കടന്നൽ
കടന്നൽ Wasp | |
---|---|
A social wasp, Vespula germanica | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder | |
Apocrita |
ഉറുമ്പുകളും തേനീച്ചകളുമായി ബന്ധമുള്ള ഒരു പ്രാണിയാണ് കടന്നൽ. (ഇംഗ്ലീഷ്: Wasp). കടുന്നൽ, കടന്തൽ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഷഡ്പദ വർഗത്തിലെ ഹൈമനോപ്റ്റെറയാണ് ഇതിന്റെ ഗോത്രം. ചില വിഭാഗങ്ങൾ ഒറ്റയായി കഴിയുന്നവയാണ്. മറ്റു ചിലതാകട്ടെ, സാമൂഹിക ജീവികളും. മിക്കവാറും എല്ലാ വിഭാഗങ്ങളിലേയും അംഗങ്ങൾക്കും പാടപോലെ നേർത്ത രണ്ടു ജോഡി ചിറകുകളുണ്ട്. ഇതിൽ മുൻചിറകുകൾ പിൻചിറകുകളെക്കാൾ എപ്പോഴും വലുതായിരിക്കും; രണ്ടിലും വളരെക്കുറച്ചു സിരകൾ കാണപ്പെടുന്നു. ഈ സിരകൾ യോജിച്ചു കൊശരൂപം കൈക്കൊള്ളുന്നതായി കാണാം.[1]
കടന്നൽക്കൂട്
[തിരുത്തുക]കൂടുകളുടെ കാര്യത്തിലും കടന്നലുകൾ വിഭിന്ന സ്വഭാവക്കാരാണ്; ചിലതു മാളങ്ങൾ ഉണ്ടാക്കുമ്പോൾ, മറ്റുചിലത് ചെളി ഉപയോഗിച്ച് കൂടുണ്ടാക്കുന്നു; ഇനിയും ചിലതാകട്ടെ, തടിയുടെ പാഴായിത്തുടങ്ങിയ ഭാഗങ്ങൾ ചവച്ചരച്ച് പൾപ്പ് പോലെയാക്കി, അതിൽനിന്നുണ്ടാക്കുന്ന ഒരുതരം പരുത്ത കടലാസ് ഉപയോഗിച്ചാണ് കൂടുണ്ടാക്കുന്നത്. ഹോർനിറ്റ് എന്നറിയപ്പെടുന്ന ഇനം കടന്നൽ താരതമ്യേന വലുതായിരിക്കും. കടന്നലുകളുടെ കുത്താനുള്ള കഴിവ് പ്രസിദ്ധമാണ്. താരതമ്യേന വലിയ ഇനങ്ങൾ കുത്തി മുറിവേൽപ്പിക്കാൻ മാത്രമല്ല അസഹനീയമായ വേദന ഉണ്ടാക്കാനും കഴിയും. പെൺകടന്നലുകൾക്കും പണിക്കാർക്കുമാണ് സാധാരണയായി കുത്താനുള്ള കഴിവുണ്ടായിരിക്കുക. മറ്റുള്ള ഷഡ്പദങ്ങൾക്കും ഇവയുടെ കുത്തു പലപ്പോഴും മാരകമായിത്തീരാറുണ്ട്. ചിലന്തികളെയും മറ്റും നിശ്ചേഷ്ടരാക്കാൻ പോന്നതാണ് ഈ വിഷം; മനുഷ്യന് വല്ലാത്ത വേദനയുണ്ടാക്കുന്നു.[2][3]
വിഭിന്നങ്ങളായ വിവിധതരം ഷഡ്പദങ്ങൾ
[തിരുത്തുക]വിഭിന്നങ്ങളായ വിവിധതരം ഷഡ്പദങ്ങളെ വിശേഷിപ്പിക്കുവാൻ ഉപയോഗിക്കുന്നതിനാൽ കടന്നൽ എന്ന വാക്കിനു ശാസ്ത്രീയമായി എന്തെങ്കിലും പ്രസക്തിയുണ്ടെന്നു പറയാനാവില്ല. സ്പൈഡർ വാസ്പുകൾ, കുക്കുവാസ്പുകൾ, വെൽവെറ്റ് ആന്റുകൾ, യഥാർഥ ഉറുമ്പുകൾ, യഥാർഥ കടന്നലുകൾ,പോട്ടർ വാസ്പുകൾ എന്നിവ ഓരോന്നു ഓരോപ്രത്യേക കുടുംബത്തിലെ അംഗങ്ങളാണ്; ഹോർനിറ്റ്സ്, യെലോ--ജാക്കറ്റ്സ് എന്നിവ മറ്റൊരു കുടുംബവും ഈ കുടുംബങ്ങളെല്ലാം ചേർന്നതാണ് വെസ്പോയ്ഡിയ എന്ന ഉപരികുടുംബം. സ്ഫീകോയ്ഡിയ എന്ന മറ്റൊരു ഉപരികുടുംബം ചില ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം കടന്നലുകൾ മാത്രം ഉൾക്കൊള്ളുന്നതാണ്; എന്നാൽ മറ്റൊരു വിഭാഗക്കാരാകട്ടെ തേനീച്ചകളെയാണ് ഇതിലുൾക്കൊള്ളിക്കുന്നത്. വടക്കേ അമേരിക്കയിൽ കാണപ്പെടുന്നവയിൽ ഏറ്റവും വലിപ്പം കൂടിയ ജയന്റ് സിക്കേഡ കില്ലർ, ത്രെഡ്--വെയ്സ്റ്റഡ് വാസ്പ് എന്നിവ ഈ വിഭാഗത്തിലെ അംഗങ്ങളാണ്.[4]
മുട്ടയിടുന്നത് അത്തിവൃക്ഷങ്ങളിൽ
[തിരുത്തുക]കൂടുണ്ടാക്കുന്നതിലും കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിലും കടന്നലുകൾ പ്രദശിപ്പിക്കുന്ന സങ്കീർണ സ്വഭാവത്താൽ ഇവയെക്കുറിച്ചു ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. ചില പ്രത്യേകയിനം അത്തിവൃക്ഷങ്ങളിൽ കാണപ്പെടുന്ന ഗാൾ--പുഷ്പങ്ങൾക്കു കാരണമായ ബ്ലാസ്റ്റ്ഫാഗഗ്രസ്സോറം എന്നയിനം പ്രത്യേക പരിഗണന അർഹിക്കുന്നു. ഈ ചെറിയ കടന്നൽ അത്തിയുടെ പൂക്കളിൽ ആണ് മുട്ടയിടുന്നത്. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ പൂക്കളുടെ അണ്ഡാശയ വികസനത്തെ തടയുകയും വിത്തുത്പാദനശേഷി ഇല്ലാതാക്കുകയും ചെയ്യുന്നു. തത്ഫലമായി അണ്ഡാശയങ്ങൾ വീർത്ത് ഒരു മുഴ (ഗാൾ) പോലെയാകുന്നതിനാലാണ് ഇതിനെ ഗാൾ--പുഷ്പം എന്നു വിളിക്കുന്നത്.[5]
വലിയ കടന്നലുകൾ
[തിരുത്തുക]വലിയയിനം കടന്നലുകളെ മൊത്തമായി വിശേഷിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പേരാണ് ഹോർനിറ്റ്; പ്രത്യേകിച്ച് കടലാസ് കൂടുണ്ടാക്കുകയും കഠിനമായി കുത്തുകയും ചെയ്യുന്ന കടന്നലുകൾ ഈ പേരിൽ മാത്രമാണ് അറിയപ്പെടുന്നത്.
ഒരിനം യൂറോപ്യൻ കടന്നലായ വെസ്പ ക്രാബ്രോയാണ് യഥാർഥ ഹോനിറ്റ്. ഈയിനം കടന്നലുകളെല്ലാംതന്നെ സാമൂഹിക ജീവികളാണ്. തെക്കൻ യു. എസ്സിൽ കുറേക്കൂടി ചെറിയ ഒരു സ്പീഷീസും (വെസ്പ കാരലൈന) ഹോർനിറ്റ് എന്ന പേരിൽ അറിയപ്പെടുന്നുണ്ട്. വൈറ്റ്--ഫേസ്ഡ് ഹോർനിറ്റ് എന്ന ഇനമാണ് അമേരിക്കയിലെ സാധാരണ ഹോർനിറ്റ്.[6]
കൂട്ടമായി ജീവിക്കുന്നു
[തിരുത്തുക]മഞ്ഞയും കറുപ്പും ചേർന്ന നിറവും ശുണ്ഠിപിടിപ്പിക്കുന്ന സ്വഭാവവും ഹോർനിറ്റിന്റെ പ്രത്യേകതയാണ്. ഇതു കുത്തിയാലുള്ള വേദന അസഹനീയമായിരിക്കും. വൃക്ഷ കൊമ്പുകളിലും വീടിന്റെ മേൽക്കൂരകളിലും നിന്ന് തൂങ്ങിക്കിടക്കുന്ന പിയർ പഴത്തിന്റെ ആകൃതിയുള്ളതുമായ (അപൂർവമായി വൃത്താകാരവും ആകാറുണ്ട്) കൂടിന്റെ ഏതെങ്കിലും വശത്തായി ഒരു ചെറിയ ദ്വാരം കാണും. ഇതാണ് കൂടിലേക്കുള്ള പ്രവേശനദ്വാരം. ഒരു കൂടിനുള്ളിൽ അയ്യായിരം വരെ ഹോർനിറ്റുകൾ ഉണ്ടാവും.
ഏതാണ്ട് തേനീച്ചകളെ പോലെ തന്നെ ജീവിക്കുകയും ജോലികൾ നിർവഹിക്കുകയും ചെയ്യുന്ന ഈ ജീവികളുടെയും പ്രധാന ഭക്ഷണം പൂക്കളിലെ തേൻ തന്നെയാണ്. അന്നജമടങ്ങുന്ന ഭക്ഷണപദാർഥങ്ങളാണ് പ്രായമായ ഹോർനിറ്റുകൾക്കിഷ്ടം; എന്നാൽ ഇവയുടെ കുഞ്ഞുങ്ങളാകട്ടെ, പ്രോട്ടീൻ ധാരാളം കിട്ടുന്നതിനു പറ്റിയ മറ്റുജീവികളുടെ ലാർവകളെ (caterpillars) യാണ് ഇഷ്ടപ്പെടുന്നത് (ഉദാ; കെൻസിഡുകൾ). ബാക്റ്റീരിയ, ഫങ്ഗസ് എന്നിവ ഹോർനിറ്റുകളെ ആക്രമിക്കുക അപൂർവമല്ല ഇവയ്ക്കു ധാരാളം ഷഡ്പദ--ശത്രുക്കളും ഉണ്ട്. ഇക്കൂട്ടത്തിൽ ഇവ ശേഖരിക്കുന്ന ഭക്ഷണം മോഷ്ടിച്ചു കൊണ്ടുപോകുന്ന മറ്റുഹോർനിറ്റുകളാണ് ഇവയുടെ ഏറ്റവും വലിയ ശത്രുക്കൾ. ഇവയുടെ അംഗസംഖ്യ അനിയന്ത്രിതമായി പെരുകാതിരിക്കുന്നതിനുള്ള കാരണങ്ങളും മേല്പറഞ്ഞവ തന്നെ.[7]
കടന്നൽക്കൂട്ടിൽ കല്ലെറിയുക എന്നത് മലയാളത്തിൽ രൂഢമൂലമായ ഒരു ശൈലിയാണ്. ഇംഗ്ലീഷിലും ഏതാണ്ടിതേ ശൈലി - To stir up a hornet's nest - പ്രചാരത്തിലുണ്ട്. Com, com, you wasp; you are too angry -- എന്ന ഷേക്സ്പിയറുടെ സുപ്രസിദ്ധമായ പ്രയോഗവും കടന്നലിന്റെ ശുണ്ഠിയെപറ്റി വളരെ പണ്ടുതന്നെ മനുഷ്യൻ ബോധവാനായിരുന്നു എന്നതിനു തെളിവാണ്. കടന്നൽക്കുത്തേറ്റും നൃപശിതശരംകൊണ്ടുമവശം കടന്നാർ നിശ്ശേഷം ശിഥിലമുലകിലാശ്വാദിക ബലം എന്നിങ്ങനെ കടന്നൽകുത്തേറ്റ് മുകിലസൈന്യം തോറ്റു മണ്ടുന്നത് മഹാകവി ഉള്ളൂർ ഉമാകേരളത്തിൽ വർണിച്ചിരിക്കുന്നു. മറ്റു പല ജീവികളെയും പോലെ കടന്നലിനു സാഹിത്യത്തിൽ ലഭിച്ചിട്ടുള്ള സ്ഥാനത്തിന് ഇവ ദൃഷ്ടാന്തങ്ങളാണ്.
അവലംബം
[തിരുത്തുക]- ↑ http://www.earthlife.net/insects/hymenop.html Ants, Bees, Wasps and their Allies (The Hymenoptera)
- ↑ http://www.discoverlife.org/20/q?search=Hymenoptera HymenopteraAnts; Bees; Wasps; Sawflies; Horntails; Ichneumons; Mud daubers; Cow killers; Cicada killers
- ↑ http://emedicine.medscape.com/article/768764-overview Hymenoptera Stings
- ↑ http://www.canacoll.org/Hym/Main/hymenopt.htm Archived 2010-01-15 at the Wayback Machine. HYMENOPTERA (SAWFLIES, PARASITIC WASPS, ANTS, WASPS, BEES)
- ↑ http://www.bumblebee.org/invertebrates/Hymenoptera.htm Hymenoptera (bees, ants, wasps (social and solitary) & saw flies)
- ↑ http://www.immunocapinvitrosight.com/dia_templates/ImmunoCAP/Allergen____28044.aspx Archived 2010-05-28 at the Wayback Machine. i2 White-faced hornet
- ↑ http://www.gardensafari.net/english/wasps.htm Introduction to Wasps, Sawflies, Ants and Bees (Hymenoptera)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://bugguide.net/node/view/59
- [1] Hymenoptera
- http://www.insects.org/entophiles/hymenoptera Archived 2010-07-27 at the Wayback Machine.
- http://www.answers.com/topic/hymenoptera-1
- http://zsi.gov.in/zoological-survey-of-india/zsi-data/checklist/Checklist_of_Scoliidae.pdf
- http://www.fpnotebook.com/ER/DER/HymnptrStng.htm Archived 2011-05-28 at the Wayback Machine.