Jump to content

ഓഗസ്റ്റ് കെക്കുലെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓഗസ്റ്റ് കെക്കുലെ
ഓഗസ്റ്റ് കെക്കുലെ
ജനനം(1829-09-07)7 സെപ്റ്റംബർ 1829
ഡാംസ്റ്റഡ്, ജർമ്മനി
മരണം13 ജൂലൈ 1896(1896-07-13) (പ്രായം 66)
ദേശീയതജർമ്മൻ
അറിയപ്പെടുന്നത്രാസഘടനാ സിദ്ധാന്തം
കാർബണിന്റെ ടെട്രാവാലെൻസി
ബെൻസീനിന്റെ വലയ ഘടന
പുരസ്കാരങ്ങൾകോപ്ലി മെഡൽ (1885)
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾഹെയ്ഡൽബെർഗ് സർവ്വകലാശാല
ഘെന്റ് സർവ്വകലാശാല
ബോൺ സർവ്വകലാശാല
ഡോക്ടറൽ വിദ്യാർത്ഥികൾJacobus Henricus van 't Hoff,
Hermann Emil Fischer,
Adolf von Baeyer,
Richard Anschütz
സ്വാധീനങ്ങൾAlexander William Williamson
Charles Frédéric Gerhardt
Auguste Laurent
William Odling
Charles Adolphe Wurtz

ജർമ്മനിയിൽ ജനിച്ച പ്രശസ്ത രസതന്ത്ര ശാസ്ത്രജ്ഞനാണ് ഫ്രീഡ്റിച്ച് ഓഗസ്റ്റ് കെക്കുലെ (ജർമ്മൻ ഉച്ചാരണം:ˈfriːdrɪç ˈaʊɡʊstˈkekuːle fɔn ʃtraˈdoːnɪts ) (1829 സെപ്റ്റംബർ 7 - 1896 ജൂലൈ 13) [2]

തൻമാത്രകളുടെ രാസഘടനയെ സംബന്ധിക്കുന്ന സൈദ്ധാന്തിക ദർശനത്തിൻറെ ഉപജ്ഞാതാവായ ഇദ്ദേഹം 1865-ൽ ബെൻസീൻ തൻമാത്രയുടെ വലയ ഘടന (Ring Structure) കണ്ടെത്തിയതിലൂടെ ലോകപ്രശസ്തനായി.[2] ഒരിക്കൽ ഉറങ്ങുന്ന സമയത്തു കണ്ട ഒരു സ്വപ്നത്തിന്റെ അടിസ്ഥാനത്തിലാണ് ബെൻസീന്റെ വലയ ഘടന സിദ്ധാന്തം അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.[2] ഓർഗാനിക് രസതന്ത്രത്തിൽ നൽകിയ സംഭാവനകൾ പ്രധാനപ്പെട്ടവയാണ്.

കുട്ടിക്കാലം

[തിരുത്തുക]

1829 സെപ്റ്റംബർ 7-നു ജർമ്മനിയിലെ ഡാംസ്റ്റഡിൽ ജനനം.[2] കുട്ടിക്കാലം മുതൽക്കെ ഗണിതശാസ്ത്രത്തിലും ചിത്രരചനയിലും മികവ് പുലർത്തിയിരുന്ന കെക്കുലെയെ ഒരു ആർക്കിടെക്ടാക്കണമെന്നായിരുന്നു മാതാപിതാക്കൾ ആഗ്രഹിച്ചത്. എന്നാൽ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത് രസതന്ത്രത്തെയായിരുന്നു.[3]

വിദ്യാഭ്യാസം

[തിരുത്തുക]

1852-ൽ ഗീസെൽ സർവ്വകലാശാലയിൽ നിന്നും ഡോക്ടറൽ ബിരുദം നേടി.അതിനുശേഷം ഫ്രാൻസിലും സ്വിറ്റ്സർലാന്റിലും തുടർന്ന് ഇംഗ്ലണ്ടിലും റിസർച്ച് അസിസ്റ്റന്റായി പ്രവർത്തിച്ചു.[3] ഹെയ്ഡൽബെർഗ് സർവ്വകലാശാലയിലാണ് ആദ്യം തൊഴിൽ ലഭിച്ചത്. തുടർന്ന് ബെൽജിയത്തെ ഘെന്റ് സർവ്വകലാശാല (Ghent University)യിൽ പ്രൊഫസറാകുവാനുള്ള ക്ഷണം ലഭിക്കുകയും അത് സ്വീകരിച്ചുകൊണ്ട് രസതന്ത്രം പഠിപ്പിക്കുകയും ചെയ്തു.[2]

രാസഘടനയെക്കുറിച്ചുള്ള സങ്കൽപ്പനങ്ങൾ

[തിരുത്തുക]

ഘെന്റ് സർവ്വകലാശാലയിൽ രസതന്ത്രം പഠിപ്പിക്കുന്ന സമയത്താണ് തൻമാത്രകളുടെ രാസഘടനയെപ്പറ്റിയുള്ള കാര്യങ്ങൾ കെകുലെയുടെ ശ്രദ്ധയാകർഷിക്കുന്നത്. രാസസംയുക്തങ്ങളുടെ തൻമാത്രാ ഘടനയെ ചെറിയ വരകൾ കൊണ്ട് സൂചിപ്പിക്കാനാകുമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ പഠിപ്പിച്ചു.[2] ഇതുതന്നെയാണ് പിന്നീട് രാസഘടനാ സിദ്ധാന്തമായി അദ്ദേഹം അവതരിപ്പിച്ചത്. തൻമാത്രകളുടെ രാസഘടനയെ സംബന്ധിച്ച ആദ്യത്തെ സൈദ്ധാന്തിക ദർശനമായിരുന്നു അത്.[2]

കാർബൺ ആറ്റങ്ങൾ തമ്മിൽ ബന്ധനത്തിലേർപ്പെട്ട് ചെയിൻ സംയുക്തങ്ങളുണ്ടാകുന്നുവെന്ന് കെക്കുലെയും ആർക്കിബാൾഡ് സ്കോട്ട് കൂപ്പർ എന്ന രസതന്ത്രജ്ഞനും സ്വതന്ത്രമായി കണ്ടെത്തിയിരുന്നു. 1857-58 കാലഘട്ടത്തിലായിരുന്നു അത്.[4] കാർബണിന്റെ സംയോജകത 4 (Tetravalent) ആണെന്നു മനസ്സിലാക്കുവാൻ സഹായിച്ച കണ്ടെത്തലായിരുന്നു അത്.[4] വർഷങ്ങളായി രസതന്ത്രജ്ഞരെ കുഴക്കിയിരുന്ന കാർബണിക സംയുക്തങ്ങളുടെ സ്വഭാവം വിശദീകരിക്കുവാൻ ഈ കണ്ടെത്തൽ സഹായകരമായി.[4]

ബെൻസീനിന്റെ വലയ ഘടനയുടെ കണ്ടെത്തൽ

[തിരുത്തുക]
കെക്കുലെയുടെ ബെൻസീൻ ഘടന

പത്തൊൻപതാം നൂറ്റാണ്ട് മുതൽ വ്യവസായികമായി ഉൽപാദിപ്പിച്ചിരുന്ന രാസവസ്തുവാണ് ബെൻസീൻ. 1825-ൽ മൈക്കേൽ ഫാരഡെയാണ് ഈ സംയുക്തത്തെ കണ്ടെത്തിയത്. എണ്ണ, തെർമൽ ഗ്രീസ് എന്നിവകൊണ്ടുള്ള കറകൾ നീക്കം ചെയ്യുവാനായി ബെൻസീൻ വ്യാപകമായി ഉപയോഗിക്കുന്നു.[2] ബെൻസീനിൽ നിന്നും ഉൽപാദിപ്പുന്ന അനേകം സംയുക്തങ്ങളുമുണ്ട്.

ബെൻസീനിന്റെ ഘടനയെപ്പറ്റി വിശദീകരിക്കുവാൻ അക്കാലത്തെ രസതന്ത്രജ്ഞർക്കൊന്നും കഴിഞ്ഞിരുന്നില്ല. രാസസംയുക്തങ്ങളുടെ ഘടനയെക്കുറിച്ച് പഠനം നടത്തിയിരുന്ന കെക്കുലെ ബെൻസീനിന്റെ ഘടന കണ്ടെത്തുവാൻ ശ്രമിച്ചു. ഒടുവിൽ 1865-ൽ ബെൻസീനിന്റെ വലയഘടന സംബന്ധിച്ച പ്രബന്ധം അദ്ദേഹം ഒരു ഫ്രഞ്ച് ജേർണലിൽ പ്രസിദ്ധീകരിച്ചു. തുടർന്ന് ഒരു ജർമ്മൻ ജേർണലിലും ഈ കണ്ടെത്തൽ അവതരിപ്പിക്കപ്പെട്ടു. കെക്കുലെയെ ലോകപ്രശസ്തനാക്കിയ കണ്ടുപിടിത്തമായിരുന്നു അത്. മഹത്തായ ഈ കണ്ടുപിടിത്തത്തിൻറെ 150-ആം വാർഷികമായിരുന്നു 2015-ൽ.[2]

ബെൻസീനിന്റെ വലയ ഘടന കണ്ടെത്തിയതിന്റെ 25-ആം വാർഷികാഘോഷങ്ങൾ ജർമ്മൻ കെമിക്കൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടു. അവിടെ ഒരു പ്രഭാഷണവേദിയിൽ വച്ച് കെക്കുലെ ആ രഹസ്യം തുറന്നുപറഞ്ഞു. താൻ കണ്ട ഒരു സ്വപ്നത്തിൽ നിന്നുമാണ് ബെൻസീനിന്റെ വലയഘടന എന്ന ആശയമുണ്ടായതെന്ന സത്യം അദ്ദേഹം വെളിപ്പെടുത്തി.[2]

കെക്കുലെ കണ്ട സ്വപ്നം

[തിരുത്തുക]
കെക്കുലെയുടെ ബെൻസീൻ ഘടന ഊറൊബോറസ് രൂപത്തിൽ

കെക്കുലെ തന്റെ സ്വപ്നത്തെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമായിരുന്നു.

1861-ലെ ഒരു മഞ്ഞുകാലമായിരുന്നു അത്. ഒരു കസേരയിലിരുന്ന് എന്റെ Lehrbuch എന്ന ബുക്ക് എഴുതുകയായിരുന്നു ഞാൻ. എന്നാൽ അത് പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല. എന്റെ മനസ്സ് അപ്പോൾ മറ്റെവിടെയോ ആയിരുന്നു. കസേര നെരിപ്പോടിനു മുമ്പിൽ നീക്കിയിട്ട് പാതിമയങ്ങുവാൻ തുടങ്ങി. അതാ...എന്റെ കണ്ണുകൾക്കുമുമ്പിൽ ആറ്റങ്ങൾ നൃത്തം വയ്ക്കുന്നു. !!

ചെറിയ ആറ്റങ്ങൾ വലിയ ആറ്റങ്ങൾക്കു പിന്നിൽ അണിനിരന്നു. അവ വിവിധ രൂപങ്ങളുണ്ടാക്കുന്നു. നീണ്ട വരികളിൽ...വിവിധ രീതികളിൽ..അവ കൂടിച്ചേരുന്നു. കൂടാതെ അവ ഒരു പാമ്പിനെപ്പോലെ വളഞ്ഞുപുളയുകയും തിരിയുകയും ചെയ്യുന്നു. നോക്കൂ...എന്താണത്..?? വലിയ ആറ്റങ്ങൾ ചെറിയ ആറ്റങ്ങളെ ഞെരിക്കുന്നു... ഒരു പാമ്പ് സ്വന്തം വാൽ വായ്ക്കുള്ളിലാക്കുന്നതായ രൂപം....!!! മിന്നലേറ്റതുപോലെ ഞാൻ ഞെട്ടിയുണർന്നു. ആ രാത്രി മുഴുവൻ എന്റെ ചിന്ത ആ സ്വപ്നത്തെക്കുറിച്ചായിരുന്നു... [3]

ഒരു പാമ്പ് തന്റെ വാൽ വിഴുങ്ങുന്ന രൂപത്തിന്റെ സങ്കൽപ്പം പല പുരാതന ഗ്രന്ഥങ്ങളിലുമുണ്ട്. ഊറൊബോറസ് എന്നാണ് ഇത്തരം രൂപങ്ങളുടെ പേര്. തന്റെ സ്വപ്നത്തിൻറെ അടിസ്ഥാനത്തിൽ കെക്കുലെ ബെൻസീനിന്റെ തൻമാത്രാ ഘടന രൂപീകരിക്കുവാൻ ശ്രമിച്ചു. ആറ് കാർബൺ ആറ്റങ്ങളും ആറ് ഹൈഡ്രജൻ ആറ്റങ്ങളും ഒന്നിടവിട്ടുള്ള ദ്വിബന്ധനത്താൽ നിൽക്കുന്ന ഷഡ്ഭുജ ഘടനയാണ് അദ്ദേഹം ബെൻസീനിനു നൽകിയത്.[2]

വിമർശനങ്ങൾ

[തിരുത്തുക]

ബെൻസീനിന്റെ വലയഘടന കണ്ടെത്തി 25 വർഷം കഴിഞ്ഞ് 1890-ലാണ് കെക്കുലെ തന്റെ സ്വപ്നത്തെക്കുറിച്ച് പറയുന്നത്. അതിനാൽ തന്നെ അദ്ദേഹത്തിനു ഒട്ടേറെ വിമർശനങ്ങൾ നേരിടേണ്ടി വന്നു. ഇല്ലിനോയിസ് സർവ്വകലാശാലയിൽ ഇതേക്കുറിച്ച് ഗവേഷണം നടത്തിയ ഡോ. ജോൺ വോട്ടിസ് പറഞ്ഞത് കെക്കുലെയുടെ സ്വപ്നം വെറും കെട്ടുകഥയാണെന്നാണ്.[2]

1854-ൽ പാരീസിൽ നിന്നും പ്രസിദ്ധീകരിച്ച 'മെത്തോഡെഡി കെമി' എന്ന ജേർണലിൽ അഗസ്റ്റെ ലൗറന്റ് എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞന്റേതായി വന്ന പ്രബന്ധത്തിൽ ബെൻസീനിന്റെ വലയ ഘടനയുടെ ചിത്രമുൾപ്പടെയുള്ള വിവരങ്ങളുണ്ടായിരുന്നു.[2] കെക്കുലെ സ്വപ്നം കണ്ടത് ഇതും കഴിഞ്ഞ് 1861-ലായിരുന്നു.

1855-ൽ ലണ്ടൻ നഗരത്തിലൂടെ കുതിരവണ്ടിയിൽ സഞ്ചരിക്കുമ്പോൾ ഉറങ്ങിയ സമയത്താണ് താൻ സ്വപ്നം കണ്ടതെന്ന് കെക്കുലെ തന്നെ ഒരിക്കൽ മാറ്റിപ്പറഞ്ഞു.കെക്കുലെയുടെ സ്വപ്നദർശനത്തിനു മുമ്പ് ചില ശാസ്ത്രജ്ഞർ ബെൻസീനിന്റെ വലയഘടനയെപ്പറ്റി സൂചിപ്പിച്ചിട്ടുള്ളതായും പറയപ്പെടുന്നു.[2]

അന്ത്യഘട്ടം

[തിരുത്തുക]

ബെൻസീൻ ഘടനയുടെ കണ്ടെത്തലിനു ശേഷം 1867 മുതൽ 1896 വരെ കെക്കുലെ ജർമ്മനിയിലെ ബോൺ സർവ്വകലാശാലയിൽ പ്രൊഫസറായി ജോലി ചെയ്തു.[3] തന്റെ അന്ത്യനാളുകളിൽ കെക്കുലെ ഈ സർവ്വകലാശാലയിലായിരുന്നു.1896 ജൂലൈ 13-ന് അന്തരിച്ചു. [3]

പുരസ്കാരങ്ങൾ

[തിരുത്തുക]

ശാസ്ത്ര മേഖലയിൽ നൽകുന്ന കോപ്ലി മെഡൽ ഓർഗാനിക് രസതന്ത്രത്തിലെ ഗവേഷണങ്ങൾക്ക് 1885-ൽ ലഭിച്ചത് കെക്കുലെയ്ക്കായിരുന്നു.[5]

അവലംബം

[തിരുത്തുക]
  1. Russell, Colin (2003). Edward Frankland: Chemistry, Controversy and Conspiracy in Victorian England. Cambridge University Press. ISBN 978-0-521-54581-5. It may be noticed in passing that the connection once made between Kolbe's cautious attitude to molecular structure and his alleged agnosticism in religion now seems thoroughly misplaced. Kolbe, son of a Lutheran pastor and apparently sharing his faith, is in sharp contrast to his rivals who were 'younger upper-middle class urban liberals and agnostics, such as Kekule'.
  2. 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 2.11 2.12 2.13 'വിശ്വവിഖ്യാത സ്വപ്നം', മലയാള മനോരമ പഠിപ്പുര, കൊല്ലം എഡിഷൻ, 2015 ജൂലൈ 10
  3. 3.0 3.1 3.2 3.3 3.4 Famous Scientists.org എന്ന സൈറ്റിൽ നിന്നും 2015 ഓഗസ്റ്റ് 16-നു ശേഖരിച്ചത്
  4. 4.0 4.1 4.2 [http://www.chemheritage.org/discover/online-resources/chemistry-in-history/themes/molecular-synthesis-structure-and-bonding/kekule-and-couper.aspx 'August Kekulé and Archibald Scott Couper', ശേഖരിച്ചത്-2015 ഓഗസ്റ്റ് 16]
  5. 'Oxford DNB theme:Holders of the Copley Medal', Oxford University Press, 2004, Retrieved on 2009-02-15
"https://ml.wikipedia.org/w/index.php?title=ഓഗസ്റ്റ്_കെക്കുലെ&oldid=2897250" എന്ന താളിൽനിന്ന് ശേഖരിച്ചത്