എഡ്വേർഡ് ബ്രണ്ണൻ
മലബാറിൽ താമസിച്ച് മരിച്ച ഒരു വിദേശീയനായിരുന്നു എഡ്വേർഡ് ബ്രണ്ണൻ. തലശ്ശേരിയിലെ ബ്രണ്ണൻ കോളേജ് സ്ഥാപിച്ചത് എഡ്വേർഡ് ബ്രണ്ണനായിരുന്നു.
ജീവിതരേഖ
[തിരുത്തുക]1784-ൽ ലണ്ടനിൽ ജനിച്ച ബ്രണ്ണൻ 1810-ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ അംഗമായി ചേർന്നു. പിന്നീട് അദ്ദേഹം അവരുടെ സഹകമ്പനിയായ ബോംബെ മറൈൻ സർവീസസിലേക്ക് മാറ്റം കിട്ടി കപ്പലിൽ കേബിൻ ബോയ് ആയി ജോലി ചെയ്യാൻ തുടങ്ങി. അദ്ദേഹം ജോലി ചെയ്തിരുന്ന കപ്പൽ ഒരു യാത്രയ്ക്കിടയിൽ അപകടത്തിൽ തകർന്നു. തലശ്ശേരിയ്ക്ക് അടുത്ത് കടലിൽ വെച്ചുണ്ടായ ഈ അപകടത്തിൽ ഒറ്റപ്പെട്ടു പോയ ബ്രണ്ണൻ സായ്പിനെ മീൻപിടുത്തക്കാരായ ചിലരാണ് രക്ഷപ്പെടുത്തിയത്. തുടർന്ന് അദ്ദേഹം തലശ്ശേരിയിൽ തന്നെ താമസിക്കാൻ തീരുമാനിക്കുകയായിരുന്നു. 1846-ൽ ദരിദ്രരെയും അനാഥരെയും സഹായിക്കുക എന്ന കാഴ്ചപ്പാടോടെ അദ്ദേഹം ടെലിച്ചറി പുവർ ഫണ്ട് എന്ന പേരിൽ ഒരു ട്രസ്റ്റ് രൂപീകരിക്കുകയുണ്ടായി. തന്റെ കയ്യിലുണ്ടായിരുന്ന 3000 രൂപയായിരുന്നു അതിന്റെ ആദ്യ വിഹിതം. ഒടുവിൽ ആകെ സമ്പാദ്യമായ 1,50,000/- രൂപ കൂടി ട്രസ്റ്റിനു നൽകി. ബ്രണ്ണൻ വിൽപത്രത്തിൽ ആവശ്യപ്പെട്ടത് പ്രകാരം നാട്ടുകാരായ എല്ലാവർക്കും സൌജന്യമായി വിദ്യാഭ്യാസം നൽകാൻ വേണ്ടി തലശ്ശേരി പട്ടണത്തിൽ ഒരു "ഫ്രീ സ്കുൾ " സ്ഥാപിച്ചു. ഇതാണ് പിൽകാലത്ത് ബ്രണ്ണൻ കോളേജ് ആയി മാറിയത് .
തലശ്ശേരി കോട്ടയുടെ പിറക് വശത്തായി സ്ഥിതി ചെയ്യുന്ന സെന്റ് ജോൺസ് പള്ളി സ്ഥാപിച്ചത് എഡ്വേർഡ് ബ്രണ്ണന്റെ ജീവിത സമ്പാദ്യത്തിന്റെ ഒരു ഭാഗം കൊണ്ടായിരുന്നു[1] . തലശ്ശേരിക്കാർ എഡ്വേർഡ് ബ്രണ്ണനെ സ്നേഹത്തോടെ ബ്രണ്ണൻ സായ്പ്പ് എന്നായിരുന്നു വിളിച്ചിരുന്നത്. 1859-ഒക്ടോബർ 2-നു് ബ്രണ്ണൻ സായ്പ് അന്തരിച്ചു[1] . തലശ്ശേരി സെന്റ് ജോൺസ് പള്ളിയുടെ സമീപത്തായാണ് എഡ്വേർഡ് ബ്രണ്ണന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്.
ബ്രണ്ണൻ അവിവാഹിതനായിരുന്നുവെന്നും, അദ്ദേഹത്തിന് ഒരു ദത്ത് പുത്രൻ മാത്രമാണുണ്ടായിരുന്നതെന്നും കരുതപ്പെട്ടിരുന്നു, എന്നാൽ പിന്നീട് ബ്രണ്ണന് തലശ്ശേരിക്കാരിയായ ഒരു സ്ത്രീയിൽ ഒരു മകളുണ്ടായിരുന്നുവെന്നും ആ പുത്രിയുടെ പേർ 'ഫ്ലോറ' എന്നായിരുന്നുവെന്നും ഊട്ടിയിലെ സെന്റ് സ്റ്റീഫൻസ് പള്ളി സെമിത്തേരിയിൽ 16-ം വയസ്സിൽ മരിച്ചതിനെത്തുടർന്ന് അടക്കപ്പെട്ടുവെന്നും അവകാശവാദമുണ്ടായിട്ടുണ്ട്[2]
ബ്രണ്ണൻ സ്കൂളും ബ്രണ്ണൻ കോളേജും
[തിരുത്തുക]1861ലാണ് ബ്രണ്ണന്റെ ആഗ്രഹപ്രകാരമുള്ള സൗജന്യ വിദ്യാഭ്യാസത്തിനുള്ള സ്‌കൂൾ സ്ഥാപിച്ചത്. 1866ൽ ബാസൽ ജർമൻ മിഷൻ സ്‌കൂളുമായി സംയോജിപ്പിച്ച ഈ വിദ്യാലയം 1868-ൽ ഹൈസ്‌കൂളായി ഉയർത്തി. 1871-ൽ ബാസൽ മിഷൻ സ്‌കൂളിന്റെ നടത്തിപ്പ് കയ്യൊഴിയാൻ തീരുമാനിച്ചു. 1883-ൽ ജില്ലാ ഗവൺമെന്റ് സ്‌കൂളായി മാറിയ ഈ വിദ്യാലയം 1884-ൽ തലശ്ശേരി നഗരസഭ ഏറ്റെടുത്തു. പത്ത് വർഷത്തിനു ശേഷം ബ്രണ്ണൻ കോളെജ് ആയി വളർന്ന വിദ്യാലയം കോഴിക്കോടിനും മംഗലാപുരത്തിനും ഇടയിലുള്ള ആദ്യത്തെ കോളെജായിരുന്നു. 1949-ൽ കോളെജിൽ നിന്നും വേർപെടുത്തിയ സ്‌കൂളിനെ ചിറക്കരയിലേക്ക് മാറ്റിയെങ്കിലും 1958-ൽ കോളേജ് ധർമടത്തേക്ക് പോയതോടെ പഴയ കെട്ടിടത്തിലേക്ക് തിരിച്ചെത്തി.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "ചരിത്രത്തിലേയ്ക്കുള്ള നടപ്പാത". ജനയുഗം ഓൺലൈൻ. Archived from the original on 2013-10-22. Retrieved 19 ഫെബ്രുവരി 2012.
- ↑ സി. സരിത് (2013 ജൂൺ 8). "ബ്രണ്ണന് മകളുണ്ടായിരുന്നു; ശവകുടീരം ഊട്ടിയിൽ കണ്ടെത്തി". മാതൃഭൂമി. Archived from the original on 2013-06-09. Retrieved 2013 ജൂൺ 9.
{{cite news}}
: Check date values in:|accessdate=
and|date=
(help)