Jump to content

കെ.പി. നാരായണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏഴാച്ചേരി പുല്ലാന്താനിക്കൽ (ലക്ഷ്മിവിലാസം) കെ.പി. നാരായണൻ, കേരളത്തിലെ വിശ്വഹിന്ദുപരിഷത്ത്(വി.എച്.പി.) പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കിയ നേതാക്കളിൽ പ്രമുഖനായിരുന്നു. സംസ്ഥാനത്തെ, പ്രത്യേകിച്ച് കോട്ടയം ജില്ലയുടെ സാമൂഹിക സാംസ്‌കാരിക ആദ്ധ്യാത്മിക മണ്ഡലങ്ങളിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തിയായിരുന്നു അടുപ്പക്കാർക്കിടയിൽ ‘അനിയൻ ചേട്ടൻ’ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം. കോട്ടയം ജില്ലയിലെ ഏഴാച്ചേരിയിലെയും ഐങ്കൊമ്പിലെയും  ഗ്രാമപ്രദേശങ്ങളിൽ നിന്ന് നേതൃത്വ ശേഷികൊണ്ടും സംഘാടകശേഷി കൊണ്ടും വി.എച്.പി.യുടെ സംസ്ഥാന- ദേശീയ തലങ്ങളിൽ വിവിധ  പ്രസ്ഥാനങ്ങളിൽ രാപകലില്ലാതെ നിരന്തരം പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു കെ.പി. നാരായണൻ.

അദ്ധ്യാപകനായിരുന്ന ഏഴാച്ചേരി പുല്ലാന്താനിക്കൽ കെ.എൻ പരമേശ്വരൻ ലക്ഷ്മിക്കുട്ടിയമ്മയുടെയും ആറുമക്കളിൽ മൂന്നാമനായാണ് കെ.പി. നാരായണൻ ജനിച്ചത്.പരേതനായ പി.എൻ കാളിദാസൻ നായർ (റിട്ട. എയർഫോഴ്‌സ് ഏറ്റുമാനൂർ),കെ.പി രാമചന്ദ്രൻ നായർ (റിട്ട. കാർഷിക യൂണിവേഴ്‌സിറ്റി, ഏറ്റുമാനൂർ), പരേതനായ കെ.പി രവീന്ദ്രനാഥൻ നായർ (ടെൽക്ക്, അങ്കമാലി), കെ.പി. സഹദേവൻ (റിട്ട. കെ.എസ്.ആർ.ടി.സി, ഏറ്റുമാനൂർ), കെ.പി. സുദർശനകുമാർ (റിട്ട. കാർഷിക യൂണിവേഴ്‌സിറ്റി, വടക്കഞ്ചേരി) എന്നിവരാണ് സഹോദരങ്ങൾ

വിദ്യാഭ്യാസം

[തിരുത്തുക]

ഏഴാച്ചേരി എൻ.എസ്.എസ് ഗവ. എൽ പി സ്‌കൂളിലാണ് നാലാം ക്‌ളാസ്സുവരെ പഠനം. തുടർന്ന് അഞ്ചു മുതൽ ഏഴു വരെ നാട്ടിൽത്തന്നെയുള്ള ഏഴാച്ചേരി ജി.വി. യു.പി.സ്കൂളിൽ പഠിച്ചു. സെൻറ്. അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ നിന്നും പത്താം ക്‌ളാസ് പാസ്സായ ശേഷം ഉഴവൂർ സെന്റ്‌ സ്റ്റീഫൻസ്‌ കോളേജിൽ നിന്നും പ്രീ ഡിഗ്രി കരസ്ഥമാക്കി. തുടർന്ന് പാലാ സെൻറ്. തോമസ് കോളേജിൽ നിന്നും കൊമേഴ്‌സിൽ ബിരുദം നേടി. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ  ചുരുക്കം ചിലർ മാത്രമാണ് അന്നാട്ടിൽ നിന്നും ബിരുദം സ്വന്തമാക്കിയിരുന്നത്. 

സംരംഭകത്വം

[തിരുത്തുക]

വം  സാമ്പത്തികശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കിയ ശേഷം,  ഐങ്കൊമ്പ്‌  പാറേക്കാവ് ദേവീക്ഷേത്രത്തിന്റെ സ്ഥലത്ത് കെട്ടിടം നിർമ്മിച്ച്, ബീനാ റബർ ഇൻഡസ്ട്രീസ് എന്ന പേരിൽ റബ്ബർ അധിഷ്ഠിത ഉല്പന്നങ്ങൾ നിർമ്മിക്കുന്ന ചെറുകിട ഫാക്ടറി ആരംഭിച്ച് സംരംഭകനായി. റബ്ബർ പാലിൽ നിന്നും റബ്ബർ ബാൻഡുകൾ നിർമ്മിക്കുന്ന കമ്പനി നാട്ടിലെ നിരവധി യുവതീ യുവാക്കൾക്ക് തൊഴിൽ നൽകി.എന്നാൽ റബ്ബർ ബാൻഡ് നിർമ്മാണം മത്സരാധിഷ്ഠിതമായപ്പോൾ ,വ്യവസായ ആവശ്യത്തിനുള്ള പശ ഉൽപ്പാദിപ്പിക്കുന്ന ജോലികളാണ്  പിന്നീട് അവിടെ നടന്നു വന്നിരുന്നത്. ചെരിപ്പ് വ്യവസായത്തിന് ആവശ്യമായ പശ  കേരളത്തിലെ വിവിധ ജില്ലകളിൽ അദ്ദേഹം വിതരണം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഫാക്ടറി പ്രവർത്തനം 2019-ൽ അവസാനിപ്പിച്ചു.

കമ്മ്യൂണിസ്റ്റ്‌

[തിരുത്തുക]

അറുപതുകളിൽ കേരളത്തിൽ ശക്തി പ്രാപിച്ചിരുന്ന കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായാണ് കെ.പി. നാരായണൻ വിദ്യാഭ്യാസ കാലഘട്ടത്തിനു ശേഷം ആദ്യകാല സാമൂഹിക പ്രവർത്തനം തുടങ്ങിയത്. അന്നത്തെ ഇടതുപക്ഷ പ്രവർത്തകരിൽ  സജീവമായി ഉണ്ടായിരുന്ന  യുക്തിവാദവും നിരീശ്വരവാദവും അദ്ദേഹവും സ്വാഭാവികമായും  പിന്തുടർന്നു. സമൂഹത്തിലുണ്ടായിരുന്ന ഇന്ന് അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും പഴയ മാമൂലുകളെയും കാലഘട്ടത്തിൽ അദ്ദേഹം എതിർത്തിരുന്നു. എന്നാൽ പിന്നീട് പതിയെപതിയെ അദ്ദേഹം  ആദ്ധ്യാത്മികതയിലേയ്ക്കും ക്ഷേത്ര വിശ്വാസത്തിലേയ്ക്കും, പിൽക്കാലത്ത് വിശ്വഹിന്ദുപരിഷത്ത് പ്രവർത്തനത്തിലേക്കും  തിരിയുകയാണ് ഉണ്ടായത്. സ്വന്തം നാട്ടിലെ ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രം ഊരാഴ്മ ക്കാരിൽ നിന്നും നാട്ടുകാർക്ക് ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയായതും, അതുമായി ബന്ധപ്പെട്ട് അക്കാലത്ത് മറ്റക്കര കേന്ദ്രമായി പ്രവർത്തിച്ചിരുന്ന  ആധ്യാത്മികാചാര്യൻ ശ്രീമദ് നിരുപമാനന്ദ സ്വാമികളുമായി ഇടപഴകിയതും നിലയ്ക്കൽ പ്രക്ഷോഭത്തിൽ പങ്കെടുത്തതും ഈ മാറ്റത്തിന് വഴിതെളിച്ചു.

സാമൂഹ്യ പ്രവർത്തനം

[തിരുത്തുക]

ഏഴാച്ചേരിയിലെയും ഐങ്കൊമ്പിലെയും  ഗ്രാമപ്രദേശങ്ങളിൽ നിരവധി പൊതുസ്ഥാപനങ്ങളുടെ പിറവിക്കും വളർച്ചയ്ക്കും നാന്ദി കുറിക്കുവാൻ യൗവനകാലം മുതൽക്കു തന്നെ അദ്ദേഹത്തിന് കഴിഞ്ഞത്  നേതൃത്വ ശേഷികൊണ്ടും സംഘാടകശേഷി കൊണ്ടുമായിരുന്നു .നാട്ടുകാരുടെ "അനിയൻ  ചേട്ടൻ" ആയി അറിയപ്പെട്ടിരുന്ന അദ്ദേഹം നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു പ്രസ്ഥാനമായിരുന്ന ഐങ്കൊമ്പ് ജനതാ ലൈബ്രറിയുടെ പ്രവർത്തകനായി മാറി.  ചെറുപ്രായത്തിൽ തന്നെ ഗ്രന്ഥശാലയുടെ സെക്രട്ടറി ആയി പ്രവർത്തിച്ച് അതിനെ വളർച്ചയിലേക്ക് നയിച്ചു. അദ്ദേഹത്തിൻറെ കൂടി ശ്രമഫലമായാണ് കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവ് എറിയപ്പെടുന്ന പി.എൻ പണിക്കർ ഈ വായനശാല സന്ദർശിച്ചത്.

കുട്ടികളെ സാമൂഹ്യവൽകരിക്കുന്നതിനുള്ള സർക്കാർ സംവിധാനമായ  അംഗനവാടി (ബാലവാടി)ഐങ്കൊമ്പിൽ സ്ഥാപിക്കുന്നതിന്  മുൻകൈയെടുത്തവരിൽ അദ്ദേഹവും ഉണ്ടായിരുന്നു. ഈ പ്രദേശത്ത് ഒരു റേഷൻകട സ്ഥാപിക്കുന്നതിനു വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയതും  അദ്ദേഹത്തിൻറെ കൂടി നേതൃത്വത്തിലായിരുന്നു. തന്റെ മക്കൾ പഠിച്ച ഐങ്കൊമ്പ് ഗവ.എൽ.പി സ്കൂളിൻറെ രക്ഷാകർതൃസമിതിയിലും അദ്ദേഹം സജീവമായിരുന്നു.  അക്കാലത്ത് പഞ്ചായത്ത് കേന്ദ്രവും ഹൈസ്കൂളും കടനാട്ടിലായിരുന്നു സ്ഥിതിചെയ്തിരുന്നത്. അങ്ങോട്ട് പോകുവാൻ റോഡ് സൗകര്യം കൊല്ലപ്പള്ളി വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ  മല വെട്ടിത്തെളിച്ച് ഐങ്കൊമ്പ് - കടനാട്  പ്രദേശങ്ങളെ തമ്മിൽ യോജിപ്പിച്ച് കൊണ്ട് റോഡ് ആസൂത്രണം ചെയ്തു നടപ്പിലാക്കിയതിലും കെ.പി. നാരായണൻ മുഖ്യ പങ്കുവഹിച്ചിരുന്നു.

നിലയ്ക്കൽ പ്രക്ഷോഭം

[തിരുത്തുക]

ആദ്യകാലത്തു കമ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായിരുന്നെങ്കിലും അധികം വൈകാതെ ഹൈന്ദവ ഐക്യമെന്ന ആശയത്തിലേക്ക് അദ്ദേഹം മാറുകയായിരുന്നു.നിലയ്ക്കൽ പ്രക്ഷോഭകാലത്ത് ആ സമരം നയിച്ച കുമ്മനം രാജശേഖരൻ മായി അടുത്ത് ഇടപഴകി പ്രവർത്തിച്ചു. സജീവമായി സമരപരിപാടികൾ നയിച്ചതിനാൽ രണ്ടാഴ്ച ജയിൽവാസം അനുഭവിച്ചത് അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലെയും സാമൂഹ്യജീവിതത്തിലെയും ഒരു നിർണ്ണായക വഴിത്തിരിവായിരുന്നു. സമരത്തിൽ പങ്കെടുത്തതിനാൽ ബിസിനസ് രംഗത്ത് ഒട്ടേറെ തിരിച്ചടികൾ ഉണ്ടായെങ്കിലും അതൊന്നും കൂസാതെ മുഴുവൻസമയ സംഘടനാ പ്രവർത്തനവുമായി മുന്നോട്ടു പോകുവാൻ  അദ്ദേഹത്തിന് പ്രേരണയായത് ഈ സംഭവം ആയിരുന്നു

വിശ്വഹിന്ദുപരിഷത്ത്

[തിരുത്തുക]

നിലക്കൽ പ്രക്ഷോഭത്തിന് ശേഷം അന്നത്തെ പ്രക്ഷോഭ നായകനും എന്നും പിന്നീട് മിസോറാം ഗവർണറുമായിത്തീർന്ന കുമ്മനം രാജശേഖരന്റെ  നിർദ്ദേശമനുസരിച്ച് സ്വന്തം നാട്ടിൽ വിശ്വഹിന്ദുപരിഷത്തിന്റെ പ്രവർത്തനങ്ങൾ സംയോജിപ്പിച്ച് പ്രഖണ്ഡ് പ്രമുഖ് എന്ന ചുമതല സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ തുടക്കം. താമസിയാതെ  വിശ്വഹിന്ദുപരിഷത്തിന്റെ ജില്ലാ, സംസ്ഥാന നേതൃത്വത്തിലേക്ക് അതിവേഗം അദ്ദേഹം കടന്നു വന്നു.വിശ്വഹിന്ദുപരിഷത്തിന്റെ കേരളത്തിലെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്ന അദ്ദേഹം സംസ്ഥാന സെക്രട്ടറി, ട്രഷറർ തുടങ്ങിയ ചുമതലകൾ വിവിധ കാലങ്ങളിൽ വഹിച്ചിരുന്നു. സംസ്ഥാന സേവാ പ്രമുഖ് ആയിരുന്ന സമയത്ത് സംഘടനയുടെ കീഴിൽ കേരളത്തിലുടനീളം ബാലസദനങ്ങളും സ്‌കൂളുകളും ഉൾപ്പെടെ നിരവധി സേവാപ്രവർത്തനങ്ങൾ ആരംഭിച്ചു. വിശ്വഹിന്ദുപരിഷത്തിന്റെ കീഴിലുള്ള ബാലാശ്രമങ്ങളിലെയും ബാലികാശ്രമങ്ങളിലെയും കുട്ടികളോടൊപ്പം  സംസ്ഥാന- ദേശീയതലങ്ങളിലെ  സാമൂഹിക-സാംസ്കാരിക പ്രമുഖരെയും ഒരുമിച്ചുകൂട്ടി സംഘടിപ്പിച്ച ബാലകാരുണ്യം എന്ന പരിപാടി കെ.പി നാരായണന്റെ സംഘാടന മികവിന്റെ  മകുടോദാഹരണമാണ്.  പ്രവർത്തനത്തിന്റെ സിരാകേന്ദ്രം  കലൂർ പാവക്കുളം ക്ഷേത്രാങ്കണത്തിൽ ഉള്ള വിശ്വഹിന്ദുപരിഷത്ത് ആസ്ഥാനമായിരുന്നു എങ്കിലും കേരളത്തിൽ ഉടനീളം  അദ്ദേഹം പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് നിരന്തരം സഞ്ചരിച്ചിരുന്നു കൂടാതെ കേരളത്തെ പ്രതിനിധീകരിച്ച് വിശ്വഹിന്ദുപരിഷത്ത് ദേശീയ സമ്മേളനങ്ങളിൽ പങ്കെടുത്തുകൊണ്ട് ഒട്ടുമിക്ക സംസ്ഥാനങ്ങളിലും യാത്ര ചെയ്തു. വിശ്വഹിന്ദുപരിഷത്തിന്റെയും സംഘപരിവാറിന്റെയും ദേശീയ നേതാക്കൾക്ക് പ്രിയപ്പെട്ട കെ.പി ചേട്ടൻ ആയിരുന്ന അദ്ദേഹം സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരിക്കെയാണ് അന്തരിച്ചത്. ആറന്മുള പ്രക്ഷോഭം  ആറന്മുളയിൽ വിമാനത്താവളത്തിനെതിരായി വിജയകരമായി പ്രക്ഷോഭം നയിച്ചവരിൽ ഇദ്ദേഹവും ഉൾപ്പെടുന്നു. സമരം നയിച്ച ആറന്മുള പൈതൃകഗ്രാമകർമ്മസമിതിയുടെ രക്ഷാധികാരിയായ കുമ്മനം രാജശേഖരനൊപ്പം എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ പ്രവർത്തിച്ചു. ആറൻമുളയിലെ പുല്ലാട് ബാലികാശ്രമവുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവർത്തിച്ചിരുന്നു. തനതായ  നാടൻ പ്രകൃതിവിഭവങ്ങളും ഉൽപ്പന്നങ്ങളും പരിചയപ്പെടുത്തുന്ന ചക്കമഹോത്സവം ഉൾപ്പെടെയുള്ള മേളകൾ അദ്ദേഹം ആറൻമുളയിൽ സംഘടിപ്പിച്ചിരുന്നു

ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രം

[തിരുത്തുക]

സംഘടനാ പ്രവർത്തനങ്ങളുമായി നിരന്തരം സംസ്ഥാനത്തിനകത്തും പുറത്തും യാത്രചെയ്തിരുന്നുവെങ്കിലും അദ്ദേഹത്തിൻറെ പ്രവർത്തനമണ്ഡലത്തിൽ ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രത്തിന് ഒരു പ്രത്യേക ഇടം എന്നുമുണ്ടായിരുന്നു. പ്രസ്തുത ക്ഷേത്രം ഊരാഴ്മക്കാരിൽ നിന്നും നാട്ടുകാർക്ക് ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് മുതൽ മരണം വരെയും ഒരു നിഷ്ഠയോടെ ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അദ്ദേഹം തുടർന്നു പോന്നു.  അക്കാലത്ത് ഐങ്കൊമ്പ് കരയിൽ വിശാലമായ ഭൂപ്രദേശം സ്വന്തമായുണ്ടായിരുന്ന മണക്കാട്ട് ഇല്ലത്തിന്റെ വകയായിരുന്നു പാറേക്കാവ്. ക്ഷേത്ര കാര്യങ്ങൾ സുഗമമായി നടത്തിക്കൊണ്ടു പോവുക വിഷമകരമായപ്പോൾ  അന്നത്തെ  ഇല്ലത്തെ പ്രധാനിയായിരുന്ന ശങ്കരനാരായണൻ നമ്പൂതിരി ക്ഷേത്രം നാട്ടുകാർക്ക് വിട്ടു കൊടുക്കുന്നതിനു സമ്മതം അറിയിച്ചു. ക്ഷേത്രം ഏറ്റെടുക്കുന്നതിനെകുറിച്ചും തുടർന്നുള്ള കാര്യങ്ങളിൽ വിദഗ്ധ ഉപദേശം ലഭിക്കുന്നതിനുമായി "ക്ഷേത്രചൈതന്യ രഹസ്യം"  എന്ന ആധ്യാത്മികരംഗത്തെ അടിസ്ഥാനകൃതിയുടെ കർത്താവും കേരളക്ഷേത്രസംരക്ഷണസമിതി രൂപീകരിച്ചവരിൽ പ്രമുഖനുമായ  മാധവ ജിയ്ക്ക് കെ.പി. നാരായണൻ വിശദമായ കത്ത് അയച്ചു. കേരളത്തിലെ തകർന്നുപോയ ക്ഷേത്രങ്ങൾ അന്തിത്തിരി കത്തിക്കാൻ വകയില്ലാതെ മണ്ണോടുമണ്ണ് ചേർന്ന് അടിഞ്ഞുപോയപ്പോൾ അവ പുനരുദ്ധരിച്ച്, നാടിന്റെ ആദ്ധ്യാത്മികവും, സാംസ്‌ക്കാരികവും, മാനുഷികവുമായ ഉയർത്തെഴുന്നേൽപ്പ് നടത്തി കേരളത്തിന്റെ മണ്ണിനെ വീണ്ടും ആദ്ധ്യാത്മികതയിലേയ്ക്ക് നയിക്കാൻ പ്രയത്നിച്ചവരിൽ  പ്രഥമ ഗണനീയനായിരുന്നു മാധവജി. അദ്ദേഹത്തിന്റെ  പരിശ്രമഫലമായാണ് വെളിയത്തുനാട്ടിലെ തന്ത്രവിദ്യാപീഠം സ്ഥാപിതമാകുന്നത്. ജന്മംകൊണ്ടല്ല കർമ്മം കൊണ്ടാണ് ബ്രാഹ്മണ്യം എന്ന വേദചിന്ത ആവിഷ്‌കരിക്കാൻ പ്രഖ്യാപിക്കപ്പെട്ട ”പാലിയം വിളംബരം” സംഭവ്യമാക്കിയതിന് പിന്നിലും മറ്റാരുമായിരുന്നില്ല. കത്തിൽ ആവശ്യപ്പെട്ടതനുസരിച്ച് മാധവജി ഐങ്കൊമ്പിൽ എത്തി ക്ഷേത്രം സന്ദർശിക്കുകയും ക്ഷേത്രം ഏറ്റെടുക്കാൻ തയ്യാറായവർക്ക് വേണ്ട ര നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഇതിനെ തുടർന്ന്  ഐങ്കൊമ്പ്,ഏഴാച്ചേരി എന്നീ കരകളിലെ എൻ.എസ്സ്.എസ്സ് കരയോഗങ്ങളും ഇതരഹൈന്ദവ സമുദായങ്ങളിലെ അംഗങ്ങളും ഉൾപ്പെടുന്ന ദേവസ്വം ഭരണസമിതിയ്‌ക്ക് മണക്കാട്ടില്ലം ക്ഷേത്രം കൈമാറുകയായിരുന്നു. നാട്ടുകാർ ഏറ്റെടുത്തതിനു ശേഷം ആദ്യ ദേവസ്വം പ്രസിഡന്റായിരുന്ന കൊട്ടാരത്തിൽ ദാമോദരൻ നായരുടെ അന്ത്യശേഷം  പിന്നീട് പ്രസിഡന്റ് പദം അലങ്കരിച്ചത് കെ പി നാരായണനായിരുന്നു.  ക്ഷേത്രഭരണസമിതിയിൽ പ്രവർത്തിക്കവേനിരവധി അദ്ധ്യാത്മിക ആചാര്യന്മാരുമായി ബന്ധപ്പെടാൻ കെ പി നാരായണന് ഇടയായി.  മറ്റക്കര കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ശ്രീമദ് നിരുപമാനന്ദ സ്വാമിജിയുമായുള്ള ഗാഢബന്ധം ഇതിൽ എടുത്തു പറയേണ്ടതാണ്.  ആദ്ധ്യാത്മിക  അന്തരീക്ഷം ഒരുക്കി ക്ഷേത്രം മുന്നോട്ടു കൊണ്ടുപോകേണ്ടതിനുവേണ്ട മാർഗനിർദേശങ്ങൾ സ്വാമിജി നിരന്തരമായി നൽകുകയും സപ്താഹം ഉൾപ്പെടെ ക്ഷേത്രത്തിൽ നിരവധി തവണ വന്ന് അനുഗ്രഹ പ്രഭാഷണങ്ങൾ നൽകുകയും ചെയ്തു. ലോകപ്രശസ്ത ഗീതാചാര്യൻ ചിന്മയാനന്ദ സ്വാമികൾ, ശിഷ്യനായ വേദാനന്ദ സരസ്വതി സ്വാമികൾ തുടങ്ങിയവരും അദ്ദേഹം ഭരണസമിതിയിൽ ആയിരിക്കേ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിട്ടുണ്ട്  പാറേക്കാവ് ദേവസ്വം പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചിരുന്നതിനു പുറമേ ദേവസ്വം സെക്രട്ടറി, ട്രഷറർ, വൈസ്പ്രസിഡന്റ് തുടങ്ങിയ ചുമതലകളും വിവിധ കാലയളവുകളിൽ അദ്ദേഹം വഹിച്ചിട്ടുണ്ട്. സംസ്കൃത ഭാഷാ പഠനത്തിന്റെ പ്രാധാന്യം  കണ്ടറിഞ്ഞ്  കേന്ദ്ര ഗവൺമെന്റിന്റെ ഗ്രാന്റ് സ്വീകരിച്ച് പാറേക്കാവ് ക്ഷേത്രസന്നിധിയിൽ അംബികാ സംസ്കൃത വിദ്യാഭവൻ എന്ന പേരിൽ അനൗപചാരിക സംസ്കൃത പാഠശാല അദ്ദേഹവും ഡോ. എൻ.കെ. മഹാദേവനും കൂടി മുൻകൈയെടുത്തു സ്ഥാപിച്ചു. കേരളത്തിൽ ബാലഗോകുലങ്ങൾ സജീവമാകുന്നതിന് വർഷങ്ങൾക്കുമുമ്പുതന്നെ സനാതന ധർമ്മപാഠശാല അഥവാ മതപാഠശാല അംബിക ആർഷവിദ്യാഭവൻ എന്ന പേരിൽ ഇരുവരും സ്ഥാപിച്ചിട്ടുണ്ട്. മതപാഠശാലക്ക്  പാറേക്കാവ് ദേവസ്വത്തിൽ നിന്നും  ഗ്രാന്റ് നൽകുന്നതിനും അദ്ദേഹം മുൻകൈയെടുത്തു.

അംബികാ വിദ്യാഭവൻ സ്‌കൂൾ

[തിരുത്തുക]

പാറേക്കാവ് ദേവീ ക്ഷേത്രത്തിന്റെ പഴയ കെട്ടിടത്തിൽ  ചെറിയ രീതിയിൽ നേഴ്സറി സ്കൂളായി ആരംഭിച്ച്  പിന്നീട് സി.ബി.എസ്.ഇ സ്കൂളായി മാറിയഅംബികാ വിദ്യാഭവൻ സ്‌കൂൾ സ്ഥാപകരിലൊരാളായ അദ്ദേഹം അംബികാ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് അംഗം എന്ന നിലയിൽ വിവിധ ചുമതലകൾ വഹിച്ചിരുന്നു. സ്കൂളിനെ സി.ബി.എസ്.ഇ നിലവാരത്തിലേക്ക് ഉയർത്തുവാൻ ആവശ്യമായ സ്ഥലം ക്ഷേത്രത്തിൽ നിന്നും വിട്ടു നൽകുന്നതിനും അദ്ദേഹം മുൻപന്തിയിൽ നിന്നു. പുതിയ സ്കൂൾ മന്ദിരത്തിന് അദ്ദേഹവും സഹോദരങ്ങളും കൂടി പിതാവിന്റെ സ്മരണയിൽ ഒരു ക്ലാസ് മുറി സമർപ്പിക്കുകയും ചെയ്തു.

മീനച്ചിൽ താലൂക്കിലെ മറ്റു പ്രവർത്തനങ്ങൾ

[തിരുത്തുക]

 കാൽനൂറ്റാണ്ട് പിന്നിട്ട പാലാ മീനച്ചിൽ നദീതടഹിന്ദുമഹാസംഗമത്തിന് തുടക്കകാലം മുതൽ നേതൃപരമായ സംഭാവനകൾ അദ്ദേഹം നൽകി. ഹിന്ദു സംഗമത്തിന് എല്ലാവർഷവും ദേശീയ- സംസ്ഥാന തലങ്ങളിൽ നിന്നും അദ്ധ്യാത്മിക ആചാര്യന്മാരെയും  പ്രഭാഷകരെയും വിവിധ സംഘടനാ നേതാക്കളെയും എത്തിക്കുവാൻ നിരന്തരം ശ്രദ്ധിച്ചു. പയപ്പാറിൽ പ്രവർത്തിക്കുന്ന നിർധന പെൺകുട്ടികളുടെ അഭയകേന്ദ്രമായ ജാനകി ബാലികാശ്രമം സാധ്യമാക്കുന്നതിൽ നിർണായകപങ്ക് അദ്ദേഹം വഹിച്ചിരുന്നു. വിശ്വഹിന്ദു പരിഷത്തിൻറെ സേവാ പ്രവർത്തനങ്ങളുടെ ചുമതല നോക്കിയിരുന്ന അദ്ദേഹത്തിൻറെ ഈ മേഖലയിലെ പരിചയം സ്ഥാപനം തുടങ്ങുന്നതിനും പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകുന്നതിനും മുതൽക്കൂട്ടായി.  കയ്പനാവയലിൽ  ആർ. നാരായണപിള്ളയുടെ സ്മരണയിൽ ഏഴാച്ചേരി കേന്ദ്രമായി കെ.ആർ. എൻ.എം സൊസൈറ്റിക്ക്  തുടക്കം കുറിച്ചവരിൽ ഒരാളായിരുന്നു അദ്ദേഹം.നിരവധി അയൽക്കൂട്ടങ്ങളുടെ മാതൃസ്ഥാപനമായിരുന്നു ഈ സൊസൈറ്റി.  പാലാ അരുണാപുരം ശ്രീരാമകൃഷ്ണമഠത്തിന്റെ ആദ്യകാല പ്രവർത്തകരിൽ ഒരാൾ കൂടിയായിരുന്നു കെ പി നാരായണന് ദീർഘകാലം മഠാധിപതി ആയിരുന്നു സ്വപ്രഭാനന്ദ സ്വാമിയുമായി ഗാഢബന്ധം ഉണ്ടായിരുന്നു

തെരഞ്ഞെടുപ്പ് രാഷ്ട്രീയം

[തിരുത്തുക]

നിലക്കൽ പ്രക്ഷോഭത്തെ തുടർന്ന് കേരളത്തിൽ ഹിന്ദുമഹാ മണ്ഡലത്തിന്റെ പ്രവർത്തനം സജീവമായപ്പോൾ  കെ.പി നാരായണനും അതിൽ പങ്കാളിയായി. ഇതിൻറെ ഭാഗമായി തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും കേരളവർമ്മ രാജയും ഹിന്ദുമുന്നണി സ്ഥാനാർത്ഥികളായി മത്സരിച്ചു ഒരു ലക്ഷത്തിലേറെ വോട്ടുകൾ നേടി. 1987 - ൽ പാലാ അസംബ്ലി മണ്ഡലത്തിൽ ഹിന്ദു മുന്നണി സ്ഥാനാർത്ഥിയായി കെ.പി. നാരായണൻ പത്രിക നൽകി. എന്നാൽ സംഘടനാ തീരുമാനം മൂലം പിന്നീട് പത്രിക പിൻവലിക്കുകയാണുണ്ടായത്.

കുടുംബം

[തിരുത്തുക]

പൊൻകുന്നം ചിറക്കടവ് പ്ലാത്താനത്ത് കുടുംബാംഗം ശ്യാമള ആണ് ഭാര്യ. മക്കൾ: സൂരജ് കുമാർ (ഇന്ത്യൻ എയർഫോഴ്‌സ്,ഡൽഹി), സുജിത്കുമാർ (എസ്.എൻ.എച്ച്.എസ്.എസ്, എൻ.ആർ സിറ്റി, ഇടുക്കി), ഹരികൃഷ്ണൻ (പി.കെ.എച്ച് എസ്.എസ്. വടക്കഞ്ചേരി).മരുമക്കൾ: ധന്യ (എസ്.ബി.ഐ രാമപുരം), അശ്വതി (മാർ ബേസിൽ എച്ച്.എസ്.എസ് സേനാപതി, ഇടുക്കി)

അവലംബം

[തിരുത്തുക]

[1] [2] [3] [4] [5] [6] [7]

  1. "കെ.പി.നാരായണൻ സമൂഹനന്മക്കായി ജീവിതം സമർപ്പിച്ച വ്യക്തിത്വം- കുമ്മനം". മാതൃഭൂമി. 17 മെയ് 2019. Archived from the original on 2020-03-20. Retrieved 20 മാർച്ച് 2020. {{cite news}}: Check date values in: |date= (help)
  2. "കെ.പി.നാരായണൻ എന്ന സാമൂഹ്യസേവകൻ". കേസരി വാരിക. 17 May 2019. Retrieved 20 മാർച്ച് 2020.
  3. "കെ.പി.നാരായണൻ അന്തരിച്ചു".
  4. "ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ അനിശ്ചിതകാല സത്യഗ്രഹം". truevisionnews.com. Retrieved 20 മാർച്ച് 2020.
  5. "വിശ്വഹിന്ദുപരിഷത്ത് സുവർണജയന്തി ഘോഷയാത്ര". മാതൃഭൂമി.[പ്രവർത്തിക്കാത്ത കണ്ണി]
  6. "അമരക്കാരന് വള്ളം കളിയുടെ നാട്ടിൽ സ്നേഹോഷ്മളമായ വരവേൽപ്പ്".
  7. "ഹൈന്ദവ സമൂഹം അധികാര ശക്തിയാകണം;മുൻ ഐ.എസ്.ആർ.ഒ. ചെയർമാൻ ജി. മാധവൻ നായർ". മാതൃഭൂമി. Archived from the original on 2020-03-20. Retrieved 2020-03-20.
"https://ml.wikipedia.org/w/index.php?title=കെ.പി._നാരായണൻ&oldid=3803326" എന്ന താളിൽനിന്ന് ശേഖരിച്ചത്