Jump to content

ഒളപ്പമണ്ണ മന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒളപ്പമണ്ണ മന
ഒളപ്പമണ്ണ മന is located in Kerala
ഒളപ്പമണ്ണ മന
അടിസ്ഥാന വിവരങ്ങൾ
വാസ്തുശൈലികേരളീയ വാസ്തുവിദ്യ
സ്ഥാനംവെള്ളിനേഴി, ചെർ‌പ്പുളശ്ശേരി, പാലക്കാട്, കേരളം
രാജ്യംഇന്ത്യ
നിർദ്ദേശാങ്കം10°54′12″N 76°20′38″E / 10.90333°N 76.34389°E / 10.90333; 76.34389
ഉടമസ്ഥതDeviprasadam Trust
വെബ്സൈറ്റ്
olappamannamana.com

കഥകളി ഗ്രാമമായ പാലക്കാട് ജില്ലയിലെ വെള്ളിനേഴി എന്ന ഗ്രാമത്തിലാണ് ഒളപ്പമണ്ണ മന സ്ഥിതി ചെയുന്നത്. മഹാകവി ഒളപ്പമണ്ണയുടെ ജന്മസ്ഥലംകൂടിയാണിവിടം. [1]

ഋഗ്വേദം മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്ത ഒ.എം.സി.നാരായണൻ നമ്പൂതിരിപ്പാട്, വേദ അധ്യാപകനായ നീലകണ്ഠൻ നമ്പൂതിരിപ്പാട്, ഒളപ്പമണ്ണ സുബ്രമണ്യൻ നമ്പൂതിരിപ്പാട്, തുടങ്ങിയവർ ഈ തറവാട്ടിലെ അംഗങ്ങൾ ആയിരുന്നു. ഇരുപത്‌ ഏക്കറിലായാണ്‌ ഈ മന സ്ഥിതിചെയ്യുന്നത്. മാളികപ്പുരയും നടുത്തളവും അതിവിശാലമായ ഊട്ടുപുരയുമൊക്കെ ഒളപ്പമണ്ണ മനയിലുണ്ട്‌. വള്ളുവനാടൻ സാഹിത്യവും കലാപാരമ്പര്യങ്ങളും വളർത്തിയ പണ്ഡിതന്മാരുടെ തറവാട്‌ കൂടിയാണ്‌ ഈ മന.

ചരിത്രം

[തിരുത്തുക]

തൃശ്ശൂർ ജില്ലയിലെ മായന്നൂരിലെ ഓട്ടൂർ മനയിലെ കുടുംബം 600 വർഷങ്ങൾക്കുമുന്നേ വെള്ളിനേഴിയിൽ കുടിയേറിപ്പാർത്ത് ഒളപ്പമണ്ണ മനക്കാരായെന്നാണ് പറയപ്പെടുന്നത്. രണ്ട് ശതാബ്ദങ്ങൾക്കുമുൻപ്, അന്യം നിന്നുപോകുമെന്ന അവസ്ഥയിലെത്തിയപ്പോൾ വരിക്കാശ്ശേരി മനയിൽനിന്ന് ദത്തെടുത്തവരുടെ പരമ്പരയാണ് ഇന്നത്തെ ഒളപ്പമണ്ണ കുടുംബം എന്നാണ് ആധികാരികമായ വിലയിരുത്തൽ. ആദ്യകാലത്ത് മൺ ചുമരും ഓലമേഞ്ഞ പുരയുമായുള്ള മനയായിരുന്നുവെന്നും പറയപ്പെടുന്നു. പിന്നീടാണ് എട്ടുകെട്ട് ആയി മാറിയത്. ഇന്നത്തെ എട്ടുകെട്ടിന്റെ പഴക്കം മൂന്നുറിലേറെ വർഷങ്ങളാണെന്നതിന് തെളിവുകളുണ്ട്. എട്ടുകെട്ടുകളായാണ് അറിയപ്പെടുന്നതെങ്കിലും പുരയുടെ അകത്തുള്ള കിണറിന് ചുറ്റുമുള്ള നാലുകെട്ടുംകൂടി കണക്കിലെടുത്താൽ പന്ത്രണ്ടുകെട്ടായി പരിഗണിക്കാം. മനയുടെ വടക്കിനിയിൽ ഭഗവതിയുടെ ശ്രീചക്രപ്രതിഷ്ഠയുണ്ട്. [2]

സംരക്ഷണം

[തിരുത്തുക]

ഒളപ്പമണ്ണ മന കുടുംബാംഗങ്ങൾ രൂപവത്കരിച്ച ദേവീപ്രസാദം ട്രസ്റ്റാണ് മനയുടെ സംരക്ഷണവും പരിപാലനവും നിർവഹിക്കുന്നത്.

മനയ്ക്ക് ഒരു കോട്ടവും സംഭവിക്കാതെ സംരക്ഷിക്കുന്ന കാര്യത്തിൽ ട്രസ്റ്റ്‌ വലിയ പങ്കു വഹിക്കുന്നു. കഥകളി ഇവിടെ പഠിപ്പികുന്നില്ലെങ്കിലും കഥകളി കലാകാരന്മാരെ ആദരികാൻ വേണ്ടി 'ദേവി പ്രസാദം ട്രസ്റ്റ്‌ പുരസ്‌കാരം' ട്രസ്റ്റ് നൽകുന്നുണ്ട്.

സംഭാവനകൾ

[തിരുത്തുക]

200 വർഷങ്ങൾക്കു മുമ്പ് കഥകളിയിലെ കല്ലുവഴിച്ചിട്ടയ്ക്ക് രൂപം നൽകിയത് ഒളപ്പമണ്ണ മനക്കാരായിരുന്നുവെന്നാണ് പറയപ്പെടുന്നത്. സാഹിത്യലോകത്തിനും വാദ്യലോകത്തിനും നൃത്തലോകത്തിനുമൊക്കെ വലിയ സംഭാവന ചെയ്ത ഇടമാണ് മന. കവി ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിപ്പാടും, ബാലസാഹിത്യകാരി സുമംഗലയും ഒ.എം. അനുജനും ഈ മനയിലാണ് പിറന്നത്. ലോകപ്രസിദ്ധ കർണാടക സംഗീതജ്ഞനായ ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഈ മനയിലെ ശാസ്ത്രീയ സംഗീത അധ്യാപകനായിരുന്നു.

സിനിമാ ചിത്രീകരണം

[തിരുത്തുക]

ധാരാളം മലയാള സിനിമകൾക്ക് പശ്ചാത്തലമായിട്ടുണ്ട് ഈ മന. 15 സിനിമകൾ ഇവിടെ ലൊക്കേഷനായി ചിത്രികരിച്ചിട്ടുണ്ട്. മനയോടു ചേർന്നുള്ള രണ്ടു മൂന്നു തറവാടുകൾ കൂടി മലയാള സിനിമകളുടെ ഭാഗമായിട്ടുണ്ട്. പരിണയം, നരസിംഹം, ഇലവങ്കോട് ദേശം, നരൻ, മാടമ്പി, ദ്രോണ, ആമി, ഒടിയൻ, വിനയന്റെ ആകാശഗംഗ, ഓട്ടോഗ്രാഫ്(തമിഴ്) എന്നീ ചിത്രങ്ങൾ ചിത്രീകരിച്ചതും ഇവിടെയാണ്‌. ആറാം തമ്പുരാനിലെ വീടിന്റെ ഉൾഭാഗങ്ങൾ, എന്ന്‌ നിന്റെ മൊയ്തീനിലെ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ വീട്‌ എന്നീ ഭാഗങ്ങളും ഇവിടെയാണ്‌ ചിത്രീകരിച്ചത്‌.

ഇതും കാണുക

[തിരുത്തുക]

വരിക്കാശ്ശേരി മന

പൂമുള്ളി മന

കേളോത്ത് തറവാട്

അവലംബം

[തിരുത്തുക]
  1. മലയാള മനോരമ [1] ശേഖരിച്ചത് 2019 ജൂലൈ 20
  2. മാതൃഭൂമി ദിനപത്രം [2] Archived 2019-07-20 at the Wayback Machine. ശേഖരിച്ചത് 2019 ജൂലൈ 20
"https://ml.wikipedia.org/w/index.php?title=ഒളപ്പമണ്ണ_മന&oldid=3898092" എന്ന താളിൽനിന്ന് ശേഖരിച്ചത്