കുറൂരമ്മ
ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രവുമായി ബന്ധപ്പെട്ട് കേൾക്കാറുള്ള ഒരു ഐതിഹ്യകഥയിലെ നായികയാണ് കുറൂരമ്മ. തൃശ്ശൂർ ജില്ലയിലെ (ചെങ്ങഴിനാട്) കേച്ചേരിക്കടുത്ത് വെങ്ങിലശ്ശേരിയിലുള്ള കുറൂർ ഇല്ലത്താണ് ഇവർ ജീവിച്ചിരുന്നത്. അവിടെ കുറൂരമ്മയുടെ പേരിൽ ഒരു ശ്രീകൃഷ്ണ ക്ഷേത്രവുമുണ്ട്. മേല്പത്തൂർ, വില്വമംഗലം,[1] പൂന്താനം എന്നിവർ കുറൂരമ്മയുടെ സമകാലീനരായിരുന്നുവെന്ന് വിശ്വസിക്കുന്നു.
ഐതിഹ്യം
[തിരുത്തുക]യഥാർത്ഥത്തിൽ പാലക്കാട് ജില്ലയിലായിരുന്നു കുറൂർമന. പാലക്കാടിനടുത്തുള്ള പ്രസിദ്ധമായ കല്ലേക്കുളങ്ങര ഹേമാംബികാ ക്ഷേത്രത്തിന്റെ ഉത്ഭവകഥയുമായി കുറൂർ മനയ്ക്ക് ബന്ധമുണ്ട്. കുറൂർ മനയിലെ മൂത്ത കാരണവരും പാലക്കാട്ടെ നാട്ടുരാജാവിനും തമ്മിൽ സ്വൈരക്കേടുണ്ടാവുകയും അതുവഴി ജീവഹാനി ഉണ്ടാവുമെന്ന് പേടിച്ച് കുറൂർ മനക്കാർ, ചെങ്ങഴിനാട് നാടുവാഴി ആയിരുന്ന ചെങ്ങഴിനമ്പ്യാരുടെ ക്ഷണപ്രകാരം വെങ്ങിലശേരിയിലേക്ക് വരികയുമായിരുന്നു. [2] വെങ്ങിലശേരിയിൽ തഴച്ചുവളർന്ന കുറൂർ മനയിലെ ഒരു നമ്പൂതിരി തൃശൂർ ബ്രഹ്മസ്വം മഠത്തിലെ വേദാധ്യാപകനായിരുന്നു. അല്പം പ്രായമായപ്പോഴാണ് തന്റെ വേളിക്കാര്യത്തെപ്പറ്റി നമ്പൂതിരി ഓർമിച്ചത്. പുറയന്നൂർ മനയിലെ ഗൗരി അന്തർജ്ജനത്തെ വേളികഴിച്ചു കുറൂർമനയിലേക്കു കൊണ്ടുവരികയും ചെയ്തു. ശ്രീകൃഷ്ണഭക്തയായിരുന്നു ഇവർ. ഗൗരിയുടെ കൃഷ്ണഭക്തി മറ്റുള്ളവരുടെ പരിഹാസത്തിന് പാത്രമായിത്തുടങ്ങി. ഏറെ താമസിയാതെ വിധവയായ ഗൗരിയെ വെങ്ങിലശേരിയിൽ ഉപേക്ഷിച്ച് മനയിലെ മറ്റുള്ളവർ അടാട്ട് എന്ന സ്ഥലത്തേക്ക് താമസം മാറ്റി. വേളികഴിഞ്ഞ് അധികം താമസിയാതെ ഭർത്താവ് മരിച്ച് ബന്ധുക്കളെയെല്ലാം നഷ്ടപ്പെട്ട ഒറ്റയ്ക്കായ അവർ പരിചാരകയായ ലക്ഷ്മിയോടും അവരുടെ മകൻ മാധവനുമൊപ്പമാണ് കഴിഞ്ഞുവന്നത്. തനിക്കൊരു കുഞ്ഞ് ജനിക്കാത്തതിന്റെ ദുഃഖം ഉണ്ണിക്കണ്ണനോടുള്ള ഭക്തിയാക്കി അവർ മാറ്റി.
ഒരു ദിവസം മാധവൻ ചന്തയിൽ നിന്നും വന്നപ്പോൾ ഒക്കത്തു അമ്പാടിക്കണ്ണനെപ്പോലെ സുന്ദരനായ ഒരു ബാലനും ഉണ്ടായിരുന്നു. ആ ബാലൻ അവിടുത്തെ വീട്ട്ജോലികളും മറ്റും ചെയ്ത് അവിടെ കഴിഞ്ഞ് പോന്നു. അങ്ങനിരിക്കെ വില്വമംഗലത്ത് സ്വാമിയാർ കുറൂർ ഇല്ലത്ത് ഒരു പൂജയ്ക്കായി എത്തി. പൂജയ്ക്ക് കൃഷ്ണവിഗ്രഹത്തിൽ അർപ്പിക്കുന്ന പൂക്കൾ ഈ ബാലന്റെ കാൽച്ചുവട്ടിൽ എത്തിച്ചേരുന്നത് കണ്ട് അവർ അത്ഭുതപ്പെട്ടു. ഏറെ വൈകിയാണ് അത് കൃഷ്ണനായിരുന്നെന്ന കാര്യം അവർക്ക് ബോധ്യമായതെന്നാണ് ഐതിഹ്യം.
കുറൂരമ്മയുടെ കാലശേഷം അവരുടെ പിന്മുറക്കാർ വെങ്ങിലശ്ശേരിയിൽ നിന്ന് തൃശ്ശൂരിനടുത്തുള്ള അടാട്ട് എന്ന സ്ഥലത്തേക്ക് താമസം മാറി. അവരുടെ പിന്മുറക്കാർ ഇന്നും അവിടെയുണ്ട്. ഈ വകയിൽ പെട്ട പൂർവ്വികനായിരുന്നു പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിയനും മാതൃഭൂമി സ്ഥാപകരിലൊരാളുമായിരുന്ന കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്