Jump to content

എസ്. ശിവദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എസ്.ശിവദാ‍സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എസ്. ശിവദാസ്
തൊഴിൽമലയാള ബാലസാഹിത്യകാരൻ,പത്രാധിപർ ,അധ്യാപകൻ
പുരസ്കാരങ്ങൾബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാർ (2015), കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനികസാഹിത്യ അവാർഡ് (1995),കേരള സാഹിത്യ അക്കാദമി അവാർഡ് (1997),പരാഗ് ബിഗ് ലിറ്റിൽ ബുക്ക് ബാലസാഹിത്യ പുരസ്കാരം(2021)

മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരനാണ് യുറീക്ക മാമൻ എന്നു കൂടി അറിയപ്പെടുന്ന പ്രൊഫസ്സർ എസ്. ശിവദാസ്. ശാസ്ത്രസംബന്ധിയായ രചനകളാണ് കൂടുതലും.കോട്ടയം സി.എം.എസ്.കോളേജിൽ രസതന്ത്ര അദ്ധ്യാപകനായിരുന്നു.

ജീവിതരേഖ

[തിരുത്തുക]
2014 ഓസോൺ ദിനത്തിൽ പ്രൊഫ.എസ്. ശിവദാസ് കൊല്ലം പട്ടത്താനം ഗവ എസ്.എൻ.ഡി.പി.യു.പി. സ്കൂളിലെ പ്രഭാഷണത്തിനിടെ
പ്രൊഫ. എസ് ശിവദാസ്
പ്രൊഫ. എസ് ശിവദാസ് - വനഗവേഷണകേന്ദ്രത്തിൽ വച്ചു നടന്ന കഥാക്യാമ്പിൽ കുട്ടികളോട് സംസാരിക്കുന്നു

1940 ഫെബ്രുവരി 19-നു കോട്ടയം ജില്ലയിലെ വൈക്കം ഉല്ലലഗ്രാമത്തിൽ ജനിച്ചു. 1962 മുതൽ 1995 വരെ കോട്ടയം സി.എം.എസ് കോളെജിൽ അദ്ധ്യാപകനായിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കോട്ടയം ജില്ലയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു. യുറീക്ക, ശാസ്ത്രകേരളം, ബാലശാസ്ത്രം, എങ്ങനെ? എങ്ങനെ? എന്നിവയുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. പരിഷത് പ്രസിദ്ധീകരണസമിതി ചെയർമാൻ, വിശ്വവിജ്ഞാനകോശം കൺസൾട്ടിംഗ് എഡിറ്റർ, എം.ജി. യൂണിവേഴ്സിറ്റി രസതന്ത്രം പോസ്റ്റ് ഗ്രാജ്വേറ്റ് ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ ലേബർ ഇന്ത്യ പബ്ലിക്കേഷൻസിന്റെ ചീഫ് എഡിറ്ററാണ്. ഡി.സി. ബുക്സ്, കറന്റ് ബുക്സ്, കൈരളി ചിൽഡ്രൻസ് ബുക് ട്രസ്റ്റ് എന്നീ സ്ഥാപനങ്ങളുടെ ബാലസാഹിത്യ പ്രസിദ്ധീകരണങ്ങളുടെ ഉപദേഷ്ടാവുമാണ്. കഴിഞ്ഞ മുപ്പതോളം വർഷങ്ങളായി വിവിധ മാധ്യമങ്ങളിലൂടെ കുട്ടികളുമായി ഇടപഴകി അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു.നൂറോളം ഗ്രന്ഥങ്ങളുടെ കർത്താവാണ്. കഥകൾ, നാടകങ്ങൾ, നോവലുകൾ, ശാസ്ത്രലേഖനങ്ങൾ, പഠനപ്രവർത്തനങ്ങൾ, തുടങ്ങി വിവിധ ശാഖകളിലുള്ളവയാണ് രചനകൾ.

1990-ൽ ഫ്രാൻസിൽ നടന്ന കുട്ടികളുടെ വായനശീലം വളർത്താനുള്ള നൂതനമാർഗ്ഗങ്ങളെപ്പറ്റിയുള്ള വർക്ക്ഷോപ്പിൽ ഇന്ത്യയിൽ നിന്നുള്ള ഏക പ്രതിനിധിയായി പങ്കെടുത്തു. 1991-ൽ ജർമ്മനിയിലെ മ്യൂണിച്ചിൽ നടന്ന ഇന്റർനാഷണൽ യൂത്ത് ലൈബ്രറിയിൽ ബാലസാഹിത്യത്തെ പറ്റി ഗവേഷണപഠനം നടത്താനുള്ള സ്കോളർഷിപ്പ് ലഭിച്ചു. 1991-ൽ ഇറ്റലിയിലെ ബൊളോണയിൽ വെച്ചുനടന്ന ഏറ്റവും വലിയ ബാലസാഹിത്യ ഗ്രന്ഥങ്ങളുടെ പ്രദർശനത്തിൽ പങ്കെടുത്തു.

പ്രൊഫ.ശിവദാസിന്റെ പുസ്തകം 50 കുട്ടികൾ ചേർന്നു പ്രകാശനം ചെയ്യുന്നു
പി.ടി. ഭാസ്‌കരപ്പണിക്കർ എമിററ്റസ് ഫെലോഷിപ്പ് പ്രൊഫ. എസ്. ശിവദാസിന്‌ ഡോ. എ.പി.ജെ. അബ്ദുൽ കലാം സമ്മാനിക്കുന്നു.

[1]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാർ (2015)[2]
  • യാത്രാവിവരണ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി അവാർഡ് - മ്യൂണിച്ചിലെ സുന്ദരികളും സുന്ദരന്മാരും എന്ന ഗ്രന്ഥത്തിന് (1997)[3]
  • കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനികസാഹിത്യ അവാർഡ് - പഠിക്കാം പഠിക്കാം എന്ന കൃതിക്ക് (1995)
  • വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം എന്ന ഗ്രന്ഥത്തിന് കൈരളി ബുക്ക് ട്രസ്റ്റ് അവാർഡ്, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റിയുടെ അവാർഡ് (1987)
  • കുട്ടികൾക്കിടയിൽ നിരന്തരമായി ശാസ്ത്ര പ്രചരണം നടത്തി അതിനുതകുന്ന അനേകം നൂതന രചനാരീതികൾ യുറീക്കയിലൂടെ വികസിപ്പിച്ച് മറ്റുഭാഷകൾക്ക് മാതൃകയായതിന് ഭാരതസർക്കാരിന്റെ നാഷണൽ കൌൺസിൽ ഫോർ സയൻസ് ടെക്നോളജി കമ്യൂണിക്കേഷന്റെ ദേശീയ പുരസ്കാരം.
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബാലസാഹിത്യ അവാർഡ് - സരിഗമപധനിസ എന്ന ഗ്രന്ഥത്തിന് (1997)
  • ഭീമാ ബാലസാഹിത്യ അവാർഡ് - കീയോ കീയോ എന്ന കൃതിക്ക് (1994)
  • 1997-ൽ കഴിഞ്ഞ പത്തുവർഷങ്ങളായി ഭീമാ ബാലസാഹിത്യ അവാർഡ് വാങ്ങിയിട്ടുള്ളവരുടെ തുടർപ്രവർത്തനങ്ങൾ വിലയിരുത്തി ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവെച്ച ബാലസാഹിത്യകാരനുള്ള ഭീമാ സ്വർണ്ണമെഡൽ.
  • 2007-ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം പുസ്തകക്കളികൾ എന്ന ഗ്രന്ഥത്തിന്.[4]
  • പി.ടി. ഭാസ്‌കരപ്പണിക്കർ എമിററ്റസ് ഫെലോഷിപ്പ് (2014)
  • പരാഗ് ബിഗ് ലിറ്റിൽ ബുക്ക് ബാലസാഹിത്യ പുരസ്കാരം(2021)

കൃതികൾ

[തിരുത്തുക]

.ഒരായിരം കൊക്കുകളും ഒരു ശാന്തി പ്രാവും

  • നയാഗ്ര മുതൽ സഹാറ വരെ (1980)
  • കാർബെണെന്ന മാന്ത്രികൻ
  • ജയിക്കാൻ പഠിക്കാം
  • ശാസ്ത്രക്കളികൾ
  • കടങ്കഥകൾ കൊണ്ട് കളിക്കാം
  • പുതിയ ശാസ്ത്ര വിശേഷങ്ങൾ
  • പഠിക്കാൻ പഠിക്കാം
  • ബൌ ബൌ കഥകൾ
  • നിങ്ങളുടെ മക്കളെ എങ്ങനെ മിടുമിടുക്കരാക്കാം(പേരന്റിംഗ്)
  • കഞ്ഞീം കറീം കളിക്കാം
  • കുട്ടികളുടെ സയൻസ് പ്രോജക്ടുകൾ
  • പഠന പ്രോജക്ടുകൾ: ഒരു വഴികാട്ടി
  • സസ്യലോകം അൽഭുതലോകം
  • പുസ്തകക്കളികൾ
  • കുട്ടികൾക്ക് മൂന്നുനാടകങ്ങൾ
  • കീയോ കീയോ
  • മ്യൂണിച്ചിലെ സുന്ദരികളും സുന്ദരന്മാരും(യാത്രാവിവരണം)
  • ഗണിതവും ശാസ്ത്രവും പഠിക്കേണ്ടതെങ്ങനെ
  • മാത്തൻ മണ്ണിരക്കേസ്
  • ഗലീലിയോ
  • കുട്ടികളുടെ സയൻസ് കിറ്റ്‌
  • നാണിയമ്മയുടെ അടുപ്പ്
  • സ്വർഗത്തിന്റെ താക്കോൽ
  • നൂറ്റിയൊന്ന് ശാസ്ത്രലേഖനങ്ങൾ
  • ആരാ മാമ ഈ വിശ്വമാനവൻ
  • ഭ്രാന്തൻ കണ്ടലിന്റെ കത്ത്
  • രസതന്ത്ര സാഗരം
  • പ്രകൃതിയമ്മയുടെ അത്ഭുത ലോകത്തിൽ
  • കൂട്ടായ്മയുടെ സുവിശേഷം
  • വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം
  • വളരുന്ന ശാസ്ത്രം
  • ഒരു മധുര മാമ്പഴക്കഥ
  • രണ്ടു കാന്താരിക്കുട്ടികൾ അഗ്നി പർവതത്തിൽ
  • മന്യ മദാം ക്യൂരി ആയ കഥ
  • സച്ചിനും കൂട്ടരും പഠിപ്പിച്ച വിജയ മന്ത്രങ്ങൾ

അവലംബം

[തിരുത്തുക]
  1. "പി.ടി. ഭാസ്‌കരപ്പണിക്കർ എമിററ്റസ് ഫെലോഷിപ്പ് പ്രൊഫ. എസ്. ശിവദാസിന്‌". www.mathrubhumi.com. Archived from the original on 2014-10-19. Retrieved 19 ഒക്ടോബർ 2014.
  2. "Balsahityapuraskar-2015" (PDF). sahitya-akademi.gov.in. Archived from the original (PDF) on 2016-03-06. Retrieved 25 ജൂൺ 2015.
  3. http://www.keralasahityaakademi.org/ml_aw10.htm
  4. http://www.keralasahityaakademi.org/pdf/ksa_award07.pdf

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എസ്._ശിവദാസ്&oldid=3697419" എന്ന താളിൽനിന്ന് ശേഖരിച്ചത്