Jump to content

കല്പാത്തി-ശുചീന്ദ്രം സത്യാഗ്രഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതത്തിൽ സാമൂഹ്യപരിവർത്തനത്തിന്റെ പാത തെളിയിച്ചത്, ഇവിടെ രൂപംകൊണ്ട നവോത്ഥാനപ്രസ്ഥാനങ്ങളായിരുന്നു. സമൂഹത്തിൽ അക്കാലത്ത് പരക്കെ നിലനിന്നിരുന്ന പൈശാചികമായ അനാചാരങ്ങളെ ഉന്മൂലനം ചെയ്ത് ശുദ്ധിവരുത്തുന്നതിന്, നവോത്ഥാനപ്രസ്ഥാനങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്. ബ്രഹ്മസമാജം, ആര്യസമാജം, പ്രാർത്ഥനാസമാജം തുടങ്ങി അക്കാലത്ത് പ്രവർത്തിച്ച നവോത്ഥാനപ്രസ്ഥാനങ്ങളിൽ ആര്യസമാജത്തിനായിരുന്നു ഭാരതത്തിൽ സാർവ്വത്രികമായ വേരോട്ടം സിദ്ധിച്ചത്. അയിത്തോച്ചാടനം, വിധവാവിവാഹം, സ്ത്രീവിദ്യാഭ്യാസം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നതിനും പുരോഗമനാശയങ്ങൾ പ്രചരിക്കുന്നതിനും, പണ്ഡിതരും പ്രാപ്തരുമായ അനേകം പേർ ആര്യസമാജത്തിന്റെ സംഘടനാസംഘത്തിൽ ഉണ്ടായിരുന്നു.

1875-ൽ മഹർഷി ദയാനന്ദസരസ്വതി മുംബൈ നഗരത്തിലെ, കാകഡ്‌വാഡിയിൽ സ്ഥാപിച്ച ആര്യസമാജം ഹിന്ദുനവോത്ഥാന ചരിത്രത്തിലെ മായാത്ത മുദ്രയായി മാറുകയായിരുന്നു. മഹർഷി ദയാനന്ദനാണ്, ‘സ്വരാജ്യ’മെന്ന മഹത്തായ ആശയത്തെ ആദ്യമായി തന്റെ ‘സത്യാർഥപ്രകാശ’മെന്ന വിഖ്യാതഗ്രന്ഥത്തിലൂടെ ഇവിടെ പ്രഖ്യാപനം ചെയ്തത്.

1921-ൽ മലബാർകലാപത്തെ തുടർന്നാണ് ആര്യസമാജം കേരളത്തിൽ ശുദ്ധിപ്രസ്ഥാനവുമായി2 കടന്നുവരുന്നത്. കലാപത്തിന് ഇരകളായ ഹിന്ദുക്കളെ രക്ഷിക്കുന്നതിന് മുന്നിൽനിന്നു പ്രവർത്തിച്ച സമാജം പിന്നീട് അയിത്തത്തിനും ജാതിക്കുമെതിരായ സമരങ്ങൾക്ക് നേതൃത്വം കൊടുത്തുവന്നു. 1921-ൽ മലബാറിലെത്തിയ ആര്യസമാജികളിൽ ഒരു മലയാളിയുമുണ്ടായിരുന്നു. പണ്ഡിറ്റ് വേദബന്ധുശർമ്മയായിരുന്നു അത്. പിന്നീട് ഏതാണ്ട് 1956 വരെ ആര്യസമാജത്തിന്റെ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ നേതൃത്വം കൊടുത്തത്, പണ്ഡിറ്റ് വേദബന്ധുവായിരുന്നു. മഹാപണ്ഡിതനും ബഹുഭാഷാവിജ്ഞനുമായ അദ്ദേഹം കൊട്ടാരക്കരയ്ക്ക് അടുത്തുള്ള തൃക്കണ്ണമംഗൽ എന്ന സ്ഥലത്ത് 1901-ൽ ഒരു ബ്രാഹ്മണകുടുംബത്തിൽ ജനിച്ചു. ആര്യസമാജപ്രവർത്തകനായതോടെ, വെങ്കിടാചലം അയ്യർ എന്ന തന്റെ പൂർവ്വനാമം ഉപേക്ഷിച്ച് വേദബന്ധു എന്ന പേര് സ്വീകരിച്ചു. 1995-ൽ തന്റെ 94-ാം വയസ്സിൽ നിര്യാതനാകുംവരെ അദ്ദേഹം കർമ്മനിരതനായിരുന്നു. സംഭവബഹുലമായ അദ്ദേഹത്തിന്റെ ജീവിതം ഇന്നത്തെ തലമുറയ്ക്ക് തീർത്തും അജ്ഞാതമാണെന്നു പറയാം. വ്യാഖ്യാനങ്ങളും, തർജ്ജമകളും, സ്വതന്ത്രകൃതികളുമായി ഏതാണ്ട് അമ്പതിലധികം കനപ്പെട്ട ഗ്രന്ഥങ്ങൾ, മലയാളസാഹിത്യശാസ്ത്രത്തിനും വൈദികസാഹിത്യത്തിനും അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്.

കേരളത്തിൽ ആകമാനം നവോത്ഥാനത്തിന്റെ അന്തരീക്ഷം പാകപ്പെടുത്തുന്നതിൽ ആര്യസമാജം ശക്തമായ പങ്കുവഹിച്ചു. മലബാർലഹളക്കാലത്ത് ഇസ്ലാമിലേക്ക് നിർബന്ധിത മതപരിവർത്തനത്തിന് വിധേയരായ ആയിരക്കണക്കിന് ഹിന്ദുക്കളെ സ്വമതത്തിലേക്കു തിരികെക്കൊണ്ടുവരാൻ ആര്യസമാജത്തിന് സാധിച്ചു.

പക്ഷെ, ഹിന്ദുസമൂഹത്തിനുള്ളിൽ നിലനിന്നിരുന്ന അസമത്വം, ഹിന്ദുക്കളെ മറ്റു മതങ്ങളിലേക്ക് മാറാൻ നിർബന്ധിതരാക്കി എന്നതും ഒരു വസ്തുതയാണ്. ഹിന്ദുവായി ജനിച്ചാൽ അയിത്തം, മുസ്ലീമിനോ ക്രിസ്ത്യാനിക്കോ ഇതു ബാധകമല്ലതാനും. അവർക്ക് എല്ലാവിധ സാമൂഹ്യ സ്വാതന്ത്ര്യങ്ങളും ഉണ്ടായിരുന്നു.

ഈ ദുഷ്പ്രവണത ദൂരീകരിക്കുന്നതിനു തീവ്രസമരപരിപാടികളിൽ ആര്യസമാജം സജീവമായതോടെ, ഹിന്ദുക്കളിൽ ഉത്പതിഷ്ണുക്കളായ യുവാക്കൾ സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കാൻ സന്നദ്ധരായി മുമ്പോട്ടുവന്നു. വൈക്കം, ഗുരുവായൂർ സത്യാഗ്രഹങ്ങളും കല്പാത്തി മുതൽ ശുചീന്ദ്രം വരെയുള്ള ചെറുതും വലുതുമായ സമരങ്ങളും കേരളത്തിന്റെ സാമൂഹ്യചരിത്രത്തെ മാറ്റിയെഴുതി.

സഞ്ചാരസ്വാതന്ത്ര്യത്തിന്റെ ഭാഗമായി പാലക്കാട് കല്പാത്തിയിൽ, ആര്യസമാജം നടത്തിയ സമരം നമ്മുടെ സാമൂഹ്യചരിത്രത്തിലെ മറഞ്ഞുകിടക്കുന്ന ഒരേടാണ്. വൈക്കം, ഗുരുവായൂർ സത്യാഗ്രഹങ്ങൾ പോലെ, കല്പാത്തി അഗ്രഹാരസമരത്തിന് നമ്മുടെ നവോത്ഥാനചരിത്രത്തിൽ വേണ്ടത്ര പ്രാമുഖ്യം സിദ്ധിക്കാതെപോയതെന്തുകൊണ്ട്?

അതിന് പ്രധാനമായി രണ്ടു കാര്യങ്ങൾ ഉണ്ടായിരുന്നു. ഒന്ന്, അവർണരുടെ അവകാശങ്ങൾക്കുവേണ്ടി സവർണരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടതായിരുന്നു വൈക്കം, ഗുരുവായൂർ സമരങ്ങൾ. മറ്റൊന്ന് പ്രസ്തുത സമരങ്ങൾക്ക് നേതൃത്വം കൊടുത്തവർ, അക്കാലത്തുതന്നെ പൊതുമണ്ഡലത്തിൽ പേരും പ്രശസ്തിയും ഉള്ളവരായിരുന്നു. ശ്രീനാരായണഗുരു, മഹാത്മാഗാന്ധി എന്നീ മഹാന്മാരുടെ സാന്നിദ്ധ്യം, ശക്തമായ വാർത്താപ്രചരണം ഇതെല്ലാം വൈക്കം, ഗുരുവായൂർ സത്യാഗ്രഹങ്ങൾക്കു ഭാരതചരിത്രത്തിൽതന്നെ ചിരസ്ഥാനം നേടിക്കൊടുക്കുന്നതിന് സഹായിച്ചു. എന്നാൽ, കല്പാത്തിസമരത്തിന്റെ ചരിത്രപശ്ചാത്തലം മേല്പറഞ്ഞതിൽനിന്നെല്ലാം വ്യത്യസ്തമായിരുന്നു. സവർണമേധാവിത്വത്തിനെതിരെ അവർണസമുദായം തങ്ങളുടെ സാമൂഹ്യനീതിക്കുവേണ്ടി നേരിട്ടു നടത്തിയ പോരാട്ടമായിരുന്നു കല്പാത്തിസമരം. ഈ സമരത്തിന്റെ പ്രാരംഭഘട്ടത്തിൽ, അതിനു നേതൃത്വം കൊടുക്കാൻ പ്രാപ്തരായ നേതാക്കളോ പ്രസ്ഥാനങ്ങളോ ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമായ ഒരു ചരിത്രവസ്തുതയാണ്.

വൈക്കം സത്യാഗ്രഹത്തിൽനിന്നുണ്ടായ ആത്മവീര്യത്തിന്റെ ബലത്തിൽ വിദ്യാസമ്പന്നരും ഉത്പതിഷ്ണുക്കളായ പാലക്കാട്ടെ കുറച്ച് ഈഴവർ തങ്ങൾ അനുഭവിക്കുന്ന സാമൂഹികാസമത്വങ്ങളെയും അനാചാരങ്ങളെയും ചോദ്യംചെയ്യാൻ സന്നദ്ധരായി എന്നത് അന്നത്തെ സാഹചര്യത്തിൽ വളരെ ധീരമായൊരു നിശ്ചയമായിരുന്നു. പണവും അധികാരവും സംഘബലവുമുള്ള യാഥാസ്ഥിതിക ജാതിമേധാവിത്വത്തിനെതിരെ നടത്തിയ സമരം എന്ന നിലയ്ക്ക് മാത്രമല്ല, അവർണ നവോത്ഥാനത്തിന്റെ ചരിത്രഭൂമിക കൂടിയാണ് കല്പാത്തിപ്രക്ഷോഭം. ഒപ്പം ഈ പ്രക്ഷോഭം നയിച്ച വേദബന്ധുവിനെപ്പോലുള്ളവരുടെ ചിന്തയും നിലപാടും അതിലെ ഉറച്ച ധാർമികതയും, ഉന്നതമായ സത്യസന്ധതയും ഇന്നു നമുക്ക് ചിന്തിക്കാൻപോലും കഴിയാത്തതാണ്. പേരും പ്രശസ്തിയും വിഷംപോലെ ത്യജിക്കണം എന്നും, ചരിത്രപരമായി രേഖപ്പെടുത്തേണ്ട വിഷയങ്ങളിൽ വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കേണ്ടതുണ്ടെന്നുമുള്ള അടിസ്ഥാനചിന്ത എല്ലായ്‌പ്പോഴും പ്രകടിപ്പിച്ചിരുന്നവരായിരുന്നു അന്നത്തെ ആര്യസമാജ പ്രവർത്തകർ.

തുടർന്നുവരുന്ന ഭാഗങ്ങൾ വേദബന്ധുവിന്റെ വാക്കുകളിൽതന്നെ വായിക്കുന്നതായിരിക്കും ഉചിതം:

”യാഥാസ്ഥിതികരായ ബ്രാഹ്മണരുടെ ഒരു കേന്ദ്രമായിരുന്നു പാലക്കാട്. ബ്രാഹ്മണരുടെ അഗ്രഹാര റോഡുകളിൽക്കൂടി ഈഴവർ ഉൾപ്പെടെ യാതൊരു തീണ്ടൽജാതിക്കാരെയും നടക്കാൻ അനുവദിച്ചിരുന്നില്ല. 1924-25ൽ വൈക്കം സത്യാഗ്രഹത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് പാലക്കാട്ടെ ഈഴവർ ഒരു ഈഴവവക്കീലിന്റെ നേതൃത്വത്തിൽ കല്പാത്തിയിലെ അഗ്രഹാരം റോഡിൽക്കൂടി നടക്കാൻ നിശ്ചയിച്ചു. ബഹുമാന്യനായ ഈ ഈഴവവക്കീൽ അഗ്രഹാരം റോഡിൽ കാൽകുത്തിയ ഉടനെതന്നെ ബ്രാഹ്മണരുടെ ഒരു വലിയ സംഘം അയാളുടെമേൽ ചാടിവീഴുകയും കഠിനമായ ദേഹോപദ്രവമേല്പിച്ച് വലിച്ചിഴയ്ക്കുകയും ചെയ്തു. മർദ്ദനം വളരെ മൃഗീയമായിരുന്നു. എങ്കിലും വക്കീലിന്റെ അനുയായികൾ സത്യാഗ്രഹികളായിരുന്നതിനാൽ തിരിച്ചടിക്കാതെ തിരിഞ്ഞോടുകയാണ് ചെയ്തത്.

ബ്രാഹ്മണരുടെ നടപടിയിൽ ക്ഷുഭിതരായ ഈഴവർ, തിരുവിതാംകൂറിൽനിന്നു ക്രിസ്ത്യൻ മിഷണറിമാരെ പാലക്കാട്ടേക്ക് ക്ഷണിക്കുകയും ചില പ്രമുഖ ഈഴവ കുടുംബക്കാർ ക്രിസ്ത്യാനികളാവാൻ തീരുമാനിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കുള്ളിൽ ആറ് മതപരിവർത്തനങ്ങൾ നടന്നു. ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്യപ്പെട്ട കുടുംബക്കാർക്ക് കല്പാത്തി റോഡിൽക്കൂടി സ്വച്ഛന്ദം നടക്കാൻ അനുവാദമുണ്ടായിരുന്നപ്പോൾ ഹിന്ദുക്കളായി തുടർന്ന അവരുടെ ബന്ധുക്കൾക്ക് കല്പാത്തിയെ സമീപിക്കാൻ പോലും അനുവാദമുണ്ടായിരുന്നില്ലെന്ന വസ്തുത പത്രങ്ങളിൽ വരികയുണ്ടായി. ഈ സന്ദർഭത്തിൽ ശരിയായ വിചിന്തനത്തിനുശേഷം ആര്യസമാജം പ്രവർത്തകർ ഉടനെ പാലക്കാട്ടേക്ക് പുറപ്പെട്ടു. 1925-ന്റെ ആദിയിൽതന്നെ ആര്യസമാജം പാലക്കാട്ട് ഒരു കേന്ദ്രം തുറന്നു (വിക്‌ടോറിയ കോളേജിന്റെ സമീപത്ത് ഉണ്ടായിരുന്ന ഒരു കെട്ടിടത്തിലായിരുന്നു പ്രസ്തുത ഓഫീസ് പ്രവർത്തിച്ചിരുന്നത്). ഹിന്ദുക്കളായിരിക്കുമ്പോൾ അശുദ്ധരായ ആളുകൾ ക്രിസ്ത്യാനികളാകുന്ന നിമിഷത്തിൽ ശുദ്ധരാവുക എന്ന ആചാരത്തിന്റെ അർത്ഥശൂന്യത ബ്രാഹ്മണരെ ബോദ്ധ്യപ്പെടുത്താൻ ആര്യസമാജം ഒരുമാസക്കാലത്തോളം പരിശ്രമിച്ചു. പക്ഷെ, ഈ അഭ്യർത്ഥനകൾക്ക് ഫലമുണ്ടായില്ല. ഒടുവിൽ, കല്പാത്തിക്ക് പുറത്തുള്ള ചില പുരോഗമനവാദികളോടുകൂടി കല്പാത്തിയിൽ പ്രവേശിക്കാൻ സമാജം തീരുമാനിച്ചു.

ആര്യസമാജം സംഘടിപ്പിക്കുന്നത് സത്യാഗ്രഹമല്ലെന്ന് ബ്രാഹ്മണർ മനസ്സിലാക്കി. ആര്യസമാജത്തിലേക്ക് പരിവർത്തനം ചെയ്ത ഈഴവരടങ്ങിയവരുടെ ജാഥകളുണ്ടായി, സവർണജാതിയിൽപ്പെട്ട ഒരു ആര്യസമാജം മിഷണറിയുടെ (അത് വേദബന്ധുവായിരുന്നു) നേതൃത്വത്തിൽ സംഘടിപ്പിക്കുകയും അഗ്രഹാര റോഡിൽക്കൂടി ജാഥയായി നടക്കുകയും ചെയ്തുകൊണ്ടേയിരുന്നു. ഏതാനും ദിവസത്തേക്ക് യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ലെങ്കിലും പിന്നീട് ബ്രാഹ്മണർ രഹസ്യമായി സംഘടിച്ച് സമാജത്തിന്റെ ജാഥയെ ആക്രമിച്ചു.”

ഈ സംഭവംതന്നെ പി. കേശവദേവിന്റെ ആത്മകഥയായ ‘എതിർപ്പി’ൽ ഈ വിധം പറയുന്നു:

അവൻ ഒലവക്കോട്ടു സ്റ്റേഷനിൽ ഇറങ്ങി, പാലക്കാട്ടേക്ക് നടന്നു. വിക്‌ടോറിയാ കോളേജിനടുത്തുള്ള ആര്യസമാജമന്ദിരത്തിൽ അവന് സ്വാഗതം ലഭിച്ചു. അടുത്തദിവസം രാവിലെ വൈദിക ചടങ്ങുകളോടുകൂടി അവനെ ആര്യസമാജത്തിൽ ചേർത്തു.

ഒരു ചെറിയ ഹോമകുണ്ഡത്തിൽ അല്പാല്പമായി നെയ്യൊഴിച്ചുകൊണ്ട് ഋഷിറാം വേദമന്ത്രങ്ങൾ ചൊല്ലി. പിന്നെ ഒരു പൂണൂൽ കേശവന്റെ കൈയിൽ കൊടുത്തിട്ട് ഒരു മന്ത്രം ചൊല്ലിക്കൊടുത്തു: ”യജ്ഞോപവീതം പരമം പവിത്രം പ്രജാപതേ യത് സഹജം പുരസ്താദ് ആയുഷ്യമഗ്ര്യം പ്രതിമുഞ്ച ശുഭ്രം യജ്ഞോപവീതം ബലമസ്തുതേജഃ” ആ മന്ത്രം ജപിച്ചുകൊണ്ട് അവൻ പൂണൂൽ ധരിച്ചു. പിന്നെ ഗായത്രി ഉപദേശിച്ചു: ”ഓം ഭൂർ ഭുവഃ സ്വഃ തത്സവിതുർ വരേണ്യം ഭർഗോ ദേവസ്യ ധീമഹി ധിയോ യോ നഃ പ്രചോദയാത്”. അവന്റെ പേരിനും മാറ്റംവരുത്തി. അതുവരെ അവൻ കേശവപിള്ളയായിരുന്നു. പിള്ള എന്നത് ജാതിയെ വെളിപ്പെടുത്തുന്നതാകയാൽ അതുപയോഗിക്കാൻ പാടില്ല. അതിനുപകരം ദാസ് എന്നോ ദേവ് എന്നോ സ്വീകരിച്ചുകൊള്ളുവാൻ ഋഷിറാം നിർദ്ദേശിച്ചു. ദാസ് ആകുവാൻ കേശവനിഷ്ടമില്ല. അതുകൊണ്ട്, അവൻ ദേവ് ആകുവാൻ സമ്മതിച്ചു. അങ്ങനെ, കേശവപിള്ള കേശവദേവായി.

പാലക്കാട്ടെ കല്പാത്തി അഗ്രഹാരം അന്നത്തെ അജയ്യമായ ഒരു ജാതിക്കോട്ടയായിരുന്നു. പല ഉപഗ്രാമങ്ങളുള്ള ആ അഗ്രഹാരത്തിൽ ബ്രാഹ്മണഗൃഹങ്ങൾ മാത്രമേയുള്ളൂ. സവർണർക്ക് മാത്രമേ അവിടെ പ്രവേശനമുണ്ടായിരുന്നുമുള്ളൂ. ഗ്രാമത്തിനകത്തോ, പരിസരങ്ങളിലോ അവർണർ പ്രവേശിച്ചുകൂടാ എന്നാണ് നിയമം.

ആര്യസമാജക്കാർക്ക് കല്പാത്തി അഗ്രഹാരത്തിൽ പ്രവേശിക്കാനുള്ള അവകാശത്തിനുവേണ്ടി ഒരു സമരം ആരംഭിച്ചിരുന്നു. അഗ്രഹാരത്തിലെ പൊതുനിരത്തുകളിൽ അവർണർക്ക് നടക്കുവാൻ അവകാശമുണ്ടെന്നു മാത്രമായിരുന്നില്ല, ആര്യസമാജക്കാരുടെ വാദം. ഏതു ജാതിയിൽപ്പെട്ടവരായാലും ആര്യസമാജത്തിൽ ചേർന്നാൽ, ആര്യബ്രാഹ്മണരാകുമെന്നും ആര്യബ്രാഹ്മണർക്ക് അയിത്തമില്ലെന്നും കൂടി അവർ വാദിച്ചിരുന്നു.

ഈ അഗ്രഹാരസമരത്തിന്റെ ആദ്യപടി എന്ന നിലയിൽ, അഗ്രഹാരത്തിലുള്ള ഒരു പീടികമുറി വാടകയ്‌ക്കെടുത്ത് അതിൽ ആര്യസമാജ പ്രസിദ്ധീകരണങ്ങൾ വിൽക്കാൻ തുടങ്ങി. പ്രസിദ്ധീകരണങ്ങൾ ചെലവാകണമെന്നുള്ളതല്ല, ഒരു ആര്യസമാജക്കാരൻ എപ്പോഴും അവിടെ ഉണ്ടായിരിക്കണമെന്നുള്ളതാണ് അതിന്റെ പ്രധാന ഉദ്ദേശ്യം. ആ ബുക്ക്സ്റ്റാളിന്റെ ചുമതല, രാമദാസ് എന്നു പേരായ ഒരു ആര്യസമാജ പ്രവർത്തകനെയാണ് ഏല്പിച്ചിരുന്നത്. പിന്നീട്, ആ ചുമതല കേശവനെ ഏല്പിച്ചു. അതിനിടയിൽ അഗ്രഹാരസമരം ഊർജ്ജിതപ്പെടുത്താനുള്ള ആലോചനയും ഉണ്ടായിരുന്നു. ഒരുദിവസം വൈകുന്നേരം പി.സി. ഗോപാലൻ, തീത്തേലൻ മുതലായ പത്തുപതിനൊന്ന് ആര്യസമാജക്കാർ വേദബന്ധുവിന്റെ നേതൃത്വത്തിൽ, അഗ്രഹാരത്തിൽക്കൂടി ഒരു പര്യടനം നടത്തി. എല്ലാവരുടെയും കൈയിൽ കഠാരയുമുണ്ടായിരുന്നു. സമരരംഗത്ത് നിൽക്കുന്നതുകൊണ്ട് കേശവനും തോലുറയിൽ കഠാരയും തിരുകിക്കൊണ്ടാണ് ബുക്ക്സ്റ്റാളിൽ ഇരുന്നത്.

വേദബന്ധുവിന്റെ നേതൃത്വത്തിലുള്ള പര്യടനസംഘം ബുക്ക്സ്റ്റാളിൽ കയറി അല്പം വിശ്രമിച്ചതിനുശേഷം അഗ്രഹാരത്തിലെ അന്നപൂർണേശ്വരീക്ഷേത്രത്തിന്റെ മുമ്പിൽക്കൂടി കല്പാത്തിനദിയിലേക്ക് ഇറങ്ങി, മണൽത്തിട്ടയിലിരുന്നു. അപ്പോഴേക്ക് അവർണർ അഗ്രഹാരത്തിൽ പ്രവേശിച്ച് അശുദ്ധമാക്കി എന്ന സംഭ്രമജനകമായ വാർത്ത അഗ്രഹാരം മുഴുവൻ പ്രചരിച്ചു. ബ്രാഹ്മണരെല്ലാം വടി, തടി ആയുധങ്ങളോടുകൂടി അന്നപൂർണേശ്വരീക്ഷേത്രത്തിന്റെ മുമ്പിൽ കൂടി. റോഡിൽനിന്നു കരിങ്കൽച്ചില്ലുകളും പെറുക്കിക്കൂട്ടിയിരുന്നു.

ഈ സമരസന്നാഹങ്ങളെ നേരിടുവാൻതന്നെ വേദബന്ധുവും കൂട്ടരും നിശ്ചയിച്ചു. അവർ മണൽത്തിട്ടയിൽനിന്നു വീണ്ടും അഗ്രഹാരത്തിൽ പ്രവേശിച്ചു. ആയിരത്തിലധികം ബ്രാഹ്മണരും പതിനൊന്ന് ആര്യസമാജക്കാരും തമ്മിൽ ഉഗ്രമായ ഒരു സംഘട്ടനം നടന്നു.

ബഹളംകേട്ട് കേശവൻ ബുക്ക്സ്റ്റാളിൽനിന്ന് ഇറങ്ങിനോക്കി. അവന് കാര്യം മനസ്സിലായി. അവൻ ആൾക്കൂട്ടത്തിലേക്കു കുതിച്ചുകയറി. ബ്രാഹ്മണർ പിശാചുക്കളെപ്പോലെ, വേദബന്ധുവിനെയും കൂട്ടരെയും വളഞ്ഞുനിന്ന് ആക്രമിക്കുകയാണ്. ആര്യസമാജക്കാർ ധീരതയോടുകൂടി എതിർക്കുന്നുമുണ്ട്. ഇടികളും അടികളും ഏറ്റുകൊണ്ട് അവൻ അവന്റെ കൂട്ടുകാരുടെ അടുത്തെത്തി. ഒരാൾ ചോരയൊലിച്ചു വീണുകിടക്കുന്നുണ്ട്. തലയിൽ ഒരു അടിയേറ്റതാണത്. പെട്ടെന്ന് വേദബന്ധു കഠാര വലിച്ചൂരി; ശേഷമുള്ളവരും കഠാര എടുത്തു. ഒരു കഠാര ഒരു ബ്രാഹ്മണന്റെ വയറ്റിലേക്കു പാഞ്ഞുകയറി. അയാൾ മലർന്നുവീണു. അതോടുകൂടി ബ്രാഹ്മണർ അകന്നു. പക്ഷെ, അവർ സമരരംഗത്തുനിന്നു പോയില്ല. അവർ കരിങ്കൽക്കഷണങ്ങളെടുത്ത് ഏറുതുടങ്ങി. എറിയുന്ന കല്ലുകൾ എടുത്ത് ആര്യസമാജക്കാർ തിരിച്ചെറിഞ്ഞു.

ഒടുവിൽ അടിയേറ്റു വീണുകിടക്കുന്ന കൂട്ടുകാരനെ താങ്ങിയെടുത്തുകൊണ്ട്, കഠാരകൾ ചുഴറ്റിക്കൊണ്ട് കേശവനും കൂട്ടരും ഓടി ബുക്ക്സ്റ്റാളിനുള്ളിൽ കടന്നു മിന്നൽവേഗത്തിൽ പലകകൾ നിരത്തി. ഒരു പലക മാത്രം ഇട്ടില്ല. ആ വിടവിൽക്കൂടി പിന്നെയും കല്ലുകൾ പാഞ്ഞുവന്നുകൊണ്ടിരുന്നു. സമയം സന്ധ്യയായി. ബുക്ക്സ്റ്റാളിനുള്ളിൽ കൂരിരുട്ടാണ്. അടിയേറ്റ കൂട്ടുകാരൻ മോഹാലസ്യപ്പെട്ടു കിടക്കുന്നു. മറ്റുള്ളവരുടെയെല്ലാം ശരീരത്തിൽനിന്നു രക്തം ഒലിക്കുന്നുണ്ട്. ഒരിറ്റു വെള്ളം! ഒരുതുള്ളി കാറ്റ്! പോലീസ്! പോലീസ്! പുറത്തുനിന്ന് ആരോ വിളിച്ചുപറഞ്ഞു. ‘കഠാരയൊന്നും പോലീസിനെ കാണിക്കരുത്’. വേദബന്ധു കേശവനോടു പറഞ്ഞു. എല്ലാവരും കഠാരകൾ കേശവന്റെ കൈയിൽ കൊടുത്തു. എവിടെയാണ് ഒളിച്ചുവെയ്ക്കുക?

പോലീസ് ബുക്ക്സ്റ്റാളിന്റെ മുമ്പിൽ എത്തിക്കഴിഞ്ഞു. ‘ഒളിക്കണം – എവിടെയെങ്കിലും ഒളിക്കണം’ വേദബന്ധു പറഞ്ഞു. കേശവൻ കാൽകൊണ്ട് തപ്പിത്തടഞ്ഞ് ഒരു പുൽച്ചൂൽ കയ്യിലെടുത്തു. കഠാരകളെല്ലാം ആ പുൽച്ചൂലിൽ തിരുകി ഒരു മൂലയിൽവെച്ചു. പോലീസ് അതു കാണുകയില്ലെന്നാണ് അവന്റെ സങ്കല്പം. ഇൻസ്‌പെക്ടറും ഒരു ഹെഡ്‌കോൺസ്റ്റബിളും നാലു കോൺസ്റ്റബിൾമാരും ബുക്ക്സ്റ്റാളിനുള്ളിൽ കടന്നു. ഒരു കോൺസ്റ്റബിൾ മെഴുകുതിരി കത്തിച്ചുവെച്ചു. ‘ഞങ്ങൾക്ക് വെള്ളം തരണം’. വേദബന്ധു ഇൻസ്‌പെക്ടറോട് പറഞ്ഞു. ഇൻസ്‌പെക്ടറുടെ ആജ്ഞയനുസരിച്ച് ഒരു കോൺസ്റ്റബിൾ സോഡാ കൊണ്ടുവന്നു. എല്ലാവരും സോഡാ കുടിച്ചു. ഇൻസ്‌പെക്ടർ മുറിവുകൾ പരിശോധിച്ച് മഹസ്സർ എഴുതിത്തുടങ്ങി. ഒടുവിൽ അയാൾ ചോദിച്ചു: ‘നിങ്ങളുടെ കൈയിൽ ആയുധങ്ങൾ വല്ലതുമുണ്ടോ?’

‘ഇല്ല’, കേശവൻ ഉടനുത്തരം കൊടുത്തു. ‘പരിശോധിക്കൂ!’ ഇൻസ്‌പെക്ടർ ആജ്ഞാപിച്ചു. ഒരു കോൺസ്റ്റബിൾ മുറി പരിശോധിച്ച്, പുൽച്ചൂൽ കയ്യിലെടുത്തു. പെട്ടെന്നു കഠാരകൾ ചിതറിവീണു. ഇൻസ്‌പെക്ടർ പൊട്ടിച്ചിരിച്ചു. നാലു ജഡ്ക്കകളിൽ പോലീസ് ഗാട്ടോടുകൂടി അവരെ ആശുപത്രിയിലേക്കു കൊണ്ടുപോയി. മുറിവുകൾ വച്ചുകെട്ടി. രണ്ടുപേർ മാത്രം ആശുപത്രിയിൽ കിടക്കേണ്ടിവന്നു. മറ്റുള്ളവർ സമാജമന്ദിരത്തിലേക്ക് പോയി.”

1925-ലെ മദ്രാസ് അഡ്മിനിസ്‌ട്രേഷൻ റിപ്പോർട്ടിൽ ഈ വിഷയം ഈവിധം രേഖപ്പെടുത്തിയിരിക്കുന്നു:

”ഉയർന്ന ജാതിക്കാരായ ഹിന്ദുക്കൾ പാലക്കാട്ടെ ഈഴവരെ അയിത്തജാതിക്കാരായാണ് പരിഗണിക്കുന്നത്. തങ്ങളുടെ സാമൂഹ്യപദവിയിൽ ഉയർച്ച ലഭിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ഈ ഈഴവർ അടുത്തകാലത്തായി ക്രിസ്തുമതത്തിലേക്ക് ചേരുവാൻ തുടങ്ങിയിട്ടുണ്ട്. ആര്യസമാജക്കാർ അവരുടെ അണിയിലേക്ക് സ്വാഗതം ചെയ്തു. കല്പാത്തിയിലെ രഥോത്സവത്തിൽ പങ്കുകൊള്ളാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് 1924-ൽ ചില ഈഴവർ വാദിക്കാൻ തുടങ്ങിയിപ്പോൾ ചില കുഴപ്പങ്ങളെല്ലാമുണ്ടായി. 1925-ൽ ഈ കുഴപ്പങ്ങൾ പുതിയ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. യാഥാസ്ഥിതിക ബ്രാഹ്മണരുടെ കേന്ദ്രമായ കല്പാത്തി അഗ്രഹാരത്തിൽ പ്രവേശിക്കാൻ ഒക്‌ടോബർ 31-ാം തീയതി ആര്യസമാജക്കാർ ഒരു ശ്രമം നടത്തി. അവർ ഈഴവരാണെന്ന കാരണം പറഞ്ഞ് ബ്രാഹ്മണർ അവരെ തടഞ്ഞു. അവർ ചില ബ്രാഹ്മണരെ കുത്തി. നവംബർമാസത്തിൽ നടന്ന രഥോത്സവസമയത്ത് വീണ്ടും കുഴപ്പങ്ങൾ ഉണ്ടാവുമെന്നു കരുതി ഒരു മുൻകരുതലെന്ന നിലയിൽ ക്രിമിനൽ പ്രൊസീജർ കോഡിലെ 144-ാം വകുപ്പുപ്രകാരം ഈഴവർ, ചെറുമർ മുതലായവരുടെമേൽ അഗ്രഹാരത്തിൽ പ്രവേശിക്കരുതെന്ന നിരോധനം പുറപ്പെടുവിച്ചു.”

ആര്യസമാജം പ്രവർത്തകർ മദിരാശി ഗവർണറെ സമീപിച്ച് നിരോധനകല്പന പിൻവലിക്കാൻ നിവേദനം നടത്തി. നിരോധനകല്പന പിൻവലിക്കുകയും സ്ഥിതിഗതികൾ നേരിട്ടു മനസ്സിലാക്കാൻ ഒരു ഏകാംഗകമ്മീഷനെ നിയോഗിക്കുകയും ചെയ്തു. കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗവൺമെന്റ് പുറപ്പെടുവിച്ച കമ്മ്യൂണിക്കേയിൽ സങ്കടം നേരിട്ട കക്ഷിക്കാർ കോടതിയെ സമീപിക്കണമെന്നും, ഗവൺമെന്റ് ഈ പ്രശ്‌നത്തിൽ പക്ഷംപിടിക്കുന്നതല്ലെന്നും വ്യക്തമാക്കിയിരുന്നു.

ഇതിനിടയിൽ ഈഴവസമുദായത്തിൽനിന്ന് ആര്യസമാജത്തിലേക്കു പരിവർത്തനം ചെയ്ത ഒരു സർക്കാർ ഉദ്യോഗസ്ഥൻ അയാളുടെ കൃത്യനിർവഹണത്തിനിടയിൽ കല്പാത്തിയിലൂടെ നടന്നുപോവുമ്പോൾ അയാളെ തടഞ്ഞുവെയ്ക്കുകയും ദേഹോപദ്രവമേല്പിക്കുകയുമുണ്ടായി. അയാൾ പോലീസിൽ പരാതി ബോധിപ്പിച്ചതിനെത്തുടർന്ന് കയ്യേറ്റക്കാരുടെമേൽ കേസ് ചാർജ്ജ് ചെയ്യുകയും കയ്യേറ്റക്കാരുടെ നേതാവിനെ പാലക്കാട് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ശിക്ഷിക്കുകയും ചെയ്തു. ഉടനെതന്നെ ബ്രാഹ്മണർ മദിരാശി ഹൈക്കോടതിയിൽ ഒരു റിവിഷൻ പെറ്റീഷൻ ഫയൽചെയ്തു. ഏറ്റവും മികച്ച നിയമജ്ഞരുടെ സഹായത്തോടുകൂടി കേസ് പ്രോസിക്യൂട്ട് ചെയ്യാൻ ആര്യസമാജം വേണ്ട ഏർപ്പാടുകൾ ചെയ്തു. ഒന്നാം സാക്ഷികൾ, അതായത് ഈഴവസമുദായത്തിൽനിന്ന് ആര്യസമാജത്തിലേക്ക് പരിവർത്തനം ചെയ്ത വ്യക്തികൾ, കല്പാത്തി റോഡിൽക്കൂടി നടക്കാൻ അവകാശമുണ്ടെന്നും ഹർജിക്കാരന്, അതായത് അയാളെ തടഞ്ഞ ബ്രാഹ്മണന് അയാളെ തടഞ്ഞുവെയ്ക്കാൻ യാതൊരുവിധത്തിലും അവകാശമില്ലെന്നുമായിരുന്നു ഹൈക്കോടതിവിധി. മദിരാശി ഹൈക്കോടതിയുടെ ഈ വിധിയെത്തുടർന്ന്, അയിത്തജാതിക്കാർക്ക് പ്രവേശനമില്ലാതിരുന്ന പല റോഡുകളും അവർക്കായി തുറന്നുകൊടുപ്പിക്കുവാൻ സാധിച്ചു. അതിനായി ഉയർന്ന ജാതിക്കാരെ പ്രേരിപ്പിക്കുവാനും ആര്യസമാജത്തിന് കഴിഞ്ഞു.

നമ്മുടെ സാമൂഹ്യപരിവർത്തനത്തിന്, ആര്യസമാജത്തിന്റെ പ്രവർത്തനം എത്രമാത്രം ഗുണഫലം ഉണ്ടാക്കിയെന്ന് അറിയുന്നതിന് വേണ്ടിയാണ് ഇത്രയും ദീർഘമായി ഉദ്ധരിച്ചത്. മാത്രമല്ല, 94 വർഷങ്ങൾക്കു മുമ്പ്, കാലത്തിന്റെ ഏതോ പരിണാമസന്ധിയിൽവെച്ച്, പാലക്കാടൻമണ്ണിൽ നടന്ന അവകാശസമരത്തിന്റെ നേരനുഭവങ്ങളുടെ സാക്ഷ്യപത്രമാണ് മുകളിൽ കൊടുത്തത്.

ശ്രീമാന്മാർ അഡ്വ. പി.സി. ഗോപാലൻ, (1929-ൽ ‘അഭിമാനി’ എന്ന പേരിൽ ഒരു പത്രം പാലക്കാട്ടുനിന്നും ഗോപാലന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ആ പത്രം സി. കൃഷ്ണന്റെ മിതവാദിയിൽ ലയിച്ചു). ദാമോദരൻ, പത്മനാഭൻ, എം.പി. രാഘവൻ, ടി.കെ. ചാമി (ഇദ്ദേഹം ക്രിസ്തുമതത്തിൽ ചേർന്ന് തോമസായി. പ്രസിദ്ധ സാഹിത്യകാരനായ ഒ.വി. വിജയന്റെയും ഒ.വി. ഉഷയുടെയും മുത്തച്ഛനാണ് ചാമി), കെ.വി. കിട്ട (ജോൺ എന്ന ക്രിസ്തീയനാമം സ്വീകരിച്ചു. 1957-ലെ പ്രഥമ കേരള നിയമസഭയിൽ കമ്മ്യൂണിസ്റ്റ് സ്വതന്ത്ര എം.എൽ.എയായി. അദ്ദേഹം പിന്നീട് ജോൺ കിട്ട എന്ന പേരിൽ അറിയപ്പെട്ടു), പാരമ്പര്യ ജന്മി കുടുംബാംഗമായ എരുമയൂർ വടക്കുമ്പ്രം മുത്തു എന്ന ചാൾസ്, അദ്ദേഹത്തിന്റെ അനുജൻ മധുസൂദനൻ എന്ന അലക്‌സാണ്ടർ, തച്ചമുച്ചിക്കൽ കേശവൻ എന്ന അലക്‌സാണ്ടർ (ഇദ്ദേഹം മുഴുവൻസമയ മിഷണറി പ്രവർത്തനവും സിനിമാ തിയേറ്റർ നടത്തിപ്പുമായി കോഴിക്കോട്ട് സ്ഥിരതാമസമാക്കി), കേശവന്റെ അനുജൻ അപ്പുക്കുട്ടൻ വിൻസെന്റായി (ഇദ്ദേഹം പാലക്കാട് മിഷൻ സ്‌കൂളിൽ അദ്ധ്യാപകനായി), തേങ്കുറുശ്ശി ഇലമന്ദം ചാമി (ഈഴവചരിത്രം എന്ന അപ്രകാശിത ഗ്രന്ഥത്തിന്റെ കർത്താവും മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് മെമ്പറുമായിരുന്നു. ഇ.കെ. ചാമിയുടെ അനുജൻ കേശവൻ ഇസ്ലാംമതം സ്വീകരിച്ച് അബ്ദുൾ റസാക്കായി മുസ്ലീംസമുദായത്തിലെ ഒരു സ്ത്രീയെ വിവാഹം ചെയ്തു. അതിലുണ്ടായ ഒരു മകൻ പാക്കിസ്ഥാൻ പട്ടാളത്തിലെ ഉയർന്ന ഉദ്യോഗസ്ഥനുമായി), കെ.ടി. മാധവൻ എന്ന ഫിലിപ്പ് (ഇദ്ദേഹം നല്ലൊരു പ്രാസംഗികനായിരുന്നു. പാലക്കാട്ടും, തിരുവിതാംകൂറിലും സുവിശേഷപ്രസംഗങ്ങൾ നടത്തി പ്രസിദ്ധനായി), ഡോ. കൃഷ്ണൻ, പി.സി. ശങ്കരൻ (റജിസ്‌ട്രേഷൻ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹത്തിനാണ് ഔദ്യോഗിക ആവശ്യത്തിനായി കല്പാത്തി റോഡിലുടെ നടന്നുപോകവേ ബ്രാഹ്മണരുടെ ക്രൂരമർദ്ദനത്തിന് ഇരയാവേണ്ടിവന്നത്) എന്നിവരെല്ലാം കല്പാത്തി സമരത്തിലെ മുൻനിര പ്രവർത്തകരായിരുന്നു. മേൽ കാണിച്ച പട്ടിക അപൂർണമാണ് എന്നു പറയേണ്ടതില്ലല്ലോ. കാരണം, ആ മഹത്തായ ജനകീയസമരത്തിൽ പങ്കെടുത്തവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. മാത്രമല്ല, അവരുടെയെല്ലാം പിൻമുറക്കാർ ആരാണെന്നോ എവിടെയാണെന്നോ നിശ്ചയവുമില്ല. എങ്കിലും വളരെ ആഴത്തിലുള്ള ഒരന്വേഷണം നടത്തിയാൽ പ്രസ്തുത സമരത്തിൽ പങ്കെടുത്തവരുടെ വിശദവിവരങ്ങൾ പല രേഖകൾ പരതി പ്രകാശിപ്പിക്കാനാവുമെന്ന് കരുതുന്നു.

മദ്രാസ് അഡ്മിനിസ്‌ട്രേഷൻ റിപ്പോർട്ടിൽ പറയുന്നതുപോലെ സമരക്കാരല്ല ആക്രമണം അഴിച്ചുവിട്ടത്. ബ്രാഹ്മണരും അവരുടെ ഗുണ്ടകളും ചേർന്ന് സമരക്കാരെ ആക്രമിച്ചപ്പോഴാണ് പ്രത്യാക്രമണമുണ്ടായത്. ഈ സന്ദർഭത്തിൽ പ്രധാനപ്പെട്ടൊരു കാര്യത്തെക്കുറിച്ചുകൂടി പരാമർശിക്കേണ്ടതുണ്ട്. കല്പാത്തി സമരത്തിന്റെ വിധി തിരുത്തിയത് ആര്യസമാജമായിരുന്നു. സമാജം ഇടപെട്ടില്ലായിരുന്നുവെങ്കിൽ, പാലക്കാട്ടെ നല്ലൊരു വിഭാഗം ഹിന്ദുക്കൾ ക്രിസ്തുമതത്തിലേക്കോ, ഇസ്ലാം മതത്തിലേക്കോ കൂട്ടമായി മതംമാറുന്ന ദുരവസ്ഥ സംജാതമാവുമായിരുന്നു. അക്കാലത്തെ ജീവിതവും സാമൂഹ്യവ്യവസ്ഥയും, വിവേകവും ആത്മാഭിമാനവുമുള്ള ഏതൊരു വ്യക്തിയേയും മാറി ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു. കല്പാത്തിസമരത്തിൽ പങ്കെടുത്തവർക്കെല്ലാം കനത്ത ജീവിതനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ജനിച്ച സമുദായത്തിൽനിന്നും ബഹിഷ്‌കൃതനാവുക, സമൂഹത്തിൽ കുറ്റവാളിയെപ്പോലെ കഴിയേണ്ടിവരിക, കുടുംബബന്ധങ്ങൾ ശിഥിലമാവുക, മാനസികപീഡനത്തിനും ശാരീരികമർദ്ദനത്തിനും ഇരയാവുക, അന്യമതങ്ങളിൽ അഭയം തേടേണ്ടിവരിക – ഇതെല്ലാം അന്നത്തെ ജാതിശക്തിയെ എതിർത്തതിന്റെ തിക്തഫലങ്ങളായിരുന്നു.

ഈ പ്രതിലോമാവസ്ഥകളെയെല്ലാം നേരിട്ടുകൊണ്ട്, കല്പാത്തിസമരത്തെ വിജയിപ്പിക്കാൻ കഴിഞ്ഞത് അവർണസമുദായത്തിന്റെ എക്കാലത്തെയും വലിയ സാമൂഹ്യനേട്ടങ്ങളിൽ ഒന്നാണ്. ഈ സംഭവങ്ങളെല്ലാം കാലത്തോടൊപ്പം മറഞ്ഞ കഥകളായ്ക്കഴിഞ്ഞെങ്കിലും ഇവയിൽ ഇപ്പോഴും മഹത്തായൊരു ചരിത്രം സ്പന്ദിക്കുന്നുണ്ടെന്ന സത്യത്തെ നാം തിരസ്‌ക്കരിക്കരുത്, തമസ്‌കരിക്കരുത്.

കാലം ഏറെക്കഴിഞ്ഞു. പ്രവചനാതീതമായ പരിവർത്തനത്തിലേക്ക് മനുഷ്യസമൂഹം എത്തിപ്പെട്ടു. കഴിഞ്ഞകാലത്തേക്ക് പിൻതിരിഞ്ഞുനോക്കാൻ ആധുനിക മനുഷ്യർ മറന്നുപോവുന്നു. യാന്ത്രികജീവിതത്തിൽ ഇത്തരം കാര്യങ്ങൾ ഓർത്തിരിക്കാൻ സമയമെവിടെ? എങ്കിലും നാം എവിടെയെത്തിനിൽക്കുന്നുവെന്നും, ഇന്നു കാണുന്ന സാമൂഹ്യവ്യവസ്ഥിതി രൂപപ്പെടുത്തുന്നതിന്, ത്യാഗികളായ എത്രയോ മനുഷ്യരുടെ ചോരയും കണ്ണീരും ജീവിതവും ഹോമിക്കപ്പെട്ടിട്ടുണ്ട് എന്നും നാം മറന്നുപോവരുത്. ഇത്തരം പവിത്രമായ ഓർമ്മകൾ നമുക്ക് ഒരാത്മപരിശോധനയ്‌ക്കെങ്കിലും ഹേതുവാകണം.