Jump to content

കമ്മ്യൂണൽ അവാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1932 ഓഗസ്റ്റ് 16-ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസെ മക്ഡൊണാൾഡ് നടത്തിയ പ്രഖ്യാപനമാണ് കമ്മ്യൂണൽ അവാർഡ് (Communal Award). ബ്രിട്ടീഷ് ഇന്ത്യയിലെ ഫോർവേഡ് കാസ്റ്റ്, ഷെഡ്യൂൾഡ് കാസ്റ്റ്, മുസ്ലീങ്ങൾ, ബുദ്ധമതക്കാർ, സിക്കുകാർ, ഇന്ത്യൻ ക്രിസ്ത്യാനികൾ, ആംഗ്ലോ ഇന്ത്യക്കാർ, യൂറോപ്യൻമാർ, ഡിപ്രസ്ഡ് ക്ലാസുകൾ (ഇപ്പോൾ പട്ടികജാതിക്കാർ) എന്നീ വിഭാഗക്കാർക്ക് പ്രത്യേക നിയോജകമണ്ഡലങ്ങൾ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനമായിരുന്നു ഇത്. ഇവർക്ക് ചില സംവരണാനുകൂല്യങ്ങളും ഏർപ്പെടുത്തി.[1] പട്ടികജാതിക്കാർക്കു വേണ്ടി മാറ്റിവച്ചിട്ടുള്ള നിയോജകമണ്ഡലങ്ങളിൽ അവർക്കു വോട്ട് ചെയ്യാനുള്ള അനുമതിയും നൽകി.

ചരിത്രം

[തിരുത്തുക]

ഇന്ത്യാക്കാരുടെ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ബ്രിട്ടീഷുകാർ ലണ്ടനിൽ മൂന്ന് വട്ടമേശസമ്മേളനങ്ങൾ വിളിച്ചു ചേർത്തിരുന്നു. 1931-ൽ നടന്ന രണ്ടാം വട്ടമേശസമ്മേളനവും പരാജയപ്പെട്ടപ്പോഴാണ് കമ്മ്യൂണൽ അവാർഡ് പ്രഖ്യാപനമുണ്ടാകുന്നത്. ഇന്ത്യയുടെ സുഹൃത്ത് എന്ന നിലയിൽ ഇന്ത്യയിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണുക എന്ന ഉദ്ദേശത്തോടെയാണ് ഈ 'സമ്മാനം' നൽകുന്നതെന്ന് റാംസെ മക്ഡൊണാൾഡ് പ്രഖ്യാപിച്ചു. അയിത്ത ജാതിക്കാർക്ക് ഒരു സമ്മാനമെന്ന നിലയിൽ പ്രഖ്യാപിക്കപ്പെട്ട കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജിയുൾപ്പടെയുള്ള പലരും വിമർശനവുമായി രംഗത്തെത്തി.ഹിന്ദുക്കൾക്കിടയിൽ സാമൂഹിക ഭിന്നത സൃഷ്ടിക്കുന്നതിനായി ബ്രിട്ടീഷുകാർ കൊണ്ടുവന്നതായി ചിലർ വിശ്വസിച്ചതിനാൽ അവാർഡ് വിവാദമായിരുന്നു.  ഇത് ഹിന്ദു സമൂഹത്തെ ശിഥിലമാക്കുമെന്ന് ഗാന്ധി ഭയപ്പെട്ടു. എന്നാൽ അയിത്ത ജാതിക്കാരും ബി.ആർ. അംബേദ്ക്കറെ പോലുള്ള നേതാക്കളും കമ്മ്യൂണൽ അവാർഡിനെ പിന്തുണച്ചു. കമ്മ്യൂണൽ അവാർഡ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പൂനെയിലെ യെർവാഡാ ജയിലിൽ ഗാന്ധിജി നിരാഹാരസമരം ആരംഭിച്ചു.

പൂനെ ഉടമ്പടി

[തിരുത്തുക]

മുസ്ലീങ്ങൾക്കും സിക്കുകാർക്കും പ്രത്യേക സംവരണമണ്ഡലങ്ങൾ ഏർപ്പെടുത്തുന്നതിനെ ഗാന്ധിജി പിന്തുണച്ചുവെന്നും പട്ടിക ജാതിക്കാർക്ക് സംവരണം നൽകുന്നതിനെയാണ് അദ്ദേഹം എതിർത്തിരുന്നതെന്നുമാണ് അംബേദ്കർ അഭിപ്രായപ്പെട്ടത്. അയിത്ത ജാതിക്കാർക്ക് സംവരണം ഏർപ്പെടുത്തുന്നതിലൂടെ ഹിന്ദു സമുദായത്തിലും കോൺഗ്രസ് പാർട്ടിയിലും പിളർപ്പുണ്ടാക്കുമെന്ന് ഗാന്ധിജി ഭയന്നിരുന്നുവെന്നും അംബേദ്കർ വിശ്വസിക്കുന്നു. ഗാന്ധിജിയും അംബേദ്കറും തമ്മിലുള്ള ആശയസംഘട്ടനങ്ങൾ തുടർന്നുകൊണ്ടിരുന്നു. ഹിന്ദുക്കൾക്കെല്ലാം ഒരുപോലെ സംവരണമണ്ഡലങ്ങൾ ഏർപ്പെടുത്താമെന്നും ആവശ്യമെങ്കിൽ പട്ടിക ജാതിക്കാർക്ക് അതിനുള്ളിൽ തന്നെ സംവരണം നൽകാമെന്നുമുള്ള വ്യവസ്ഥയിൻമേൽ പ്രശ്നം ഒത്തുതീർപ്പാക്കി. ഈ ഒത്തുതീർപ്പിനെയാണ് പൂനാ കരാർ എന്നുവിശേഷിപ്പിക്കുന്നത്. മറ്റു മതങ്ങളായ മുസ്ലീം, ബുദ്ധമതം, സിക്കുമതം, ഇന്ത്യൻ ക്രിസ്ത്യാനികൾ, ആംഗ്ലോ-ഇന്ത്യക്കാർ, യൂറോപ്യൻമാർ എന്നീ വിഭാഗക്കാർക്കെല്ലാം ചേർത്ത് സംവരണമണ്ഡലം ഏർപ്പെടുത്താമെന്നും തീരുമാനമായി.

പഞ്ചാബിലെ സിക്കു വിഭാഗക്കാരുടെ സംഘടനയായ അകാലി ദളും കമ്മ്യൂണൽ അവാർഡിനെ വിമർശിച്ചിരുന്നു. പഞ്ചാബിലെ സംവരണമണ്ഡലങ്ങളിൽ 51% മുസ്ലീങ്ങൾക്കും 30% ഹിന്ദുക്കൾക്കും നൽകിയപ്പോൾ ദളിനു ലഭിച്ചത് 19% മാത്രമായിരുന്നു.[2][3]

അവലംബം

[തിരുത്തുക]
  1. Helen M. Nugent, "The communal award: The process of decision‐making." South Asia: Journal of South Asian Studies 2#1-2 (1979): 112-129.
  2. Asgharali Engineer (2006). They too fought for India's freedom: the role of minorities. Hope India Publications. p. 177. ISBN 978-81-7871-091-4.
  3. Bipan Chandra (1989). India's Struggle for Independence. Penguin India. p. 290. ISBN 978-0-140-10781-4.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Nugent, Helen M. "The communal award: The process of decision‐making." South Asia: Journal of South Asian Studies 2#1-2 (1979): 112-129.

Menon, V.P. (1998). Transfer of Power in India. Orient Blackswan. p. 49. ISBN 978-81-250-0884-2.

"https://ml.wikipedia.org/w/index.php?title=കമ്മ്യൂണൽ_അവാർഡ്&oldid=3778517" എന്ന താളിൽനിന്ന് ശേഖരിച്ചത്