Jump to content

കവാടം:ജ്യോതിശാസ്ത്രം/തിരഞ്ഞെടുത്തവ/2010 ഒക്ടോബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വ്യാഴം
വ്യാഴം

സൗരയൂഥത്തിൽ സൂര്യനിൽ നിന്ന് അഞ്ചാമത്തേതും ഏറ്റവും വലിയ ഗ്രഹവുമാണ് വ്യാഴം. ഈ വാതകഭീമൻ ഗ്രഹത്തിന്റെ ഭാരം സൂര്യന്റെ ആയിരത്തിലൊരു ഭാഗത്തിൽ നിന്ന് അല്പം കുറവാണ്‌, അതേ സമയം സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളുടേയും മൊത്തം ഭാരത്തിന്റെ രണ്ടര ഇരട്ടി വരും ഇത്. പുരാതനകാലം മുതലേയുള്ള വാനനിരീക്ഷകർക്ക് ഈ ഗ്രഹം പരിചിതമായിരുന്നു, വിവിധ ഐതിഹ്യങ്ങളുടേയും മതങ്ങളുടേയും സംസ്കാരങ്ങളുടേയും ഭാഗമായി ഈ ഗ്രഹം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. റോമാക്കാർ അവരുടെ ദേവനായ ജൂപ്പിറ്ററിന്റെ പേരാണ്‌ ഗ്രഹത്തിന്‌ നൽകിയിരിക്കുന്നത്. ഭൂമിയിൽ നിന്നും വീക്ഷിക്കുമ്പോൾ പരമാവധി -2.94 ദൃശ്യകാന്തിമാനത്തോടെ ദൃശ്യമാകുന്ന വ്യാഴം രാത്രി ആകാശത്തിൽ ചന്ദ്രനും ശുക്രനും ശേഷം ഏറ്റവും തിളക്കത്തോടെ ദൃശ്യമാകുന്ന ജ്യോതിർവസ്തുവാണ്.

ഹൈഡ്രജനാണ് വ്യാഴത്തിന്റെ മുഖ്യ ഘടകം, കാൽഭാഗത്തോളം ഹീലിയവുമുണ്ട്. കൂടുതൽ ഭാര മൂലകങ്ങളടങ്ങിയ ഉറച്ച കാമ്പ് ഗ്രഹത്തിന് ഉണ്ടായിരിക്കാം. കൂടുതൽ വേഗതയുള്ള ഭ്രമണമായതിനാൽ മധ്യരേഖയേക്കാർ വ്യാസം കുറഞ്ഞ ധ്രുവങ്ങളോടെയുള്ള ദീർഘവൃത്താകൃതിയാണ് വ്യാഴത്തിന്. വ്യത്യസ്ത അക്ഷാംശങ്ങളിൽ വേർതിരിക്കപ്പെട്ട രീതിയിലുള്ള അന്തരീക്ഷത്തിന്റെ അതിർവരമ്പുകളിൽ പ്രക്ഷുബ്ധതകൾ കാണാം. ഇവയിൽ പ്രമുഖമാണ്‌ ഭീമൻ ചുവന്ന് പൊട്ട്. ചുറ്റുമായി ചിതറിക്കിടക്കുന്ന ഉഗ്രഹവ്യവസ്ഥയും ശക്തമായ കാന്തമണ്ഡലവും വ്യാഴത്തിനുണ്ട്. 1610-ൽ ഗലീലിയോ ഗലീലി കണ്ടെത്തിയ നാല്‌ വലിയ ഉപഗ്രഹങ്ങളടക്കം കുറഞ്ഞത് 63 ഉപഗ്രഹങ്ങളെങ്കിലും വ്യാഴത്തിനുണ്ട്. മുൻകാലങ്ങളിൽ നടത്തിയ പയനിയർ, വൊയേജർ ദൗത്യങ്ങൾ പിന്നീട് നടന്ന ഗലീലിയോ ഓർബിറ്റർ എന്നിവ വ്യാഴത്തെ സന്ദർശിച്ചിട്ടുള്ള പ്രധാന ബഹിരാകാശവാഹനങ്ങളാണ്. പ്ലൂട്ടോയെ ലക്ഷ്യമാക്കി ഫെബ്രുവരി 2007 ൽ യാത്രതിരിച്ച ന്യൂ ഹൊറൈസൺസ് പേടകമാണ്‌ ഏറ്റവുമൊടുവിൽ വ്യാഴത്തെ സന്ദർശിച്ചത്. ഭാവിയിൽ നടത്താനിരിക്കുന്ന പര്യവേഷണങ്ങളിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്‌ ഉപഗ്രഹമായ യൂറോപ്പയിലെ ഹിമാവൃതമായ ദ്രാവക സമുദ്രം.

...പത്തായം കൂടുതൽ വായിക്കുക...