Jump to content

കാഴ്ച പരിശോധന ചാർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാഴ്ച പരിശോധന ചാർട്ട്
കാഴ്ച ശക്തി അളക്കാൻ ഉപയോഗിക്കുന്ന സ്നെല്ലെൻ ചാർട്ട്.
Usesകാഴ്ച പരിശോധന
Related items

കാഴ്ച ശക്തി അളക്കാൻ നേത്രരോഗവിദഗ്ദ്ധർ, ഒപ്‌റ്റോമെട്രിസ്റ്റുകൾ, ഫിസിഷ്യൻമാർ അല്ലെങ്കിൽ നഴ്‌സുമാർ പോലുള്ള ആരോഗ്യ പരിപാലന വിദഗ്ധർ ഉപയോഗിക്കുന്ന ചാർട്ടുകളാണ് കാഴ്ച പരിശോധന ചാർട്ടുകൾ.

കാഴ്ച പരിശോധന ചാർട്ടിൽ നിന്ന് ഒരു നിശ്ചിത അകലത്തിലാണ് വ്യക്തി ഇരിക്കേണ്ടത്. ഇരുന്നതിന് ശേഷം വലിയതിൽ ആരംഭിച്ച് ക്രമേണ ചെറിയതിലേക്ക് എന്ന രീതിയിൽ ചാർ‌ട്ടിലെ അക്ഷരങ്ങൾ അല്ലെങ്കിൽ ചിഹ്നങ്ങൾ‌ തിരിച്ചറിയാൻ‌ വ്യക്തിയോട് പറയുന്നു. വിശ്വസനീയമായി തിരിച്ചറിയാൻ കഴിയുന്ന ഏറ്റവും ചെറിയ ചിഹ്നങ്ങൾ വ്യക്തിയുടെ കാഴ്ച ശക്തിയുടെ അളവ് ആയി കണക്കാക്കപ്പെടുന്നു.

സ്നെല്ലെൻ ചാർട്ട് ആണ് ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന കാഴ്ച പരിശോധന ചാർട്ട്. കാഴ്ചശക്തിയുടെ കൂടുതൽ വ്യക്തമായ അളക്കലിന് സഹായിക്കുന്ന ലോഗ്മാർ ചാർട്ട്, അക്ഷര ജ്ഞാനം ഇല്ലാത്തവർക്കു കൂടി ഉപയോഗിക്കാൻ പറ്റുന്ന ലാൻ‌ഡോൾട്ട് സി ചാർട്ട്, ഇ ചാർട്ട്, കുട്ടികളുടെ കാഴ്ച ശക്തി അളക്കാൻ ഉപയോഗിക്കുന്ന ലിയ ടെസ്റ്റ്, ഗൊലോവിൻ-സിവ്‌സെവ് പട്ടിക, റോസെൻ‌ബാം ചാർട്ട്, ജെയ്‌ഗർ ചാർട്ട് എന്നിങ്ങനെ ഒരുപാട് തരത്തിലുള്ള കാഴ്ച പരിശോധന ചാർട്ടുകൾ ഉണ്ട്.

നടപടിക്രമം

[തിരുത്തുക]

കാഴ്ചകൾ‌ പരിശോധിക്കുന്നതിനുള്ള സ്റ്റാൻ‌ഡേർ‌ഡൈസ്ഡ് ചിഹ്നങ്ങളായ ഒപ്റ്റോടൈപ്പുകളുടെ നിരവധി വരികൾ‌ അടങ്ങിയ ചാർ‌ട്ടുകൾ‌ വ്യക്തിയെ കാണിക്കുന്നു. ഒപ്‌ടോടൈപ്പുകൾ സാധാരണയായി അക്ഷരങ്ങൾ, അക്കങ്ങൾ അല്ലെങ്കിൽ ജ്യാമിതീയ ചിഹ്നങ്ങളാണ്. ചാർട്ടിന്റെ ഓരോ വരിയും വ്യത്യസ്ത വലുപ്പത്തിലുള്ള ഒപ്‌ടോടൈപ്പുകൾ ആണ് ഉള്ളത്. സാധാരണയായി ഏറ്റവും വലിയ ഒപ്‌ടോടൈപ്പുകൾ മുകളിലെ വരിയിലാണ്. ചാർട്ടിന്റെ അടിയിലേക്ക് വരുന്തോറും ഒപ്റ്റോടൈപ്പുകൾ  ക്രമേണ ചെറുതായിവരുന്നു.

വ്യക്തി ഏതെങ്കിലും ഗ്ലാസുകളോ കോൺടാക്റ്റ് ലെൻസുകളോ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവ നീക്കംചെയ്തതിന് ശേഷമാണ് പരിശോധന ആരംഭിക്കുന്നത്. ആദ്യം പരിശോധിക്കേണ്ട വ്യക്തിയോട് ചാർട്ടിൽ നിന്ന് ഒരു സ്റ്റാൻഡേർഡ് ദൂരത്തിൽ നിൽക്കുകയോ ഇരിക്കുകയോ ചെയ്യാൻ ആവശ്യപ്പെടുന്നു (ഉദാ. സ്നെല്ലെൻ ചാർട്ടിന് 6 മീറ്റർ).[1] വലിയ വരികളിൽ നിന്ന് ആരംഭിച്ച് ചെറിയ വരികളിലേക്ക് എന്ന രീതിയിൽ ചാർട്ടിലെ ഒപ്‌ടോടൈപ്പുകൾ തിരിച്ചറിയാൻ വ്യക്തിയോട് ആവശ്യപ്പെടുന്നു. വ്യക്തിക്ക് ചിഹ്നങ്ങളെ വിശ്വസനീയമായി തിരിച്ചറിയാൻ കഴിയുന്ന ഏറ്റവും ചെറിയ വരി ആ വ്യക്തിയുടെ കാഴ്ച ശക്തിയുടെ അളവായി കണക്കാക്കുന്നു.

ഒരു സമയം ഒരു കണ്ണ് ആണ് പരിശോധിക്കുന്നത്. പ്രായോഗികമായി, മറ്റൊരു കണ്ണ് ഒരു കൈ, കടലാസ് കഷ്ണം അല്ലെങ്കിൽ ഒരു ചെറിയ ഒക്ലൂടർ കൊണ്ട് മൂടിയാണ് ഇത് സാധ്യമാക്കുന്നത്. ഗ്ലാസുകളോ കോൺടാക്റ്റ് ലെൻസുകളോ ഇല്ലാതെ കാഴ്ച അളന്ന ശേഷം, അവ ധരിക്കുമ്പോൾ ഉള്ള കാഴ്ചയും അളക്കുന്നു. അത്തരം റിഫ്രാക്റ്റീവ് ലെൻസുകളുടെ ഉപയോഗം വിഷ്വൽ അക്വിറ്റി സാധാരണ നിലയിലേക്ക് ശരിയാക്കുന്നുണ്ടോ എന്നറിയാനാണ് ഇത്. കണ്ണട അല്ലെങ്കിൽ കോണ്ടാക്റ്റ് ലെൻ ഉപയോഗിച്ചതിനു ശേഷവും കാഴ്ചശക്തി സാധാരണ നിലയിൽ എത്തുന്നില്ലെങ്കിൽ ഒരു പിൻഹോൾ ഉപയോഗിച്ച് കാഴ്ച മെച്ചപ്പെടുന്നുണ്ടോ എന്ന് നോക്കണം. പിൻഹോളുകളുടെ ഉപയോഗത്തിലൂടെ കാഴ്ചശക്തി മെച്ചപ്പെടുകയാണെങ്കിൽ, ലെൻസുകൾ ഉപയോഗിച്ച് കാഴ്ച മെച്ചപ്പെടുന്നുണ്ടോ എന്ന് നോക്കണം.

സ്നെല്ലെൻ ചാർട്ട് ഉപയോഗിച്ച്, കാഴ്ച ശക്തി ഭിന്ന സംഖ്യയിൽ രേഖപ്പെടുത്തുന്നു (ഉദാ:6/12). ഇതിൽ ന്യൂമറേറ്റർ ചാർട്ടും വ്യക്തിയും തമ്മിലുള്ള സ്റ്റൻഡേഡ് ദൂരമാണ്. ഡിനോമിനേറ്റർ ആയി 3  മുതൽ 60 വരെയുള്ള മൂല്യങ്ങളും രേഖപ്പെടുത്തുന്നു (ചുവടെയുള്ള നമ്പർ). 6/6 (20/20) സാധാരണ കാഴ്ചയായി കണക്കാക്കുന്നു.

വ്യതിയാനങ്ങൾ

[തിരുത്തുക]

നിരവധി തരം കാഴ്ച പരിശോധന ചാർട്ടുകൾ നിലവിലുണ്ട്. അവ ഉപയോഗിക്കുന്ന രീതികളും വ്യത്യാസപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, സ്നെല്ലെൻ ചാർട്ട് സാധാരണയായി 6 മീറ്ററിലോ 20 അടിയിലോ ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, അതേസമയം ലോഗ്മാർ (ഇടിഡിആർഎസ്) ചാർട്ട് 4 മീറ്ററും 3 മീറ്ററും ഉൾപ്പടെ പല ദൂരങ്ങളിൽ ഉപയോഗിക്കാൻ പറ്റും. സമീപത്തുള്ള കാഴ്ച പരിശോധിക്കുന്നതിന് ഒരു റോസെൻ‌ബോം ചാർട്ട് അല്ലെങ്കിൽ ജെയ്‌ഗർ ചാർട്ട് ഉപയോഗിക്കാം.[2]

സാധാരണയായി കാഴ്ച പരിശോധിക്കുന്നത് സ്നെല്ലൻ ചാർട്ട് ഉപയോഗിച്ച് ആണെങ്കിൽ, കാഴ്ചയുടെ കൃത്യമായ അളവെടുക്കലിന് ലോഗ്മാർ ചാർട്ട് മികച്ചതാണെന്ന് ചില വിദഗ്ധർ വാദിക്കുന്നു.[3] ലോഗ്മാർ ചാർട്ട് ഓരോ വരിയിലും ഒരേ എണ്ണം ചിഹ്നങ്ങൾ ഉള്ളവയാണ്. കൂടാതെ ചിഹ്ന വലുപ്പം ലോഗരിതിമിക്കായി വ്യത്യാസപ്പെടുന്ന ഇത് ഏത് ദൂരത്തിലും ഉപയോഗിക്കാൻ എളുപ്പമാണ്. ഈ മെച്ചപ്പെടുത്തലുകളുടെ അനന്തരഫലമായി, കാഴ്ചശക്തി അളക്കുന്നതിനുള്ള കൂടുതൽ വിശ്വസനീയമായ ഉപകരണമായി ലോഗ്മാർ ചാർട്ട് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, ലോഗ്മാർ ചാർട്ട് ഇതുവരെ വ്യാപകമായി സ്വീകരിച്ചിട്ടില്ല.

ശിശുക്കൾ, കൊച്ചുകുട്ടികൾ, നിരക്ഷരരായ മുതിർന്നവർ എന്നിവരിൽ കാഴ്ചശക്തി അളക്കുന്നത് ബുദ്ധിമുട്ടാണ്. കുട്ടികളിൽ ലിയ ചിഹ്നങ്ങൾ പോലുള്ള പ്രത്യേക കാഴ്ച പരിശോധന ചാർട്ടുകൾ ഉപയോഗിക്കാം. ഇതിൽ ലളിതമായ ചിത്രങ്ങളോ പാറ്റേണുകളോ ഉപയോഗിക്കുന്നു. നിരക്ഷരരായ മുതിർന്നവരിൽ ടംബ്ലിംഗ് ഇ എന്ന് വിളിക്കപ്പെടുന്ന ഇ ചാർട്ട് ഉപയോഗിക്കാം. ഓരോ "ഇ"യും ഏത് ദിശയിലാണ് അഭിമുഖീകരിക്കുന്നതെന്ന് സൂചിപ്പിച്ച് കാഴ്ച ശക്തി അളക്കാവുന്നതാണ്. ലാൻ‌ഡോൾട്ട് സി ചാർട്ടും ഇതിന് സമാനമാണ്. അവസാനത്തെ രണ്ട് തരം ചാർട്ടുകളും രോഗി ചിത്രങ്ങൾ ഊഹിക്കാനുള്ള സാധ്യത കുറയ്ക്കുന്നു.[4]

ജാപ്പനീസ് കാഴ്ച പരിശോധന ചാർട്ട്

ഇതരമാർഗങ്ങൾ

[തിരുത്തുക]

കാഴ്ച പരിശോധനയ്ക്ക് കമ്പ്യൂട്ടർ അധിഷ്‌ഠിത ഇതരമാർഗങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവയ്ക്ക് കൂടുതൽ കൃത്യമായ അളവ്, ക്രമരഹിതമായ ഒപ്‌ടോടൈപ്പുകൾ, ഊഹിക്കാനുള്ള സാധ്യത കുറവ് എന്നിങ്ങനെയുള്ള നിരവധി ഗുണങ്ങളുണ്ട്.

ഒരു വ്യക്തിക്ക്, പ്രത്യേകിച്ച് ഒരു കൊച്ചുകുട്ടിയ്ക്ക് കാഴ്ച പരിശോധനയുമായി സഹകരിക്കാൻ കഴിയുന്നില്ലെങ്കിൽ, ചില സൂചനകളിലൂടെ മാതാപിതാക്കൾക്ക് കുട്ടിയുടെ കാഴ്ചയിലെ അപാകതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ കഴിയും. ഫോക്കസ് ചെയ്യാൻ ശ്രമിക്കുമ്പോൾ കുട്ടി വസ്തുക്കളെ മുഖത്തോട് ചേർത്ത് പിടിച്ചേക്കാം എന്നതാണ് ഒരു സൂചന.[5] ഫോട്ടോസ്ക്രീനിംഗ് എന്ന ഫോട്ടോഗ്രാഫി സാങ്കേതികത വഴി റിഫ്രാക്റ്റീവ് പിശക് കണക്കാക്കാം.[6] നേരിട്ടുള്ള കാഴ്ച പരിശോധന സാധ്യമാകാത്ത അവസ്ഥയിൽ വി.ഇ.പി, ഒപ്റ്റോകൈനെറ്റിക് നിസ്റ്റഗ്മസ് പോലെയുള്ള പരിശോധനകളും സാധ്യമാണ്.

സാങ്കേതിക വിശദാംശങ്ങൾ

[തിരുത്തുക]

ഒപ്‌ടോടൈപ്പ് ക്രൗഡിംഗ്

[തിരുത്തുക]

ഒപ്‌ടോടൈപ്പ് പ്രതീകങ്ങൾ 4.4 ബാർ വീതിയെക്കാൾ അടുത്തെത്തിക്കഴിഞ്ഞാൽ ഒപ്‌ടോടൈപ്പ് "ക്രൗഡിംഗ്" മൂലം ഫോവിയയിലെ വിഷ്വൽ അക്വിറ്റി കുറയുന്നു.[7] ഫോവയിലെ ഒപ്‌ടോടൈപ്പ് അക്ഷരങ്ങൾക്കായുള്ള "ക്രിട്ടിക്കൽ സ്‌പെയ്‌സിംഗ്" എന്നാണ് ഇതിനെ വിളിക്കുന്നത്. പെരിഫറി വിഷ്വൽ അക്വിറ്റിക്ക്, നിർണായക സ്‌പെയ്‌സിംഗ് വളരെ വലുതാണ്, അതായത് 15-20 ബാർ വീതിയെക്കാൾ അടുത്തുള്ള ഒപ്‌ടോടൈപ്പ് പ്രതീകങ്ങൾ വിഷ്വൽ അക്വിറ്റിയെ പ്രതികൂലമായി ബാധിക്കുന്നു.[8]

ഇതും കാണുക

[തിരുത്തുക]

പരാമർശങ്ങൾ

[തിരുത്തുക]
  1. "Medline Plus, Visual Acuity Test".
  2. "Home vision tests: MedlinePlus Medical Encyclopedia". www.nlm.nih.gov. Retrieved 2015-05-09.
  3. Hussain, Badrul; Saleh, George M; Sivaprasad, Sobha; Hammond, Christopher J (2006). "Changing from Snellen to LogMAR: debate or delay? – Hussain – 2006 – Clinical & Experimental Ophthalmology – Wiley Online Library". Clinical and Experimental Ophthalmology. 34 (1): 6–8. doi:10.1111/j.1442-9071.2006.01135.x. PMID 16451251.
  4. "Vision screening in infants, children and youth". Paediatrics & Child Health. 14 (4): 246–248. April 2009. doi:10.1093/pch/14.4.246. ISSN 1205-7088. PMC 2690539. PMID 20357924.
  5. Hagan, JF (2008). Futures: Guidelines for Health Supervision. Elk Grove.
  6. "Photoscreening – EyeWiki". eyewiki.aao.org. Retrieved 2015-05-09.
  7. "Amblyopia - EyeWiki". eyewiki.aao.org. Retrieved 2019-05-20.
  8. Coates, D. R; Chin, J. M; Chung, S. T (2013). "Factors Affecting Crowded Acuity: Eccentricity and Contrast". Optometry and Vision Science. 90 (7): 628–638. doi:10.1097/OPX.0b013e31829908a4. PMC 3837536. PMID 23770657.
"https://ml.wikipedia.org/w/index.php?title=കാഴ്ച_പരിശോധന_ചാർട്ട്&oldid=3568511" എന്ന താളിൽനിന്ന് ശേഖരിച്ചത്