ഒരണസമരം
ഒരണയ്ക്ക് ബോട്ടു യാത്ര ചെയ്യാനുള്ള സൗകര്യം പുനസ്ഥാപിക്കാൻ വേണ്ടി[1] 1957 ലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരേ കെ എസ് യു വിന്റെ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭമാണ് ഒരണസമരം എന്നറിയപ്പെടുന്നത്. ഇ.എം.എസ്സ്. സർക്കാരിന്റെ ഭരണനടപടികളിലൊന്നായിരുന്നു കുട്ടനാട്ടിലെ ജലഗതാഗതരംഗം ദേശസാത്കരിച്ചത്. ആലപ്പുഴ-കുട്ടനാട്, കോട്ടയം മേഖലയിൽ ജനങ്ങൾ ഗതാഗതത്തിനായി കൂടുതലും ആശ്രയിച്ചിരുന്നത് ബോട്ടുകളേയായിരുന്നു.അവയുടെ യാത്രാനിരക്ക് ഒരണയിൽ നിന്ന് പത്തുപൈസ ആക്കി വർധിപ്പിച്ചത് ജനങ്ങളെ വലച്ചു .[2] സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടു വരുന്നതിനു മുമ്പ് ഉടമകൾ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചാണ് നിരക്കുകൾ നിശ്ചയിച്ചിരുന്നത്.
ദേശസാൽക്കരണം
[തിരുത്തുക]ബോട്ടുടമകളുടെ ഈ നടപടികൾ അവസാനിപ്പിക്കാനും, ജനങ്ങൾക്ക് ഏകീകരിച്ച് നിരക്കുകൾ ലഭ്യമാക്കാനും വേണ്ടിയാണ് സർക്കാർ ബോട്ടു ഗതാഗതം ദേശസാൽക്കരിക്കാൻ തീരുമാനിച്ചത്. ഏറ്റവും കുറഞ്ഞ തുക രണ്ട് അണയായി നിശ്ചയിച്ചു. വിദ്യാർത്ഥികൾക്ക് 50ശതമാനം സൗജന്യവും അനുവദിച്ചു. നിരക്കുകളുടെ ഏകീകരണം വരുന്നതിനു മുമ്പ് വിദ്യാർത്ഥികൾ ദൂരത്തിനനുസരിച്ചുള്ള നിരക്ക് നൽകണമായിരുന്നു.
സമരം
[തിരുത്തുക]സർക്കാരിന്റെ ഈ തീരുമാനത്തിനെതിരേ വിദ്യാർത്ഥികൾ പ്രതിപക്ഷപാർട്ടികളുടെ പിന്തുണയോടെ പ്രക്ഷോഭമാരംഭിച്ചു. 1958 ജൂലൈ 12ന് ആണ് സമരം ആരംഭിച്ചത്.[3]കുട്ടനാടൻ വിദ്യാർത്ഥികൾക്ക് ബോട്ടുടമകൾ നൽകിയിരുന്ന ഒരണ കൺസഷൻ നിലനിർത്തണമെന്നതായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. ചമ്പക്കുളം നദിക്കു കുറുകെ കയർവടം വലിച്ചുകെട്ടി ബോട്ടു ഗതാഗതം തടഞ്ഞുകൊണ്ടായിരുന്നു സമരം ഉദ്ഘാടനം ചെയ്തത്. ബോട്ടുഗതാഗതം തടസ്സപ്പെടുത്തിയതിന് ഇരുപതോളം വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇത് സമരത്തിന്റെ ശക്തി വർദ്ധിപ്പിച്ചു. ആലപ്പുഴ, കുട്ടനാട് താലൂക്കുകളിൽ പോലീസ് 144 പ്രഖ്യാപിച്ചു. കോൺഗ്രസ്സ്, ആർ.എസ്.പി തുടങ്ങിയ പാർട്ടികളിലെ നേതാക്കൾ വിദ്യാർത്ഥികളോട് നിയമം ലംഘിക്കാൻ ആഹ്വാനം ചെയ്തു.[4] ഇതേ തുടർന്ന് 134 വിദ്യാർത്ഥികൾ അറസ്റ്റു ചെയ്യപ്പെട്ടു. 20000 ഓളം വിദ്യാർത്ഥികൾ പഠിപ്പുമുടക്കി സമരപാതയിലേക്കിറങ്ങി. സമരം സംസ്ഥാനത്തൊട്ടാകെ വ്യാപിച്ചു.
സമരത്തെ പിന്തുണച്ചുകൊണ്ട് പ്രതിപക്ഷപാർട്ടികളും, രാഷ്ട്രീയമായി ഈ സമരത്തെ എതിരിടാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും രംഗത്തിറങ്ങി. സർക്കാരിന്റെ രാജിമാത്രമാണ് സമരം പിൻവലിക്കാനുള്ള ഏക നിർദ്ദേശം എന്ന കോൺഗ്രസ്സ് അസന്നിഗ്ദമായി പ്രഖ്യാപിച്ചു. അതേ സമയം സമരത്തെ ഏതു വിധേനേയും ചെറുക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പ്രാദേശിക കമ്മറ്റികളോട് പാർട്ടി നേതാവായിരുന്നു ഗോവിന്ദൻനായർ ആഹ്വാനം ചെയ്തു. 1958 ജൂലൈ 23 ന് വിദ്യാർത്ഥികൾ ആലപ്പുഴ പട്ടണത്തിൽ നടത്തിയെ ഒരു ജാഥയെ പാർട്ടിപ്രവർത്തകരും, പോർട്ടർമാരും അടങ്ങുന്ന ഒരു സംഘം ആക്രമിച്ചു.[5] ഇതിനെത്തുടർന്ന് സമരം തങ്ങൾ ഏറ്റെടുക്കുകയാണെന്ന് പ്രതിപക്ഷപാർട്ടികൾ പ്രഖ്യാപിച്ചു. വിദ്യാർത്ഥികളുടെ യാത്രാക്കൂലി പ്രശ്നത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ ഒരു കമ്മീഷനെ വെയ്കാമെന്നും, കമ്മീഷന്റെ റിപ്പോർട്ട് വരുന്നതുവരെ വിദ്യാർത്ഥികൾക്ക് ബോട്ടുകളിൽ യാത്ര സൗജന്യമായിരിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ സർക്കാരിന്റെ ഈ നിർദ്ദേശം പ്രതിപക്ഷകക്ഷികൾക്ക് സ്വീകാര്യമായിരുന്നില്ല.
സമരഫലം
[തിരുത്തുക]കമ്മീഷന്റെ റിപ്പോർട്ട് എന്തു തന്നെയായിരുന്നാലും വിദ്യാർത്ഥികൾക്ക് ഒരണതന്നെയായിരിക്കും ബോട്ടുഗതാഗതനിരക്ക് എന്ന് സർക്കാർ പ്രഖ്യാപിച്ചു. ഇതെതുടർന്ന് 1958 ആഗസ്റ്റ് 4 ആം തീയതി സമരം പിൻവലിച്ചു.[6] കെ.എസ്.യു എന്ന വിദ്യാർത്ഥിസംഘടയ്ക്ക് രാഷ്ട്രീയമായ അടിത്തറപാകിയ ഒരു സമരമായിരുന്നു ഒരണസമരം എന്നു കരുതപ്പെടുന്നു. കേവലം ഒരു വിദ്യാർത്ഥി സമരം എന്നതിലുപരി അധികാരത്തിലിരുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിനെ താഴെയിറക്കാൻ നടന്ന വിമോചനസമരത്തിന്റെ ശക്തിവർദ്ധിപ്പിക്കുന്നതിനുള്ള സമരമായിരുന്നു വാതിലായിരുന്നു ഒരണസമരം എന്ന് ഇ.എം.എസ്സ് നമ്പൂതിരിപ്പാട് അഭിപ്രായപ്പെടുന്നു.
പങ്കെടുത്തവർ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ എം.പി., വീരേന്ദ്രകുമാർ. "മാതൃഭൂമിക്കിത് ധന്യമുഹൂർത്തം". മാതൃഭൂമി. Archived from the original on 2010-11-25. Retrieved 22 മെയ് 2013.
{{cite news}}
: Check date values in:|accessdate=
(help) - ↑ ടി.എം.തോമസ്സ്, ഐസക്ക് (2008). വിമോചനസമരത്തിന്റെ കാണാപ്പുറങ്ങൾ. ചിന്താ പബ്ലിഷേഴ്സ്.
- ↑ "വിദ്യാർത്ഥിസമരം". ദ ഹിന്ദു. 14-ജൂലൈ-1958.
യാത്രാ കൺസഷൻ നിർത്തലാക്കിയതിനെതിരേ വിദ്യാർത്ഥി സമരം
{{cite news}}
: Check date values in:|date=
(help) - ↑ ജയദേവൻ, എൻ. "സ്റ്റുഡന്റ് മൂവ്മെന്റ് ആന്റ് കേരള പൊളിറ്റിക്സ് 1956-1980". കേരള സർവ്വകലാശാല (ഗവേഷണ പ്രബന്ധം).
- ↑ ചെറിയാൻ, ഫിലിപ്പ് (1985). കാൽ നൂറ്റാണ്ട്. ഡി.സി.ബുക്സ്.
- ↑ ജെ.ജെ., നൊസ്സിദർ (1982). കമ്മ്യൂണിസം ഇൻ കേരള എ സ്റ്റഡി ഇൻ പൊളിറ്റിക്കൽ അഡാപ്ടേഷൻ. ഓക്സ്ഫഡ് സർവ്വകലാശാല പ്രസ്സ്.
- ↑ "വിട, കണ്ണുനിറയുന്ന ഓർമകളോടെ". മലയാള മനോരമ. Archived from the original on 2010-08-19. Retrieved 22 മെയ് 2013.
{{cite news}}
: Check date values in:|accessdate=
(help) - ↑ "വിദ്യാർഥി സംസ്‌കാരത്തിൽ കരിഓയിൽ ഒഴിക്കരുത്". മംഗളം. 7 ഫെബ്രുവരി 2013. Archived from the original on 2013-05-22. Retrieved 22 മെയ് 2013.
{{cite news}}
: Check date values in:|accessdate=
(help)
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- ഒരണസമരം 1958 ഇലാബ് ജേണൽ
- അവർ ഹിസ്റ്ററി കേരള സ്റ്റുഡന്റ്സ് യൂണിയൻ