Jump to content

എൻ.പി. രാജേന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൻ.പി. രാജേന്ദ്രൻ
ജനനം1954 നവംബർ 6
തൊഴിൽപത്രപ്രവർത്തകർ, കേരള മീഡിയ അക്കാദമി മുൻചെയർമാൻ [1]
സജീവ കാലം1981 - present

മലയാളത്തിലെ ഒരു പത്രപ്രവർത്തകനും കോളമെഴുത്തുകാരനുമാണ് എൻ.പി. രാജേന്ദ്രൻ. ഗ്രന്ഥകാരൻ കൂടിയായ ഇദ്ദേഹം കേരള മീഡിയ അക്കാദമിയുടെ ചെയർമാനായും പ്രവർത്തിച്ചിരുന്നു.[2]

ജീവിതരേഖ

[തിരുത്തുക]

തമിഴ്‌നാട്ടിലെ നീലഗിരിജില്ലയിൽ ജനനം. അച്ഛൻ അവിടെ ഒരു എസ്റ്റേറ്റിൽ ജോലിയിലായിരുന്നു. മൂലകുടുംബം തലശ്ശേരിയിൽ. സ്കൂൾ വിദ്യാഭ്യാസം തലശ്ശേരിയിൽ. തലശ്ശേരി ബ്രണ്ണൻ കോളേജിൽ കലാലയവിദ്യാഭ്യാസം. സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി. പത്രപ്രവർത്തകനാകുതിനു മുമ്പ് കണ്ണൂരിനടുത്ത് എടക്കാട്ട് ബ്ലോക്ക് ഡവ. ഓഫീസിൽ എൽ.ഡി.ക്ലാർക്കായും കാലിക്കറ്റ് സർവ്വകലാശാലയിൽ അസിസ്റ്റന്റായും ഉദ്യോഗം.

പത്രപ്രവർത്തനം

[തിരുത്തുക]

1981ൽ പത്രപ്രവർത്തക പരിശീലനത്തിന് മാതൃഭൂമിയിൽ ചേർന്നു. പരിശീലനത്തിനു ശേഷം സ്റ്റാഫ് റിപ്പോർട്ടറായി കോഴിക്കോട്, പാലക്കാട്, കൊല്ലം, തൃശ്ശൂർ, കണ്ണൂർ ബ്യൂറോകളിൽ പ്രവർത്തിച്ചു. ദൈനംദിനസംഭവങ്ങളും രാഷ്ട്രീയവും റിപ്പോർട്ട് ചെയ്തതോടൊപ്പം വ്യാപകമായി സഞ്ചരിക്കുകയും നിരവധി അന്വേഷണാത്മക റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.

സാമ്പത്തിക ചൂഷണം, മാവൂരിലെ ഗ്വാളിയോർ റയേൺസ് ഫാക്ടറി നടത്തിയ പരിസ്ഥിതിവിനാശകമായ പ്രകൃതിവിഭവചൂഷണം (1988), സർക്കാർ വിദ്യാലയങ്ങൾ നിലനില്പിനായി നടത്തേണ്ടി വരുന്ന സഹതാപാർഹമായ ശ്രമങ്ങൾ, ഭൂമി ഇടപാടുകളിൽ നടക്കുന്ന വ്യാപകമായ അഴിമതി, ഇതിനു പിന്നിലെ മാഫിയാസമാനമായ സംഘങ്ങൾ എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശ്രദ്ധേയമാണ്. കേരളത്തിലെ 44 നദികൾക്ക് സംഭവിക്കുന്ന നാശത്തെക്കുറിച്ച് എട്ട് ലക്കങ്ങളിലായി എഴുതിയ റിപ്പോർട്ട് (1990)ഈ വിഷയത്തിലുള്ള ആഴത്തിലുള്ള പഠനമാണ്.

കേരളത്തിലെ അണക്കെട്ടുകളുടെ അവസ്ഥ (1991), കേരളം നേരിടുന്ന ഊർജ്ജപ്രതിസന്ധി (1992), ജില്ലാ കൌൺസിലുകളുടെ പരിതാപകരമായ പ്രവർത്തനം (1992), പാക് പൗരന്മാരെന്നു മുദ്രകുത്തപ്പെട്ട നാട്ടുകാരായ ചിലരുടെ ദുരിതകഥകൾ(1994), തലശ്ശേരിയിലെയും(1987) നാദാപുരത്തെയും (1995) രാഷ്ട്രീയകൊലപാതകങ്ങളുടെ സാമൂഹികപശ്ചാത്തലം എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ എൻ.പി.രാജേന്ദ്രൻ മികച്ച പത്രപ്രവർത്തകനാണെന്നു തെളിയിച്ചു. വികസനാത്മക പത്രപ്രവർത്തനത്തിലും ഇദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. മാതൃഭൂമി ദിനപത്രത്തിന്റെ ഇന്റർനെറ്റ് പോർട്ടലായ മാതൃഭൂമി.കോം (www.mathrubhumi.com) ന്റെ ചുമതല വഹിക്കുന്ന ഡപ്യൂട്ടി എഡിറ്ററായി ഒമ്പതു വർഷം പ്രവർത്തിച്ച ശേഷം 2014 നവംബറിൽ റിട്ടയർ ചെയ്തു.[6]

പത്രപ്രവർത്തക സംഘടനയിൽ

[തിരുത്തുക]

കേരളപത്രപ്രവർത്തകയൂണിയന്റെ സംസ്ഥാനപ്രസിഡന്റായും കേരള മീഡിയ അക്കാദമി വൈസ്‌ ചെയർമാനായും [1] കാലിക്കറ്റ്‌ പ്രസ്‌ ക്ലബ്ബ് പ്രസിഡന്റായും കോഴിക്കോട്‌ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ കമ്യൂണിക്കേഷൻ ആൻഡ്‌ ജേണലിസം ചെയർമാനായും പത്രപ്രവർത്തകപ്രസിദ്ധീകരണമായ 'പത്രപ്രവർത്തകൻ 'മാസികയുടെ എഡിറ്ററായും www.kuwj.org എന്ന വെബ്‌സൈറ്റിന്റെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്‌.

പ്രസ് അക്കാദമിയിൽ

[തിരുത്തുക]

പത്രപ്രവർത്തകയൂണിയൻ പ്രതിനിധിയായി കേരള മീഡിയ അക്കാദമിയിൽ ജനറൽ കൗൺസിൽ അംഗമായും വൈസ് ചെയർമാനായും 1999-2002 കാലത്ത് പ്രവർത്തിച്ചു. 2011 -2014 കാലത്ത് മീഡിയ അക്കാദമി ചെയർമാൻ സ്ഥാനം വഹിച്ചു.( എൻ.പി.രാജേന്ദ്രൻ മീഡിയ അക്കാദമി ചെയർമാൻ, മാതൃഭൂമി, other papers þ 12.8.2011 ) മീഡിയ എന്ന ദ്വിഭാഷാ മാസികയുടെയും നിരവധി മാധ്യമ പുസ്തകങ്ങളുടെയും പ്രസിദ്ധീകരണം ഉൾപ്പെടെ ഒട്ടേറെ വികസന - പഠന പരനശീലന പദ്ധതികൾക്ക് ഈ കാലയളവിൽ തുടക്കം കുറിച്ചു. http://www.mathrubhumi.com/youth/features/476164/ മീഡിയ മാസികയുടെ സ്ഥാപക എഡിറ്ററാണ്. മീഡിയ അക്കാദമിയിൽ നിന്ന് 2014 ആഗസ്തിൽ സ്ഥാനമൊഴിഞ്ഞു.

വിശേഷാൽപ്രതി

[തിരുത്തുക]

മാതൃഭുമി ദിനപത്രത്തിൽ തിങ്കളാഴ്ച തോറും ഇന്ദ്രൻ എന്ന തൂലികാനാമത്തിൽ എൻ.പി.രാജേന്ദ്രൻ എഴുതിയിരുന്ന ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയകോളമാണ് വിശേഷാൽപ്രതി. നർമവും വിമർശനവും പരിഹാസവും ഉടനീളം ഉളള ഈ പംക്തിക്ക് ധാരാളം സ്ഥിരം വായനക്കാരുണ്ടായിരുന്നു. സഞ്ജയന്റെ ഹാസ്യത്തിന്റെ പാരമ്പര്യം പിന്തുടരുന്ന ഈ പംക്തി പത്രപ്രവർത്തകൻ എന്ന നിലയിൽ രാജേന്ദ്രന്റെ പ്രവർത്തനമണ്ഡലത്തിന്റെ വൈവിദ്ധ്യം പ്രകടമാക്കുന്നു. രാഷ്ടീയമായ ഉൾക്കാഴ്ചയായിരുന്നു ഈ ലേഖനങ്ങളുടെ ശ്രദ്ധേയമായ സവിശേഷത. 1995 മാർച്ചിൽ ആണ് ഈ പംക്തി ആരംഭിച്ചത്. ഇതിലെ തിരഞ്ഞെടുത്ത ലേഖനങ്ങൾ വിശേഷാൽപ്രതി എന്ന പേരിൽ 2002 ലും വീണ്ടും വിശേഷാൽപ്രതി എന്ന പേരിൽ 2010 ലും ഗ്രന്ഥരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 2016 ഒക്‌റ്റോബർ 30 ന് ഈ കോളം രചന വ്യക്തിപരമായ കാരണങ്ങളാൽ അവസാനിപ്പിച്ചു.

ബ്ലോഗും വെബ്ബ് പബ്ലിഷിംഗും

[തിരുത്തുക]

അച്ചടി മാദ്ധ്യമത്തോടൊപ്പം വെബ്ബ് പബ്ലിഷിംഗിനും പരിഗണന നല്കുന്ന കേരളത്തിലെ അപൂർവ്വം പത്രപ്രവർത്തകന്മാരിൽ ഒരാളാണ് ഇദ്ദേഹം. സ്വന്തംവെബ്‌സൈറ്റിൽ [പ്രവർത്തിക്കാത്ത കണ്ണി] വിശേഷാൽപ്രതി ഉൾപ്പെടെയുള്ള കൃതികൾ പ്രസിദ്ധീകരിച്ചുവരുന്നു. രാഷ്ട്രീയ-മാദ്ധ്യമനിരീക്ഷണങ്ങളും ഓർമ്മക്കുറിപ്പുകളും അതോടൊപ്പം ബ്ലോഗ്‌ ആയി പ്രസിദ്ധീകരിക്കുന്നുണ്ട്.

വിദേശ പര്യടനങ്ങൾ

[തിരുത്തുക]

ബർലിനിലെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജേണലിസത്തിന്റെ 1990 ലെ എൻവയോൺമെന്റൽ ജേണലിസം പരിശീലനത്തിൽ പങ്കെടുക്കാൻ ഒന്നര മാസക്കാലം ജർമനിയിൽ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. ( എൻ.പി.രാജേന്ദ്രൻ ബർലിനിലേക്ക് -മാതൃഭൂമി 14-10-1990 ) ബർലിൽ മതിലിന്റെ തകർച്ചയെ തുടർന്നുള്ള സംഭവങ്ങളും ഏകീകൃത ജർമനിയിലെ പ്രഥമ പൊതുതിരഞ്ഞെടുപ്പും മാതൃഭൂമിക്ക് വേണ്ടി റിപ്പോർട്ട് ചെയ്തു. ലോക മലയാളി സമ്മേളനം റിപ്പോർട്ട് ചെയ്യുതിനായി 2007 ൽ ബ്രിട്ടൻ സന്ദർശിച്ചു. നേപ്പാൾ വിനോദസഞ്ചാരവകുപ്പിന്റെ ക്ഷണപ്രകാരം രാജ്യത്തെ വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ചു. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ മികച്ച മലയാളം മാധ്യമപ്രവർത്തകനുള്ള പ്രഥമ അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രണ്ടാഴ്ചക്കാലം അമേരിക്കയിൽ പര്യടനം നടത്തി.

കൃതികൾ

[തിരുത്തുക]
  • മതിലില്ലാത്ത ജർമ്മനിയിൽ 1991
  • ഫോർത്ത് എസ്റ്റേറ്റിന്റെ മരണം 2004
  • വിശേഷാൽപ്രതി 2002
  • പത്രം ധർമം നിയമം 2007
  • മാറുന്ന ലോകം, മാറുന്ന മാധ്യമലോകം 2009
  • വീണ്ടും വിശേഷാൽപ്രതി 2010
  • ബംഗാൾ-ചില അപ്രിയസത്യങ്ങൾ 2011
  • വേണം മാധ്യമങ്ങൾക്ക് മേലെയും ഒരു കണ്ണ് 2015
  • വിമർശകർ വിദൂഷകർ വിപ്ലവകാരികൾ 2016

പ്രധാനപുരസ്കാരങ്ങൾ

[തിരുത്തുക]
  • മികച്ച രാഷ്ട്രീയ റിപ്പോർട്ടിംഗിനുള്ള വി.കരുണാകരൻ നമ്പ്യാർ അവാർഡ് 1988
  • മികച്ച വികസനാത്മക റിപ്പോർട്ടിംഗിനുള്ള വി.കരുണാകരൻ നമ്പ്യാർ അവാർഡ് 1992
  • മികച്ച ശാസ്ത്ര പത്രപ്രവർത്തകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം
  • മികച്ച പത്രപ്രവർത്തകനുള്ള സി.എച്ച്. മുഹമ്മദ്കോയ പുരസ്കാരം (കോയമ്പത്തൂർ) 1992
  • ജെയ്‌ജീ പീറ്റർ ഫൌണ്ടേഷൻ പുരസ്കാരം 1988
  • വജ്രസൂചി പുരസ്കാരം 2000 [3]
  • മികച്ച പത്രപ്രവർത്തകനുള്ള ചാലഞ്ച് അവാർഡ് 2001
  • മൊയ്തുമൗലവി പുരസ്‌കാരം 2002
  • മികച്ച പത്രപ്രവർത്തകനുള്ള എം.ജെ.സഖറിയാസേ'് അവാർഡ് - 2002
  • പത്തനാപുരം ഗാന്ധിഭവൻ പുരസ്‌കാരം 2008
  • പാല നാഷനൽ സെന്ററിന്റെ രാജീവ് ഗാന്ധി പുരസ്‌കാരം 2009
  • കെ.ബാലകൃഷ്ണൻ സ്മാരക അവാർഡ് 2010
  • ന്യൂയോർക്ക് ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രഥമ മാധ്യമ പുരസ്‌കാരം 2010
  • മികച്ച മലയാള പത്രപ്രവർത്തകനുള്ള സി.എച്ച്. മുഹമ്മദ് കോയ സ്മാരക മാധ്യമപുരസ്‌കാരം 2011
  • മികച്ച മാധ്യമ ഗ്രന്ഥത്തിനുള്ള പവനൻ പുരസ്‌കാരം[4] 2011 ( പത്രം ധർമം നിയമം എ കൃതിക്ക്)
  • കെ.എം.അഹ്മദ് അവാർഡ് [7]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-12. Retrieved 2011-08-11. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mathrubhumi.com" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. "എൻ.പി. രാജേന്ദ്രൻ പ്രസ് അക്കാദമി ചെയർമാൻ". മാതൃഭൂമി. 11 ഓഗസ്റ്റ് 2011. Archived from the original on 2011-08-12. Retrieved 11 ഓഗസ്റ്റ് 2011.
  3. http://malayalam.oneindia.in/news/2002/01/16/ker-nprajendran.html
  4. http://www.mathrubhumi.com/story.php?id=192301[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=എൻ.പി._രാജേന്ദ്രൻ&oldid=3802219" എന്ന താളിൽനിന്ന് ശേഖരിച്ചത്