Jump to content

ഉഷ ഉതുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉഷ ഉതുപ്പ്
ഉഷ ഉതുപ്പ്
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംഉഷ അയ്യർ
പുറമേ അറിയപ്പെടുന്നദീതി
ജനനം (1947-11-08) നവംബർ 8, 1947  (76 വയസ്സ്)
ചെന്നൈ, തമിഴ്നാട് ഇന്ത്യ
തൊഴിൽ(കൾ)ഗായിക
വർഷങ്ങളായി സജീവം1966-ഇതുവരെ

ഒരു ഇന്ത്യൻ പോപ്പ് ഗായികയാണ് ഉഷ ഉതുപ്പ് (ആദ്യനാമം : ഉഷ അയ്യർ). (തമിഴ്: உஷா உதுப்,ബംഗാളി: ঊষা উথুপ) (ജനനം: നവംബർ 8, 1947). ഉഷയുടെ പല ഹിറ്റുകളും പിറക്കുന്നത് 1960, 1970, 1980-കളിലാണ്. 16 ഇന്ത്യൻ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് ഇവർ. ഇതിൽ ബംഗാളി, ഹിന്ദി, ഇംഗ്ലിഷ്, പഞ്ചാബി,അസ്സമീസ്, ഒറിയ, ഗുജറാത്തി, മറാത്തി, കൊങ്ങണി, മലയാളം, കന്നട, തമിഴ്, തുളു , തെലുഗു എന്നിവ ഉൾപ്പെടുന്നു. ഇത് കൂടാതെ ഡച്ച്, ഫഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, സിംഹളീസ്, സ്വഹിലി, റഷ്യൻ, നേപ്പാളീസ്, അറബിക്, ക്രേയോൾ, സുളു, സ്പാനീഷ് എന്നീ വിദേശഭാഷകളിലും പാടിയിട്ടുണ്ട്.[1]

ആദ്യ ജീവിതം

[തിരുത്തുക]

1947 ൽ ചെന്നൈയിലെ ഒരു തമിഴ് ബ്രാഹ്മണകുടുംബത്തിലാണ് ഉഷ അയ്യരുടെ ജനനം. പിതാവ് സാമി അയ്യർ ബോംബെയിൽ പോലീസ് കമ്മീഷണർ ആയിരുന്നു. ആറ് മക്കളിൽ അഞ്ചാമതായ ഉഷക്ക് മൂന്ന് സഹോദരിമാരും,രണ്ട് സഹോദരന്മാരുമാണുള്ളത്. സഹോദരിമാർ ഉമ പോച്ച, ഇന്ദിര ശ്രീനിവാസൻ, മായ സാമി എന്നിവർ ഗായികമാരാണ്. ബോംബേയിലാണ് ഉഷ തന്റെ സ്കൂൾ കാലഘട്ടം ചിലവഴിച്ചത്.

പരുക്കൻ സ്വരം കാരണം സ്കൂൾ കാലഘട്ടത്തിൽ സംഗീതക്ലാസ്സിൽ നിന്ന് പുറത്താക്കപ്പെട്ട അനുഭവമുണ്ട് ഉഷക്ക്. പക്ഷേ, സംഗീത അദ്ധ്യാപകൻ സംഗീതത്തോടുള്ള തന്റെ സമീപനം കണ്ടതുകൊണ്ട് ചില അവസരങ്ങൾ നൽകിയിരുന്നു. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും സംഗീതമയമായ ഒരു അന്തരീക്ഷത്തിലാണ് ഉഷ വളർന്നു വന്നത്. [2] .

സംഗീത ജീവിതം

[തിരുത്തുക]

ഒൻപതാം വയസ്സിലാണ് ഉഷ ആദ്യമായി പൊതുവേദിയിൽ പാടുന്നത്. തന്റെ സഹോദരിമാർ സംഗീതം ഒരു ജീവിതോപാധിയായി തിരഞ്ഞെടുത്ത സമയത്ത് സംഗീതഞ്ജനായ അമീൻ സയാനിയാണ് ഉഷക്ക് ഒരു റേഡിയോ ചാനലിൽ പാടാൻ സൗകര്യമൊരുക്കുന്നത്. അതിനു ശേഷം നിരവധി അവസരങ്ങൾ ഉഷക്ക് ലഭിച്ചു. പിന്നീട് ചെന്നൈ മൌണ്ട് റോഡിലെ, നയൺ ജെംസ് എന്ന നിശാക്ലബ്ബിലെ പാട്ടുകാരിയായി ഉഷ. അവിടെ ധാരാളം അഭിനന്ദനങ്ങൾ അവർക്ക് ലഭിച്ചു. കൊൽക്കത്തയിലെ നിശാക്ലബ്ബുകളിലും ഉഷ പാട്ടുകാരിയായി. ഈ സമയത്താണ് ഉതുപ്പിനെ കണ്ടുമുട്ടിയത്. അതിൽ പിന്നെ ഡെൽഹിയിലെത്തി അവിടെ ഒബ്രോയി ഹോട്ടലിൽ ഗായികയായി തുടർന്നു. ആ സമയത്താണ്‌ ശശി കപൂർ അടങ്ങുന്ന ഒരു ചലച്ചിത്രസംഘം ഈ ഹോട്ടൽ സന്ദർശിക്കുന്നതും ഉഷയുടെ പാട്ട് കേൾക്കാനിടവരുന്നതും. ഉഷയുടെ ഗാനാലാപനം ഇഷ്ടപ്പെട്ട ഈ സംഘം, ഉഷക്ക് സിനിമയിൽ ഒരു അവസരം കൊടുക്കുകയും ചെയ്തു. അങ്ങനെ തന്റെ ചലച്ചിത്രപിന്നണി സംഗീത ജീവിതം ബോളിവുഡിൽ ഹരേ രാമ ഹരേ കൃഷ്ണ എന്ന ചിത്രത്തിൽ പാടി തുടങ്ങി. ഈ ചിത്രത്തിലെ ദം മാറോ ദം എന്ന ഗാനത്തിന്റെ ഇംഗ്ലീഷ് ഭാഗം ഉഷയാണ്‌ പാടിയത്.

1968 ൽ ഉഷ തന്റെ ഇംഗ്ലീഷ് ആൽബങ്ങൾ പുറത്തിറക്കി. ഈ ആൽബങ്ങൾക്ക് ഇന്ത്യയിൽ നല്ല ജനസമ്മതി ലഭിച്ചു. കൂടാതെ ഈ സമയത്ത് ഉഷ ലണ്ടനിലും ചില സന്ദർശനങ്ങൾ നടത്തുകയും അവിടെ ബി.ബി.സി. റേഡിയോവിൽ ചില അഭിമുഖങ്ങൾ നൽകുകയും ചെയ്തു. 1970, 1980 കാലഘട്ടത്തിൽ സംഗീതസംവിധായകരായ ആ.ഡി. ബർമൻ , ബപ്പി ലഹരി എന്നിവർക്ക് വേണ്ടി ഉഷ ധാരാളം ഗാനങ്ങൾ ആലപിച്ചു.

ഉഷ ഉതുപ്പിന്റെ ചില പ്രശസ്തമായ ഗാനങ്ങൾ ഇവയാണ്

ഗാനം ചിത്രം വർഷം സംഗീതം
ടശൻ മേൻ ടഷൻ 2008 വിശാൽ - ശേഖർ
Teri Meri Merry Christmas Bow barracks Forever 2007 അർജുൻ ദത്ത്
Kabhi Pa Liya Tho Kabhi Kho Diya ജോഗ്ഗേഴ്സ് പാർക്ക് 2003 Tabun
Din Hai Na Ye Raat ഭൂത് 2003 സലിം-സുലൈമാൻ
Vande Mataram കഭി ഖുശി കഭി ഖം 2001 Jatin-Lalit in conjunction/collaboration with Sandesh Shandilya
Raja Ki Kahani ഗോഡ് മദർ 1999 വിശാൽ ഭരദ്വാജ്
Daud Daud 1998 എ.ആർ.റഹ്മാൻ
Vegam Vegam Pogum Pogum അഞ്ചലി 1991 ഇളയരാജ
Keechurallu Keechurallu 1991 ഇളയരാജ
Koi Yahan Aha Nache Nache ഡിസ്കൊ ഡാൻസർ 1982 ബപ്പി ലഹരി
Ramba Ho അർമാൻ 1981 ബപ്പി ലഹരി
Hari Om Hari പ്യാര ദുശ്മൻ 1980 ബപ്പി ലഹരി
Tu Mujhe Jaan Se Bhi Pyara Hai Wardaat 1981 ബപ്പി ലഹരി
Doston Se Pyar Kiya ശാൻ 1980 ആർ. ഡി. ബർമൻ
Shaan Se... Shaan 1980 ആർ. ഡി. ബർമൻ
Ek Do Cha Cha Cha Shalimar 1978 ആർ. ഡി. ബർമൻ

മറ്റു മേഖലകളിൽ

[തിരുത്തുക]

രാജ്യാന്തര തലത്തിൽ നിരവധി സ്റ്റേജുകളിൽ തന്റെ ഗാനാലാപന മികവ് തെളീച്ചിട്ടുണ്ട് ഉഷ ഉതുപ്പ്. ചില ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. 1972 ലെ ബോംബെ ടു ഗോവ എന്ന ഹിന്ദി ചിത്രത്തിൽ അമിതാബ് ബച്ചൻ, ശത്രുഘ്നൻ സിൻ‌ഹ എന്നിവരോടൊപ്പവും അഭിനയിച്ച ഉഷ 2006 ൽ ഇറങ്ങിയ പോത്തൻ ബാവ എന്ന മലയാളചലച്ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിലെ ഏഷ്യാനെറ്റ് ചാനലിലെ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിൽ 2007, 2008 വർഷങ്ങളിൽ വിധികർത്താക്കളിൽ ഒരാളായിരുന്നു ഉഷ.

പ്രത്യേകതകൾ

[തിരുത്തുക]

തന്റേതായ ഒരു പ്രത്യേക വേഷവിധാനം കൊണ്ട് ഉഷ ഉതുപ്പ് ശ്രദ്ധേയയാണ്. അണിയുന്ന കാഞ്ചീപുരം സാരിയും, വലിയ പൊട്ടും, തലയിൽ ചൂടുന്ന പൂവും കൊണ്ട് ഒരു പ്രത്യേക ഫാഷൻ രീതി തന്നെ ഉഷ ഉതുപ്പ് കൊണ്ടുവന്നിരുന്നു.

സ്വകാര്യ ജീവിതം

[തിരുത്തുക]

കേരളത്തിൽ നിന്നുള്ള ജനി ചാക്കോ ഉതുപ്പാണ്‌ ഉഷയുടെ ഭർത്താവ് . സണ്ണി മകനും,അഞ്ജലി മകളുമാണ്‌. ഭർത്താവൊന്നിച്ച് ഇപ്പോൾ കൊൽക്കത്തയിലാണ്‌ താമസം .

അവലംബം

[തിരുത്തുക]
  1. Musically stronger than ever. The Tribune, Chandigarh. May 20, 2002.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-11-20. Retrieved 2010-01-01.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഉഷ_ഉതുപ്പ്&oldid=3795572" എന്ന താളിൽനിന്ന് ശേഖരിച്ചത്