Jump to content

കീറ്റോൺ ബോഡികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കീറ്റോൺ ബോഡികൾ എന്നത് കീറ്റോൺ ഗ്രൂപ്പുകൾ അടങ്ങിയ, വെള്ളത്തിൽ ലയിക്കുന്ന തന്മാത്രകളാണ്. ഇവ കീറ്റോജെനിസിസ് പ്രക്രിയയിലൂടെ, കരൾ ഫാറ്റി ആസിഡുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്നു .[1][2] ഇവ കരളിന് പുറത്തുള്ള ടിഷ്യൂകളിലേക്ക് എളുപ്പത്തിൽ എത്തിക്കപ്പെടുന്നു. അവിടെ അവ അസറ്റൈൽ-കോഎ (അസെറ്റൈൽ-കോഎൻസൈം എ) ആയി പരിവർത്തനം ചെയ്യപ്പെടുന്നു. അത് സിട്രിക് ആസിഡ് സൈക്കിളിലേക്ക് (ക്രെബ്സ് സൈക്കിൾ) പ്രവേശിക്കുകയും ഊർജത്തിനായി ഓക്സിഡൈസ് ചെയ്യപ്പെടുകയും ചെയ്യുന്നു. [3] തലച്ചോറിലെ കീറ്റോൺ ബോഡികൾ, അസറ്റൈൽ-കോഎയെ നീണ്ട ചെയിൻ ഫാറ്റി ആസിഡുകളാക്കി മാറ്റാൻ ഉപയോഗിക്കുന്നു. അസെറ്റോഅസെറ്റിക് ആസിഡ് (അസെറ്റോഅസെറ്റേറ്റ്), ബീറ്റാ-ഹൈഡ്രോക്സിബ്യൂട്ടൈറേറ്റ്, അസെറ്റോഅസെറ്റേറ്റിന്റെ സ്വതസിദ്ധമായി വിഘടിച്ചുണ്ടാകുന്ന അസെറ്റോൺ എന്നിവ കരളിൽ ഉരുത്തിരിയുന്ന കെറ്റോൺ ബോഡികളിൽ ഉൾപ്പെടുന്നു (ഗ്രാഫിക് കാണുക)

വിവിധ സാഹചര്യങ്ങളിൽ കലോറി(ഊർജം) ലഭ്യതക്ക് തടസ്സം വരുന്ന അവസരങ്ങളിൽ കരൾ കീറ്റോൺ ബോഡികൾ ഉത്പാദിപ്പിക്കുന്നു: ഉദാഹരണത്തിന് കുറഞ്ഞ ഭക്ഷണം ( ഉപവാസം ), കാർബോഹൈഡ്രേറ്റ് നിയന്ത്രിത ഭക്ഷണക്രമം, പട്ടിണി, നീണ്ട കഠിന വ്യായാമം,[4] മദ്യപാനം, അല്ലെങ്കിൽ ചികിത്സിക്കാത്ത (അല്ലെങ്കിൽ വേണ്ടത്ര ചികിത്സയില്ലാത്ത) ടൈപ്പ് 1 ഡയബറ്റിസ് മെലിറ്റസ്. എന്നീ അവസ്ഥകൾ. ഈ അവസ്ഥകളിൽ രക്തത്തിൽ ഗ്ലൂകോസിൻറെ അളവ് ക്രമാതീതമായി കുറയുന്നു.കരളിലെ ഗ്ലൈക്കോജൻ ശേഖരം തീർന്നതിന് ശേഷം, കരൾ ഗ്ലൂകോനിയോജെനസിസ് എന്ന പ്രക്രിയയിലൂടെ ഫാറ്റി ആസിഡുകളല്ലാത്ത (കാർബോഹൈഡ്രേറ്റ് ഇതര) സ്രോതസ്സുകളിൽ നിന്ന് ഗ്ലൂക്കോസ് ഉത്പാദിപ്പിക്കുന്നു.[5] (സാധാരണയായി ഉപവാസത്തിന്റെ ആദ്യ 24 മണിക്കൂറിനുള്ളിൽ ഗ്ലൈക്കോജൻ സ്‌റ്റോറുകൾ തീരും.) [1]

രണ്ട് അസറ്റൈൽ-കോഎ തന്മാത്രകൾക്ക് അവയുടെ -CoAs (അല്ലെങ്കിൽ കോഎൻസൈം എ ഗ്രൂപ്പുകൾ ) നഷ്ടപ്പെടുമ്പോൾ, അവ ഒന്നു ചേർന്ന് അസറ്റോഅസെറ്റേറ്റ് എന്ന ഒരു ഇരട്ട തന്മാത്ര(കോവാലന്റ് ഡൈമർ) ഉണ്ടാകുന്നു. β-ഹൈഡ്രോക്‌സിബ്യൂട്ടൈറേറ്റ് എന്നത് അസെറ്റോഅസെറ്റേറ്റിന്റെ റെഡ്യൂസ് ചെയ്യപ്പെട്ട രൂപമാണ്. അതിൽ കീറ്റോൺ ഗ്രൂപ്പ് ഒരു ആൽക്കഹോൾ (അല്ലെങ്കിൽ ഹൈഡ്രോക്‌സിൽ ) ഗ്രൂപ്പായി പരിവർത്തനം ചെയ്യപ്പെടുന്നു (വലതുവശത്തുള്ള ചിത്രം കാണുക).ഇവ രണ്ടും 4-കാർബൺ തന്മാത്രകളാണ്, കരൾ ഒഴികെ, ശരീരത്തിലെ മിക്ക ടിഷ്യൂകൾക്കും ഇവയെ എളുപ്പത്തിൽ അസറ്റൈൽ-കോഎ ആയി പരിവർത്തനം ചെയ്യാൻ കഴിയും. അസെറ്റോഅസെറ്റേറ്റിന്റെ ഡീകാർബോക്‌സിലേറ്റഡ് രൂപമാണ് അസെറ്റോൺ, ഇതിനെ വീണ്ടും നേരിട്ട് അസറ്റൈൽ-സിഒഎ ആയി പരിവർത്തനം ചെയ്യാൻ കഴിയില്ല. അസെറ്റോൺ വീണ്ടും കരളിലെത്തി, ആദ്യം ലാക്‌റ്റിക് ആസിഡായും പിന്നീട് പൈറൂവിക് ആസിഡായും അതിനുശേഷം അസറ്റൈൽ-കോഎ ആയും പരിവർത്തനം ചെയ്യപ്പെടുന്നു.

കീറ്റോൺ ബോഡികൾക്ക് തനതായ ഒരു മണം ഉണ്ട്. ഇത് കെറ്റോസിസ്, കെറ്റോഅസിഡോസിസ് എന്നിവയുള്ള വ്യക്തികളുടെ ശ്വാസത്തിൽ എളുപ്പത്തിൽ കണ്ടെത്താനാകും. പഴങ്ങളുടേയോ അല്ലെങ്കിൽ നെയിൽ പോളിഷ് റിമൂവർറിൻറേയോ (സാധാരണയായി ഇതിൽ അസെറ്റോൺ അല്ലെങ്കിൽ എഥൈൽ അസറ്റേറ്റ് അടങ്ങിയിരിക്കുന്നു) മണം പോലിരിക്കും.

മൂന്ന് എൻഡോജെനസ് കീറ്റോൺ ബോഡികൾ കൂടാതെ, ട്രൈഹെപ്റ്റനോയിൻ പോലുള്ള സിന്തറ്റിക് ട്രൈഗ്ലിസറൈഡുകളുടെ മെറ്റബോളിസത്തിന്റെ ഫലമായി β-കീറ്റോപെന്റാനോയേറ്റ്, β-ഹൈഡ്രോക്സിപെന്റാനോയേറ്റ് എന്നിവ പോലുള്ള മറ്റ് കീറ്റോൺ ബോഡികൾ സൃഷ്ടിക്കപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 Stryer, Lubert (1995). Biochemistry (Fourth ed.). New York: W.H. Freeman and Company. pp. 510–515, 581–613, 775–778. ISBN 0-7167-2009-4.
  2. "ketone bodies pronunciation - Google Search". Retrieved 2021-12-15.
  3. Mary K. Campbell; Shawn O. Farrell (2006). Biochemistry (5th ed.). Cengage Learning. p. 579. ISBN 0-534-40521-5.
  4. Koeslag, J.H.; Noakes, T.D.; Sloan, A.W. (1980). "Post-exercise ketosis". Journal of Physiology. 301: 79–90. doi:10.1113/jphysiol.1980.sp013190. PMC 1279383. PMID 6997456.
  5. Stryer, Lubert (1995). Biochemistry (Fourth ed.). New York: W.H. Freeman and Company. pp. 510–515, 581–613, 775–778. ISBN 0-7167-2009-4.
"https://ml.wikipedia.org/w/index.php?title=കീറ്റോൺ_ബോഡികൾ&oldid=3944750" എന്ന താളിൽനിന്ന് ശേഖരിച്ചത്