എൻഡോസ്കോപ്പി
ശരീരത്തിലെ അവയവങ്ങളുടെ ഉൾഭാഗത്തെയോ കുഴൽ ആകൃതിയിലുള്ള ഭാഗങ്ങളെയോ നേരിട്ടു പരിശോധിക്കുന്ന അന്തർദർശനവിദ്യയാണ് എൻഡോസ്കോപ്പി. ഇതിനായി ഉപയോഗിക്കപ്പെടുന്ന അന്തർദർശിനികളെ എൻഡൊസ്കോപ്പുകൾ എന്നു പറയുന്നു. ആധുനിക വൈദ്യശാസ്ത്രത്തിലെ വൈവിധ്യമാർന്ന രോഗനിരീക്ഷണ ഉപകരണങ്ങളിൽ ഒട്ടും അപ്രധാനമല്ലാത്തവയാണ് എൻഡോസ്കോപ്പുകൾ. ഈ ഉപകരണ സമുച്ചയത്തിന്റെ സംവിധാനവും കാര്യക്ഷമമായ ഉപയോഗവും ആധുനിക ശസ്ത്രക്രിയകളുടെ ക്ഷമത വർദ്ധിപ്പിക്കുന്നതിന് വളരെ സഹായകമായിട്ടുണ്ട്.[1]
മനുഷ്യശരീരത്തിൽ നിരവധി അവയവങ്ങൾക്ക് ഉള്ളറകളും കുഴലുകളുമുണ്ട്. അവയെല്ലാം പ്രത്യേകതരം സ്കോപ്പുകൾ (ദർശികൾ) കൊണ്ട് പരിശോധിക്കാവുന്നതാണ്. ഉദാഹരണമായി ചില എൻഡോസ്കോപ്പുകൾ താഴെ പരാമർശിക്കപ്പെടുന്നു:
- അന്നപ്ഥത്തിന്റെ ആദ്യഭാഗമായ ഇസൊഫാഗസിൽ വ്രണങ്ങളോ, അർബുദമോ, വികസിത രക്തധമനികളോ ഉണ്ടോ എന്നു നോക്കുവാനും ഉപയോഗിക്കുന്ന ദർശിയാണ് ഇസൊഫാഗൊസ്കോപ്പ്.
- ആമാശയത്തിലെ അനേകം രോഗങ്ങളെ നിരീക്ഷിക്കുവൻ പറ്റിയ ഉപകരണമാണ് ഗാസ്ട്രോസ്കോപ്പ്.
- അന്നപഥത്തിന്റെ അന്തിമ ഭാഗമായമായ ഗുദത്തിലുണ്ടാകാവുന്ന പല രോഗങ്ങളെയും ശരിക്കു മനസ്സിലാക്കുവാൻ ഉപയോഗിക്കുന്ന ഉപകരണമാണ് പ്രോക്ടോസ്കോപ്പ്.
പ്രധാന ആശുപത്രികളിലെ ഗാസ്ട്രോഎന്ററോളജി വിഭാഗത്തിൽ ഈ നവീനോപകരണങ്ങൾ പ്രയോജനപ്പെടുത്തി വരുന്നുണ്ട്.[2]
ശ്വസനവ്യൂഹത്തിന്റെ ഉൾഭാഗത്തെ രോഗങ്ങൾ സാധാരണ വൈദ്യപരിശോധനകൊണ്ട് നിർണയിക്കുവൻ പ്രയാസമാണ്. ഇവയ്ക്കായി പ്രത്യേകം ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് ബ്രോങ്കൊസ്കോപ്പ്, ലാറിൻഗൊസ്കോപ്പ് എന്നിവ. ശ്വാസകോശത്തിന്റെ ആദ്യഭാഗങ്ങളായ ട്രക്കിയ, ബ്രോങ്കസ്, ബ്രോങ്കിയോളുകൽ എന്നിവയുടെ സൂക്ഷ്മപരിശോധനയ്ക്ക് ബ്രോങ്കൊസ്കോപ്പും, ശബ്ദതരംഗങ്ങളെ സൃഷ്ടിക്കുന്ന ലാറിൻഗിസ് പരിശോധിക്കുന്നതിനു ലാറിൻഗൊസ്കോപ്പും സഹായിക്കുന്നു.[3] [4] ഔരസശസ്ത്രക്രിയയുടെയും (thoracic surgery) കർണ-നാസാ-ഗള (E.N.T.)രോഗചികിത്സകളുടെയും രംഗത്തിൽ ഈ ദർശികളുടെ പ്രയോജനം കാര്യക്ഷമമാണ്. മൂത്രാശയം, പ്രോസ്റ്റേറ്റുഗ്രന്ഥി, വൃക്കകളിൽ നിന്നു മൂത്രം മൂത്രാശയത്തിലേക്കു വഹിക്കുന്ന യൂറിറ്റർ എന്നിവയ്ക്കുണ്ടാകുന്ന രോഗങ്ങൾ എന്നിവ പരിശോധിക്കുവാൻ ഉപയോഗിക്കുന്ന ഉപകരണമാണ് സിസ്റ്റോസ്കോപ്പ്.[5]
ഇപ്പറഞ്ഞ എൻഡോസ്കോപ്പുകൾ ഇന്ന് നവ്യങ്ങളായ ഫൈബർഗ്ലാസും മറ്റും ഉപയോഗിച്ചാണ് നിർമ്മിക്കപ്പെടുന്നത്. ഈ ഉപകരണങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ചെറിയ ബൾബുകൾ ബാറ്ററികളെക്കൊണ്ടു പ്രകാശിപ്പിച്ച് ശരീരത്തിന്റെ ഉൾഭാഗങ്ങളിലെ വൈകല്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുവാൻ കഴിയുന്നതാണ്. മാത്രമല്ല ഇവയിൽ ഘടിപ്പിച്ചിട്ടുള്ള ബ്ലേഡുകൊണ്ടും മറ്റു ചെറിയ ആയുധങ്ങൾ കൊണ്ടും ആന്തരികാവയവങ്ങളിൽ നടത്തേണ്ടതായ സൂക്ഷ്മസങ്കീർണ ശസ്ത്രക്രിയകൾ നടത്തുവാനും സാധ്യമാണ്. അതിനും പുറമേ ഈ അവയവഭാഗങ്ങളുടെ ഛായാഗ്രഹണത്തിനുള്ള റോബോട്ട്-ക്യാമറ സംവിധാനവും ഈ ഉപകരണങ്ങളുടെ പ്രയോജനത്തെ വളരെ വർദ്ധിപ്പിച്ചിരിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ http://www.asmedl.org/MedicalDevices?gclid=CNSXgsCC76ACFRFB6wod9gwrIA[പ്രവർത്തിക്കാത്ത കണ്ണി] Journal of Medical Devices
- ↑ http://www.drugs.com/enc/endoscopy.html Archived 2010-07-05 at the Wayback Machine. Endoscopy
- ↑ http://www.drugs.com/enc/bronchoscopy.html Bronchoscopy
- ↑ http://kidshealth.org/parent/system/surgery/laryngoscopy.html About Laryngoscopy
- ↑ http://kidney.niddk.nih.gov/kudiseases/pubs/cystoscopy/ Archived 2015-03-29 at the Wayback Machine. Cystoscopy and Ureteroscopy