കെ.കെ. നീലകണ്ഠൻ
കെ.കെ. നീലകണ്ഠൻ | |
---|---|
പ്രമാണം:K. K. Neelakantan.jpg | |
ജനനം | 09 ഏപ്രിൽ 1923 |
മരണം | 1992 ജൂൺ 14 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | പക്ഷിനിരീക്ഷകൻ, അദ്ധ്യാപകൻ |
ഇന്ത്യയിലെ പ്രശസ്തനായ പക്ഷിനിരീക്ഷകനായിരുന്നു ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന കെ.കെ. നീലകണ്ഠൻ. (ഏപ്രിൽ 09 1923 - ജൂൺ 14, 1992). കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായി അദ്ദേഹം കരുതപ്പെടുന്നു.
ജനനം, ബാല്യം
[തിരുത്തുക]പാലക്കാട് ജില്ലയിലെ കാവശ്ശേരി എന്ന ഗ്രാമത്തിൽ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് 1923-ൽ ഇന്ദുചൂഡൻ ജനിച്ചത്. മൈസൂർ സർക്കാർ സർവ്വീസിൽ ഒരു മൃഗ വൈദ്യനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ഇന്ദുചൂഡന്റെ നാലാം തരം വരെയുള്ള വിദ്യാഭ്യാസം ചിത്രദുർഗ്ഗയിലായിരുന്നു. ബാക്കി വിദ്യാലയ ജീവിതം മലബാർ പ്രദേശത്തെ അഞ്ചു വിദ്യാലയങ്ങളിലായി ഇന്ദുചൂഡൻ പൂർത്തിയാക്കി. ഇന്റർമീഡിയറ്റ് പരീക്ഷയ്ക്ക് അദ്ദേഹം കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ പഠിച്ചു. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് അദ്ദേഹം ഓണേഴ്സോടെ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം കരസ്ഥമാക്കി. (1941 മുതൽ 1944 വരെ)
ഔദ്യോഗിക ജീവിതം
[തിരുത്തുക]മധുര അമേരിക്കൻ കോളെജിൽ അദ്ധ്യാപകനായി അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇവിടെ നിന്ന് അദ്ദേഹം മദ്രാസ് ലയോള കോളെജിലേക്കും തലശ്ശേരി ബ്രണ്ണൻ കോളെജിലേക്കും രാജമുണ്ട്രിയിലേക്കും പാലക്കാട് വിക്ടോറിയ കോളെജിലേക്കും മാറി. പാലക്കാട് വിക്ടോറിയ കോളെജിൽ അദ്ദേഹം 1947 വരെ പഠിപ്പിച്ചു. ഇതിനുശേഷം അദ്ദേഹം ചിറ്റൂർ ഗവണ്മെന്റ് കോളെജിലും തിരുവനന്തപുരം വിമൻസ് കോളെജിലേക്കും മാറി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിൽ ഇംഗ്ലീഷ് വിഭാഗത്തിന്റെ തലവനായിരിക്കേ അദ്ദേഹം 1978-ൽ അദ്ധ്യാപനത്തിൽ നിന്നും വിരമിച്ചു.
പക്ഷിനിരീക്ഷണം, പ്രകൃതിസ്നേഹം
[തിരുത്തുക]വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം കാവശ്ശേരിയിലുള്ള തന്റെ തറവാട്ടിൽ വച്ച് പക്ഷിനിരീക്ഷണം തുടങ്ങി. താൻ ജോലിചെയ്ത എല്ലാ സ്ഥലങ്ങളിലും ഈ വിനോദം അദ്ദേഹം വളരെ ഗൌരവമായി പിന്തുടർന്നു.
1949-ൽ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ പെലിക്കൻ സങ്കേതം കണ്ടെത്തി. കിഴക്കേ ഗോദാവരി ജില്ലയിലുള്ള തടെപള്ളിഗുഡത്തിന് 13 മൈൽ അകലെയുള്ള ആരേട് അന്ന സ്ഥലത്തായിരുന്നു ഇത്. ഈ കണ്ടുപിടിത്തം 1949-ൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. പ്രകൃതി സംരക്ഷണ സമിതിയുടെ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. 1979-ൽ അദ്ദേഹം സൈലന്റ് വാലി പ്രക്ഷോഭം നയിച്ചു. കേരള നാച്യുറൽ ഹിസ്റ്ററി എന്ന സംഘടനയുടെ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ എന്ന ലോക പ്രശസ്ത പരിസ്ഥിതി സംഘടനയുടെ ഇന്ത്യൻ ഘടകത്തിന്റെ വിശിഷ്ടാംഗമായിരുന്നു അദ്ദേഹം. 69-ആം വയസ്സുവരെ അദ്ദേഹം തന്റെ ജീവിതം പക്ഷികളുടെ പഠനത്തിനായി ഉഴിഞ്ഞുവെച്ചു.
കൃതികൾ
[തിരുത്തുക]അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകമായ കേരളത്തിലെ പക്ഷികൾ (പുസ്തകം) മലയാള സാഹിത്യത്തിലെ ഒരു ഉത്തമ കൃതിയായി കരുതപ്പെടുന്നു. ചിത്രങ്ങൾ സഹിതം കേരളത്തിൽ കാണപ്പെടുന്ന 261 ഇനം പക്ഷികളെ ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു. പരിസ്ഥിതി, പക്ഷികൾ, പക്ഷിനിരീക്ഷണം എന്നീ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ പുല്ലുതൊട്ട് പൂനാര വരെ എന്ന ലേഖന സമാഹാരത്തിന് കേരള സർക്കാരിന്റെ ശാസ്ത്ര, പരിസ്ഥിതി, സാങ്കേതിക വകുപ്പിന്റെ ജനപ്രിയ ശാസ്ത്ര കൃതിക്കുള്ള പുരസ്കാരവും കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ പുരസ്കാരവും ലഭിച്ചു. അദ്ദേഹത്തിന്റെ കുട്ടികൾക്കു വേണ്ടിയുള്ള പുസ്തകമായ പക്ഷികളും മനുഷ്യരും എന്ന പുസ്തകത്തിന് കേരള സർക്കാരിൽ നിന്നും കൈരളി കുട്ടികളുടെ ബുക്ക് ട്രസ്റ്റിൽ നിന്നും ബാല സാഹിത്യത്തിനുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
മക്മില്ലൻ പ്രസാധകർ അദ്ദേഹത്തെ സമീപിച്ച് അദ്ദേഹത്തിന് ഇഷ്ടമുള്ള വിഷയത്തിൽ ഒരു പുസ്തകം എഴുതുവാൻ ആവശ്യപ്പെട്ടു. കുട്ടികൾക്കായി മലയാളത്തിൽ പക്ഷികളെക്കുറിച്ചും പക്ഷിനിരീക്ഷണത്തെ കുറിച്ചും ഒരു പുസ്തകം എഴുതാം എന്നായിരുന്നു അദ്ദേഹം കൊടുത്ത മറുപടി.
അവലംബം
[തിരുത്തുക]- കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യകാര ഡയറക്ടറി
പുറത്തുനിന്നുള്ള കണ്ണികൾ
[തിരുത്തുക]- വാർബ്ലെർ സാന്റ് വേഡേഴ്സ് . ഓർഗ്ഗ് Archived 2006-09-09 at the Wayback Machine.
- ഹിന്ദു ദിനപത്രത്തിൽ വന്ന ലേഖനം Archived 2007-10-01 at the Wayback Machine.
- മലയാളം വാരിക, 2012 ജൂൺ 15 Archived 2016-03-06 at the Wayback Machine.