എരുതുകളി
കാസറഗോഡ്, കണ്ണൂർ ജില്ലകളിലെ മലയോരപ്രദേശങ്ങളിൽ വസിക്കുന്ന മാവിലൻ സമുദായാംഗങ്ങൾക്കിടയിലുള്ള ഒരു കലാരൂപമാണ് എരുതുകളി. തുലാ മാസം പത്തിന് മാവിലർ തങ്ങളുടെ ഗ്രാമപ്രവിശ്യയിൽ നടത്തുന്ന ഒരു വിനോദ കലാരൂപമാണിത്. 'എരുത്' എന്ന വാക്കിന്റെ അർത്ഥം വലിയ കാള എന്നാണ്. മുളങ്കമ്പുകളും വൈക്കോലും തുണിയും മരത്തലയും കൊണ്ട് നിർമ്മിക്കുന്ന എടുപ്പുകാളയാണ് എരുതുകളിയിലെ പ്രധാന കഥാപാത്രം. കാളയേയും വഹിച്ച് താളനിഷ്ഠയോടെ ആടിപ്പാടി മാവിലർ വീടുകൾ തോറും കയറി ഇറങ്ങും. വാദ്യങ്ങളായി ചെണ്ടയും ചിപ്പിലയും ഉപയോഗിക്കും. വാദ്യത്തിനനുസരിച്ച് പാട്ടും നൃത്തവും ഉണ്ട്. കാർഷികവൃത്തിക്ക് ആരംഭം കുറിച്ചു കൊണ്ടുള്ള പാട്ടുകളാണ് ഇതിലുപയോഗിക്കുന്നത്. കളിക്കാർക്കു വീട്ടുകാർ സമ്മാനങ്ങളും നൽകും. തുലാപ്പത്തിനു തുടങ്ങുന്ന കളി കുറേ ദിവസങ്ങളോളം നീണ്ടു നിൽക്കും.[1]
പുരാവൃത്തം
[തിരുത്തുക]കൊയ്ത്ത് ഉത്സവത്തിനു ശേഷം ജന്മികളുടെ വീടുകളിൽ കയറി ഇറങ്ങി ഭിക്ഷാംദേഹികളായി മാവിലർ നടത്തുന്ന അനുഷ്ഠാനരൂപമായാണിതു നടത്തുന്നത്. നാട്ടുപ്രമാണിമാരും ജന്മിമാരും അക്കാലത്ത് സുബ്രഹ്മണ്യം കോവൊലിൽ പോയി, അവിടെനിന്നും ഉഴുവ് കാളകളെ കൊണ്ടുവന്നിരുന്നു. ഈ ഉഴുവുകാളകൾക്ക് കണ്ണുതട്ടാതിരിക്കാനായി മാവിലനെ കാളയാക്കി വാദ്യഘോഷങ്ങളോടെ കൊണ്ടുവരുന്നതിൽ നിന്നാണ് ഈ അനുഷ്ഠാനം രൂപം കൊണ്ടത്. തുലാം പത്തിന് കാളകൾക്ക് മാലയും ആടയാഭരണങ്ങളും ചാർത്തി ഭിക്ഷാധാന്യങ്ങളും പണവും സ്വീകരിക്കുന്ന ചടങ്ങായിതു മാറി. ഏഴോളം മാവിലർ ഇതുമായി ബന്ധപ്പെട്ട് കളിയിൽ ഉണ്ടായിരിക്കണം. ചൂരൽ, പ്രത്യേകതരം തുണി എന്നിവ ചേർത്താണ് കാളയുടെ രൂപം ഉണ്ടാക്കുന്നത്. ചെണ്ടമേളത്തിനോടൊപ്പം നൃത്തവും ചെയ്യും, കാളരൂപത്തിന്റെ നൃത്തചുവടുകൾക്ക് അനുസൃതമായി പ്രത്യേകതരം പൊലിച്ചുപ്പാട്ടുണ്ട് എരുതുകളിക്ക്. മേലാളന്മാരെ സ്തുതിച്ചുകൊണ്ടുള്ള പാട്ടുകളാണ് ഭൂരിപക്ഷവും. [2]
അവലംബം
[തിരുത്തുക]- ↑ "മാവിലരുടെ ഏരുതുകളി". സാംസ്കാരിക വകുപ്പ്, കേരള സർക്കാർ. Retrieved 14 August 2018.
- ↑ ബുക്ക്: കർഷകതെയ്യങ്ങൾ, പേജ്-59, എഴുതിയത് = ചന്ദ്രൻ മുട്ടത്ത്