കമർബാനു വലിയകത്ത്
കമർബാനു വലിയകത്ത് | |
---|---|
ജനനം | കമർബാനു |
തൊഴിൽ | കവയിത്രി, സാഹിത്യകാരി |
ഭാഷ | മലയാളം |
ദേശീയത | ഇന്ത്യ |
Genre | കവിത, ചെറുകഥ |
ശ്രദ്ധേയമായ രചന(കൾ) | |
അവാർഡുകൾ |
|
പങ്കാളി | അബ്ദുൽ സലാം |
കുട്ടികൾ | ഹസ്ന, ഹനാൻ, ഹിബ, ഹിലാൽ |
രക്ഷിതാവ്(ക്കൾ) | വലിയകത്ത് കുഞ്ഞുമോൻ, ഖദീജ. |
കമർബാനു വലിയകത്ത് സമകാലിക മലയാള സാഹിത്യ വേദിയിലെ അറിയപ്പെടുന്ന ഒരു പ്രവാസി എഴുത്തുകാരിയാണ്. അവരുടെ ഏറ്റവും ശ്രദ്ധേയമായ കൃതി 12 ചെറുകഥകൾ അടങ്ങിയ “ബഷീറും സുഹ്റയും പിന്നെ ചന്ദ്രികയും” എന്ന കഥാസമാഹാരം ആണ്. ഈ പുസ്തകം 2023 ലെ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽവച്ച് പ്രകാശനം ചെയ്യപ്പെട്ടു.[1] പുസ്തകരൂപത്തിൽ പുറത്തിറങ്ങിയ അവരുടെ ആദ്യ കൃതിയായ "ഗുൽമോഹറിതളുകൾ" എന്ന കവിതാ സമാഹാരം 2022 ഒക്ടോബറിൽ നടന്ന റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽവച്ചാണ് ആദ്യമായി പ്രകാശനം ചെയ്യപ്പെട്ടത്.[2][3] പിന്നീട് പ്രഥമ കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കലാ, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച സാഹിത്യകാരന്മാരുടെ 16 ഗ്രന്ഥങ്ങളോടൊപ്പം ‘ഗുൽമോഹറിതളുകൾ’, ‘പ്രണയഭാഷ’ എന്നീ രണ്ട് കൃതികളുടെ പ്രകാശനം തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവ്വഹിച്ചിരുന്നു.[4][5][6][7][8] തൻറെ പ്രവാസ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ അവർ കുറിച്ചുവച്ച ഇരുന്നൂറിലധികം വരുന്ന കവിതകളിൽ നിന്ന് ശ്രദ്ധാപൂർവ്വം തെരഞ്ഞെടുത്ത 28 കവിതകളാണ് ഗുൽമോഹറിതളുകൾ എന്ന പുസ്തകത്തിൻറെ ഉള്ളടക്കം. തറവാടിനു സമീപത്തെ പൂത്തുലഞ്ഞ വാകമരങ്ങളിൽ നിന്നുതിരുന്ന പൂക്കൾ വിരിച്ച വഴിയോരത്തിൻറെ വർണ്ണാഭമായ ഓർമ്മകളാണ് എഴുത്തുകാരിയുടെ ഉള്ളിൽനിന്ന് കവിതകളായി പുനർജ്ജനിക്കുന്നത്. രണ്ടാമത്തെ പുസ്തകമായ "പ്രണയഭാഷ"യിൽ ആകെ 33 കവിതകൾ അടങ്ങിയിട്ടുണ്ട്. 2023 ലെ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷപരിപാടികളുടെ ഭാഗമായ ഭാരതീയം ചടങ്ങിൽവച്ച് കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഇടശ്ശേരി ഗോവിന്ദൻ നായർ സ്മാരക പുരസ്കാരം അവർക്ക് ലഭിച്ചിരുന്നു.[9]
ജീവിതരേഖ
[തിരുത്തുക]കേരളത്തിലെ പാലക്കാട് ജില്ലയിൽ വലിയകത്ത് തറവാട്ടിൽ കുഞ്ഞുമോൻ, ഖദീജ ദമ്പതികളുടെ മകളായി ഒരു സാഹിത്യവാസനയുള്ള കുടുംബത്തിലായിരുന്നു കമർബാനുവിൻറെ ജനനം. ബാല്യകാലത്തുതന്നെ എഴുത്തിനോട് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്ന അവരുടെ സാഹിത്യ പ്രവേശനത്തിനുള്ള പ്രധാന പ്രചോദനം അക്ഷര സ്നേഹിയായിരുന്ന പിതാവും സാഹിത്യത്തിൽ കമ്പമുള്ള സഹോദരിയുമായിരുന്നു. തിരക്കിനിടയിൽ വീണുകിട്ടുന്ന ഇടവേളകളിൽ കുറിച്ചിരുന്ന ആദ്യകാല രചനകളിൽ ചിലതു മാത്രമേ വെളിച്ചം കണ്ടിട്ടുള്ളൂ. പാലക്കാട് വിക്റ്റോറിയ കോളേജിലാണ് ഉന്നത വിദ്യാഭ്യാസം നിർവ്വഹിച്ചത്. പ്രവാസ ജീവിതത്തിലേയ്ക്ക് കാലെടുത്തുവയ്ക്കുന്ന കാലത്ത് സാഹിത്യ രചനകൾക്കായി കൂടുതൽ സമയം കണ്ടെത്തിയ അവരുടെ ആദ്യ ലേഖനമായ ‘നീതിബോധം’ ജിദ്ദയിലെ ഒരു സാഹിത്യ കൂട്ടായ്മായ കലാസാഹിതിയുടെ കാഴ്ച്ച എന്ന മാഗസിനിൽ അച്ചടിച്ചുവന്നു. ജിദ്ദയിലെ കലാസാംസ്കാരിക രംഗത്തെ പ്രവർത്തനങ്ങളിലൂടെയാണ് അവർ പൊതുരംഗത്ത് അറിയപ്പെട്ടു തുടങ്ങിയത്. റിയാദിലേയ്ക്ക് ചുവട് മാറിയപ്പോൾ ചെരാത് എന്ന മാഗസിനിൽ എഴുതാൻ സമയം കണ്ടെത്തിയിരുന്നു. ജീവിതാനുഭവങ്ങളാണ് അവരുടെ മിക്ക കഥകളുടേയും കവിതകളുടേയും പ്രധാന സ്രോതസ് എന്നു പറയാവുന്നത്. നിലവിലെ കാവ്യ സങ്കൽപ്പങ്ങൾക്ക് വിപരീതമായ ഒരു കവിതാ ശൈലിയാണ് അവർ അനുവർത്തിക്കുന്നത്. മുമ്പ് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ ഇന്റർനാഷണൽ ഇന്ത്യൻ പബ്ലിക് സ്കൂൾ, റിയാദ് അദ്ധ്യാപികയായി പ്രവർത്തിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ റിയാദിൽ മെഡ്ഗൾഫ് ഇൻഷുറൻസ് കമ്പനിയിലെ ഉദ്യോഗസ്ഥനായ അബ്ദുൽ സലാം ആണ് ഭർത്താവ്. ഡോ.ഹസ്ന, ഡോ.ഹനാൻ, ഹിബ, ഹിലാൽ എന്നിവരാണ് കുട്ടികൾ.
പ്രധാന കൃതികൾ
[തിരുത്തുക]- ഗുൽമോഹറിതളുകൾ (കവിതാ സമാഹാരം) - ഹരിതം ബുക്സ്[10]
- പ്രണയഭാഷ (കവിതാ സമാഹാരം) - ഹരിതം ബുക്സ്.
- ബഷീറും സുഹ്റയും പിന്നെ ചന്ദ്രികയും (കഥാസമാഹാരം) - ഹരിതം ബുക്സ്.
അവലംബം
[തിരുത്തുക]- ↑ "കമർബാനുവിന്റെ 'ബഷീറും സുഹ്റയും പിന്നെ ചന്ദ്രികയും' ഷാർജ രാജ്യാന്തര പുസ്തകമേളയിൽ".
- ↑ "https://www.malayalamnewsdaily.com/node/678291/saudi/riyadh-book-fair-starts-tomorrow". Retrieved റിയാദ് അന്താരാഷ്ട്ര പുസ്തകമേള നാളെ തുടങ്ങുന്നു, മലയാളത്തിനും സാന്നിധ്യം.
{{cite web}}
: Check date values in:|access-date=
(help); External link in
(help)|title=
- ↑ "മേളയിൽ പുതുചരിത്രമെഴുതി മലയാളിമൂല".
- ↑ "പുത്തൻ പുസ്തകങ്ങളുടെ മേള; ആദ്യ ദിനം പ്രകാശനം ചെയ്തത് 16 പുസ്തകങ്ങൾ".
- ↑ "ജനാധിപത്യ അട്ടിമറികൾക്കു പോലും സാധൂകരണം നൽകുന്ന നിലപാടാണു മാധ്യമങ്ങൾക്ക്: എംബി രാജേഷ്".
- ↑ "കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം: ആദ്യ ദിനത്തിൽ പ്രകാശനത്തിന് പതിനാറ് പുസ്തകങ്ങൾ".
- ↑ "കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം: ആദ്യ ദിനത്തിൽ പ്രകാശനത്തിന് പതിനാറ് പുസ്തകങ്ങൾ".
- ↑ "പുത്തൻ പുസ്തകങ്ങളുടെ മേള".
- ↑ "പ്രവാസി എഴുത്തുകാരി കമർബാനുവിന് ഇടശ്ശേരി സ്മാരക പുരസ്കാരം സമ്മാനിച്ചു (/node/862301)".
- ↑ "'ഗുൽമോഹറിതളുകൾ' വിരിയുമ്പോൾ".