Jump to content

ഏഷ്യാമൈനർ

Coordinates: 39°N 32°E / 39°N 32°E / 39; 32
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

39°N 32°E / 39°N 32°E / 39; 32

ഏഷ്യാമൈനറിന്റെ ഭൂപടം.

ഏഷ്യാ വൻ‌കരയുടെ പടിഞ്ഞാറേ അരികിലുള്ള വിസ്തൃതമായ ഉപദ്വീപാണ് ഏഷ്യാമൈനർ (ഏഷ്യാ മൈനർ) അഥവാ അനത്തോലിയ. തുർക്കി റിപ്പബ്ലിക്കിന്റെ ഏറിയഭാഗവും ഏഷ്യാമൈനറിലാണ്. വടക്ക് കരിങ്കടൽ പടിഞ്ഞാറ് ഈജിയൻ കടലും മർമറാകടലും തെക്ക് മെഡിറ്ററേനിയൻ കടൽ എന്നിങ്ങനെ മൂന്നു വശവും കടലുകൾ ചൂഴ്ന്ന ഏഷ്യാമൈനറിന്റെ കിഴക്കേ അതിർത്തി ആന്റിടാറസ് മലനിരകളായി നിർ‌‌വചിക്കപ്പെട്ടിരിക്കുന്നു. ഈ ഭാഗത്തെ ജലവിഭാജകമാണെന്നതുകൊണ്ടു മാത്രമല്ല ആന്റീടാറസ് അതിർത്തിയായി ഗണിക്കപ്പെട്ടിട്ടുള്ളത്; പ്രാചീനകാലം മുതൽക്കേ സാംസ്കാരികവും രാഷ്ട്രീയവും ഭരണപരവും ആയ അതിക്രമങ്ങളെ ചെറുക്കുവാൻ ഈ മലനിരകൾക്ക് കഴിഞ്ഞിട്ടുള്ളതുകൊണ്ട് കൂടിയാണ്. ഉപദ്വീപിന്റെ വിസ്തൃതി ഉദ്ദേശം 1,99,300 ച. കി. മീ. ആണ്.[1]

എ. ഡി. അഞ്ചാം ശതകത്തിൽ എഴുതപ്പെട്ട ഹിസ്റ്റോറിയ അഡ്‌‌വേഴ്സസ് പാഗനോസ് എന്ന ഗ്രന്ഥത്തിലാണ് ഏഷ്യാമൈനർ എന്ന പദം ആദ്യമായി ഉപയോഗിച്ചു കാണുന്നത്; ഏഷ്യാവൻ‌‌കരയിലെ റോമൻ പ്രവിശ്യയെ വ്യതിരിക്തമാക്കുവാനാണ് ഈ വിശേഷനാമം സ്വീകരിച്ചത്. ഈ ഉപദ്വീപിന് അനാതോലിയ എന്ന പേരും പ്രചരത്തിലുണ്ടായിരുന്നു. തുർക്കികൾ അനാദോൽ എന്നാണ് ഇതിനെ വിളിച്ചുപോന്നത്. തന്മൂലം ഏഷ്യാമൈനർ എന്ന നാമം ലുപ്തപ്രചാരമായിത്തീർന്നു[2]

ഭൗതിക ഭൂമിശാസ്ത്രം

[തിരുത്തുക]

ഭൂപ്രകൃതി

[തിരുത്തുക]
ബർസയിൽ നിന്നുള്ള കാഴ്ച്ച്

ഉപദ്വീപിന്റെ മധ്യ--ഉന്നതതടത്തിന് സമുദ്രനിരപ്പിൽ നിന്ന് 900-1500 മീ. ഉയരമുണ്ട്.പൊതുവേ നിരപ്പുള്ള പ്രദേശം ആണെങ്കിലും അങ്ങിങ്ങായി സ്തൂപികാകൃതിയിലുള്ളവയും ചെങ്കുത്തായ ഗോപുരം പോലെ എഴുന്നു നിൽക്കുന്നവയുമായ കുന്നുകൾ കാണപ്പെടുന്നു.ഉന്നതതടത്തിന്റെ തെക്കു പടിഞ്ഞാറ് ടാർസ് പർ‌‌വത ശൃഖലയിൽ ഉൾപ്പെട്ട സുൽത്താൻ ദാഗ്‌‌ലാരി, എമീർ ദാഗ്‌‌ലാരി എന്നീ പർവതങ്ങളും ഏർസിയാസ് ദാഗി, ഹസൻ ദാഗ്, കാരക്കാദാസ്, കാരാദാഗ് തുടങ്ങിയ നിർജീവ അഗ്നിപർ‌‌വതങ്ങളുമാണ്. ഇവയിൽ എർസിയാസ് ദാഗി (3,919 മീ.) ആണ് ഏഷ്യാമൈനറിലെ ഏറ്റവും ഉയരം കൂടിയ ഭാഗം.ഉന്നത തടത്തിന്റെ തെക്കുഭാഗത്ത് ഫ്രിജിയായിൽ ആരംഭിച്ച് വില്ലുപോലെ കിടക്കുന്ന ടാറസ്-ആന്റീടാറസ് പർ‌‌വതനിരകൾ ഏഷ്യാമൈനറിനു പുറത്ത് സൈപ്രസ്സിലേക്ക് തുടർന്നു കാണുന്നു.ഉപദ്വീപിന്റെ വടക്കു ഭാഗത്തുള്ള പോണ്ടീസ് പർ‌‌വതം കരിങ്കടൽ തീരത്തിനു സമാന്തരമായി രണ്ടു നിരകളായി കിടക്കുന്നു; ടാറസ്സിനെയും ആന്റീ ടാറസ്സിനെയും അപേക്ഷിച്ച് പൊക്കം കുറഞ്ഞവയാണ് ഇവ.ഉന്നതതടത്തിന്റെ പടിഞ്ഞാറു ഭാഗത്ത് കിഴക്കു പടിഞ്ഞാറു ദിശയിൽ സമാന്തരമായി കിടക്കുന്ന ഉയരം കുറഞ്ഞ മലനിരകൾ കാണാം.ഇവയ്ക്കിടയിലുള്ള താഴ്വാരങ്ങൾ വിസ്തൃതങ്ങളും തീരപ്രദേശത്തു നിന്ന് ഉന്നതതടങ്ങളിലേക്ക് സുഗമമായ പാതയൊരുക്കുന്നവയുമാണ്; ഇവയിൽ പ്രധാനപ്പെട്ടവ മെഡെരെസ്, ഗെഡിസ് എന്നീ താഴ്വരകളാണ്.[3]

മധ്യഭാഗത്തു നിന്നു നീളുന്ന മലനിരകൾ ഏഷ്യാമൈനറിന്റെ പടിഞ്ഞാറും തെക്കു പടിഞ്ഞാറും തീരങ്ങൾ വരെ ചെന്നെത്തുന്നു; തന്മൂലം ഈ ഭാഗത്തെ തടരേഖ സങ്കീർണമായി കാണപ്പെടുന്നു.തെക്കു പടിഞ്ഞാറു ഭാഗത്ത് അനേകം നൈസർഗിക തുറമുഖങ്ങൾ ഉണ്ട്.

ഭൂവിജ്ഞാനം

[തിരുത്തുക]
പോണ്ടീസ് പർ‌‌വതനിര

ഭൂവിജ്ഞാനപരമായി കാണുമ്പോൾ ടെർഷ്യറി കല്പത്തിൽ പോർച്ചുഗൽ മുതൽ മലയാ ഉപദ്വീപുവരെ നീണ്ടുകിടക്കുന്ന വലിയ പർ‌‌വത (ആൽ‌‌പ്സ്-ഹിമാലയാ) ശൃഖലയിലെ ഒരു കണ്ണിയാണ് ഏഷ്യാമൈനർ എന്നു വ്യക്തമാകുന്നതാണ്.സമുദ്രത്തിന് അടിയിലായിരുന്ന ശിലാപടലങ്ങൾ വൻ‌‌കര വിസ്ഥാപന (continental drift) ത്തിന്റെ ഫലമായി ഭൂഖണ്ഡങ്ങൾ പരസ്പരം അടുത്തപ്പോൾ, ഞെരുങ്ങി മടങ്ങി ഒടിഞ്ഞ് ഉയർത്തപ്പെട്ടാണ് മേല്പറഞ്ഞ പർ‌‌വതങ്ങളുടെ ശൃഖല ഉണ്ടായിട്ടുള്ളത്.തുടർന്ന് ഇവയിൽ ചില ഭാഗങ്ങൾ നെടുനാളായുള്ള അപരദനത്തിനു വഴിപ്പെട്ട് നിലം‌‌പരിശാവുകയും അവയുടെ സാനുക്കളിൽ നിക്ഷേപണം മൂലം സമതലങ്ങൾ രൂപപ്പെടുകയും ചെയ്തു.മേൽപ്പറഞ്ഞ പ്രോത്ഥാന (upheaval) പ്രക്രിയ ഘട്ടങ്ങളായാണ് പൂർത്തിയായിട്ടുള്ളത്.ഇക്കാരണത്താൽ ആദ്യഘട്ടങ്ങളിൽ ഉയർത്തപ്പെട്ട ഭാഗങ്ങൾ ടെഥീസ് എന്ന പ്രാചീന സമുദ്രത്തിലെ ദ്വീപുകളായി തീർന്നിട്ടുണ്ടാവണം.ഇവയോടനുബന്ധിച്ച് ശാഖകൾ എന്നോണം പിൽക്കാലവലന(folding)ത്തിലൂടെ സമുദ്രാന്തരിക കടകങ്ങൾ(ridges) സൃഷ്ടിക്കപ്പെട്ടിരിക്കാം.കാലാന്തരത്തിൽ ഇത്തരം ഭൂരൂപങ്ങൾ ഒന്നാകെ ഉയർത്തപ്പെട്ട് കരയായി തീർന്നിട്ടുണ്ടാവണം.ഏതാണ്ട് ഈ രീതിയിലുള്ള ഭൂഘടനയാണ് ഏഷ്യാമൈനറിൽ കാണപ്പെടുന്നത്.ഈ ഉപദ്വീപിന്റെ മധ്യത്തിലുള്ള ഉന്നതതടം ടെഥിസ്സിലെ ഒരു ദ്വീപായിരുന്നു എന്നതിന് സൂചനകൾ ലഭിച്ചിട്ടുണ്ട്.ഇതിനു ചുറ്റുമായി നാനാദിശകളിൽ നീളുന്ന സങ്കീർണങ്ങളായ മലനിരകൾ കാണാം; വടക്കു ഭാഗത്തുള്ള പോണ്ടീസ്, തെക്കുള്ള ടാറസ്, ആന്റീടാറസ് എന്നിവയാണ് പ്രധാന പർ‌‌വതങ്ങൾ.

പർ‌‌വതനത്തെ തുടർന്ന് അവതലനവും അനുബന്ധിച്ചുള്ള ഭ്രംശങ്ങളും ഉണ്ടായി.ഈജിയൻ കടൽ ഒന്നാകെത്തന്നെ കരഭാഗം ഇടിഞ്ഞുതാണ് ഉണ്ടായതാണ്.ഏഷ്യാമൈനർ ഇപ്പോഴും ഭൂകമ്പമേഖലയായി തുടരുന്നു.സജീവ അഗ്നിപർ‌‌വതങ്ങൾ ഇല്ലെന്നിരിക്കിലും ചൂടുറവകളും പങ്കോദ്ഗാര (Mud volcano) ങ്ങളും ധാരാളമായുണ്ട്.[4]

ഒലുഡെൻസ്

കാലാവസ്ഥയിൽ വരുന്ന വ്യത്യാസമനുസരിച്ച് നീരൊഴുക്കിൽ വരുന്ന ഏറ്റക്കുറച്ചിലുകളും മണ്ണിടിവുംമൂലം നദീമാർഗങ്ങളിൽ വന്നുചേരുന്ന ആഴവ്യത്യാസവും നിമിത്തം ഏഷ്യാമൈനറിലെ നദികൾ തീരെ ഗതാഗതയോഗ്യമല്ല.എന്നാൽ ജലസേചനത്തിന് ഇവ ഉപകരിക്കുന്നു.ഉപദ്വീപിന്റെ പടിഞ്ഞാറും തെക്കുപടിഞ്ഞാറും ഭാഗങ്ങളിലെ ഗെഡീസ്, മെൻഡെരെസ്, കോസ തുടങ്ങിയ നദികൾ -- പ്രത്യേകിച്ച് സകാരിയ, ഹാലിസ്, ഐറിസ് എന്നീ പ്രധാന നദികൾ -- മലനിരകളെ മുറിച്ചൊഴുകുന്നു.ഇവയിൽ ഹാലിസ് ഏതാണ്ട് ചാപാകാരമായ ഒരു ഗതിയാണ് അവലംബിക്കുന്നതെങ്കിലും വിസ്തൃതമായ തടം സൃഷ്ടിച്ചിരിക്കുന്നു.മധ്യ ഉന്നതതടം ദ്രോണീരൂപത്തിൽ ഇരിക്കുന്നതിനാൽ അതിന്റെ കേന്ദ്രം ലക്ഷ്യമാക്കിയുള്ള ആന്തരിക അപവാഹക്രമ (internal drainage) വും നിലവിലുണ്ട്.[5]

കാലാവസ്ഥ

[തിരുത്തുക]

പർ‌‌വതങ്ങൾ ചൂഴ്ന്ന മധ്യപീഠഭൂമി അത്യുഷ്ണവും അതിശൈത്യവും അനുഭവപ്പെടുന്ന മേഖലയാണ്.ശീതകാലത്ത് മൂന്നുനാലു മാസങ്ങളോളം മഞ്ഞുമൂടി കിടക്കുന്നതും ഉഷ്ണകാലത്ത് അതികഠിനമായ ചൂടും വരൾച്ചയും അനുഭവപ്പെടുന്നതും സാധാരണമാണ്.ശക്തിയായി വീശുന്ന കാറ്റ് നീരാവി കുറഞ്ഞവയാകയാൽ മിക്കപ്പോഴും മഴപെയ്യാറില്ല.പീഠഭൂമിയിൽ സ്റ്റെപ്പ് മാതൃകയിലുള്ള കാലാവസ്ഥയാണുള്ളത്.ശീതകാലത്തു പീഠഭൂമി തണുത്ത വായുപിണ്ഡങ്ങളുടെ ആസ്ഥാനമായി തീരുന്നു.ഇവിടെനിന്ന് നാനാഭാഗത്തേക്കും വീശുന്ന കാറ്റ് മലഞ്ചരിവുകളിലൂടെ താഴോട്ടു നീങ്ങുമ്പോൾ താപം സമാർജിക്കുന്നതുമൂലം താഴ്വാരങ്ങളിലും തീരപ്രദേശങ്ങളിലും ശീതകാലത്തിന്റെ കാഠിന്യം കുറയ്ക്കുവാൻ പര്യാപ്തമായി തീരുന്നു.എന്നാൽ ശക്തിയായി വീശുന്ന കാറ്റ് ഈ ദൃശമായ പരിവർത്തനതിന് വഴിപ്പെടാറില്ല; തന്മൂലം ഓറഞ്ച് തുടങ്ങിയ വിളകൾക്ക് തികച്ചും നാശകരമായി ഭവിക്കാറുണ്ട്.[6]

ശീതകാലത്ത് പശ്ചിമവാതങ്ങളിൽ നിന്ന് തീരപ്രദേശങ്ങളിലും വാതാഭിമുഖമായ മലഞ്ചരിവുകളിലും സാമാന്യമായ തോതിൽ മഴ ലഭിക്കുന്നു; ചക്രവാതങ്ങളുടെ സ്വാധീനത ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് പടിഞ്ഞാറൻ തീരത്തും അനുബന്ധിച്ചുള്ള താഴ്വാരങ്ങളിലുമാണ്; ഉഷ്ണകാലത്ത് ഉപദ്വീപ് ഒന്നാകെത്തന്നെ വരൾച്ച ബാധിതമായിത്തീരുന്നു.പോണ്ടീസ്സിന്റെ വടക്കേച്ചരിവുകളിൽ ഉഷ്ണകാലത്തും ശീതകാലത്തും ഒരുപോലെ മഴ പെയ്യുന്നതിനാൽ ആ ഭാഗത്ത് നിത്യഹരിത വനങ്ങൾ കാണപ്പെടുന്നു.

സസ്യജാലവും ജന്തുവർഗങ്ങളും

[തിരുത്തുക]

ഏഷ്യാമൈനറിൽ സമൃദ്ധമായ ഒരു സസ്യശേഖരം ഉണ്ടെങ്കിലും അവയെക്കുറിച്ച് വിശദമായ പഠനം ഇനിയും നടന്നിട്ടില്ല. നിത്യഹരിത വനങ്ങൾ മുതൽ അർധ--മരുഭൂപ്രകൃതി വരെയുള്ള വൈവിധ്യം നിറഞ്ഞ പ്രകൃതിദൃശ്യങ്ങൾ ഏഷ്യാമൈനറിന്റെ വിവിധ ഭാഗങ്ങളിലായി കാണാം.

പൈൻ, ഓക്ക് തുടങ്ങിയ നിത്യഹരിത വൃക്ഷങ്ങളും കുറ്റിച്ചെടികൾ, ഔഷധികൾ, വള്ളിച്ചെടികൾ എന്നിവയും ഉപദ്വീപിന്റെ തെക്കും പടിഞ്ഞാറും ഭാഗങ്ങളിൽ കാണാം. രാജ്യത്തിന്റെ ഉൾഭാഗത്തേക്കു കടക്കുന്തോറും ഈ സസ്യപ്രകൃതി ഓക്ക്, ചെസ്‌‌നട്ട്, ബ്ലാക്ക്പൈൻ എന്നീ മരങ്ങൾക്ക് പ്രാമുഖ്യമുള്ള തുറന്ന കാടുകളിലേക്കു സംക്രമിക്കുന്നു. വൃക്ഷരേഖ (Tree line) യ്ക്കും മുകളിൽ എഴുന്നിട്ടുള്ള ഗിരിശിഖരങ്ങളിൽ ബെർബറി, ജൂണിപ്പർ, ബ്രൂം, അസ്‌‌റ്റ്രഗാലി തുടങ്ങിയവ സമൃദ്ധമായി വളരുന്ന കുറ്റിക്കാടുകൾ കാണപ്പെടുന്നു. ഉപദ്വീപിന്റെ വടക്കരികിലും പൊതുവേ മെഡിറ്ററേനിയൻ മാതൃകാസസ്യങ്ങളാണുള്ളത്. എന്നാൽ പടിഞ്ഞാറുനിന്നു കിഴക്കോട്ട് നീങ്ങുന്തോറും സസ്യങ്ങളിൽ ഗണ്യമായ ഇനംതിരിവ് പ്രകടമായറിയാം. ഏഷ്യമൈനറിന്റെ കിഴക്കൻ ഭാഗങ്ങളിലുള്ള മലമ്പ്രദേശം പ്രായേണ സസ്യരഹിതമാണ്. ഉപദ്വീപിന്റെ മധ്യഭാഗത്തെ അത്യുഷ്ണവും അതിശൈത്യവും അനുഭവപ്പെടുന്ന ഉന്നതതടം പൊതുവേ സ്റ്റെപ്പ് മാതൃകയിലുള്ള പുൽമേടുകളാണ്. താഴ്വാരങ്ങളിലും അനുകൂല പരിതഃസ്ഥിതിയുള്ള കുന്നിൻ‌‌ചരിവുകളിലും ജൂണിപ്പർ, ഓക്, ബദാം, നെറ്റിൻ, പീയർ തുടങ്ങി ഉയരം കുറഞ്ഞ വൃക്ഷങ്ങൾ കാണപ്പെടുന്നു.[7]

ഏഷ്യാമൈനറിന്റെ പടിഞ്ഞാറും തെക്കും ഭാഗങ്ങളിൽ മെഡിറ്ററേനിയൻ വർഗത്തിലുള്ള ജന്തുക്കളും മധ്യ--പൂർ‌‌വ ഭാഗങ്ങളിൽ ഏഷ്യാറ്റിക്--സ്റ്റെപ്പ് (ഇറാനോ-തുറാനിയൻ) വർഗങ്ങളുമാണുള്ളത്. വടക്ക് പോണ്ടീസ് പർ‌‌വതഭാഗങ്ങളിൽ യൂറോ--സൈബീരിയൻ വർഗത്തിൽപ്പെട്ട ജന്തുക്കൾ കടന്നു കയറിയിട്ടുള്ളതായും കാണാം; ഈ ഭാഗങ്ങളിലെ കരളുന്ന ഇനം ജന്തുക്കളിൽ കാണപ്പെടുന്ന വർണവൈചിത്ര്യങ്ങൾ വർഗ സങ്കരത്തിന്റെ സൂചന നൽകുന്നു. സവിശേഷങ്ങളായ അനേകയിനം ജന്തുക്കളെ പോണ്ടീസ് മേഖലയിൽ കണ്ടെത്താം.[8]

ഏഷ്യാമൈനറിൽ കാലികളെ പ്രധാനമായും ഉഴവുമൃഗങ്ങളായാണ് ഉപയോഗിച്ചുവരുന്നത്. ഉന്നതതടത്തിലെ അങ്കാറ ആടുകളുടെ രോമം പ്രസിദ്ധി ആർജിച്ചതാണ്.[9] ഉപദ്വീപിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തു മാത്രമാണ് മഹിഷ വർഗം കാണപ്പെടുന്നത്. ചുമട്ടു മൃഗമെന്ന നിലയിൽ ഒട്ടകം ഉപദ്വീപിൽ ഒട്ടാകെ വളർത്തപ്പെടുന്നു. മലമ്പ്രദേശങ്ങളിലെ വ്യവഹാരത്തിണങ്ങിയ ഒരിനം കുതിരകളും ഇവിടെ ധാരാളമുണ്ട്. അങ്കാറ പൂച്ച നീണ്ടു പട്ടുപോലെ രോമങ്ങളുള്ള ഒരു വിശേഷയിനം ജീവിയാണ്; ഇരപിടിയൻ വർഗങ്ങളുൾപ്പെട്ട നിരവധി ഇനം പക്ഷികളെ ഈ ഉപദ്വീപിൽ കണ്ടെത്താം.[10] വെട്ടുക്കിളിയുടെ ആവാസ കേന്ദ്രമാണ് ഈ പ്രദേശം. ഏഷ്യാമൈനറിൽ പാമ്പുകൾ ധാരാളമുണ്ട്. എന്നാൽ ഇവയിൽ വിഷമുള്ള ഒരിനം (Vipera xanthina) മാത്രമേ ഉള്ളു. തിരക്കടലുകളും ഉൾനാടൻ ജലാശയങ്ങളും സമൃദ്ധമായ മത്സ്യ ശേഖരം ഉൾക്കൊള്ളുന്നു.[11]

ഹിറ്റൈറ്റികളുറ്റെ ആവാസ കേന്ദ്രമായ അലന്യാ ഒരു വിഹഗ വീക്ഷണം

ചരിത്രം

[തിരുത്തുക]

ഏകദേശം ബി. സി. 3000 ത്തോടെ ഏഷ്യാമൈൻറിന്റെ അറിയപ്പെടുന്ന ചരിത്രം ആരംഭിക്കുന്നു. ബി. സി. 2000 നും 1200 നുമിടയ്ക്ക് ഈ രാജ്യം അനാര്യ വംശജരായ ഹിറ്റൈറ്റുകളുടെ അധീനതയിലായിരുന്നു. ഉത്ഖനനങ്ങളിലൂടെ ലഭിച്ച തെളിവുകളിൽ നിന്നും ഏഷ്യാമൈനർ കിഴക്കും പടിഞ്ഞാറുമുള്ള അയൽ രാജ്യങ്ങളിൽ നിന്ന് സാംസ്കാരികമായി വേറിട്ടു നിന്നുവെന്ന് അനുമാനിക്കപ്പെടുന്നു. നവീന ശിലായുഗകാലം മുതൽ ഹിറ്റൈറ്റ് സാമ്രാജ്യത്തിന്റെ തകർച്ചവരെയും മോണോക്രോം പാത്രനിർമിതിയുടെ പാരമ്പര്യമാണ് ഈ പ്രദേശം പുലർത്തിപോന്നിരുന്നത്. ചെമ്പ് യുഗത്തിൽ ഏഷ്യാമൈനർ സംസ്കാരം മുമ്പത്തേക്കാൾ ഏകതാനമായിരുന്നു. ഈ സംസ്കാരം പുറംലോകത്തെ സ്വാധീനിച്ചത് ഇക്കാലത്താണ്. അലാക്കാഹുയുക്കിലെ സമാധി മന്ദിരങ്ങളായിരുന്നു ചെമ്പുയുഗ സംസ്കാരത്തിന്റെ ശ്രധേയമായ അവശിഷ്ടങ്ങൾ.[12]

ഹിറ്റൈറ്റ് സാമ്രാജ്യകാലം

[തിരുത്തുക]
കപ്പാഡോസിയ

(ബി. സി. 1850-1200). ഹിറ്റൈറ്റ് സാമ്രാജ്യം പീഠഭൂമിയിൽ ആണ് കേന്ദ്രീകരിച്ചിരുന്നത്. തീരപ്രദേശം പൊതുവേ മൈസീനിയൻ സ്വാധീനതയിൽ പെട്ടിരുന്നു. മൈസീനിയൻ (ബി. സി. 2500-1100) ഹിറ്റൈറ്റ് സംസ്കാരത്തോളം കേന്ദ്രീകൃതമായിരുന്നില്ല. കടൽ മാർഗവ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന സമുദായങ്ങളുടെ കോൺഫെഡറേഷൻ ആയിരുന്നു അത്. ബി. സി. 15 മുതൽ 13 വരെ ശതകങ്ങളിൽ മെഡിറ്ററേനിയൻ കടൽത്തീര പ്രദേശങ്ങൾ ഒട്ടു മിക്കവാറും മൈസീനിയൻ സംസ്കാരത്തിന്റെ സ്വാധീനതയിൽ ആയിരുന്നു. ബി. സി. 1882-ൽ കപ്പഡോഷ്യയിൽ രേഖപ്പെടുത്തിയ കളിമൺ ഫലകങ്ങളാണ് ഏഷ്യാമൈനറിൽ കണ്ടെത്തിയ ഏറ്റവും ആദ്യത്തെ ലിഖിത രേഖ.[13]

ഫ്രിജിയൻ, യുറാർതിയൻ, നിയോഹിറ്റൈറ്റ് കാലഘട്ടങ്ങൾ

[തിരുത്തുക]

പടിഞ്ഞാറുനിന്നും ത്രെയിസ്യന്മാർ (ഇന്ത്യോ യൂറോപ്യൻ വംശം), കിഴക്കുനിന്നും ഫ്രിജിയന്മാർ, അർമീനിയർ തുടങ്ങിയ പ്രാകൃതവർഗങ്ങളുടെ ആക്രമണങ്ങളുടെ ഫലമായി ഹിറ്റൈറ്റു സാമ്രാജ്യം നിലമ്പതിച്ചു. സമുദ്ര തീരങ്ങളിലെ മൈസീനിയൻ സംസ്കാരവും തകർച്ചയിലെത്തി. കുഴപ്പം നിറഞ്ഞ ഒരു ഹ്രസ്വ കാലഘട്ടത്തിനു ശേഷം ഏഷ്യാമൈനറിലെ വിവിധ പ്രദേശങ്ങളിൽ ഫ്രിജിയൻ യുറാർതിയൻ, നിയോഹിറ്റൈറ്റ് തുടങ്ങിയവരുടെ ഭരണം നിലവിൽ വന്നു. പീഠഭൂമിയുടെ മുഖ്യഭാഗവും കൈയടക്കിയത് ഫ്രിജിയന്മാരായിരുന്നു. ബി.സി. 7-ം ശതകത്തിന്റെ ആരംഭത്തിൽ ആക്രമണകാരികളായ സിമ്മേരിയർ ഫ്രിജിയൻ സാമ്രാജ്യത്തെ തകർത്തു.[14]

ലിഡിയ, കാരിയ, ലൈസിയ സംസ്കാരങ്ങൾ

[തിരുത്തുക]

ഫ്രിജിയൻ സംസ്കാരത്തിന്റെ ചില അവശിഷ്ടങ്ങൾ നിലനിന്നുവെങ്കിലും ലിഡിയ (ബി. സി. 700-550) കാരിയ (ബി സി. 4-ം ശ.) ലൈസിയ (ബി.സി. 5-ം ശ.) തുടങ്ങിയ സംസ്കാരങ്ങൾ നിലവിൽ വന്നു. ഏഷ്യാമൈനറിൽ ഈ സംസ്കാരങ്ങൾ പുഷ്ടി പ്രാപിച്ച കാലത്തു തന്നെയാണ് ഇയോലിക് (Aeolic) അയോണിക് (Ionic), ഡോറിക് (Doric) എന്നീ ഗ്രീക്ക് കോളനികൾ ഏജിയൻ തീരത്ത് സ്ഥാപിക്കപ്പെട്ടത്. ഫ്രിജിയ ഗ്രീക്കുലോകവുമായി ബന്ധപ്പെട്ടിരുന്നുവെന്നും അയോണിയൻ നഗരങ്ങൾക്ക് സമീപത്തുള്ള ഉൾനാടൻ രാജ്യങ്ങളോട് ബന്ധമുണ്ടായിരുന്നു എന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ലിഡിയർക്കു ശേഷം ഏഷ്യാമൈനർ പേർഷ്യാക്കാരുടെ ആക്രമണത്തിനും ഇരയായിട്ടുണ്ട്.[15]

പേർഷ്യൻ ഗ്രീക്കുഭരണകാലം

[തിരുത്തുക]
പുരാതന അനത്തോലിയ.
പുരാതന അനത്തോലിയ.

ബി. സി. 546-ൽ പേർഷ്യയിലെ സൈറസ് ചക്രവർത്തി ലിഡിയ പിടിച്ചടക്കി. ഇതോടെ ഏഷ്യാമൈനർ വീണ്ടും ഏകീകൃത ഭരണത്തിൻ കീഴിലായി. ബി. സി. 4-ം ശതകത്തിൽ അലക്സാണ്ടറുടെ ആക്രമണത്തോടെ പേർഷ്യൻ ആധിപത്യം താത്കാലികമായി അവസാനിച്ചു. എന്നാൽ അലക്സാണ്ടറുടെ മരണ (ബി. സി. 323) ശേഷം പേർഷ്യാക്കാർ ക്രമേണ ഏഷ്യാമൈനറിന്റെ കിഴക്കുഭാഗത്ത് തങ്ങളുടെ ഭരണം പുനഃസ്ഥാപിച്ചു. അലക്സാണ്ടറെയും പിൻ‌‌ഗാമികളെയും പോലെ പേർഷ്യാക്കാർ ഏഷ്യാമൈനർ സംസ്കാരത്തെ മാറ്റി മറിച്ചില്ല. ബി. സി. 4-ം ശതകത്തിന്റെ ആരംഭത്തോടെ ഹിരാപൊളീസ് പോലെയുള്ള അനത്തോളിയൻ മതകേന്ദ്രങ്ങൾ പുനർനിർമിച്ച് പുതിയ പേരുകൾ നൽകി. ഇതോടൊപ്പം ലയോഡീഷ്യ, ലൈസസ് മുതലായ പുതിയ നഗരങ്ങൾ നിർമ്മിക്കപ്പെടുകയുമുണ്ടായി.

ഏഷ്യാമൈനറിന്റെ പടിഞ്ഞാരെ തീരപ്രദേശങ്ങളിൽ ഏറിയപങ്കും ടോളമിമാരുടെ (മാസിഡോണിയൻ രാജവംശം) നിയന്ത്രണത്തിലായിരുന്നു. ഗ്രീക്കു സ്വധീനതയുടെ പാരമ്യത്തിൽ (ബി. സി. 1000-500) ഏഷ്യാമൈനറിന്റെ പശ്ചിമഭാഗം പടിഞ്ഞാറുനിന്നു വന്ന ഗോത്രങ്ങളുടെയും പ്രധാന വാണിജ്യ കേന്ദ്രങ്ങളുടെയും സ്വാധീനതാ മേഖലയായി വിഭജിക്കപ്പെട്ടിരുന്നു.[16]

റോമൻ. ക്രൈസ്തവ കാലഘട്ടം

[തിരുത്തുക]
അനറ്റോലിയ പ്രാചീന ഭൂപടം.

ബി. സി. 190-ൽ മഗ്നീഷയിൽ വച്ച് സിപ്പിയോ സഹോദരന്മാരിൽ നിന്നും സെല്യൂസിദ് രാജാവായ അന്റിയോക്കസ് III നുണ്ടായ പരാജയം ഏഷ്യാമൈനറിൽ റോമൻ ഭരണം സ്ഥാപിക്കുന്നതിനു കാരണമായി. 1000 വർഷത്തോളം ഏഷ്യാമൈനറിൽ റോമൻ ഭരണം നിലനിന്നു. ബി. സി. 133-ൽ പശ്ചിമ ഏഷ്യാമൈനർ ഉൾപ്പെടുന്ന ഏഷ്യ എന്ന പേരിലുള്ള ആദ്യത്തെ റോമൻ പ്രവിശ്യ രൂപവത്കരിച്ചു. മിത്രഡേറ്റിസ് (ബി. സി. 131-63) വടക്കു കിഴക്കൻ ഏഷ്യമൈനറിൽ സ്ഥാപിച്ച പൊന്തസ് രാജ്യം കുറേനാൾ റോമാ ഭരണത്തിനു ഭീഷണിയായി വർത്തിച്ചു. എന്നാൽ പോം‌‌പി (ബി.സി. 106-48) മിത്രഡേറ്റിസിനെ ആട്ടിപ്പായിക്കുകയും ഉപദ്വീപിന്റെ ഏറിയപങ്കും റോമാസാമ്പ്രാജ്യത്തിന്റെ ഭാഗമാക്കി തീർക്കുകയും ചെയ്തു. റോമൻ ഭരണത്തിൻ കീഴിൽ ഏഷ്യാമൈനർ സമ്പന്നമായി. നഗരങ്ങളുടെ വലിപ്പം വർദ്ധിക്കുകയും അവ ആർഭാടപൂർണം ആവുകയും ചെയ്തു. എഡേസയിൽ ജസ്റ്റിനീയൻ നിർമിച്ച കിടങ്ങ്, വെസ്പേസിയനും ടൈറ്റസും നിർമിച്ച ജലസേചന പദ്ധതികൾ എന്നിവ ഈ കാലഘട്ടതിലെ സാങ്കേതിക വൈദഗ്ദ്ധ്യത്തിന്റെ നിദർശനങ്ങളാണ്.[17]

ഡയോക്ലീഷ്യൻ ചക്രവർത്തി (ഭ. കാ. എ. ഡി. 284-305) ഈ പ്രദേശത്തെ മുഴുവനും ഡയോസിസ് എന്ന പേരിലുള്ള മേഖലാക്കി. ഏഷ്യയിലെ ഏഴു ക്രൈസ്തവ സഭകൾ (എഫേസസ്, സ്മീർണ, പെർഗം, ധിയാതിറാ, സാർഡിസ്, ഫിലഡൽഫിയ, (ലിഡിയ), ലയോഡിഷ്യ (ഫ്രിജിയ) സംബന്ധിച്ച് ബൈബിളിലെ വെളിപാടു പുസ്തകത്തിൽ പരാമർശമുണ്ട്) കെട്ടിപ്പടുത്തത് ഇക്കാലത്താണ്. എഫേസസ്സിലെ 'സെവൻ സ്ലീപ്പേഴ്സ് ഗുഹ' ബിൻബിൻ കിർസിലെ 'ആയിരത്തി ഒന്നു പള്ളികൾ' ഇവയാണ് ഇക്കാലത്തു നിർമിച്ച രണ്ടു ക്രൈസ്തവ സ്മാരകങ്ങൾ.

സെൽജൂക് തുർക്കി ഭരണകാലം

[തിരുത്തുക]
അനറ്റോളിയ.

എ. ഡി. 668-ൽ അറബികൾ കോൺസ്റ്റന്റിനോപ്പിൾ ഉപരോധിക്കുകയും ഏഷ്യാമൈനറിലെ റോമൻ ഭരണത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മധ്യേഷ്യയിൽ നിന്നും മെസപ്പെട്ടേമിയൻ സമതലത്തിലേക്ക് ഓടിക്കപ്പെട്ട സെൽജൂക് തുർക്കികൾ 11-ം ശതകത്തിൽ (എ. ഡി. 1071) ഏഷ്യാമൈനർ ആക്രമിച്ചു. ഈ ശതകത്തിന്റെ അവസാനം അവർ പൂർ‌‌വ ഏഷ്യാമൈനറിലെ കപ്പഡൊഷ്യയിലും നിക്കേയായിലും താവളമുറപ്പിച്ചു. 12-ം ശതകത്തിൽ ഏഷ്യാമൈനറിലെ പല പ്രദേശങ്ങളും സെൽജൂക്കുകളുടെ ഭരണത്തിൻ കീഴിലായിത്തീർന്നു. വിവിധ തുർക്കി വംശങ്ങൾ അധികാരത്തിനും മേധാവിത്വത്തിനും വേണ്ടി പരസ്പരം സമരം ചെയ്തു. സമരങ്ങളിൽ ഒട്ടോമൻ തുർക്കികൾ അനുഷംഗികമായി ആധിപത്യം നേടുകയും ക്രമേണ ഏഷ്യാമൈനറിൽ ഉടനീളം തങ്ങളുടെ ആധിപത്യം വ്യാപിപ്പിക്കുകയും ചെയ്തു. 15-ം ശതകത്തിന്റെ ആരംഭത്തിൽ മംഗോളിയൻ സൈന്യങ്ങൾ തുർക്കിഭരണത്തിനു താത്കാലിക വിരാമമിട്ടുവെങ്കിലും നീണ്ടുനിന്ന യുദ്ധങ്ങളിലൂടെ അതു പുനഃസ്ഥാപിതമായി. 1453-ൽ തുർക്കികൾ കോൺസ്റ്റാഡിനോപ്പിൾ പിടിച്ചടക്കുകയും റോമൻ ആധിപത്യം അവസാനിപ്പിക്കുകയും ചെയ്തു. 15-ം ശതകത്തിനു ശേഷമുള്ള ഏഷ്യാമൈനറിന്റെ ചരിത്രം തുർക്കിയുടേയും ഓട്ടോമൻ സാമ്രാജ്യത്തിന്റെയും ചരിത്രമാണ്.

കടപ്പാട്

[തിരുത്തുക]
  • മലയാളം സർ‌‌വവിഞ്ജാനകോശം - വല്യം V പേജ് 459-463; പ്രകാശനം-സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻസൈക്ലോപീഡിക് പബ്ലിക്കേഷൻസ്, തിരുവനന്തപുരം.

അവലംബം

[തിരുത്തുക]
  1. http://reference.allrefer.com/encyclopedia/A/AsiaMino.html Archived 2008-07-06 at the Wayback Machine Asiaminor
  2. http://www.turkishnews.com/DiscoverTurkey/anatolia/history.html History of Anatolia
  3. http://www.ancientanatolia.com/introduction.html GEOGRAPHY
  4. http://www.britannica.com/EBchecked/topic/22897/Anatolia/44369/Seljuq-expansion Antolia
  5. http://www.turkishodyssey.com/turkey/geo/geo.htm#RIVERS Archived 2008-04-01 at the Wayback Machine Rivers of Anatholia
  6. http://www.turkishodyssey.com/turkey/geo/geo.htm#CLIMATE Archived 2008-04-01 at the Wayback Machine Weather
  7. http://www.blueplanetbiomes.org/med_chap_plant_page.htm Archived 2010-06-15 at the Wayback Machine Plants
  8. http://vets.com/questionmanager/encyclopaedia/ency1/B4.HTM Archived 2010-01-18 at the Wayback Machine Animals And Plants (F-G)
  9. http://www.fao.org/docrep/009/ah224e/AH224E08.htm Sheep and goat in Asiaminor
  10. http://www.sfusd.k12.ca.us/schwww/sch618/Animals/Other_animals.html Archived 2009-12-14 at the Wayback Machine Important Animals (continued)
  11. http://www.rossparkzoo.com/animals/hedgehog.htm Archived 2009-06-15 at the Wayback Machine Binghamton Zoo Animals
  12. http://www.turkishnews.com/DiscoverTurkey/tourism/what2do.html#ankara What 2 do What 2 see
  13. http://www.turkishnews.com/DiscoverTurkey/anatolia/history.html ANCIENT ANATOLIA
  14. http://www.turkishnews.com/DiscoverTurkey/anatolia/history.html Ancient History
  15. http://www.turkishnews.com/DiscoverTurkey/anatolia/history.html Ancient History
  16. http://www.unrv.com/provinces/asia-minor.php Asia Minor
  17. http://www.unrv.com/empire.php Roman Empire

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഏഷ്യാമൈനർ&oldid=3978579" എന്ന താളിൽനിന്ന് ശേഖരിച്ചത്