Jump to content

കിഴക്ക് (ഡയോസിസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റോമാ സാമ്രാജ്യത്തിന്റെ ഒരു മഹാപ്രവിശ്യ ആയിരുന്നു കിഴക്കിന്റെ ഡയോസിസ് (ലത്തീൻ: Dioecesis Orientis; ഗ്രീക്ക്: Διοίκησις Ἑῴα). പിൽക്കാല റോമാ സാമ്രാജ്യത്തിൽ മദ്ധ്യധരണ്യാഴി മുതൽ മെസൊപെട്ടേമിയ വരെയുള്ള പ്രവിശ്യകൾ ഉൾപ്പെടുത്തിയാണ് ഇത് സ്ഥാപിക്കപ്പെട്ടത്. പിൽക്കാല പൗരാണികാലത്തെ റോമാ സാമ്രാജ്യത്തിൽ വാണിജ്യപരമായും കാർഷികമായും മതപരമായും ബൗദ്ധികമായും വലിയ പ്രാധാന്യം ഈ മേഖലയ്ക്ക് ഉണ്ടായിരുന്നു. സസ്സാനിദ് സാമ്രാജ്യവുമായും അറേബ്യൻ മരഭൂമിയിലെ ഗോത്രമേഖലകളുമായും അതിർത്തി പങ്കിട്ടിരുന്നതിനാൽ സൈനികമായി വളരെ തന്ത്രപരമായ ഒരു പ്രദേശമായും ഇത് മാറി.[1]


കിഴക്ക് - റോമൻ സാമ്രാജ്യത്തിന്റെ മഹാപ്രവിശ്യ
Dioecesis Orientis
Ἑῴα Διοίκησις
റോമാ സാമ്രാജ്യത്തിന്റെ മഹാപ്രവിശ്യ (ഡയോസിസ്)
314–535/536

ക്രി. വ. 400ൽ കിഴക്കിന്റെ റോമൻ മഹാപ്രവിശ്യ
തലസ്ഥാനംഅന്ത്യോഖ്യ
ചരിത്രം
കാലഘട്ടംപിൽക്കാല പൗരാണികകാലം
• സ്ഥാപിതം
314
• ജസ്റ്റീനിയൻ ഒന്നാമൻ നിർത്തലാക്കി
535-536
ശേഷം
ബീലാദ് അൽ-ഷാം

ചരിത്രം

[തിരുത്തുക]
റോമാ സാമ്രാജ്യത്തിലെ വിവിധ പ്രവിശ്യകൾ ക്രി. വ. 300ലെ ആദ്യകാല രൂപത്തിൽ

ഡയോക്ലീഷ്യൻ ചക്രവർത്തിയുടെ (ഭരണകാലം 284-305) പരിഷ്കാരങ്ങൾക്ക് ശേഷമാണ് ഈ മഹാപ്രവിശ്യ സ്ഥാപിതമായത്. ഇത് കിഴക്കിന്റെ പ്രെട്ടോറിയൻ പ്രിഫെക്ചറിന് കീഴിലായിരുന്നു. കിഴക്ക് എന്ന് പേര് വിളിക്കപ്പെട്ട ഈ മഹാപ്രവിശ്യയുടെ (ഡയോസിസിന്റെ) ഭരണാധികാരിക്ക് മറ്റ് ഡയോസിസുകളുടേതിൽ നിന്ന് വ്യത്യസ്തമായി "വികാരിയുസ്" (ലത്തീൻ: Vicarius) എന്നതിനുപകരം കോമിസ് ഓറിയന്റീസ് (ലത്തീൻ: Comes Orientis, വിർ സ്‌പെക്റ്റാബിലിസ് പിന്നീട് വിർ ഗ്ലോറിയോസസ് എന്ന സ്ഥാനം) എന്ന പ്രത്യേക പദവി ഉണ്ടായിരുന്നു.[1]

മദ്ധ്യപൂർവദേശത്ത് സാമ്രാജ്യത്തിന്റെ കീഴിലുള്ള പ്രവിശ്യകളെല്ലാം ഈ മഹാപ്രവിശ്യയുടെ ഭാഗമായി. ഇസൗറിയ, കിലിക്യ, സൈപ്രസ്, യൂഫ്രാട്ടെൻസിസ്, മെസൊപ്പൊട്ടേമിയ, ഓസ്റോയിൻ, സിറിയ കോയ്‌ലെ, ഫീനിസ്, പാലസ്തീന പ്രൈമ, പാലസ്‌തീനാ സെകുന്ദ, അറേബ്യ എന്നിവയോടൊപ്പം ഈജിപ്ഷ്യൻ പ്രവിശ്യകളായ ഈജിപ്‌ത, ലിപ്‌റ്റസ്, അഗസ്‌റ്റോറിസ്, ലിബിയ ഇൻഫീരിയർ എന്നിവയും ആദ്യം ഇതിന്റെ ഭാഗമായിരുന്നു. എന്നാൽ വാലൻസിന്റെ (ഭരണകാലം 364-378) കാലത്ത് ഈജിപ്ഷ്യൻ പ്രവിശ്യകൾ കിഴക്കിൽ നിന്ന് വേർപെടുത്തി പ്രത്യേക ഡയോസിസായി തരംതിരിക്കപ്പെട്ടു.[1]

535-ൽ, ജസ്റ്റീനിയൻ ഒന്നാമന്റെ ഭരണപരിഷ്കാരങ്ങളുടെ ഭാഗമായി ഈ ഡയോസിസ് നിർത്തലാക്കപ്പെട്ടു.[2]

റോമാ സാമ്രാജ്യത്തിന്റെ ക്രൈസ്തവസഭയിലെ അന്ത്യോഖ്യാ പാത്രിയർക്കീസുമാരുടെ ഔദ്യോഗിക ശീർഷകത്തിലെ "കിഴക്കൊക്കെയും" (ഇംഗ്ലീഷ്: All the East) അർത്ഥമാക്കുന്നത് ഈ പ്രവിശ്യയെയാണ്.[3]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Kazhdan, Alexander, ed. (1991). Oxford Dictionary of Byzantium. Oxford University Press. pp. 1533–1534. ISBN 978-0-19-504652-6.
  2. Bury, John Bagnell (1923). History of the Later Roman Empire: From the Death of Theodosius I to the Death of Justinian. Vol. II. London: MacMillan & Co. p. 339. ISBN 0-486-20399-9.
  3. "L'IDEA DI PENTARCHIA NELLA CRISTIANITA'". Retrieved 2023-03-09.
"https://ml.wikipedia.org/w/index.php?title=കിഴക്ക്_(ഡയോസിസ്)&oldid=3999180" എന്ന താളിൽനിന്ന് ശേഖരിച്ചത്