കുയി ബൂരി ദേശീയോദ്യാനം
കുയി ബൂരി ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() | |
Location | Prachuap Khiri Khan Province, Thailand |
Nearest city | Pranburi |
Coordinates | 12°3′6″N 99°33′26″E / 12.05167°N 99.55722°E |
Area | 969 km2 |
Established | 1999 |
Visitors | 40,592 (in 2007) |
കുയി ബൂരി, തായ്‍ലാൻറിലെ പ്രചുവാപ് ഖിരി ഖാൻ പ്രോവിൻസിലുൾപ്പെട്ട ടെനസ്സെറീം കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1999 ലാണ് ഈ ദേശീയോദ്യാനം സ്ഥാപിക്കപ്പെട്ടത്.[1] 969 ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനം പ്രചുവാപ് ഖിരി ഖാനിലെ നാലു ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു. ആംഫോ പ്രാൻ ബുരി, ആംഫോ സാം യോട്ട്, ആംഫോ കുയിബുരി, ആംഫോ മ്യൂവാങ്ങ് എന്നിവയാണ് ഈ നാലു ജില്ലകൾ. പ്രചുവാപ് ഖിരി ഖാൻ പ്രവിശ്യയിലെ മ്യൂവാങ്ങ് ജില്ലയിൽ നിന്നു വനത്തിലേയക്കു നടന്നു പ്രവേശിക്കാനുള്ള വഴിത്താരയുണ്ട്.
ഭൂമിശാസ്ത്രം
[തിരുത്തുക]ഈ പ്രദേശം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 12°3′6″N 99°33′26″E ആണ്. 15 അടുക്കുകളായി പതിക്കുന്ന ഹുവായ് ഡോങ് മായി ഫായി വെള്ളച്ചാട്ടവും മൂന്ന് അടുക്കുകളായി പതിക്കുന്ന ഭാ മാ ഹോൺ വെള്ളച്ചാട്ടവും സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. മറ്റു ദേശീയോദ്യാനങ്ങളെപ്പോലെ കുയി ബൂരിയിലും അനേകം ചെറുതും വലുതുമായ വെള്ളച്ചാങ്ങളുണ്ട്. ഹുവായ് ഡോങ് മായി ഫായി വെള്ളച്ചാട്ടമാണ് ഇവയിൽ ഏറ്റവും വലുത്. ഇവിടുത്തെ ആനകൾ തായ്‍ലൻറ് രാജാവിൻറെ പ്രത്യേക സംരക്ഷണത്തിലുള്ളവയാണ്. ഈ മേഖലയിൽ വേട്ട കർശനമായി നിരോധിച്ചിരിക്കുന്നു. കുയിബൂരി നദി ഈ ദേശീയോദ്യാനത്തിനുള്ളിൽ നിന്നുള്ള നാലോളം വെള്ളച്ചാട്ടങ്ങളിൽ നിന്നാണ് പിറവിയെടുക്കുന്നത്.
കാലാവസ്ഥ
[തിരുത്തുക]മെയ് മാസം മുതൽ നവംബർ വരെയുള്ള കാലയളവിൽ ഇവിടെ ശക്തമായി മഴ പെയ്യുന്നു. ജൂൺ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ മഴ കുറവായിരിക്കും.
Description | Jan | Feb | Mar | Apr | May | Jun | Jul | Aug | Sep | Oct | Nov | Dec |
---|---|---|---|---|---|---|---|---|---|---|---|---|
Avg. High (°C) | 31 | 32 | 33 | 34 | 34 | 33 | 33 | 32 | 33 | 31 | 31 | 31 |
Avg. Low (°C) | 21 | 22 | 23 | 25 | 25 | 25 | 25 | 25 | 25 | 24 | 23 | 21 |
Avg. hours sunshine | 8 | 8 | 8 | 10 | 8 | 6 | 5 | 5 | 5 | 6 | 8 | 8 |
Avg. Sea Temp (°C) | 26 | 27 | 27 | 28 | 28 | 28 | 28 | 28 | 28 | 27 | 27 | 27 |
Avg. Rainfall (mm) | 36 | 20 | 68 | 67 | 139 | 67 | 110 | 132 | 97 | 238 | 158 | 36 |
Avg. Days with rainfall | 4 | 4 | 6 | 5 | 15 | 16 | 19 | 20 | 17 | 19 | 8 | 3 |
സസ്യജാലങ്ങൾ
[തിരുത്തുക]ഇടതിങ്ങിയ നിത്യഹരിതവനങ്ങളാണിവിടെയുള്ളത്. ഇവിടെ കാണപ്പെടുന്ന പ്രധാന വൃക്ഷങ്ങൾ ഡിപ്റ്റെർകാർപ്പസ് ട്യൂബർകുലേറ്റസ്, ഹോപിയ ഒഡോറാറ്റ, ടെർമിനാലിയ ചെബ്യൂല എന്നിവയും വിവിധ വർഗ്ഗങ്ങളിലുള്ള പനകളുമാണ്.
ജന്തുജാലങ്ങൾ
[തിരുത്തുക]ഏഷ്യൻ ആനകൾ, ഗ്വാർ (ഇന്ത്യന് കാട്ടുപോത്ത്), മലയൻ ടാപിർ, കാട്ടുപന്നി, പുള്ളിപ്പുലി, സെറോവ്, ഗിബ്ബൺസ്, മക്കാക്വ, സാംബാർ മാൻ, ഏഷ്യാറ്റിക് ബ്ലാക്ക് ബീയർ, കുരയ്ക്കും മാൻ, ഫീസ് മുൻറ്ജാക്, ബാൻറെങ്, ലെസ്സെർ മൌസ് ഡിയർ എന്നിവയാണ് ഈ ദേശീയോദ്യാനത്തിൽ സാധാരണയായി കാണപ്പെടുന്ന ജന്തുവിഭാഗങ്ങൾ. തായ്‍ലാൻറിൽ ഏറ്റവും നന്നായി അതിൻറെ ആവാസ വ്യവസ്ഥയിൽ ആനകളേയും കാട്ടുപോത്തുകളേയും കാണാൻ സാധിക്കുന്നത് കുയി ബൂരി ദേശീയോദ്യാനത്തിലാണ്. ഇവിടെ ദിവസേന എല്ലാ സമയങ്ങളിലും കാട്ടാനകളെ കാണുവാൻ സാധിക്കുന്നതാണ്. കയെങ് ക്രച്ചാൻ ദേശീയോദ്യാനത്തിലേതുപോലെ, ഇവിടെ സസ്തനികളെ അധികം കണ്ടത്തുവാൻ സാധിക്കുകയില്ല്. കാട്ടുസസ്തനികളായ സുവർണ്ണ ചെന്നായ്ക്കൾ, പുള്ളിപ്പുലികൾ എന്നിവ ഇവിടെ സാധാരണയായി കണ്ടുവരുന്ന സസ്തനികളാണ്.
ഇവിടെ കാണപ്പെടുന്ന് സാധാരണ പക്ഷികൾ ക്രെസ്റ്റഡ് ഫയർബാക്ക്, ഇന്ത്യൻ റോളർ, ഏഷ്യൻ ഓപ്പൺഹിൽ എന്നിവയാണ്.
കാട്ടുപോത്തുകളുടെ നൂറോളം വരുന്ന വലിയ കൂട്ടത്തെ ഇവിടെ എല്ലായ്പ്പോഴും കാണാം. തായ്‍ലാൻറിൽ ആകെയുള്ള ആനകളുടെ എണ്ണം 2,500 മുതൽ 3,200 വരെയാണ്. അതിൽ ഏകദേശം 320 ആനകൾ ഇവിടെയുള്ളതായി കണക്കാക്കിയിരിക്കുന്നു. 2013 ഡിസംബറിൽ 24 കാട്ടുപോത്തുകളെ കൊല്ലപ്പെട്ട നിലയിൽ ഈ ദേശീയോദ്യാനത്തിൽ കണ്ടെത്തിയതിൻറ ഫലമായി 8 മാസത്തോളം ഈ ഉദ്യാനം പ്രവർത്തിച്ചിരുന്നില്ല. ക്ലിനിക്കൽ പരിശോധനകളിൽ ഇതിന് കാരണം ചില ബാക്ടീരിയകളാണെന്നു കണ്ടെത്തിയിരുന്നു. ഇതിനു ശേഷം 2014 ആഗസ്റ്റില‍്‍ ദേശീയോദ്യാനം വീണ്ടും സന്ദർശകർക്ക് തുറന്നു കൊടുത്തു. ഈ ഉദ്യാനത്തിൽ ക്യാമ്പിംഗ് സൈറ്റുകളും രാത്രികാല താമസത്തിനുള്ള സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസങ്ങളിലും പകൽ 8 മണി മുതൽ വൈകിട്ട് 6 മണിവരെയാണ് സന്ദർശകരെ അനുവദിക്കാറുള്ളത്.
അവലംബം
[തിരുത്തുക]- ↑ "Kui Buri National Park". Department of National Parks (DNP) Thailand. Retrieved 31 August 2015.