Jump to content

ഉപനയനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

ഹിന്ദുക്കളുടെയിടയിൽ ബാലന്മാരുടെ വേദാധ്യയനത്തിനനോ ഔപചാരിക വിദ്യാഭ്യാസത്തിനോ തുടക്കംകുറിക്കുന്ന സംസ്കാരമാണ് ഉപനയനം. ഷോഡശക്രിയകളിലെ ഒൻപതാമത്തെ ക്രിയയാണിത്. ഉപനയനസംസ്കാരത്തിൽ ബാലനെ യജ്ഞോപവീതം (യജ്ഞസൂത്രം) ധരിപ്പിക്കുന്നു. യജ്ഞോപവീതം മലയാളത്തിലും തമിഴിലും പൂണൂൽ എന്നും അറിയപ്പെടുന്നു. അതിനാൽ പൂണൂൽക്കല്യാണം എന്നും ഉപനയനസംസ്കാരം അറിയപ്പെടുന്നു. ഒരു ബാലന് ആദ്യമായി ബ്രഹ്മോപദേശം നൽകുന്നത് ഉപനയനവേളയിലാണ്. ബ്രാഹ്മണർക്കിടയിൽ അഞ്ചാം വയസ്സു മുതലും,ക്ഷത്രിയർക്കിടയിൽ പതിമൂന്നാം വയസ്സു മുതലും, വൈശ്യർക്കിടയിൽ പതിനേഴാം വയസ്സുമുതലുമാണ് ഇത് സാധാരണയായി നടക്കുന്നത്. ഉപനയനത്തോടുകൂടിയാണ് ഒരാളിന്റെ ജീവിതത്തിൽ ബ്രഹ്മചര്യാശ്രമം ആരംഭിക്കുന്നത്. ഉപനീതനായ വ്യക്തിയെ 'രണ്ട് ജന്മം ഉള്ളവൻ', അതായത് ഉപനയനത്തിന് മുൻപ് ഒരു ജന്മവും അതിനുശേഷം ഒരു ജന്മവും ഉള്ളവൻ, എന്ന അർത്ഥത്തിൽ ദ്വിജൻ എന്ന് പറയാറുണ്ട്. ബ്രാഹ്മണക്ഷത്രിയവൈശ്യവർണങ്ങളിലുള്ളവർ ഉപനയനസംസ്കാരം ചെയ്യാറുള്ളതിനാൽ ഈ മൂന്നു വർണങ്ങളിലും പെട്ടവർ ദ്വിജർ എന്ന് അറിയപ്പെടുന്നു.

ഉപനയനം ചടങ്ങിന്റെ ഭാഗമാണ് ബ്രഹ്മോപദേശം, ഇത് പവിത്രമായ നൂൽ ചടങ്ങ് എന്നറിയപ്പെടുന്നു. ഏകദേശം പറഞ്ഞാൽ, ഉപനയനം ചടങ്ങിൽ ഇനിപ്പറയുന്ന ഘട്ടങ്ങൾ ഉൾപ്പെടുന്നു (ക്രമത്തിൽ വ്യത്യാസമുണ്ടാകാം):

നന്ദി: ചടങ്ങിന്റെ തുടക്കത്തിൽ കുടുംബത്തിൽ നിന്നും പൂർവ്വികരിൽ നിന്നും അനുഗ്രഹം വാങ്ങുന്നത് ഉൾപ്പെടുന്നു (പിറ്ററുകൾ), അതിൽ പലപ്പോഴും ബ്രാഹ്മണർക്ക് ഭക്ഷണം നൽകുന്നത് ഉൾപ്പെടുന്നു.

മാതൃ ഭോജനം: ആൺകുട്ടിക്ക് അവന്റെ അമ്മ ഭക്ഷണം നൽകുന്നു, പുരോഹിതൻ മന്ത്രങ്ങൾ ജപിച്ച് ബ്രഹ്മചാരിയെ അനുഗ്രഹിക്കുന്നു. ഈ ഘട്ടം യുവ വിദ്യാർത്ഥിയുടെ പോഷണത്തെ പ്രതീകപ്പെടുത്തുന്നു.

ഉദകശാന്തി: കുട്ടിയുടെ മനസ്സും ശരീരവും ശുദ്ധീകരിക്കാൻ ലക്ഷ്യമിട്ടുള്ള ശുദ്ധീകരണ ചടങ്ങാണ് ഉദകശാന്തി. ദേവന്മാരുടെ പേരുകൾ വിളിച്ച് മന്ത്രങ്ങൾ ഉരുവിടുകയും ശുദ്ധീകരിച്ച വെള്ളം കുട്ടിയെ സംരക്ഷിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു.

യജ്ഞോപവീത ധാരണം: ആചാര്യന്റെ (ആത്മീയ ആചാര്യന്റെയോ പുരോഹിതന്റെയോ) മാർഗനിർദേശത്തോടെ പവിത്രമായ നൂൽ (ജനേവു, പൂണൽ അല്ലെങ്കിൽ യജ്ഞോപവീത്) ആൺകുട്ടിയുടെ ഇടതു തോളിൽ വയ്ക്കുന്നു. സാധാരണയായി ആൺകുട്ടിയുടെ പിതാവ് ഈ ചടങ്ങ് നടത്തുന്നു, അതായത്, ആൺകുട്ടിയുടെ പിതാവ് യജ്ഞോപവീതം ആൺകുട്ടിയുടെ ദേഹത്ത് സ്ഥാപിക്കുന്നു. ദോഷം അകറ്റാൻ അരയിൽ മുഞ്ച പുല്ല് കെട്ടുന്നു.

കുമാരഭോജനം: ബ്രഹ്മചര്യവും പഠനവും ആയ തന്റെ ബ്രഹ്മചര്യം ആരംഭിക്കുന്നതിന് മുമ്പ് കുട്ടിയുടെ അമ്മ അഞ്ച് വ്യത്യസ്ത മധുരപലഹാരങ്ങൾ അവനു നൽകുന്നു.

ബ്രഹ്മോപദേശം: ഗുരുവാകുന്ന പിതാവ് കുട്ടിക്ക് ഗായത്രിമന്ത്രം പറഞ്ഞുകൊടുക്കുന്നു. ഈ ഘട്ടം ചടങ്ങിന്റെ ഹൃദയമാണ്, ഇത് ആൺകുട്ടിയുടെ ആത്മീയ യാത്രയുടെ തുടക്കം കുറിക്കുന്നു.

സൂര്യദർശനം: വിനയത്തിനും വിജ്ഞാനാന്വേഷണത്തിനും ഊന്നൽ നൽകി കൈകൾ ചേർത്തുണ്ടാക്കിയ ചെറിയ ദ്വാരത്തിലൂടെ കുട്ടിയെ സൂര്യനെ കാണിക്കുന്നു.

ഭിക്ഷകരണം: കുട്ടി അമ്മയിൽ നിന്നും മറ്റ് സ്ത്രീകളിൽ നിന്നും അരി ഭിക്ഷ ചോദിക്കുന്നു, ഈ പ്രക്രിയയിൽ തന്റെ ഇന്ദ്രിയങ്ങളെയും അഹംഭാവത്തെയും നിയന്ത്രിക്കാൻ പഠിക്കുന്നു.

ആശീർവാദം: അവസാന ഘട്ടത്തിൽ കുട്ടി മുതിർന്നവരോടും വൈദികരോടും അനുഗ്രഹം തേടുന്നു. അവൻ സ്വയം പേരും ഗോത്രവും (പരമ്പര) പരിചയപ്പെടുത്തുന്നു. അഭിവാദേ എന്ന് തുടങ്ങുന്ന ആൺകുട്ടിയുടെ സ്വയം പരിചയപ്പെടുത്തൽ ഗാനമാണിത്.

സന്ധ്യാ വന്ദനം: ഈ ഭാഗത്ത് പലപ്പോഴും യോഗയെ അടിസ്ഥാനമാക്കിയുള്ള ആചാരങ്ങളുടെയും ധ്യാനത്തിന്റെയും സംയോജനം ഉൾപ്പെടുന്നു. ദേവതകളുടെ ആരാധനയും സ്വയം ശുദ്ധീകരണവും ഉൾപ്പെടെയുള്ള ദൈനംദിന ആചാരങ്ങളുടെ തുടർച്ചയായ പരിശീലനത്തെ ഇത് സൂചിപ്പിക്കുന്നു.[1]

യജ്ഞോപവീതം അഥവാ പൂണൂൽ

[തിരുത്തുക]

ഉപനയനസംസ്കാരത്തിന്റെ മുഖമുദ്രയണ് യജ്ഞോപവീതധാരണം. മൂന്നിഴകൾചേർത്തുണ്ടാക്കിയ ഒരു നൂലിനെ മൂന്നായി മടക്കി ഒരുമിച്ച് കെട്ടിയതാണ് യജ്ഞോപവീതം അഥവാ പൂണൂൽ. സാധാരണയായി ശരീരത്തിനു കുറുകെ ഇടത്തുനിന്ന് വലത്തോട്ട്, അതായത് ഇടത് തോളിനു മുകളിൽക്കൂടി വലംകയ്യുടെ അടിയിലൂടെയാണ് ഇത് ധരിക്കുന്നത്. യജ്ഞത്തിൽ ധരിക്കുന്നതായതിനാൽ യജ്ഞോപവീതം എന്നും പുണ്യനൂലായതിനാൽ പൂണൂൽ എന്നും അറിയപ്പെടുന്നു. പൂണുന്ന നൂലായതിനാലാണ് പൂണൂൽ എന്ന് അറിയപ്പെടുന്നതെന്ന് മറ്റൊരു മതവുമുണ്ട്.

വളരെ നേർത്ത നൂലിഴകൾ (കഴിനൂലിഴകൾ)മൂന്നെണ്ണം ചേർത്ത് പിരിച്ചാണ് പൂണൂലിനുള്ള നൂലുണ്ടാക്കുന്നത്. മൂന്നായി മടക്കുന്നതിനു മുൻപുള്ള നീളം പൂണൂൽ ധരിക്കേണ്ട ആളിന്റെ തള്ളവിരൽ ഒഴിച്ചുള്ള നാലുവിരലുകളുടെ വീതിയുടെ 96 മടങ്ങ് ആയിരിക്കും. പിരിച്ചെടുത്ത നൂലിനെ മൂന്നായി മടക്കി പവിത്രക്കെട്ടിനാൽ ബന്ധിക്കുന്നു. അപ്പോൾ പൂണൂൽ മൂന്ന് നൂലുകൾ ചേർത്ത് കെട്ടിയതുപോലെകാണപ്പെടുന്നു. നടുക്കുള്ള കെട്ട് പരബ്രഹ്മത്തെ സൂചിപ്പിക്കുന്നു. മൂന്നായി കാണപ്പെടുന്ന നൂലുകളിൽ ഓരോന്നും ഗായത്രീദേവി (മനസ്സിന്റെ ദേവി), സരസ്വതീദേവി (വാക്കിന്റെ ദേവി) സാവിത്രീദേവി (പ്രവൃത്തികളുടെ ദേവി), എന്നീ ദേവതകളെ പ്രതിനിധാനം ചെയ്യുന്നു. ഇത് , യജ്ഞോപവീതധാരി ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ശുദ്ധനായിരിക്കണം എന്ന് സൂചിപ്പിക്കുന്നു. ശരീരത്തിനുകുറുകെ ധരിച്ചിരിക്കുന്ന യജ്ഞോപവീതം ബ്രഹ്മചാരിയെ താൻ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും നന്മയും ശുദ്ധിയും നിറഞ്ഞവനായിരിക്കണമെന്ന് സദാ ഓർമപ്പെടുത്തുന്നു.

യജ്ഞോപവീതം അവസരങ്ങൾക്കനുസരിച്ച് മൂന്ന് രീതിയിൽ ധരിക്കാറുണ്ട്.

  1. ഉപവീതം - യജ്ഞോപവീതം ശരീരത്തിനുകുറുകെ ഇടതുതോളിനുമുകളിൽക്കൂടി, വലതുകൈക്ക് താഴെക്കൂടി ധരിക്കുന്ന രീതി. ദൈവികകാര്യങ്ങൾ ചെയ്യുമ്പോഴാണ് ഈ രീതിയിൽ ധരിക്കേണ്ടത്. കേരളത്തിലിതിന് സാധാരണസംഭാഷണത്തിൽ വലത്തിടൽ എന്ന് പറയുന്നു.
  2. നിവീതം - കഴുത്തിൽക്കൂടി നെഞ്ചിനുമുകളിലായി മാലപോലെ തൂക്കിയിടുന്ന രീതി. ഋഷിതർപ്പണം ചെയ്യുമ്പോഴും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നസമയത്തും ഈ രീതിയിൽ ധരിക്കണം. കേരളത്തിലിതിന് സാധാരണസംഭാഷണത്തിൽ നിവീതമിടൽ എന്ന് പറയുന്നു. നിഷേകസമയത്ത് (അതായത് ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ) സൗകര്യപൂർ‌വം രണ്ടായി മടക്കിയും പൂണൂൽ നിവീതമിടാം എന്ന് വിധിയുണ്ട്.
  3. പ്രാചീനവീതം - യജ്ഞോപവീതം ശരീരത്തിനുകുറുകെ വലതുതോളിനുമുകളിൽക്കൂടി, ഇടത്കൈക്ക് താഴെക്കൂടി ധരിക്കുന്ന രീതി. പിതൃക്കളുടെ മരണാനന്തരകർമങ്ങൾ ചെയ്യുമ്പോഴാണ് ഈ രീതിയിൽ ധരിക്കേണ്ടത്. കേരളത്തിലിതിന് സാധാരണസംഭാഷണത്തിൽ ഇടത്തിടൽ എന്നും തിരിച്ചിടൽ എന്നും പറയാറുണ്ട്.

ഉപനയത്തിന്റെ ചടങ്ങുകൾ

[തിരുത്തുക]

ആചാര്യഭേദം, ദേശഭേദം, കാലഗതി എന്നിവയാൽ ഉപനയനത്തിന്റെ ക്രിയകളിൽ പല പക്ഷഭേദങ്ങളും ഉണ്ടായിട്ടുണ്ട്. ഉപനയനത്തിന്റെ ചടങ്ങുകൾക്ക് ഓരോ വൈദികസമ്പ്രദായമനുസരിച്ചും വ്യത്യാസമുണ്ടായിട്ടുണ്ട്. അതായത് ഋഗ്വേദികളുടെയും യജുർ‌വേദികളുടെയും സാമവേദികളുടെയും അഥർ‌വവേദികളുടെയും ചടങ്ങുകൾ തമ്മിൽ വ്യത്യാസമുണ്ട്. ദ്വിവേദികളും (രണ്ട് വേദങ്ങൾ അഭ്യസിക്കുന്നവർ) ത്രിവേദികളും (മൂന്ന് വേദങ്ങൾ അഭ്യസിക്കുന്നവർ) ചതുർ‌വേദികളും (നാല് വേദങ്ങൾ അഭ്യസിക്കുന്നവർ) താന്താങ്ങളുടെ താൽ‌പര്യമനുസരിച്ച് ഏതെങ്കിലും ഒരു സമ്പ്രദായം തിരഞ്ഞെടുക്കുന്നു. ഓരോ വൈദികശാഖയ്ക്കനുസരിച്ചും ചടങ്ങുകളിൽ വ്യത്യാസമുണ്ട്. അതായത്, ഋഗ്വേദികളിൽത്തന്നെ ആശ്വലായനചരണക്കാരുടെ (പകഴിയന്മാരുടെ) രീതിയിൽ നിന്നും വ്യത്യസ്തമാണ് കൗഷീതകചരണക്കാരുടേത്. അതുപോലെതന്നെ യജുർ‌വേദികളിലും ബാധൂലകചരണക്കാരുടെ ചടങ്ങുകളും ബൗധായനചരണക്കാരുടെ ചടങ്ങുകളും തമ്മിലും വ്യത്യാസം കാണാൻ കഴിയും. വൈദികശാഖയനുസരിച്ച് ചിലവ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും ഉപനയനത്തിന്റെ ചടങ്ങുകൾ പൊതുവെ താഴെ വിവരിക്കും പ്രകാരമാണ്.

ബ്രാഹ്മണർക്ക് ഉപനയനം അഞ്ചാം വയസ്സുമുതൽ ചെയ്യാം. ആറാം വയസ്സിൽ പാടില്ല. ഏഴുവയസ്സുമുതൽ എപ്പോൾ വേണമെങ്കിലും ചെയ്യാം[അവലംബം ആവശ്യമാണ്] .

യജ്ഞോപവീതധാരണം

[തിരുത്തുക]

ആദ്യമായി നിലവിളക്കുകൊളുത്തി ഗണപതിക്ക് വയ്ക്കുന്നു. ബാലനും പിതാവും ചേർന്ന് പ്രായശ്ചിത്തവും 4 നാന്ദീമുഖവും ചെയ്യുന്നു. പിതാവ് പുണ്യാഹമുണ്ടാക്കി "ഓം ഇന്ദ്രപ്രീയതാം" ജപിച്ച് പുത്രന് തളിച്ച് അക്ഷതം വിതറുന്നു. ഉരുളിയിൽ ഉണക്കലരി നിറച്ച് പിരിച്ച പൂണൂലും കൂർ‌ച്ചവും അതിൽ വച്ച് അത് ഗായത്രി ജപിക്കുന്നതിന് ബ്രാഹ്മണരെ ഏല്പിക്കുന്നു. ബ്രാഹ്മണർ അത് ഏറ്റുവാങ്ങി പൂണൂലിനുമുകളിൽ കൂർച്ചം വച്ച് 1008 തവണ ഗായത്രീമന്ത്രം ജപിക്കുന്നു. (ഇതിന് രണ്ടോ നാലോ ബ്രാഹ്മണരാകാം). ബ്രാഹ്മണർ ഗായത്രീജപം ചെയ്തുകൊണ്ടിരിക്കുമ്പോൾത്തന്നെ ബാലനെ സാക്ഷികളോടൊപ്പം ഇരുത്തി ഭക്ഷണം കഴിപ്പിക്കുന്നു. ഭക്ഷണശേഷം കൈയും വായും കഴുകിവന്ന ബാലനെ കിഴക്കോട്ടിരുത്തി ഗണപതിനിവേദിച്ച് തുഷ്ണിയായി (മന്ത്രമില്ലാതെ) നവക്രിയചെയ്ത് ഗണപതി വിടുർത്തുന്നു.

അതിനു് ശേഷം ബാലനെ കിഴക്കോട്ടിരുത്തി ക്ഷൗരം ചെയ്യിക്കുന്നു. സ്നാനശേഷം ഈറൻ‌ മാറ്റി ബാലനെ അലങ്കരിക്കുന്നു (മയില്പീലി ചൂടുകയോ, കണ്ണെഴുതുകയോ, ഹരിചന്ദനം തൊടുകയോ അങ്ങനെ സുന്ദരമെന്ന് തോന്നുന്ന എന്തുമാകാം). ഒരുങ്ങിവരുന്ന ബാലനെ മുറ്റത്ത് കിഴക്കോട്ടിരുത്തുന്നു. ബാലൻ തന്നെ തീർഥമുണ്ടാക്കി ഗണപതി നിവേദിച്ച് വിദ്യാരംഭം കുറിച്ച ആളിന് (എഴുത്തച്ഛന്) ദക്ഷിണയും വസ്ത്രവും കൊടുക്കുന്നു. അതിനുശേഷം 1008 തവണ ഗായത്രീമന്ത്രം ജപിച്ചുകഴിഞ്ഞ യജ്ഞോപവീതം ഏറ്റുവാങ്ങി ഗായത്രി ജപിച്ച ബ്രാഹ്മണർക്ക് ദക്ഷിണയും വസ്ത്രവും നൽകുന്നു.

മെഴുകി നെല്ലും അരിയും കുറുമ്പുല്ലും ഇട്ടിരിക്കുന്നതിൽ ബാലനെ പിതാവോ കർമിയോ വലതുകാൽ ആദ്യമാക്കി കയറ്റി നിർത്തുന്നു. പിതാവ് അല്ലെങ്കിൽ കർമി വലതുവശത്തുനിന്ന് ബാലന്റെ രണ്ടുകയ്യുടെയും മോതിര-തള്ളവിരലുകലായി പൂണുനൂൽ പിടിപ്പിച്ച് വലതുകൈ ഉയർത്തിപ്പിടിപ്പിക്കുന്നു. അതിനു് ശേഷം പ്രണവത്തോടുകൂടിയുള്ള യജ്ഞോപവീതമന്ത്രം ചൊല്ലുന്നു.

മന്ത്രാവസാനം യജ്ഞോപവീതം (യജ്ഞസൂത്രം) ധരിപ്പിക്കുന്നു (ഇടതുകൈ തോൾ നിരപ്പിൽനിന്നല്പം ഉയർത്തിനിർത്തിക്കൊണ്ട് നന്നായി ഉയർത്തിപ്പിടിച്ചിരിക്കുന്ന വലതുകയ്യിലുള്ള യജ്ഞസൂത്രത്തിനുള്ളിലായി ശിരസും വലംകൈയും വരത്തക്കവിധം വലതുകൈ യജ്ഞസൂത്രത്തിനുള്ളിലൂടെ എടുപ്പിക്കുന്നു). ചില ബ്രാഹ്മണസമുദായക്കാർ ഉപനയനം ബാലനെ ഇരുത്തിയും ചെയ്യാറുണ്ട്.

ഉപനീതനായ ബാലനെ മെഴുകിയ തറയിൽനിന്നും വലതുകാലാദ്യമായി കിഴക്കോട്ടിറക്കി പ്രദക്ഷിണമായി (വലത്തൂടെ) കൊണ്ടുവന്ന് ഇതുത്തി ഗണപതി വിടുർത്തി ആചമിപ്പിച്ച് അകത്തുകൊണ്ടുവരുന്നു. ഹോമശേഷം മേഖല കെട്ടി കൃഷ്ണാജിനം ധരിപ്പിക്കുന്നു. കർമി (ആചാര്യൻ) കിഴക്കോട്ട് തിരിഞ്ഞ് നിന്ന് ബാലനെ (ശിഷ്യനെ) അഭിമുഖമാക്കി നിർത്തി ബാലന്റെ കൈകൾ ചേർത്ത് പിടിച്ച് "കോനാമാസി?" (പേരെന്ത്?) എന്ന് ചോദിക്കുന്നു. ബാലൻ തന്റെ നാമം ശർമ, വർമ, തുടങ്ങിയ ഉപനാമസഹിതം പറയണം. ഉദാഹരണമായി രാമൻ എന്ന് പേരുള്ള ബ്രാഹ്മണബാലൻ "രാമശർമാഹം ഭോഃ" (രാമശർമയാണ് ഞാൻ) എന്നും കൃഷ്ണൻ എന്ന് പേരുള്ള ക്ഷത്രിയബാലൻ "കൃഷ്ണവർമാഹം ഭോഃ" (കൃഷ്ണവർമയാണ് ഞാൻ) എന്നും പറയണം. ആചാര്യൻ ബാലനെ ദേവന്മാർക്ക് സമർ‌പ്പിച്ച് തിരിച്ച് വാങ്ങുന്നതായി സങ്കല്പിച്ചുള്ള മന്ത്രങ്ങൾ ചൊല്ലുന്നു. അനന്തരം "ബ്രഹ്മചാരീ ഭവ" (ബ്രഹ്മചാരിയാകട്ടെ) എന്ന് ബാലനെ ആശീർ‌വദിക്കുന്നു.

യോഗ്യനായ ആചാര്യൻ ആദ്യം ബ്രഹ്മചാരിയെ (വിദ്യാർത്ഥിയെ) വിദ്യ അഭ്യസിക്കുന്നതിനുള്ള ദൃഢവ്രതം ഉപദേശിച്ച് ഗർഭത്തിനെ അമ്മ എന്നതുപോലെ ഉൾക്കൊള്ളുന്നു ("ആചാര്യ ഉപനയനമാനോ ബ്രഹ്മചാരിണം കൃണുതേ ഗർഭമന്തഃ" ).

ഗായത്ര്യോപദേശം

[തിരുത്തുക]

യജ്ഞകുണ്ഡത്തിന് പടിഞ്ഞാറുവശത്ത് ആചാര്യൻ കിഴക്കോട്ടിരുന്ന് ബാലന്റെ കയ്യിൽനിന്നും ഒരു കൂർച്ചം വാങ്ങി യജ്ഞകുണ്ഡത്തിന്റെ വടക്ക്ഭാഗത്ത് വച്ചിട്ടുള്ള പലകയിൽ കിഴക്കോട്ടോ വടക്കോട്ടോവച്ച് ആചാര്യൻ അതിൽ പശ്ചിമാഭിമുഖമായി ഇരിക്കുന്നു. ആചാര്യന്റെ അഭിമുഖമായി കിഴക്കോട്ട് തിരിഞ്ഞ് ഇടത്തേ കാൽമുട്ട് മടക്കി ഇരുന്ന് ബാലൻ നമസ്കരിച്ച് "അധീഹി ഭോ സാവിത്രീം ഭോ അനുബ്രൂഹിം" എന്ന്, അതായത് ഗായത്രീമന്ത്രം പറഞ്ഞുതരണമെന്ന്, അപേക്ഷിക്കുന്നു. ആചാര്യൻ ബാലന്റെ കയ്യിൽ കുറുമ്പുല്ല് പിടിപ്പിച്ച് വലംകൈ മുകളിലാക്കി അട്ടകം പിടിപ്പിക്കുന്നു. ആചാര്യൻ തന്റെ വലംകയ്യ് ബാലന്റെ അട്ടകത്തിന് മേലെയും ഇടംകൈ ചോടെയും വരുമാറ് പിടിക്കുന്നു. ഇപ്രകാരം ബ്രഹ്മചാരിയുടെ കൈകൾ ചേർത്തുപിടിച്ച് ഉത്തരീയംകൊണ്ട് മറയുണ്ടാക്കി ആചാര്യൻ ഗായത്രീമന്ത്രം ഉപദേശിച്ചുകൊടുക്കുന്നു.

ഓം
ബ്രഹ്മപ്രജാപതിഃ ഋഷിഃ ദേവീഗായത്രീച്ഛന്ദഃ പരമാത്മാ ദേവതാ
ഓം
ഗാഥിനോ വിശ്വാമിത്രഃ ഋഷിഃ ഗായത്രീച്ഛന്ദഃ സവിതാ ദേവതാ

എന്ന് ചൊല്ലിയശേഷം ആചാര്യൻ ഗായത്രീമന്ത്രം പദമായി മൂന്ന് തവണ ചൊല്ലുന്നു. ആദ്യത്തേത് നിരൂപിക്കുകയാണ്. അതിനാൽ പതുക്കെയാണ് ചൊല്ലുക. രണ്ടാമത്തേത് കേൾപ്പിക്കുകയാണ്. ഉറക്കെ ചൊല്ലും. മൂന്നാമത്തേത് ചൊല്ലിക്കൊടുത്ത് ചൊല്ലിക്കുന്നു. രണ്ട് തവണകൂടി ഇത് ആവർത്തിക്കുന്നു. പിന്നെ നിർത്തുന്നു - വിരാമസ്താവൽ.

തുടർന്ന് കൈവിട്ട് ബാലന്റെ നെഞ്ച് തൊട്ട് മന്ത്രം ചൊല്ലുന്നു

മമവ്രതേ ഹൃദയന്തേ ദധാമി
മമചിത്തമനുചിത്തന്തേ അസ്തു
മമവാചമേകവ്രതോജുഷസ്വ
ബൃഹസ്പതിഷ്ടാനിയുനക്തുമഹ്യം

തുടർന്ന് ആചാര്യൻ ബാലന് ബ്രഹ്മചാരി അനുഷ്ഠിക്കേണ്ട ധർമങ്ങൾ, ആചമനം, നിത്യകർമങ്ങൾ തുടങ്ങിയവയും ഉപദേശിക്കുന്നു. ഉപദേശങ്ങൾ സ്വീകരിച്ച് ബ്രഹ്മചാരി ആചാര്യനെ അഭിവാദ്യം ചെയ്യുന്നു. ആചാര്യൻ പ്രത്യഭിവാദ്യം ചെയ്യുന്നു.

ഭിക്ഷാടനം

[തിരുത്തുക]

ബ്രഹ്മോപദേശത്തിനുശേഷം "മാതരമേവാഗ്രേ ഭിഷസ്വ" എന്നുപറഞ്ഞ് ഒരു പാത്രത്തിൽ സ്വർണവും കൂർച്ചവും വച്ച് ബ്രഹ്മചാരിയായ ബാലന് നൽകുന്നു. ബാലൻ ദണ്ഡും പാത്രവുമായി അമ്മയുടെ അടുത്തുചെന്ന് പാത്രം വച്ച് അഭിവാദ്യം ചെയ്യുന്നു. അമ്മ തുഷ്ണിയായി (മന്ത്രമില്ലാതെ) പ്രത്യഭിവാദനം ചെയ്തുകഴിഞ്ഞാൽ പാത്രമെടുത്ത് "ഭവതി ഭിക്ഷാം ദേഹി" എന്ന് പറയണം. അമ്മ ഉണക്കലരി കൊടന്നയാലെ വാരി മൂന്നുവട്ടം അവന്റെ ഉരുളിയിൽ ഇടണം. ഭിക്ഷവാങ്ങിയശേഷം അമ്മയെ തുഷ്ണിയായി അഭിവാദ്യം ചെയ്യണം. തുഷ്ണിയായി പ്രത്യഭിവാദ്യം കഴിഞ്ഞാൽ മറ്റ് അമ്മമാരുടെ അടുത്തുനിന്നും (വലിയമ്മ,ചെറിയമ്മ തുടങ്ങിയവരിൽ നിന്നും) ഭിക്ഷ വാങ്ങണം. (ഭിക്ഷ നിഷേധിക്കാൻ സാധ്യതയില്ലാത്ത ആരിൽ നിന്നും ഭിക്ഷ വാങ്ങാം). ഭിക്ഷയുമായി ആചാര്യന്റെ അടുത്തെത്തി "ഭൈക്ഷമിദം" എന്നുപറഞ്ഞ് നൽകണം. ആചാര്യൻ "സുഭൈക്ഷം" എന്നുപറഞ്ഞ് വാങ്ങി യജ്ഞകുണ്ഡത്തിനു വടക്ക് ഇലയിൽ ആ അരിയിട്ട് നിരത്തുന്നു. പിന്നെ അതിൽ തെക്ക് ശ്രദ്ധയെന്നും വടക്ക് മേധയെന്നും രണ്ട് സ്ത്രീരൂപമെഴുതി പൂവാരാധിച്ച് "ഓം ശ്രദ്ധമേധപ്രിയതാം" എന്ന് പുണ്യാഹം തളിച്ച് ബാലനെക്കൊണ്ട് അരിയിൽ തൊടീച്ച് ഗണപതി വിസർജനം ചെയ്യുന്നു. ഭിക്ഷയെടുത്ത അരിയേ നാലുദിവസം വെച്ചുണ്ണാവൂ.

ചടങ്ങുകൾക്ക് ശേഷം കൂടിയിരിക്കുന്നവരെ സൽക്കരിച്ചയക്കണം. അവർ ബ്രഹ്മചാരിയെ

ത്വം ബാലക! ത്വാമീശ്വരകൃപയാ വിദ്വാൻ
ശരീരാത്മബലയുക്തഃ കുശലീ
വീര്യവാനfരോഗഃ സർ‌വം വിദ്യാ
അദീത്യാfസ്മാൻ ദിദ്യക്ഷുഃ സന്ന്യാഗമാ

എന്ന് മന്ത്രോച്ചാരണപൂർ‌വം ആശിർ‌വദിക്കണം.

ഗുരുകുലഗമനം

[തിരുത്തുക]

നാലുദിവസങ്ങൾക്ക് ശേഷം ബ്രഹ്മചാരി ഗുരുകുലത്തിലേക്ക് പോകുന്നു. തുടർന്ന് വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെ ബ്രഹ്മചാരി ഗുരുകുലത്തിൽ വസിക്കുന്നു.

വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ബ്രഹ്മചാരി സുമുഹൂർത്തത്തിൽ ഗുരുദക്ഷിണ നൽകി സ്വഗൃഹത്തിലേക്ക് മടങ്ങുന്ന ചടങ്ങാണ് സമാവർത്തനം.

ഓനിച്ചുണ്ണി

[തിരുത്തുക]

ഉപനയനം കഴിഞ്ഞ ബ്രാഹ്മണ വിദ്യാർത്ഥിയെ ഓനിച്ചുണ്ണി എന്നു വിളിക്കുന്നു. ഉപനയിച്ച ഉണ്ണി ലോപിച്ച് ഉപനയിച്ചുണ്ണിയും അതുംലോപിച്ച് ഓനിച്ചുണ്ണിയുമായി. ഇക്കാലത്താണ് വേദപഠനം. ബ്രഹ്മചാരി കുടുമയും കഴുത്തിൽ പൊള്ളമോതിരവും കൃഷ്ണാജിനവും ധരിക്കണം.

ആചാരങ്ങളിലെ വ്യത്യാസങ്ങൾ

[തിരുത്തുക]
  • ചില വൈദിക ശാഖക്കാർ യജ്ഞോപവീതം ധരിക്കുമ്പോൾ കണ്ണ് ചിമ്മാൻ പാടില്ല എന്ന് അനുശാസിക്കാറുണ്ട്. കണ്ണ് ചിമ്മിയാൽ പ്രായശ്ചിത്തം, ആചമനം എന്നിവ ചെയ്തശേഷം ചടങ്ങുകൾ തുടരും.
  • ചില ബ്രാഹ്മണസമുദായക്കാർ വിവാഹശേഷം പൂണൂലിൽ മൂന്ന് ഇഴകൾ കൂടി ചേർക്കുന്നു. ഒരോ കുട്ടികൾ ഉണ്ടാകുമ്പോഴും ഇഴകളുടെ എണ്ണം കൂട്ടുന്ന സമ്പ്രദായവും ചില ബ്രാഹ്മണസമുദായങ്ങളിൽ നിലനിൽക്കുന്നുണ്ട്.


ഉപനയനത്തിന്റെ പ്രാധാന്യം

[തിരുത്തുക]
  • ഉപനയനം ഒരുവനെ വേദാധ്യയനത്തിന് അധികാരിയാക്കുന്നു.

പുനരുപനയനം

[തിരുത്തുക]

ഇതിന് അഴിച്ചുപനയനം എന്നും പറയാറുണ്ട്. യജ്ഞോപവീതം മുഷിയുകയോ, ജീർണിക്കുകയോ, നൂൽ പൊട്ടുകയോ, അശുദ്ധമാവുകയോ ചെയ്താൽ അത് സ്വയം മാറാം. പഴയത് ജലത്തിൽ ഉപേക്ഷിച്ച് പുതിയത് ധരിക്കാവുന്നതാണ്. ഇതിന് പ്രത്യേക മുഹൂർത്തമോ ദിവസമോ ഇല്ല. തനിയെ ചെയ്യാം. ജലത്തിൽ വിസർജിക്കുമ്പോൾ ചൊല്ലേണ്ട മന്ത്രം:

ഉപവീതം ഭിന്നതന്തും ജീർണം കശ്മല ദൂഷിതം
വിസൃജ്യാമി നഹി ബ്രഹ്മവർച്ചോ ദീർഘായുരസ്തു മേ

ഇതി ജീർണം യജ്ഞോപവീതം ജലേ വിസൃജ്യ ആചാമേത് (ഇങ്ങനെ ജീർണിച്ച യജ്ഞോപവീതം ജലത്തിൽ ഉപേക്ഷിച്ച് ആചമിക്കുക).


  1. "Brahmopadesham" (in ഇംഗ്ലീഷ്). 2023-10-18. Archived from the original on 2023-10-19. Retrieved 2023-10-22.
"https://ml.wikipedia.org/w/index.php?title=ഉപനയനം&oldid=4139131" എന്ന താളിൽനിന്ന് ശേഖരിച്ചത്