കൃഷ്ണഗിരി സ്റ്റേഡിയം
സ്ഥലം | കൃഷ്ണഗിരി വയനാട് ജില്ല കേരളം ഇന്ത്യ |
---|---|
നിർദ്ദേശാങ്കം | 11°39′44″N 76°11′25″E / 11.66222°N 76.19028°E [1] |
ഉടമസ്ഥത | കേരള ക്രിക്കറ്റ് അസോസിയേഷൻ (K.C.A.) |
നടത്തിപ്പ് | കേരള ക്രിക്കറ്റ് അസോസിയേഷൻ, വയനാട് |
ശേഷി | 5000 |
പ്രതലം | പുല്ല് വളർത്തിയത് |
തുറന്നത് | ഡിസംബർ 17, 2013 |
കേരളത്തിലെ വയനാട് ജില്ലയിലെ കൃഷ്ണഗിരിയിൽ സ്ഥിതിചെയ്യുന്ന ക്രിക്കറ്റ് സ്റ്റേഡിയമാണ് കൃഷ്ണഗിരി സ്റ്റേഡിയം (ഇംഗ്ലീഷ് : Krishnagiri Stadium).[2] ഇന്ത്യയിലെ രണ്ടാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ ഹൈ ആൾട്ടിറ്റ്യൂഡ് (ഉയരത്തിലുള്ള) സ്റ്റേഡിയമാണിത്.[3] സമുദ്ര നിരപ്പിൽ നിന്നും 2,100 അടി (640 മീ) ഉയരത്തിലുള്ള സ്റ്റേഡിയം 4.4 ഹെക്ടർ (44,000 m2) വിസ്തൃതിയിൽ സ്ഥിതിചെയ്യുന്നു.[4] [5]
കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ.) ഉടമസ്ഥതയിലുള്ള ആദ്യത്തെ സ്റ്റേഡിയമാണിത്.[6] 2013 ഡിസംബർ 17-ന് കേരളാ ഗവർണറായിരുന്ന നിഖിൽ കുമാറാണ് ഉദ്ഘാടനം നടത്തി രാജ്യത്തിനു സമർപ്പിച്ചത്.[6] ഇവിടെ ആദ്യത്തെ രാജ്യാന്തര ടെസ്റ്റ് മത്സരം നടന്നത് 2015 ഓഗസ്റ്റ് 18-നായിരുന്നു.[7]
ചരിത്രം
[തിരുത്തുക]2006-ൽ കൃഷ്ണഗിരിയിൽ 65 ലക്ഷം രൂപ ചെലവാക്കി വാങ്ങിയ 10 ഏക്കർ സ്ഥലത്തായിരുന്നു സ്റ്റേഡിയത്തിൻറെ നിർമ്മാണത്തിനു തുടക്കം കുറിച്ചത്. റോഡ് സൗകര്യത്തിനായി പിന്നീട് അരയേക്കർ സ്ഥലം കൂടി വാങ്ങി.[8] 2009 ജനുവരിയിൽ മുൻ ക്രിക്കറ്റ് താരങ്ങളായ റോബിൻ സിങ്, സുനിൽ ജോഷി എന്നിവർ ചേർന്നാണ് സ്റ്റേഡിയ നിർമ്മാണത്തിനു തറക്കല്ലിട്ടത്.[5] തുടർന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ മേൽനോട്ടത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയും നാല് വർഷം കൊണ്ട് പണി പൂർത്തിയാവുകയും ചെയ്തു .[9] ഏകദേശം ഏഴു കോടി രൂപയായിരുന്നു നിർമ്മാണച്ചെലവ്. [8] 2013 ഡിസംബർ 17-ന് കേരളാ ഗവർണറായിരുന്ന നിഖിൽ കുമാറാണ് ഉദ്ഘാടനം നടത്തി രാജ്യത്തിനു സമർപ്പിച്ചത്.[6]
ആദ്യ ടെസ്റ്റ് മത്സരം
[തിരുത്തുക]2014 ഡിസംബറിൽ നടന്ന രഞ്ജി ട്രോഫി മത്സരങ്ങളായിരുന്നു ആദ്യത്തെ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് മത്സരങ്ങൾ. കേരളവും ഗോവയും തമ്മിലായിരുന്നു ആദ്യ മത്സരം.[10] പിന്നീട് കേരളം നേരിട്ടത് ഹൈദരാബാദിനെയായിരുന്നു. രണ്ടു മത്സരങ്ങളും സമനിലയിലായിരുന്നു അവസാനിച്ചത്. [3]
ആദ്യത്തെ രാജ്യാന്തര ടെസ്റ്റ് മത്സരം
[തിരുത്തുക]സ്റ്റേഡിയത്തിൻറെ ഉദ്ഘാടനം കഴിഞ്ഞു രണ്ടുവർഷങ്ങൾക്കുള്ളിൽ തന്നെ ആദ്യത്തെ രാജ്യാന്തര ടെസ്റ്റ് മത്സരവും നടന്നു. [7] അമ്പാട്ടി റായുഡു നയിച്ച ഇന്ത്യ-എ ടീമും ഡെയിൻ വിലസിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്ക-എ ടീമും തമ്മിൽ 2015 ഓഗസ്റ്റ് 18-നു നടന്ന ചതുർദിന ടെസ്റ്റ് മത്സരമായിരുന്നു അത്. [7] ഇന്ത്യ-എ ടീമിന്റെ പരിശീലകൻ രാഹുൽ ദ്രാവിഡ് ആയിരുന്നു. [2] മത്സരം സമനിലയിലാണ് അവസാനിച്ചത്. [3]
ആദ്യ രാജ്യാന്തര മത്സരത്തിലെ ആദ്യ ദിവസം തന്നെ ദക്ഷിണാഫ്രിക്ക-എ ടീമിന്റെ ഓംഫിലെ റമേല നേടിയ സെഞ്ചുറിയാണ് സ്റ്റേഡിയത്തിലെ ആദ്യത്തെ രാജ്യാന്തര സെഞ്ചുറി. 197 പന്തിൽ നിന്നും 112 റൺസായിരുന്നു അദ്ദേഹത്തിൻറെ സമ്പാദ്യം.[11] ഇതേ മത്സരത്തിൽ തന്നെ ഇന്ത്യ-എ ടീമിനു വേണ്ടി മലയാളി താരം കരുൺ നായർ നേടിയ സെഞ്ചുറിയാണ് സ്റ്റേഡിയത്തിൽ ഒരു ഇന്ത്യാക്കാരൻ നേടുന്ന ആദ്യ രാജ്യാന്തര സെഞ്ചുറി. 192 പന്തുകളിൽ നിന്നും അദ്ദേഹം നേടിയത് 114 റൺസായിരുന്നു. [3]
സ്റ്റേഡിയത്തിൻറെ പ്രത്യേകതകൾ
[തിരുത്തുക]- ഇന്ത്യയിലെ രണ്ടാമത്തെ ഹൈ ആൾട്ടിറ്റ്യൂഡ് സ്റ്റേഡിയമാണ് കൃഷ്ണഗിരി സ്റ്റേഡിയം. ഹിമാചൽ പ്രദേശിലെ ധർമ്മശാല സ്റ്റേഡിയമാണ് ആദ്യത്തേത്. [12] സമുദ്ര നിരപ്പിൽ നിന്നും 2100 അടി ഉയരത്തിലുള്ള കൃഷ്ണഗിരി സ്റ്റേഡിയം ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ ഹൈ ആൾട്ടിറ്റ്യൂഡ് സ്റ്റേഡിയമാണ്. [9]
- വയനാട്ടിലെ പ്രകൃതിരമണീയമായ സ്ഥലമാണ് കൃഷ്ണഗിരി. സ്റ്റേഡിയത്തിനു പുറത്തായി ഒരു മലയും സ്ഥിതിചെയ്യുന്നുണ്ട്.[13]
- ഏകദേശം 5000 കാണികൾക്ക് ഒരു പാർക്കിലേതുപോലെ കസേരകളിലും പുൽത്തകിടിയിലുമിരുന്ന് കളി കാണുവാനുള്ള സൗകര്യങ്ങളുണ്ട്.[12]
- മനോഹരമായ പുൽമൈതാനിയിൽ ടെസ്റ്റ് മത്സരങ്ങൾക്കായി അന്താരാഷ്ട്ര നിലവാരമുള്ള പിച്ചുകളാണ് ഇവിടുത്തേത്. [5]
- മഴ അധികനേരം നീണ്ടുനിൽക്കുന്നില്ലെങ്കിൽ അരമണിക്കൂറിനുള്ളിൽ പിച്ച് ഉണക്കിയെടുക്കാവുന്ന സൗകര്യങ്ങളുണ്ട്. [7]
സമീപസ്ഥലങ്ങൾ
[തിരുത്തുക]- സ്റ്റേഡിയത്തിനു തൊട്ടടുത്തായി കോഴിക്കോട്-കൊല്ലഗൽ ദേശീയപാത-766 കടന്നുപോകുന്നുണ്ട്. ഈ ദേശീയ പാതയിൽ തന്നെയാണ് കൃഷ്ണഗിരി സ്റ്റേഡിയം ബസ് സ്റ്റോപ്പ്. [5] [2]
- മീനങ്ങാടിയിൽ നിന്നും ഓട്ടോറിക്ഷയിലെത്താവുന്ന ദൂരം മാത്രം. [2]
- അടുത്തുള്ള വിമാനത്താവളം - മൈസൂരു വിമാനത്താവളം (97 കിലോമീറ്റർ), കോഴിക്കോട് വിമാനത്താവളം (102 കിലോമീറ്റർ), കണ്ണൂർ വിമാനത്താവളം (122 കിലോമീറ്റർ)
അവലംബം
[തിരുത്തുക]- ↑ Wikimapia, Access date = 2015 August 27
- ↑ 2.0 2.1 2.2 2.3 'കൃഷ്ണഗിരി ഒരുങ്ങി', മലയാള മനോരമ, 2015 ഓഗസ്റ്റ് 17, പേജ് 14
- ↑ 3.0 3.1 3.2 3.3 'കരുണയോടെ സമനില', മലയാള മനോരമ, 2015 ഓഗസ്റ്റ് 22, പേജ് 18
- ↑ "'Scenic Krishnagiri stadium warms up for first international match',Indian Express, 2015 August 3, Access date-2015 August 26". Archived from the original on 2015-11-14. Retrieved 2015-08-27.
- ↑ 5.0 5.1 5.2 5.3 "'High Altitude stadium to be commissioned i,n Wayanad district, 2013 December 16, Access date-2015 August 26". Archived from the original on 2015-09-25. Retrieved 2015-08-27.
- ↑ 6.0 6.1 6.2 'KCA's First cricket stadium at Krishnagiri', 2013 August 18, Access date-2015 August 26
- ↑ 7.0 7.1 7.2 7.3 'ഇനി ആവേശഗിരി', മലയാള മനോരമ, 2015 ഓഗസ്റ്റ് 18, പേജ് 18
- ↑ 8.0 8.1 "കൃഷ്ണഗിരി സ്റ്റേഡിയം നവംബറിൽ തുറന്നുകൊടുക്കും', മാധ്യമം, 2013 മാർച്ച് 9, ശേഖരിച്ചത്-2015 ഓഗസ്റ്റ് 26[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 9.0 9.1 ""വയനാട് കൃഷ്ണഗിരി സ്റ്റേഡിയം ഉദ്ഘാടനം നവംബർ 15-ന്', മാധ്യമം, 2013 സെപ്റ്റംബർ 28, ശേഖരിച്ചത്-2015 ഓഗസ്റ്റ് 26". Archived from the original on 2013-09-29. Retrieved 2015-08-27.
- ↑ "രഞ്ജി ക്രിക്കറ്റ് മത്സരത്തിനു കൃഷ്ണഗിരി സ്റ്റേഡിയം ഒരുങ്ങി', മംഗളം, 2014 ഡിസംബർ 7, ശേഖരിച്ചത്-2015 ഓഗസ്റ്റ് 26
- ↑ 'റൺമല റമേല', മലയാള മനോരമ, 2015 ഓഗസ്റ്റ് 19
- ↑ 12.0 12.1 'കൃഷ്ണഗിരി എന്ന അഭിമാനഗിരി', മലയാള മനോരമ എഡിറ്റോറിയൽ, 2015 ഓഗസ്റ്റ് 25, കൊല്ലം എഡിഷൻ
- ↑ ''പ്രശംസകൾക്കു നടുവിൽ കൃഷ്ണഗിരി സ്റ്റേഡിയം', സുപ്രഭാതം, 2014 ഡിസംബർ 25, ശേഖരിച്ചത്-2015 ഓഗസ്റ്റ് 26 Archived 2016-03-06 at the Wayback Machine.