കുഞ്ഞിത്താലു
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
വടക്കൻപാട്ടിലെ ആദിവാസി പശ്ചാത്തലമുള്ള ഒരു വീരവനിതയാണ് കുഞ്ഞിത്താലു.[1] കുറുമ സമുദായത്തിൽപ്പെട്ട കുഞ്ഞുത്താലു ആയുധവിദ്യയിൽ മികവുള്ളവളായിരുന്നു. വയനാട്ടിലെ വെളിയംഭം കോട്ടമൂപ്പനായ കുഞ്ചാരന്റെ മരുമകളും അടുത്ത അവകാശിയുമാണ് കുഞ്ഞിത്താലു. മലനാട് കാരൂമ്പന്റെയും വെളിയംഭം ഇളംകാളിയുടെയും മകളായാണ് താലു ജനിച്ചത്. തളിയിക്കര മാവൂരെ തമ്പുരാനുമായി കുടിപ്പക സൂക്ഷിക്കുന്നയാളാണ് കുഞ്ചാരൻ. ഒരിക്കൽ കാവിലെ ഉത്സവത്തിൽ ആളറിയാതെ താലു തളിയിക്കര തമ്പുരാനെ കണ്ട് ആകൃഷ്ടയാകുന്നു. തമ്പുരാനാകട്ടെ തന്റെ ശത്രുവിന്റെ മരുമകളാണ് അവളെന്നറിഞ്ഞ് അവളെ അപമാനിക്കാൻ പടയാളികളോട് പറയുന്നു. ആ ആജ്ഞ പടയാളികൾ നിറവേറ്റുുന്നതിന് മുമ്പെ താലുവിന്റെ തുണക്കാരായ കുറുമർ പടയാളികളെ കീഴടക്കി തമ്പുരാനെ ബന്ധിച്ച് ആനപ്പുറത്തു കയറ്റി കുഞ്ചാരന്റെ കോട്ടയിൽ എത്തിക്കുന്നു. കോട്ടയിൽ കല്ലറയിൽ തടവുകാരനായി കിടന്ന തമ്പുരാന് താലു എല്ലാ പരിചരണങ്ങൾക്കും ഏർപ്പാടു ചെയ്യുന്നു. കുറെക്കാലം കല്ലറയിൽ തടവുകാരനായി കഴിഞ്ഞ തമ്പുരാൻ തന്റെ അനുജത്തിക്ക് വരനാകാൻ യോഗ്യനാണെന്ന് കുഞ്ചാരന്റെ ഭാര്യക്ക് തോന്നുന്നു. ഈ താത്പര്യം അവർ കുഞ്ചാരനെ അറിയിക്കുന്നു. കുഞ്ചാരൻ കോട്ടയിൽ തടവിൽ കിടക്കുന്ന തമ്പുരാനെ കണ്ട് തന്റെ ഭാര്യയുടെ അനുജത്തിയായ കുമ്പയെ വിവാഹം കഴിക്കാൻ തയ്യാറാണോ എന്ന് ചോദിക്കുന്നു. തയ്യാറല്ലെന്ന് തമ്പുരാൻ മറുപടി പറയുന്നു. അങ്ങനെയെങ്കിൽ തമ്പുരാനെ കോട്ടയുടെ ഇളംകാലിൽ തൂക്കിക്കൊല്ലുമെന്ന് കുഞ്ചാരൻ പറയുന്നു. അങ്ങനെ ചെയ്തോളൂ എന്ന് തമ്പുരാനും പറയുന്നു. അങ്ങനെ നാടുമുഴുവൻ തൂക്കിക്കൊല പരസ്യപ്പെടുത്തുന്നു. ഇതുകേട്ട കുഞ്ഞിത്താലു സങ്കടപ്പെടുന്നു. അവൾ അമ്മാവനെ ധിക്കരിച്ച് തന്റെ ആനപ്പുറത്ത് കയറി കല്ലറ തകർത്ത് തമ്പുരാനെ പുറത്തിറക്കിഅയാളുടെ നാട്ടിലേക്ക് രക്ഷപ്പെടാൻ അനുവദിക്കുന്നു. ഇതു കണ്ടു ക്രുദ്ധനായ കുഞ്ചാരൻ താലുവിനെ കൊല്ലാൻ വിധിക്കുന്നു. അവളെ തളിയങ്കം മാളൂരെ കൊന്നക്കാട്ടിൽ കൊണ്ടു പോയി കൊല്ലാൻ പടയാളികളെ ഏല്പിക്കുന്നു. നാട്ടിൽ തിരിച്ചെത്തിയ തളിയിക്കര തമ്പുരാൻ താലുവിന്റെ അച്ഛനായ കാരൂമ്പനോട് തനിക്ക് മകളെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്നറിയിക്കുന്നു. എന്നാൽ കോട്ടയിൽ മകളായ താലു തടവിലാണെന്നും കൊല്ലാൻ തീരുമാനിച്ചിരിക്കുകയാണെന്നും കാരൂമ്പന് വിവരം കിട്ടുന്നു. കാരൂമ്പനും തളിയിക്കര തമ്പുരാനും കുഞ്ചാരനെതിരെ പടനയിക്കുന്നു. കുഞ്ചാരനെ തോല്പിച്ച് അയാളെ കൊലമരത്തിൽ തൂക്കാൻ ഒരുങ്ങുന്നു. തളിയങ്കം മാളൂരെ കൊന്നക്കാട്ടിൽ കൊല്ലാൻ അയച്ച താലുവിനെ നായാട്ടിനെത്തിയ കുറുമമലക്കുന്നമ്മച്ചിയായ കുന്നിയോല രക്ഷിച്ച് മകളെപ്പോലെ വളർത്തുന്നു. അവിടെ കുറെ നാൾ കഴിഞ്ഞ ശേഷം ഒരു ദിവസം തന്റെ അമ്മാവനായ കുഞ്ചാരനെ അച്ഛനും തളിയിക്കര തമ്പുരാനും കൂടി കൊല്ലാൻ നിശ്ചയിച്ച വിവരം താലു അറിയുന്നു. കുന്നിയോലയുടെ അനുമതിയും അനുഗ്രഹം വാങ്ങി അവൾ ആനപ്പുറത്ത് കാറ്റോടും വേഗത്തിൽ സഞ്ചരിച്ച് വെളിയംഭംകോട്ടയിലെത്തുന്നു. കുഞ്ചാരനെ അപ്പോഴേക്കും കൊലമരത്തിൽ കയറ്റി കഴുത്തിൽ കുറുവള്ളി ചുറ്റി വലിക്കാൻ തുടങ്ങിയിരുന്നു. അതു ദൂരെ നിന്നു കണ്ട താലു കത്തിയമ്പെയ്ത് വള്ളി മുറിച്ച് അമ്മാവനെ രക്ഷിക്കുന്നു. അച്ഛന്റെയും അമ്മാവന്റെയും സമ്മതത്തോടെ താലു തളിയിക്കര തമ്പുരാനെ വിവാഹം ചെയ്യുന്നു.
അവലംബം
[തിരുത്തുക]- ↑ "സ്ത്രീകൾ വാമൊഴി സാഹിത്യത്തിൽ കുഞ്ഞിത്താലു". കേരളവുമൺ. Archived from the original on 2020-12-03. Retrieved 6 സെപ്റ്റംബർ 2020.
{{cite web}}
: CS1 maint: bot: original URL status unknown (link)