. സമയം, സ്ഥലം, ഇടം എന്നൊക്കെയാണ് ഗാഹിന്റെ സാരം) സന്ദർശിക്കുന്ന നാലു വയസ്സുകാരൻ ഹാമിദിന്റെ പെരുന്നാൾദിവസ കഥയാണ് പ്രേംചന്ദ് വിവരിക്കുന്നത്.
ഉമ്മയും വാപ്പയും നഷ്ടപ്പെട്ട ഹാമിദ് അമ്മൂമയോടൊപ്പമാണ് കഴിയുന്നത്. ദരിദ്രരാണവർ. മാതാപിതാക്കൾ കൈനിറയെ സമ്മാനങ്ങളുമായി ദൈവത്തിന്റെ അടുക്കൽ നിന്നും തിരിച്ചു വരുമെന്നാണ് അവൻ ധരിച്ചിരിക്കുന്നത്. അന്ന് അവരുടെ ദാരിദ്ര്യമെല്ലാം മാറുമെന്നും.
ഒരു റംസാൻ പെരുന്നാളിനു നാട്ടിലുള്ള എല്ലാവരേയും പോലെ അവനും ഉടുത്തൊരുങ്ങി പെരുന്നാൾ മൈതാനിയിലേക്ക് (ഈദ് ഗാഹ്) പോകുന്നു. പെരുന്നാൾ നമസ്ക്കാരാനന്തരം ഉൽസവ പറമ്പിൽ കൂട്ടുകാരോടൊപ്പം ഹാമിദ് ചുറ്റി തിരിയുന്നു ഏവർക്കും കളിപ്പാട്ടങ്ങളും പലഹാരങ്ങളും വാങ്ങാനാണ് ആവേശം. ഹാമിദിന്റെ കൈയ്യിൽ ആകെയുള്ളത് മൂന്ന് പൈസയാണ്. കൂട്ടുക്കാർ വാങ്ങുന്ന പലഹാരങ്ങളും കളിക്കോപ്പുകളും അവൻ കൊതിയോടെ നോക്കുന്നു. അവയെല്ലാം അവനു അപ്രാപ്യമാണ്. അവൻ ഒരു കടയിൽ വില്പനയ്ക്ക് വെച്ചിരിക്കുന്ന കൊടിൽ (പാചക ചവണ) കാണുന്നു. ചപ്പാത്തിയുണ്ടാക്കുമ്പോളൊക്കെ കൈപൊള്ളുന്ന തന്റെ ഉമ്മാമ്മാക്ക് ഒരു കൊടിൽ വാങ്ങാൻ അവൻ തീർച്ചപ്പെടുത്തി.
കൈയ്യിലുള്ള പണത്തിന്റെ ഇരട്ടി വിലയാണ് കടക്കാരൻ ആവശ്യപ്പെടുന്നത്. എന്നാൽ ഹാമിദ് വിലപേശി അത് കരസ്ഥമാക്കുന്നു. പൊട്ടുന്ന കളിപ്പാട്ടങ്ങളും തിന്നു തീർന്ന പലഹാരങ്ങളുമായി കൂട്ടുകാർ മടങ്ങാനൊരുങ്ങുമ്പോൾ പൊട്ടാത്ത ശക്തിയുള്ള കൊടിലുമായി ഹാമിദ് അവരുടെ ഇടയിൽ തിളങ്ങുന്നു. പലരും അവന്റെ കൈയ്യിൽ നിന്നും അത് വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുന്നു. എന്നാൽ അവൻ വഴങ്ങുന്നില്ല.
നേരം ഇരുട്ടി നാട്ടിൽ എത്തുമ്പോൾ തന്നെ പലരുടേയും കളിപ്പാട്ടങ്ങൾ പൊട്ടുന്നു. ഹാമിദിന്റെ ഉമ്മാമ അവനെ സ്വീകരിക്കുമ്പോൾ അവൻ ആ കൊടിൽ കാണിച്ച് കൊടുക്കുന്നു." പകൽ മുഴുവൻ ഒന്നും കഴിക്കാതെ പട്ടിണി കിടന്ന് നീ വാങ്ങിയത് ഇതാണോ, ? എന്ത് ബുദ്ധിമോശമാണ് മോനേ ഇത്?" എന്ന് അമ്മൂമ്മ ശാസിക്കുന്നു.
ഹാമിദ് ശാസനയിൽ നിരാശനായി. അവൻ പറയുന്നു. “എന്നും ഉമ്മാമ്മ ചപ്പാത്തിയുണ്ടാക്കുമ്പോൾ കൈ പൊള്ളാറില്ലേ. അത് കൊണ്ടാണ് ഞാൻ ഉമ്മാമ്മാക്ക് ഈ കൊടിൽ വാങ്ങിയത്.”
ഉൽസവ തിമിർപ്പിൽ കൂട്ടുകാരോടൊപ്പം ഉല്ലസിക്കാൻ പോയ ആ കുഞ്ഞുപൈതൽ മേളത്തിനിടയിലും കിളവിയായ തന്നെ ഓർക്കുകയായിരുന്നു എന്ന് കണ്ട് ആ വൃദ്ധയുടെ കണ്ണു നിറയുന്നു. അവനെ കെട്ടിപിടിച്ച് പ്രാർത്ഥനാനുഗ്രഹങ്ങൾ ചൊരിയുമ്പോൾ ആ കുഞ്ഞ് വലിയ ആളായി മാറുകയും കരയുന്ന വൃദ്ധ കുഞ്ഞിനെപൊലെയാവുകയും ചെയ്യുന്ന ഹൃദയസ്പർശിയായ രംഗത്തോടെ കഥ സമാപിക്കുന്നു.
പുനരാവിഷ്ക്കാരങ്ങൾ
[തിരുത്തുക]ഈദ് ഗാഹ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സ്കൂൾ പാഠ പുസ്തകങ്ങളിൽ കാലാകാലങ്ങളിൽ പാഠ ഭാഗമാക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, നിരവധി തവണ നാടകമായും, കഥക് അടക്കം മറ്റ് കലാരൂപങ്ങളായും വിവിധ ഭാഷകളിൽ ഈ കഥ ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്. അനവധി ഹ്രസ്വ ചിത്രങ്ങൾക്കും ഈ പ്രേംചന്ദ് കഥ രൂപം നൽകിയിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ Sigi, Rekha (2006). Munshi Prem Chand. Diamond. ISBN 978-81-288-1214-9.
- ↑ Faisal, Mirza (2007). "Munshi Premchand and Idgah!". Archived from the original on 2012-03-14. Retrieved 2019-09-30.
- ↑ Premchand, Munshi. Idgah. Prabhat Prakashan. ISBN 8185830258.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]An English translation of the story Archived 2016-03-03 at the Wayback Machine.
[1] ഹ്രസ്വ ചിത്രം യൂട്യൂബിൽ