Jump to content

കല്ലാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കല്ലാന
മറ്റുപേരുകൾ: തുമ്പിയാന
ജീവി
ഗണംആനകൾ
വിവരങ്ങൾ
ഒടുവിൽ കണ്ടത്2013 ജനുവരി
രാജ്യംഇന്ത്യ
പ്രദേശംപശ്ചിമഘട്ടം, കേരളം
ആവാസവ്യവസ്ഥമലകൾ
സ്ഥിതിതീർച്ചയില്ല

കേരളത്തിലെ പശ്ചിമഘട്ട വനങ്ങളിൽ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന പൊക്കം കുറഞ്ഞ ആനയാണ് കല്ലാന അഥവാ തുമ്പിയാന[1]. മനുഷ്യരെ കണ്ടാൽ അനങ്ങാതെ നിൽക്കുന്നതിൽ കല്ലാണെന്നു തെറ്റിദ്ധരിക്കുന്നതിനാലാണ് കല്ലാന എന്നു വിളിക്കുന്നത്. അതിവേഗത്തിൽ ഓടാൻ കഴിവുള്ളതിനാൽ തുമ്പിയാന എന്നും വിളിക്കപ്പെടുന്നു. ഹിമാലയത്തിലെ യതി എന്ന ജീവി യഥാർത്ഥമാണെന്നു തെളിവില്ലാത്തതു പോലെ കല്ലാന എന്ന ജീവിയും ജീവിച്ചിരിക്കുന്ന ഒന്നാണെന്നതിനു തെളിവൊന്നുമില്ല. കാണി വംശജരായ ആദിവാസികളാണ് കല്ലാനയെ കണ്ടിട്ടുള്ളതായി ഏറെയും പറയപ്പെടുന്നത്. കേരളത്തിൽ അഗസ്ത്യമുടിയിലാണ് കല്ലാനകൾ ഏറെയും ഉള്ളതെന്നു വിശ്വസിക്കപ്പെടുന്നു.

പ്രത്യേകതകൾ

[തിരുത്തുക]

കാണിക്കാർ പറയുന്നത് ശരിയാണെങ്കിൽ ഒന്നര മീറ്ററിൽ (അഞ്ച് അടി) താഴെയാണ് സാധാരണ ഉയരം. നിലത്തുമുട്ടുന്ന രോമാവൃതമായ വാൽ, അസാധാരണമായ തൊലിപ്പുറ ചുളിവുകൾ, മുതുകെല്ലിന്റെ ആകൃതി സവിശേഷത എന്നിവയൊക്കെയാണ് ഇതിനെ സാധാരണ ആനകളിൽ നിന്നും വേറിട്ടതാക്കുന്നത്[2]. ആക്രമണകാരിയാണെന്നും പറയപ്പെടുന്നു. തുമ്പിക്കൈയ്ക്കും വാലിനും വലിപ്പക്കൂടുതലുണ്ട്. മുൻ കാൽപ്പാദം മനുഷ്യന്റെ കൈപ്പത്തിയേക്കാളും അല്പം കൂടി വലുതും, പിൻ കാൽപ്പാദം അല്പം ചെറുതാണ്[3] . സാധാരണ ആനകളോട് ഇടപഴകാറോ, ഇണചേരാറോ ഇല്ലന്നു മാത്രമല്ല, കഴിയുന്നത്ര ഒഴിവാക്കുകയും ചെയ്യും. മറ്റുകാര്യങ്ങളിൽ കാഴ്ചയിൽ ഇന്ത്യൻ ആനകളോട് സദൃശമാണ്[4]. 2013-ൽ കല്ലാനയുടേതാണെന്നവകാശപ്പെട്ട് പുറത്ത് വന്ന വീഡിയോയിലെ ആനയുടെ ചെവിയ്ക്ക് മറ്റാനകളിൽ നിന്ന് വ്യത്യസ്തമായി ത്രികോണാകൃതിയുള്ളതും കല്ലാനയുടെ പ്രത്യേകതയായി പറയപ്പെട്ടിട്ടുണ്ട്.

കണ്ടെത്തിയെന്ന അവകാശവാദങ്ങളും പഠനശ്രമങ്ങളും

[തിരുത്തുക]

പണ്ടുമുതൽക്കേ കാണി വംശജർ കല്ലാന എന്ന ജീവി സത്യമാണെന്നും അവയെ കണ്ടിട്ടുണ്ടെന്നും അവകാശപ്പെടാറുണ്ട്. പ്രദേശത്തിനു പുറത്തുള്ള മനുഷ്യരുടെ മുന്നിലും ഏതാനും തവണ പ്രത്യക്ഷപ്പെട്ടിട്ടുള്ളതായി പറയപ്പെടുന്നു. 2005-ൽ സാലി പാലോട് എന്ന വന്യജീവി ഛായാഗ്രാഹകനും അദ്ദേഹത്തിന്റെ സഹായിയായ മല്ലൻ എന്ന കാണിയും പേപ്പാറ വന്യജീവിസങ്കേതത്തിൽ ഇത്തരത്തിലുള്ള ആനകളുടെ അഞ്ചെണ്ണമുള്ള ഒരു കൂട്ടത്തെ കണ്ടതായും ഛായാഗ്രഹണം നടത്തിയതായും അവകാശപ്പെട്ടിരുന്നു[5]. എന്നാൽ പിന്നീടുള്ള തിരച്ചിലിൽ കണ്ടെത്താൻ കഴിഞ്ഞില്ല. പ്രദേശത്ത് ചെരിഞ്ഞ ഒരാനയുടെ ലക്ഷണങ്ങൾ കണ്ട് സമീപപ്രദേശങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രസ്തുത കൂട്ടത്തെ കാണാൻ കഴിഞ്ഞതെന്ന് ഛായാഗ്രാഹകൻ പറഞ്ഞിരുന്നു. ചരിഞ്ഞ ആനയെ വനംവകുപ്പ് കൂടുതൽ പഠനങ്ങളൊന്നും നടത്താതെ കത്തിച്ചു കളഞ്ഞതിനാൽ ആവഴിക്കും പഠനങ്ങളൊന്നും സാധിച്ചില്ല[1]. കുട്ടിയാനയുടെ ശരീരത്തിൽ സാധാരണ നീളത്തിൽ രോമങ്ങളുണ്ടാകും സാലി എടുത്ത ചിത്രങ്ങളിലെ ആനയുടെ ശരീരത്തിൽ അത്തരത്തിലുള്ള രോമങ്ങൾ കാണാനില്ലായിരുന്നു. ആനക്കുട്ടികൾ തനിയെ ഇറങ്ങി നടക്കാറില്ല, അവയോടൊപ്പം മുതിർന്നയാനകളെപ്പോഴുമുണ്ടാകും. ഇതും ചിത്രങ്ങളിൽ കാണാനില്ല. ഒപ്പം ഈ ആനകൾക്ക് മുതിർന്ന ആനകളുടെ സ്വഭാവരീതിയാണുണ്ടായിരുന്നതെന്നും സാലി അവകാശപ്പെട്ടിരുന്നു. എന്നാൽ മുതിർന്ന ആനകളുടെ ചെവി മുന്നോട്ട് മടങ്ങിയിരിക്കുമെന്നും സാലിയുടെ ചിത്രങ്ങളിൽ ഇതില്ലെന്നും അതാനക്കുട്ടിയായതുകൊണ്ടായതുകൊണ്ടാവാമെന്നും വിദഗ്ദ്ധർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട് [6]. മുമ്പ് ഒരു തമിഴ്‌‌നാട് വനപാലകൻ കല്ലാനയെ കണ്ടതായി അറിയിച്ചതു പ്രകാരം അഗസ്ത്യവനങ്ങൾക്കു സമീപം തമിഴ്‌‌നാട് വനംവകുപ്പ് ഏറെക്കാലം നിരീക്ഷണങ്ങൾ നടത്തിയെങ്കിലും ഒന്നിനെ പോലും കണ്ടെത്താനായില്ല[1]. സാലിയുടെ വെളിപ്പെടുത്തലുകളെത്തുടർന്ന് കേരള വനംവകുപ്പ് മല്ലൻ കാണിയുടെ സഹായത്തോടെ അന്വേഷണം നടത്തിയെങ്കിലും, യാതൊരു തെളിവും കണ്ടെത്താനായിരുന്നില്ല[7]. 2005-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും കേരള വനംവകുപ്പും സംയുക്തമായി കല്ലാന യഥാർത്ഥത്തിൽ ഉള്ള ജീവിയാണോ എന്നറിയാൻ ഒരു പഠനം നടത്തിയിരുന്നു[8].

2010 മാർച്ച് മാസത്തിൽ പേപ്പാറയിലെ മാറകപ്പാറയിൽ പത്തനംതിട്ടയിലെ ഒരു നിശ്ചലഛായാഗ്രാഹകനായ അജന്ത ബെന്നി ഉൾവനത്തിലെ ചതുപ്പിൽ വെള്ളം കുടിക്കാനെത്തിയ കല്ലാനയെന്നു കരുതപ്പെടുന്ന ഒരാനയുടെ ചിത്രം എടുക്കുകയുണ്ടായി. ബെന്നിയുടെ കൂടി വഴികാട്ടിയായി മല്ലൻ കാണിയുമുണ്ടായിരുന്നു. അതൊരു കൊമ്പനാനയാണെങ്കിലും അഞ്ചടി മാത്രമായിരുന്നു ഉയരം, മെലിഞ്ഞ് വാരിയെല്ലുകൾ കാണാവുന്ന ആനയുടെ വാൽ സാധാരണ ആനകളുടേതിനേക്കാളും വലിപ്പമേറിയതായിരുന്നു. ഈ വിവരങ്ങൾ കേരളത്തിലെ ദിനപത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്[9][10]. 2010 ഏപ്രിലിൽ പേപ്പാറയിലെ തീപ്പച്ചാംകുഴിയിലും കല്ലാനയെ കണ്ടതായി വാർത്തയുണ്ടായി[2].

വന്യജീവി ഛായാഗ്രാഹകൻ സാലി പാലോട് പേപ്പാറ വന്യജീവിസങ്കേതത്തിലെ പരുത്തിപ്പള്ളി റേഞ്ചിലെ, മണിതൂക്കി മേഖലയിൽ വച്ച് 2013 ജനുവരി 18-നു കല്ലാനയെ കണ്ടെന്നും ചലച്ചിത്രം ഛായാഗ്രഹണം നടത്തിയെന്നും അവകാശപ്പെട്ടു[11]. സാലി പകർത്തിയ ദൃശ്യങ്ങൾ സ്വകാര്യ വാർത്താ ചാനൽ 2013 ഫെബ്രുവരി ഒന്നിന് പ്രക്ഷേപണം ചെയ്തിരുന്നു[12][13]. ഇതിനെ തുടർന്ന് യാഥാർത്ഥ്യം പഠിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് വനം മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിക്കുകയും ചെയ്തിരുന്നു[11]. തുടർന്ന് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനായി ഡോ. ഈസയുടെ നേതൃത്വത്തിലുള്ള സംഘം ആനയെ നിരീക്ഷിക്കുകയും, അതിനെ വനംവകുപ്പ് കെണിവെച്ച് പിടിക്കുകയും ചെയ്തു[14]. ഈ ആന വ്യത്യസ്തമല്ലെന്നും ആറു വയസ്സുള്ള സാധാരണ കുട്ടിയാനയാണെന്നുമാണ് വനംവകുപ്പിന്റെ വാദം. ഡി.എൻ.എ. പരിശോധനയ്ക്കായി രക്തം ശേഖരിക്കുകയും വയനാട്ടിലെ ഫോറസ്റ്റ് റിസർച്ച് സെന്ററിലേയ്ക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.

ശാസ്ത്രസാങ്കേതിക വിദ്യകൾ വളർന്നിട്ടും കല്ലാന യഥാർത്ഥത്തിൽ ഉള്ള ജീവിയാണോ അല്ലയോ എന്നു തീരുമാനിക്കാനാകാത്തത് വിമർശനങ്ങൾക്ക് പാത്രമായിട്ടുണ്ട്. കല്ലാന ഉണ്ടോ ഇല്ലയോ എന്ന് കാര്യമായി പഠനം നടത്താത്തത്, ഉണ്ടെന്ന് കണ്ടെത്തിയാൽ വളരെ പരിമിതമായ എണ്ണത്തിൽ മാത്രം അവശേഷിച്ചിരിക്കാവുന്ന ഈ ജീവികളെ സം‌രക്ഷിക്കേണ്ടതിനുള്ള ലോക സമ്മർദ്ദം ഭയന്നും, അങ്ങനെയെങ്കിൽ അനുബന്ധമായി കൈക്കൊള്ളേണ്ട പാരിസ്ഥിതിക പരിരക്ഷണ ബാദ്ധ്യതയോർത്തും, ലോകം മുഴുവൻ ഉറ്റുനോക്കുന്നതിലുള്ള അധൈര്യം മൂലമാണെന്നും ആരോപണമുണ്ടായിട്ടുണ്ട്[15].

മറ്റ് പ്രദേശങ്ങളിലുള്ള സമാനങ്ങളായ ആനകൾ

[തിരുത്തുക]

കോംഗോയിലെ ചതുപ്പ് വനങ്ങളിൽ സമാനങ്ങളായ ആനകൾ ഉണ്ടെന്നുള്ളത് തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്[16]. അതുപോലെ തന്നെ മലയൻ ജൈവമണ്ഡലത്തിൽ ജാവാ ദ്വീപിനു സമീപമുള്ള ബോർണിയോ കാടുകളിൽ ഏഷ്യൻ ആനകളിൽ നിന്നും ജനിതക വ്യത്യാസമുള്ള കുള്ളൻ ആനകളുടെ ഒരു ആന ഉപജാതിയേയും കണ്ടെത്തിയിട്ടുണ്ട്[17].

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 ഇ. സോമനാഥ്. "കഥയ്ക്കും കാര്യത്തിനുമിടയിൽ കല്ലാന". മനോരമ ഓൺലൈൻ. Archived from the original on 2008-08-02. Retrieved 2009 നവംബർ 27. {{cite news}}: Check date values in: |accessdate= (help)
  2. 2.0 2.1 "ഇവനാണ് തുമ്പിയാന" (in മലയാളം). മാതൃഭൂമി. 12 ഏപ്രിൽ 2010. Archived from the original on 2010-04-15. Retrieved 12 ഏപ്രിൽ 2010.{{cite news}}: CS1 maint: unrecognized language (link)
  3. "കല്ലാന കളവ്!: ശാസ്ത്ര'അജ്ഞ'രേക്കാൾ വിശ്വസിക്കാം കാടിന്റെ മക്കളെ". വെബ്‌ദുനിയ. 3 ഫെബ്രുവരി 2013. Retrieved 17 ഫെബ്രുവരി 2013.
  4. P.S. Suresh Kumar (18 ജനുവരി 2008). "21 elephants found in Western Ghats at Kanyakumari: census" (in ഇംഗ്ലീഷ്). The Hindu. Archived from the original on 2008-11-13. Retrieved 21 മാർച്ച് 2010.
  5. P. Venugopal (2005 ജനുവരി 19). "Pygmy elephants in Kerala forests?" (in ഇംഗ്ലീഷ്). ഹിന്ദു. Retrieved 2009 നവംബർ 27. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  6. "Expert disputes sighting of 'pygmy elephants'" (in ഇംഗ്ലീഷ്). Elephantasia.org. 2005 ജൂലൈ 29. Retrieved 2009 നവംബർ 27. {{cite web}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  7. കെ.എസ്. സുധി (11 ഏപ്രിൽ 2010). "Lilliput jumbos- a subject of debate". ദി ഹിന്ദു (in ഇംഗ്ലീഷ്). Retrieved 25 ഏപ്രിൽ 2013.
  8. MANOJ K.DAS (11 മാർച്ച് 2005). "Scientists trail a myth: Kerala's pygmy elephant" (in ഇംഗ്ലീഷ്). Indian Express. Retrieved 21 മാർച്ച് 2010.{{cite news}}: CS1 maint: unrecognized language (link)
  9. പേപ്പാറയിൽ വീണ്ടും കല്ലാനയെ കണ്ടു, മലയാള മനോരമ ദിനപത്രം, 20 മാർച്ച് 2010, ഒന്നാം പേജ്, കോട്ടയം എഡിഷൻ. (ഓൺലൈൻ ലിങ്ക്[പ്രവർത്തിക്കാത്ത കണ്ണി])
  10. പേപ്പാറ വനത്തിലെ 'കല്ലാന' ശൗര്യത്തിൽ കൊലകൊമ്പൻ, മംഗളം ദിനപത്രം, 20 മാർച്ച് 2010 (ഓൺലൈൻ ലിങ്ക്[പ്രവർത്തിക്കാത്ത കണ്ണി])
  11. 11.0 11.1 "കല്ലാന സത്യമോയെന്ന് പഠിക്കാൻ അഞ്ചംഗ സമിതി" (in മലയാളം). മാധ്യമം. 01 ഫെബ്രുവരി 2013. Archived from the original on 2013-02-04. Retrieved 02 ഫെബ്രുവരി 2013. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  12. "കല്ലാന ഇനി യാഥാർത്ഥ്യം; അപൂർവ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിൽ" (in മലയാളം). asianetnews. 01 ഫെബ്രുവരി 2013. Archived from the original on 2013-02-04. Retrieved 02 ഫെബ്രുവരി 2013. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  13. "Rare elephant "Kallaana" seen in pepara dam : Exclusive Footage" (in മലയാളം). asianetnews. 01 ഫെബ്രുവരി 2013. Retrieved 02 ഫെബ്രുവരി 2013. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  14. "മണിതൂക്കി വനത്തിൽ കണ്ടത് കല്ലാനയല്ലെന്ന് വനംവകുപ്പ്". ദേശാഭിമാനി. 7 ഫെബ്രുവരി 2013. Retrieved 17 ഫെബ്രുവരി 2013.
  15. ഇ. ഉണ്ണികൃഷ്ണൻ (2010 ഡിസംബർ 5 - 11). "ആന ഒരു സാധു മൃഗമാകുന്നു". മാതൃഭൂമി ആഴ്ചപ്പതിപ്പ് (in മലയാളം). 88 (39). {{cite journal}}: |access-date= requires |url= (help); Check date values in: |date= (help)CS1 maint: unrecognized language (link)
  16. "Pygmy Elephant Stamps" (in ഇംഗ്ലീഷ്). pibburns.com. Archived from the original on 2009-05-28. Retrieved 2009 നവംബർ 27. {{cite web}}: Check date values in: |accessdate= (help)
  17. "Borneo Pygmy Elephant" (in ഇംഗ്ലീഷ്). വേൾഡ് വൈൽഡ് ലൈഫ് ഫണ്ട്. Retrieved 2009 നവംബർ 27. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=കല്ലാന&oldid=3839002" എന്ന താളിൽനിന്ന് ശേഖരിച്ചത്