Jump to content

കെർണൽ പാനിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

RD'+'

ഒരു ലിനക്സ് സിസ്റ്റത്തിൽ നിന്നുള്ള കെർണൽ പാനിക് സന്ദേശം
വിർച്ച്വൽ ബോക്സിൽ പ്രവർത്തിക്കുന്ന ഉബുണ്ടുവിൽ നിന്നുള്ള കെർണൽ പാനിക് സന്ദേശം

ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ അവക്ക് സുരക്ഷിതമായി തിരുത്താൻ കഴിയാത്ത വിധത്തിലുള്ള ആന്തരിക പ്രശ്നങ്ങൾ ഉണ്ടായാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതെ തടയാനും സുരക്ഷിതമായി കമ്പ്യൂട്ടർ സിസ്റ്റത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കാനും ഉണ്ടായ പ്രശ്നത്തെപ്പറ്റി ഉള്ള വിവരങ്ങൾ ഉപയോക്താവിനെ അറിയിക്കാനുമായി സ്വീകരിക്കുന്ന നടപടിയെ ആണ് കെർണൽ പാനിക് എന്ന് പറയുന്നത്. കെർണൽ പാനിക് എന്ന പദം പൊതുവേ യൂണിക്സ് പോലെയുള്ള ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളുമായി ബന്ധപ്പെട്ട് ആണ് ഉപയോഗിച്ച് വരുന്നത്. മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ ഇത് സ്റ്റോപ്പ് എറർ അല്ലെങ്കിൽ ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് എന്ന പേരിൽ അറിയപ്പെടുന്നു.Ilinux/org

ചരിത്രം

[തിരുത്തുക]

യൂണിക്സ് കെർണൽ പ്രവർത്തന സമയത്ത് അതിന്റെ ഈടും സ്ഥിരതയും നിലനിർത്തുന്നത് വിവിധ സാഹചര്യങ്ങളും നിബന്ധനകളും നിരന്തരമായി ഉറപ്പുവരുത്തിക്കൊണ്ടാണ്. സോഫ്റ്റ്‌വെയറിന്റെയോ ഹാർഡ്‌വെയറിന്റെയോ പ്രശ്നങ്ങൾ കൊണ്ട് ഇവയിലേതെങ്കിലും പാലിക്കപ്പെടാതെ വന്നാൽ പ്രവർത്തനം സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകാനുള്ള സാഹചര്യം ഇല്ലാതാകുന്നു. ഈ സമയത്ത് ഏറ്റവും സുരക്ഷിതമായ നടപടി പ്രവർത്തനം നിർത്തിവയ്ക്കുക എന്നത് തന്ന ആയിരിക്കും. ഇതിനായി യൂണിക്സിന്റെ ആദ്യപതിപ്പുകളിൽ തന്നെ പാനിക് എന്ന സംവിധാനം ഏർപ്പെടുത്തിയിരുന്നു. പ്രവർത്തനത്തിന്റെ സുസ്ഥിരത ഉറപ്പുവരുത്താനുള്ള നിബന്ധനകൾ ഏതെങ്കിലും പാലിക്കപ്പെടാതിരിക്കുന്ന സാഹചര്യത്തിൽ പാനിക് ഫങ്ഷൻ വിളിക്കപ്പെടുകയും കെർണൽ അതിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്യുന്നു.

മൾട്ടിക്സ് എന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ നിർമ്മാണവേളയിൽ പ്രവർത്തന സമയത്തെ തകരാറുകൾ പരിഹരിക്കുന്നതിനായുള്ള വരികളാണ് താൻ എഴുതിയതിൽ പകുതിയിൽ അധികവും എന്നും യൂണിക്സിൽ ഈ രീതികൾ പാടേ ഉപേക്ഷിച്ച് പാനിക് എന്ന സംവിധാനം കൊണ്ടുവരികയാണ് ചെയ്തത് എന്നും ഡെന്നിസ് റിച്ചി പറഞ്ഞിട്ടുണ്ട്. [1]

പാനിക് ഫങ്ഷൻ അതിന്റെ ആദ്യരൂപത്തിൽ ഒരു എറർ സന്ദേശം സ്ക്രീനിൽ കാണിക്കുകയും കമ്പ്യൂട്ടറിന്റെ പ്രവർത്തനം നിർത്തുകയും ആയിരുന്നു ചെയ്തിരുന്നത്. യൂണിക്സിന്റെ അടിസ്ഥാന തത്ത്വമായ ലാളിത്യത്തിന്റെ ഭാഗമായിരുന്നു ഇതും. ഈ സന്ദേശം കാണുമ്പോൾ പരിചയ സമ്പന്നർക്ക് അതിന്റെ കാരണം മനസ്സിലായിക്കൊള്ളും എന്ന രീതിയിൽ ഉള്ള അഭിപ്രായത്തെ യൂണിക്സിനെ വെറുക്കുന്നവരുടെ കൈപ്പുസ്തകത്തിലും [2]മറ്റും പലരും കളിയാക്കിയിട്ടുണ്ട്. പ്രസിദ്ധമായ ഒരു ഉദ്ധരണി ഇങ്ങനെ "Ken Thompson has an automobile which he helped design. Unlike most automobiles, it has neither speedometer, nor gas gauge, nor any of the numerous idiot lights which plague the modern driver. Rather, if the driver makes any mistake, a giant "?" lights up in the center of the dashboard. "The experienced driver", he says, "will usually know what's wrong." യൂണിക്സിന്റെ തന്നെ പുതിയ പതിപ്പുകളിൽ കമ്പ്യൂട്ടർ നേരിട്ട പ്രശ്നത്തെ സംബന്ധിച്ച് കൂടുതൽ കാര്യങ്ങളും പ്രശ്നത്തെ അപഗ്രഥിക്കുന്നതിനു സഹായകമായ കൂടുതൽ വിവരങ്ങളും സ്ക്രീനിൽ കാണിക്കുന്ന വിധത്തിൽ പാനിക് ഫങ്ഷൻ മാറ്റിയെഴുതപ്പെട്ടിട്ടുണ്ട്.

വിവിധ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ

[തിരുത്തുക]

ലിനക്സ്

[തിരുത്തുക]

ലിനക്സ് കെർണലിലെ പാനിക്ക് ഫങ്ഷൻ സിസ്റ്റം നേരിട്ട പ്രശ്നത്തെപ്പറ്റി ഉള്ള പരമാവധി വിവരങ്ങൾ കൺസോളിൽ പ്രദർശിപ്പിക്കാൻ ശ്രമിക്കുന്നു. ഇതിനു പുറമേ കെർണലിന്റെ കോർ ഡമ്പ് ശേഖരിക്കാനുള്ള സംവിധാനങ്ങൾ ക്രമീകരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിനെ പ്രവർത്തിപ്പിക്കുന്നു. ഈ സംവിധാനം വഴി കമ്പ്യൂട്ടറിന്റെ പ്രധാന മെമ്മറിയുടെ ഒരു പകർപ്പ് ശേഖരിക്കപ്പെടും. അതിനെ പിന്നീട് പരിശോധിക്കുന്നത് വഴി പ്രശ്നത്തിലേക്ക് നയിച്ച കാരണങ്ങളെ വേഗത്തിൽ കണ്ടെത്താൻ സാധിക്കുന്നു.

ലിനക്സ് കെർണലിൽ പ്രവർത്തന സമയത്തെ എല്ലാ പ്രശ്നങ്ങളും പാനിക്കിലേക്ക് നയിക്കണമെന്നില്ല. ചില പ്രശ്നങ്ങളെ സ്വയം പരിഹരിച്ച് കെർണലിനു മുന്നോട്ട് പോകാൻ സാധിക്കും. കെർണൽ ഊപ്സ് (Kernal Oops) എന്നാണ് ഈ സാഹചര്യം അറിയപ്പെടുന്നത്. കെർണലിലെ ഏതെങ്കിലും ഒരു ഭാഗത്ത് വന്ന പ്രശ്നം അത്ര സാരമുള്ളതല്ലെങ്കിൽ ഊപ്സ് വിളിക്കപ്പെടുകയും ആ പ്രശ്നത്തെക്കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്നു. പക്ഷേ പ്രധാന ഭാഗങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഊപ്സിനു ശേഷം പാനിക്കിലേക്ക് തന്നെ സിസ്റ്റത്തെ നയിക്കും. കെർണൽ ഊപ്സ് ഉണ്ടാകുമ്പോൾ അതിനു തുടർച്ചയായി പാനിക് ഉണ്ടാക്കണമോ എന്ന കാര്യം ലിനക്സ് കെർണലിൽ ക്രമീകരിക്കാവുന്നതാണ്. പാനിക്കിനു ശേഷം കമ്പ്യൂട്ടറിനു പ്രവർത്തനം തുടരാൻ റീബൂട്ടിങ്ങ് കൂടിയേ കഴിയൂ. ഊപ്സ് സാരമുള്ളതല്ല എങ്കിൽ പ്രവർത്തനം തുടരാൻ സാധിക്കും.

മൈക്രോസോഫ്റ്റ് വിൻഡോസ്

[തിരുത്തുക]

സ്വയം തിരുത്തി മുന്നോട്ട് പോകാൻ സാധിക്കാത്ത രീതിയിലുള്ള പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടായാൽ വിൻഡോസ് ഒരു നീല സ്ക്രീനിൽ ഈ പ്രശ്നത്തെക്കുറിച്ചുള്ള വിവരങ്ങളും അത് പരിഹരിക്കാൻ സഹായിച്ചേക്കാവുന്ന സന്ദേശങ്ങളും കാണിക്കുകയും ചെയ്യുന്നു. അതിനു ശേഷം ഉപയോക്താവ് കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്യേണ്ടതുണ്ട്. ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്, ബ്ലൂ സ്ക്രീൻ, സ്റ്റോപ്പ് എറർ, ചുരുക്കി ബി എസ് ഓ ഡി എന്നൊക്കെ ഈ സന്ദേശം അറിയപ്പെടുന്നു.

മാക് ഓഎസ് എക്സ്

[തിരുത്തുക]

മാക് ഓഎസ് എക്സിന്റെ 10.2 മുതൽ 10.7 വരെയുള്ള പതിപ്പുകളിൽ കമ്പ്യൂട്ടർ ഒരു വിവിധഭാഷാ സന്ദേശം കാണിക്കുകയും ഉപയോക്താവിനോട് കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. 10.2 ന്റെ മുൻപേ ഉള്ള പതിപ്പുകളിൽ കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളുന്ന പരമ്പരാഗത യൂണിക്സ് രീതിയിൽ ഉള്ള എറർ സന്ദേശങ്ങൾ കാണിച്ചിരുന്നു. 10.8 മുതലുള്ള പതിപ്പുകളിൽ കമ്പ്യൂട്ടർ തനിയെ റീസ്റ്റാർട്ട് ചെയ്യപ്പെടുകയും അതിനു ശേഷം എറർ സന്ദേശം പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ഈ സന്ദേശത്തിന്റെ രീതി പല പതിപ്പുകളിലും വ്യത്യസ്തമാണ്.

അവലംബം

[തിരുത്തുക]
  1. യൂണിക്സും മൾട്ടിക്സും
  2. "The Unix-haters Handbook" (PDF). Archived from the original (PDF) on 2012-01-20. Retrieved 2012-01-20.
"https://ml.wikipedia.org/w/index.php?title=കെർണൽ_പാനിക്&oldid=3629209" എന്ന താളിൽനിന്ന് ശേഖരിച്ചത്