Jump to content

എൻ. നാണുപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നെയ്യൂർ നാണുപി‌ള്ള
തിരുവിതാംകൂർ ദിവാൻ
ഓഫീസിൽ
1877–1880
Monarchആയില്യം തിരുനാൾ
മുൻഗാമിസർ എ. ശേഷയ്യ ശാസ്ത്രി
പിൻഗാമിവി. രാമയ്യങ്കാർ
വ്യക്തിഗത വിവരങ്ങൾ
ജനനം1827
നെയ്യൂർ,
തിരുവിതാംകൂറിന്റെ തെക്കൻ ഡിവിഷൻ
മരണം1886
തിരുവിതാംകൂർ

1877 മുതൽ 1880 വരെ തിരുവിതാംകൂറിന്റെ ദിവാനായിരുന്നു നെയ്യൂർ നാണുപിള്ള (1827–1886). 54 വർഷത്തെ മറുനാടൻ ദിവാൻമാർക്കുശേമാണ് നാണുപിള്ള ചുമതലയേറ്റത്.

ആദ്യകാല ജീവിതം

[തിരുത്തുക]

തിരുവിതാംകൂറിലെ നെയ്യൂർ എന്ന ഗ്രാമത്തിലെ ഒരു നായർ കുടുംബത്തിൽ കരിയാവിള നാഗൻ തമ്പിയുടെയും ഈശ്വരി പിള്ളയുടെയും മകനായി 1827-ലാണ് ഇദ്ദേഹം ജനിച്ചത്[1]. നാഗർകോവിലിലെ ലണ്ടൻ മിഷനറി സൊസൈറ്റി സെമിനാരിയിലാണ് ഇദ്ദേഹം പഠനം നടത്തിയത്. പിന്നീട് തിരുവനന്തപുരത്തും ഇദ്ദേഹം വിദ്യാഭ്യാസം നടത്തുകയുണ്ടായി. കുട്ടിക്കാലത്ത് ഇദ്ദേഹം ബ്രിട്ടീഷ് റസിഡന്റായിരുന്ന ജനറൽ കല്ലൻ്റെ ശ്രദ്ധ പിടിച്ചുപറ്റി. കല്ലൻ ഇദ്ദേഹത്തെ ആദ്യം വോളണ്ടിയറായും പിന്നീട് റസിഡന്റിന്റെ ഓഫീസിലെ ഗുമസ്തനായും നിയമിച്ചു.

സിവിൽ സർവീസ്

[തിരുത്തുക]

റെസിഡന്റിന്റെ ഓഫീസിൽ 14 വർഷം ജോലി ചെയ്തതിനു ശേഷം പിള്ള തിരുവിതാംകൂർ സർവീസിൽ അസിസ്റ്റന്റ് പോലീസ് ശിരസ്തദാറായി ജോലിയിൽ പ്രവേശിച്ചു. ദിവാൻ ടി. മാധവറാവുവിന്റെ ശക്തമായ ശുപാർശ കാരണം പിള്ളയെ തെക്കൻ ഡിവിഷന്റെ ദിവാൻ പേഷ്കാരായി ഉയർത്തപ്പെട്ടു. പെട്ടെന്നുതന്നെ ഇദ്ദേഹത്തെ തിരുവനന്തപുരം ഡിവിഷനിലേയ്ക്ക് മാറ്റുകയുണ്ടായി. മാധവറാവു ഇല്ലാതിരുന്ന അവസരത്തിൽ ആറുതവണ നാണുപിള്ള ദിവാൻ ജോലി ചെയ്തിട്ടുണ്ട്. ശേഷയ്യ ശാസ്ത്രി വിരമിച്ചതിനെത്തുടർന്ന് 1877 ഓഗസ്റ്റ് മാസത്തിൽ ഇദ്ദേഹത്തെ ദിവാനായി നിയമിക്കുകയുണ്ടായി.

ദിവാൻ സ്ഥാനത്ത്

[തിരുത്തുക]

ജനങ്ങളുടെ സാമ്പത്തികനിലവാരം മെച്ചപ്പെടുത്താനായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യശ്രമം.

തെക്കൻ ഡിവിഷനിൽ (പ്രത്യേകിച്ച് നാഞ്ചിനാട്ടിലെ) ജലസേചനം നടപ്പാക്കുന്നതിന് ഇദ്ദേഹം പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. നെൽക്കൃഷിയെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. ജലസേചനത്തിന് മുൻഗണന നൽകിയതുമൂലം കൃഷിയിൽ കാര്യമായ പുരോഗതിയുണ്ടായി. 1880-ൽ ഇദ്ദേഹം പെൻഷൻ പറ്റി വിരമിക്കുന്നതിനു മുൻപ് കോതയാർ പ്രദേശത്ത് സർവേ നടത്തി പൊന്മന അണക്കെട്ടും പേച്ചിപ്പാറ അണക്കെട്ടും നിർമ്മിക്കുന്നതിനുള്ള പദ്ധതി ഇദ്ദേഹം ആവിഷ്കരിക്കുകയുണ്ടായി. ഇതാണ് കോതയാർ പദ്ധതി. അണക്കെട്ടുകളുടെ പണി പിന്നീടാണു തുടങ്ങിയതെങ്കിലും, അതിനുള്ള കളമൊരുക്കിയത് ഇദ്ദേഹമായിരുന്നു. തെക്കേ ഇൻഡ്യയിലെ ആദ്യ തൂക്കുപാലമായ പുനലൂർ തൂക്കുപാലം നിർമ്മിക്കാൻ അനുമതി നൽകിയത് ഇദ്ദേഹമാണ്[2].

തിരുവനന്തപുരത്തിന്റെ വികസനത്തിൽ താത്പര്യം എടുത്ത ഇദ്ദേഹം പുതുതായി പല മന്ദിരങ്ങളും പാലങ്ങളും സത്രങ്ങളും സ്ഥാപിക്കുകയുണ്ടായി. റെവന്യൂ സെറ്റിൽമെന്റ് സംവിധാനത്തിൽ ഇദ്ദേഹം പരിഷ്കാരങ്ങൾ കൊണ്ടുവരുകയുണ്ടായി. ഇദ്ദേഹം കൊണ്ടുവന്ന ശ്രദ്ധേയമായ പരിഷ്കാരമാണ് പോക്കുവരവുനിയമം. നീതിന്യായവ്യവസ്ഥ കാര്യക്ഷമമാക്കാൻ ജഡ്ജിമാരുടെ എണ്ണം കൂട്ടി. ആയില്യം തിരുനാൾ രാമവർമ മഹാരാജാവിനുശേഷം 1880 സെപ്റ്റംബർ 15-ന് ഇദ്ദേഹം ദിവാൻ സ്ഥാനത്തുനിന്നു വിരമിച്ചു. പിന്നീട് വിശാഖം തിരുനാൾ മഹാരാജാവ് ദിവാൻ സ്ഥാനത്തേക്ക് നാണുപിള്ളയെ വീണ്ടും അവരോധിക്കാനുള്ള നടപടി തുടങ്ങിയെങ്കിലും ഫലം കണ്ടില്ല.[3]

ജോൺ ഡാനിയൽ മൺറോ എന്ന വിദേശിക്ക് പൂഞ്ഞാർ രാജാവിന്റെ കൈവശമുണ്ടായിരുന്ന കണ്ണൻ ദേവൻ വനം കൈമാറാനുള്ള അനുമതി കൊടുത്തത് നാണുപിള്ളയാണ്[4].

മറ്റു മേഖലകൾ

[തിരുത്തുക]

ഇദ്ദേഹം ഒരു ചരിത്രകാരൻ കൂടിയായിരുന്നു. തിരുവിതാംകൂറിന്റെ ചരിത്രം എന്നൊരു ഗ്രന്ഥത്തിന്റെ രചന ഇദ്ദേഹം ആരംഭിച്ചുവെങ്കിലും പുസ്തകം പൂർത്തിയാക്കുന്നതിനു മുമ്പുതന്നെ മരണമടഞ്ഞതിനാൽ അത് പ്രസിദ്ധീകരിക്കപ്പെട്ടില്ല.

1886 ആഗസ്റ്റ് 14-നാണ് ഇദ്ദേഹം നിര്യാതനായത്.

അവലംബങ്ങൾ

[തിരുത്തുക]
  1. https://www.geni.com/people/Dewan-Nanoo-Pillai/6000000003237806052#:~:text=Nanoo%20Pillai%20(1827%E2%80%931886),Travancore%20from%201877%20to%201880.&text=Civil%20service%5Bedit%5D%20After%20serving,service%20as%20Assistant%20Police%20Sheristadar.
  2. തിരുവിതാംകൂർ ഭൂമിശാസ്ത്രം താൾ ൧൮ - സി. ആർ. കൃഷ്ണപിള്ള ബി.എ, എൽ. റ്റി - എസ്. ആർ. ബുക്കുഡിപ്പോ, തിരുവനന്തപുരം
  3. "നാണുപിള്ള ദിവാന്റെ വീട് നാശത്തിന്റെ വക്കിൽ". മാതൃഭൂമി. 2013 ഒക്ടോബർ 7. Archived from the original on 2013-10-07. Retrieved 2013 ഒക്ടോബർ 7. {{cite news}}: Check date values in: |accessdate= and |date= (help)
  4. പുണ്യഭൂമി.കോം Archived 2010-11-27 at the Wayback Machine മൂന്നാറിന്റെ ഇന്നലെകൾ

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എൻ._നാണുപിള്ള&oldid=4144883" എന്ന താളിൽനിന്ന് ശേഖരിച്ചത്