Jump to content

ഊർധ്വതാണ്ഡവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശിവന്റെ താണ്ഡവനൃത്തങ്ങളിൽ ഒന്നാണ് ഊർധ്വതാണ്ഡവം. ഒരു കാൽ നേരെ മുകളിലേക്ക് (ആകാശത്തേക്ക്) ഉയർത്തിക്കൊണ്ട് ചെയ്ത താണ്ഡവനൃത്തമാണിത്.

ഐതിഹ്യം[തിരുത്തുക]

ശിവന്റെ ഊർധ്വതാണ്ഡവം - ഹവായ്‌ലെ കൗവായ്‌ലുള്ള കടവുൾ ഹിന്ദു ക്ഷേത്രത്തിലുള്ള ശില്പം

ഒരിക്കൽ, പരമശിവനും പാർ‌വതിയും തമ്മിൽ നൃത്തംചെയ്യാനുള്ള താന്താങ്ങളുടെ മികവിനെച്ചൊല്ലി തർക്കമായി. ശിവൻ 'നടരാജൻ' എന്ന പേരിൽ അറിയപ്പെടുന്നതിനെ പാർവതി ചോദ്യം ചെയ്തു. ശിവനെക്കാൾ നന്നായി നൃത്തം ചെയ്യുന്നത് താനാണെന്നും താൻ സ്ത്രീയായതുകൊണ്ട് അർഹിക്കുന്ന സ്ഥാനം ലഭിക്കാതെ പോകുന്നുവെന്നും പാർവതി വാദിച്ചു. ഇത് ശിവനെ ചൊടിപ്പിച്ചു. നടരാജൻ എന്ന പേരിന് താൻ എന്തുകൊണ്ടും അർഹനാണെന്നും നൃത്തം ചെയ്യാനുള്ള കഴിവിൽ താനാണ് മുൻപിൽ എന്നും ശിവനും വാദിച്ചു. തർക്കം വർദ്ധിച്ചു. മത്സരിച്ച് തീരുമാനിക്കാമെന്ന് ഒടുവിൽ തീരുമാനിച്ചു. മത്സരം കണ്ട് വിധിനിർണയിക്കുന്നതിനായി ബ്രഹ്മാവ്, വിഷ്ണു, മറ്റ് ദേവീദേവന്മാർ എല്ലാവരും എത്തിച്ചേർന്നു. മത്സരം ആരംഭിച്ചു. ശിവൻ ചെയ്യുന്നതെല്ലാം കൂടുതൽ മികച്ചതെന്ന് തോന്നും വിധം പാർവതിയും ചെയ്തുകൊണ്ടിരുന്നു. പലപ്പോഴും പാർ‌വതിയുടെ നർത്തനം ശിവനെ അതിശയിക്കുമാറായിരുന്നു. എത്ര കഠിനമായ നൃത്തച്ചുവടുകൾ സ്വീകരിച്ചിട്ടും പാർവതിയോടുള്ള മത്സരത്തിൽ ശിവന് ജയം നേടാനായില്ല. പാർ‌വതിയുടെ പല നൃത്തചലനങ്ങളും പുനരാവിഷ്കരിക്കുന്നതിന് ശിവൻ നന്നേ പ്രയാസപ്പെട്ടു. വളരെനേരം നൃത്തം ചെയ്തിട്ടും പാർവതി ക്ഷീണിച്ചതുമില്ല. ഒടുവിൽ പാർവതിയെ പരാജയപ്പെടുത്താൻ ഒരു മാർഗവും കാണാതെ അസ്വസ്ഥനായ ശിവൻ തന്റെ വലതുകാൽ മുകളിലേക്കുയർത്തി കാല്പാദം ആകാശത്തേക്ക് ലക്ഷ്യം വെയ്ക്കുന്ന വിധത്തിൽ ശിരസിനോട് ചേർത്തുവച്ചുകൊണ്ട് ഇടംകാൽ മാത്രം നിലത്തു ചവിട്ടി നൃത്തം ചെയ്യാനാരംഭിച്ചു. പാർവതീദേവിയ്ക്കാകട്ടെ, സ്ത്രീയായതുമൂലം മറ്റുദേവീദേവന്മാരുടെ മുന്നിൽവച്ച് അത്തരത്തിൽ കാലുയർത്തി നടനം ചെയ്യാൻ നാണമായി. ലജ്ജയും ദേഷ്യവും മൂലം ദേവി മത്സരവേദിയിൽ നിന്ന് ഇറങ്ങിപ്പോയി. പാർ‌വതിയെ തോല്പിക്കാൻ വേണ്ടി ശിവൻ സ്വീകരിച്ച ഈ നൃത്തരീതിയാണ് ഊർധ്വതാണ്ഡവം എന്നറിയപ്പെടുന്നത്.

ഊർധ്വതാണ്ഡവം ഭരതനാട്യത്തിൽ[തിരുത്തുക]

ഇവകൂടി കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഊർധ്വതാണ്ഡവം&oldid=3150897" എന്ന താളിൽനിന്ന് ശേഖരിച്ചത്