Jump to content

കേരളത്തിലെ ഇടതുപക്ഷതൊഴിലാളിപ്രസ്ഥാനങ്ങളുടെ ചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ തൊഴിലാളിപ്രസ്ഥാനങ്ങളുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രം 1928 ഓടുകൂടിയാണ് തുടങ്ങുന്നത്. 1928 ൽ നടന്ന ദക്ഷിണേന്ത്യൻ റയിൽവേ തൊഴിലാളി പണിമുടക്കോടുകൂടിയാണ് കേരളത്തിലെ തൊഴിലാളി പ്രസ്ഥാനം വളരാനും അവകാശങ്ങൾക്കു വേണ്ടി പോരാടാനും തുടങ്ങിയത്. ഭാരതസേവാസംഘം നേതാക്കളായിരുന്ന വി.ആർ.നായനാരും, സൂര്യനാരായണ റാവുവും ആണ് മലബാറിലെ തൊഴിലാളി പ്രസ്ഥാനത്തിനു തുടക്കമിടുന്നത്. തൊഴിലാളികളുടെ നേരെ നടക്കുന്ന അതിക്രമത്തിനും, അന്യായമായി പിരിച്ചുവിടലിനുമെതിരേയായിരുന്നു ഈ പ്രസ്ഥാനം നിലകൊണ്ടിരുന്നു, അതല്ലാതെ അതിനു വേറൊരു ലക്ഷ്യങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.[1]

1930-33 കാലഘട്ടത്തിൽ കേരളത്തിലങ്ങിങ്ങായി ഒറ്റപ്പെട്ട് തൊഴിലാളി മുന്നേറ്റങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, അതൊരു മഹാപ്രസ്ഥാനത്തിലേക്കൊന്നും വളർന്നില്ലായിരുന്നു. ഒന്നുകിൽ മുതലാളിമാരാൽ അടിച്ചമർത്തപ്പെട്ടു, അല്ലെങ്കിൽ അവരോട് സന്ധിയായോ കീഴടങ്ങിയോ അവസാനിപ്പിക്കപ്പെട്ടു.[2] കേരളത്തിൽ തൊഴിലാളി പ്രസ്ഥാനങ്ങൾ വളർച്ച കൈവരിച്ചതിന് അക്കാലത്തെ കമ്മ്യൂണിസ്റ്റ് നേതാക്കൾ സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. [3]

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
(സി.പി.ഐ)

എ.ഐ.ടി.യു.സി.
എ.ഐ.കെ.എസ്.
എ.ഐ.വൈ.എഫ്.- എ.ഐ.എസ്.എഫ്.
എൻ.എഫ്.ഐ.ഡബ്ല്യു.-ബി.എം.കെ.യു.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
(സി.പി.ഐ (എം))

സി.ഐ.ടി.യു - എ.ഐ.കെ.എസ്.
ഡി.വൈ.എഫ്.ഐ.- എസ്.എഫ്.ഐ.
എ.ഐ.ഡി.ഡബ്ല്യു.എ. - ജി.എം.പി.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (എം-എൽ)
ലിബറേഷൻ -
റെഡ് ഫ്ലാഗ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)

ജനകീയ മുന്നേറ്റങ്ങൾ
പുന്നപ്ര-വയലാർ സമരം - കയ്യൂർ സമരം-
കാടകം വനസത്യാഗ്രഹം
കൊട്ടിയൂർ സമരം - കവ്വായി സമരം -
ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണം

കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾ
പി. കൃഷ്ണപിള്ള
സി. അച്യുതമേനോൻ
എ.കെ. ഗോപാലൻ
എം.എൻ. ഗോവിന്ദൻ നായർ
ഇ.എം.എസ്. നമ്പൂതിരിപ്പാട്
ടി.വി. തോമസ്
എൻ.ഇ. ബാലറാം
കെ. ദാമോദരൻ
കെ.ആർ. ഗൗരിയമ്മ
കെ. ദേവയാനി
എസ്. കുമാരൻ
തോപ്പിൽ ഭാസി
പി.കെ. വാസുദേവൻ നായർ
ഇ.കെ. നായനാർ
വി.എസ്. അച്യുതാനന്ദൻ

കമ്മ്യൂണിസം കവാടം

കാലിക്കറ്റ് ലേബർ യൂണിയൻ

[തിരുത്തുക]

ബ്രിട്ടീഷ് സർക്കാരിനെതിരായ സമരങ്ങൾ ഏകോപിപ്പിച്ച് ഒരു കുടക്കീഴിൽ കൊണ്ടു വരണമെന്ന ആശയം ആദ്യം ഉണ്ടായത് കമ്മ്യൂണിസ്റ്റ് നേതാവായ പി. കൃഷ്ണപിള്ളക്കാണ്. ജയിലിലായിരുന്ന സമയത്ത് ഇതിനെക്കുറിച്ച് മികച്ച ഒരു സംഘാടകനായ കൃഷ്ണപിള്ളക്ക് വ്യക്തമായ ഒരു പദ്ധതിയുണ്ടായിരുന്നു. 1934 ൽ അദ്ദേഹം ജയിലിൽ നിന്നും പുറത്തു വന്ന സമയത്ത് പതിനേഴോളം പേരെ സംഘടിപ്പിച്ച് കാലിക്കറ്റ് ലേബർ യൂണിയൻ സ്ഥാപിച്ചു.[4] തുടക്കത്തിൽ ഈ സംഘടനയിൽ ചേരാൻ ആളുകൾ തയ്യാറായിരുന്നില്ലെന്നു മാത്രമല്ല കൃഷ്ണപിള്ളയെ പരിഹസിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരം തിരിച്ചടികളിലൊന്നും തളരാത്ത കൃഷ്ണപിള്ള ലേബർ യൂണിയൻ സംഘടിപ്പിക്കുക തന്നെ ചെയ്തു. [5] സംഘടനയുടെ തുടക്കത്തിൽ എല്ലാ വ്യവസായങ്ങളിലുമുള്ള ആളുകളെ അംഗങ്ങളായി ചേർത്തിരുന്നുവെങ്കിലും, പിന്നീട് ഓരോ പ്രത്യേക വ്യവസായത്തിനും അവരുടേതായ സംഘടന കെട്ടിപ്പടുക്കാൻ തുടങ്ങി.

കോട്ടൺമിൽ വർക്കേഴ്സ് യൂണിയൻ

[തിരുത്തുക]

തിരുവണ്ണൂരിലെ കോട്ടൺ മിൽ തൊഴിലാളികളെ ഒരു സംഘടിത ശക്തിയാക്കിമാറ്റിയത് കൃഷ്ണപിള്ളയും, എ.കെ. ഗോപാലനും ചെയ്ത കഠിന പരിശ്രമമാണ്. തുടക്കത്തിൽ തൊഴിലാളികൾ ഇവരോട് ശത്രുക്കളോടെന്ന പോലെ പെരുമാറിയിരുന്നു. [6] എന്നാൽ ഇത്തരം കാര്യങ്ങളിലൊന്നും നിരാശരാവാതെ അവർ ഫാക്ടറി മുതലാളിമാർ തൊഴിലാളികളോട് ചെയ്യുന്ന ക്രൂരതയെ വസ്തുതകൾ സഹിതം വിശദീകരിച്ചു.[7] കോട്ടൺ മിൽ വർക്കേഴ്സ് യൂണിയൻ എന്ന പേരിൽ സംഘടന തുടങ്ങുകയും ഏതാണ്ട് എഴുപത്തഞ്ചു ശതമാനത്തോളം ആളുകൾ അതിൽ ചേരുകയും ചെയ്തു.


ഫാക്ടറി തൊഴിലാളികളുടെ പ്രവർത്തന സമയം ആഴ്ചയിൽ 54 മണിക്കൂറായി നിജപ്പെടുത്തിക്കൊണ്ട് ഒരു നിയമം നിലവിൽ വന്നു. 1922 ലെ ഇന്ത്യൻ ഫാക്ടറീസ് ആക്ട് പ്രകാരം തൊഴിലാളികളുടെ ജോലി സമയം ആഴ്ചയിൽ അറുപതു മണിക്കൂറും, ഞായറാഴ്ച അവധി ദിവസവുമായിരുന്നു.[8] എന്നാൽ പുതിയ നിയമത്തിൽ ജോലിക്കാരുടെ സമയം കൃത്യമായി പറഞ്ഞിരുന്നില്ല. അതുകൊണ്ട് മുതലാളിമാർ തൊഴിലാളികളെക്കൊണ്ട് അവർക്കു തോന്നുന്ന പോലെ പണിയെടുപ്പിച്ചു. പ്രതിദിനം പത്തുമണിക്കൂർ വീതം അമ്പതു മണിക്കൂറും, ആറാമത്തെ ദിവസം നാലു മണിക്കൂറും പണിയെടുപ്പിച്ച് തൊഴിലാളികൾക്ക് അര ദിവസത്തെ കൂലി നഷ്ടമാക്കി. ജോലി സമയം ദിനം പ്രതി ഒമ്പതു മണിക്കൂറാക്കി നിജപ്പെടുത്താനായി കമ്പനി ഉടമസ്ഥരോട് ആവശ്യപ്പെടാൻ തൊഴിലാളികളുടെ യോഗം തീരുമാനിച്ചു.[9]

ഫറോക്ക് ഓട്ടു കമ്പനി തൊഴിലാളി യൂണിയൻ

[തിരുത്തുക]

1935 ജനുവരി 4ന് കെ.കേളപ്പന്റെ നേതൃത്വത്തിൽ ഫാറോക്കിലെ ഓട്ടു കമ്പനി തൊഴിലാളികളുടെ ഒരു സംഘടന രൂപീകരിക്കുകയുണ്ടായി.ഏതാണ്ട് ഒന്നരക്കൊല്ലക്കാലത്തോളമുള്ള പ്രയത്നത്തിന്റെ ഫലമായാണ് ഈ സംഘടന രൂപംകൊണ്ടത്. സംഘടന ആരംഭിച്ച് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തന്നെ ഏതാണ്ട് നാനൂറോളം ആളുകൾ സംഘടനയിൽ അംഗങ്ങളായി ചേർന്നു. [10]എല്ലായിടത്തുമെന്നപോലെ ഇവിടേയും സംഘാടകർക്ക് കടുത്ത എതിർപ്പു തൊഴിലാളികളിൽ നിന്നു തന്നെ നേരിടേണ്ടി വന്നു. ആളുകളെ ഉപദ്രവിക്കാൻ നടക്കുന്നവരെന്നായിരുന്നു ആദ്യം തൊഴിലാളികൾ തന്നെ യൂണിയൻ സംഘാടകരായ കൃഷ്ണപിള്ളയേയും, എ.കെ.ഗോപാലനേയും കുറിച്ചു പറഞ്ഞിരുന്നത്. തിരുവണ്ണൂരിലെ സമരത്തിലൂടെ നേടിയെടുത്ത അവകാശം ഫറോക്കിലും ആവർത്തിക്കണം എന്നതായിരുന്നു നേതാക്കളുടെ ആഗ്രഹം. ദിനംപ്രതി ഒമ്പതു മണിക്കൂർ വെച്ച്, ആഴ്ചയിൽ 54 മണിക്കൂർ എന്നതായിരുന്നു തൊഴിലാളികളുടെ ആവശ്യം. തിരുവണ്ണൂരിൽ നിന്നും വ്യത്യസ്തമായി ഇവിടെ മുതലാളിമാർ തൊഴിലാളികളെ ഉപദ്രവിക്കാൻ തുടങ്ങി, കൂടാതെ കാരണമില്ലാതെ തൊഴിലാളികളെ പിരിച്ചുവിടാനും തുടങ്ങി.[11]

തൊഴിലാളികൾക്ക് സമ്മേളനം നടത്തുവാനുള്ള എല്ലാ സാഹചര്യങ്ങളും മുതലാളിമാർ പോലീസിനെകൊണ്ട് ഇല്ലാതാക്കി. മാത്രവുമല്ല, നേതൃത്വം വഹിച്ചിരുന്ന കൃഷ്ണപിള്ളക്ക് ഫറോക്കിൽ നിരോധനാജ്ഞയും പുറപ്പെടുവിച്ചു. ഇതുകൊണ്ടൊന്നും തൊഴിലാളികളുടെ വിപ്ലവവീര്യത്തെ തളർത്താൻ കഴിഞ്ഞില്ല. ഫറോക്കിലെ ഓട്ടു കമ്പനിതൊഴിലാളികൾ മാർച്ച് നാലാം തീയതി മുതൽ പണിമുടക്കാരംഭിക്കുകയാണെന്ന് അവിടെ കൂടിയ തൊഴിലാളികളുടെ യോഗത്തിൽ കൃഷ്ണപിള്ള പ്രഖ്യാപിച്ചു.[12] ഫാറോക്കിലെ സമരം നേതൃത്വം വിചാരിച്ചപോലെ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞില്ല. സമരം ഒത്തുതീപ്പാക്കുന്നതിനു വേണ്ടി മുതലാളിമാർ പലതവണ ശ്രമിച്ചുവെങ്കിലും ആത്മാഭിമാനമുള്ള തൊഴിലാളികൾ അനുരഞ്ജനത്തിനു തയ്യാറായിരുന്നില്ല. പണിമുടക്കു നീണ്ടുപോയി, ചുരുക്കം ചില തൊഴിലാളികൾ പണിമുടക്കവസാനിപ്പിച്ച് ജോലിക്കു കയറി, എന്നാൽ ഭൂരിഭാഗം തൊഴിലാളികളും ജോലിക്കു ചെല്ലാൻ കൂട്ടാക്കാതെ മറ്റു തൊഴിലുകൾ അന്വേഷിച്ചു പോയി. കുറേയധികം തൊഴിലാളികൾ ദാരിദ്ര്യത്തിലായി. കൂടുതൽ ആളുകളും വർഗ്ഗബോധമോ സംഘടനാ ചിന്തയോ ഇല്ലാത്തവരായിരുന്നു. പണിമുടക്ക് പരാജയത്തിലേക്കെത്തിച്ചേർന്നു.[13]ഫറോക്ക് ഓട്ടുകമ്പനി സമരത്തിൽ തൊഴിലാളികളെ സംഘടിപ്പിക്കാൻ പി കൃഷ്ണപിള്ള മലബാറിൽ ചുമതലപെടുത്തിയത് സഖാവ് പുതിയേടത്ത് അച്യുതമേനോക്കിയെ ആയിരുന്നു.


അഖില കേരള തൊഴിലാളി സമ്മേളനം

[തിരുത്തുക]

മലബാറിലും, തിരുവിതാംകൂറിലും തൊഴിലാളി പ്രസ്ഥാനങ്ങൾ ജീവൻ വെച്ചു വരുന്ന കാലഘട്ടത്തിൽ ഇവരെയെല്ലാം ഒരുമിച്ചു ചേർത്ത് ഒരു തൊഴിലാളി സമ്മേളനം സംഘടിപ്പിക്കാം എന്ന ആശയം കൃഷ്ണപിള്ളയുടേതായിരുന്നു. 1935 മെയ് 26 ന് കോഴിക്കോടു വെച്ച് ആദ്യത്തെ അഖില കേരള തൊഴിലാളി സമ്മേളനം നടന്നു.[14] തൊഴിലാളിസമുദായത്തിൽ നിലവിലിരുക്കുന്ന അസമത്വത്തിനെതിരേ ഒരുമിച്ചു ചേർന്നു നിന്നു പോരാടാൻ സമ്മേളനം തൊഴിലാളികളോട് ആഹ്വാനം ചെയ്തു.[15] തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായുള്ള പതിനഞ്ച് പ്രമേയങ്ങൾ യാതൊരു എതിർപ്പുമില്ലാതെ സമ്മേളനം പാസ്സാക്കുകയുണ്ടായി.[16] സമ്മേളനത്തിനവസാനം പി. കൃഷ്ണപിള്ള സെക്രട്ടറിയായി ഒരു കേരളസംസ്ഥാന കമ്മറ്റിയെ തിരഞ്ഞെടുക്കുകയുണ്ടായി.

തലശ്ശേരി ബീഡി തൊഴിലാളി യൂണിയൻ

[തിരുത്തുക]

വളരെയധികം കഷ്ടതകളും, ദുരിതങ്ങളും അനുഭവിക്കുന്ന ഒരു വിഭാഗം തൊഴിലാളികളായിരുന്നു കണ്ണൂരിലേയും, തലശ്ശേരിയിലേയും ബീഡി തൊഴിലാളികൾ. ആഴ്ചയിൽ ഒരു ദിവസം പോലും അവധിയില്ലാതെ രാവിലെ മുതൽ രാത്രി പത്തു മണി വരെ ജോലി ചെയ്യണം. ആയിരം ബീഡിക്ക് നാലുമുതൽ ആറണ[൧] വരെയായിരുന്നു കൂലി. ഇതു തന്നെ പലപ്പോഴും മുഴുവനായും നൽകിയിരുന്നുമില്ല. ഇത്തരം ചൂഷണങ്ങൾക്കെതിരേ ഒറ്റപ്പെട്ട ചെറുത്തുനിൽപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും അതൊരു സംഘടനയുടെ കെട്ടുറപ്പിന്റെ പിൻബലത്തിലായിരുന്നില്ല.[17] 1934 ൽ തലശ്ശേരിയിൽ രൂപീകരിക്കപ്പെട്ട ഒരു ശ്രീനാരായണ ബീഡിതൊഴിലാളി സംഘം എന്നൊരു സംഘടന നിലവിലുണ്ടായിരുന്നു, പിന്നീട് ഇത് അഖില കേരള ബീഡി തൊഴിലാളി സംഘം എന്നായി മാറി.[18] പ്രവർത്തനമില്ലാതെ കിടന്നിരുന്ന ഈ സംഘടനയെ പുനരുജ്ജീവിപ്പിച്ച്, അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്സുമായി ബന്ധിപ്പിക്കാൻ പി.കൃഷ്ണപിള്ളയെപ്പോലുള്ള നേതാക്കൾ പരിശ്രമിച്ചു. 1937 അഖില കേരള ബീഡി തൊഴിലാളി സംഘത്തിന്റെ പ്രസിഡന്റായി പി. കൃഷ്ണപിള്ള തിരഞ്ഞെടുക്കപ്പെട്ടു, പിന്നീട് എ.കെ. ഗോപാലൻ ഇതിന്റെ പ്രസിഡന്റായിരിക്കുന്ന സമയത്ത് സംഘടനയുടെ പേര് തലശ്ശേരി ബീഡി തൊഴിലാളി യൂണിയൻ എന്നാക്കി മാറ്റി.[19][20]

പ്രസ്സ് തൊഴിലാളി യൂണിയൻ

[തിരുത്തുക]

കോഴിക്കോട്ട് ഒരു പ്രസ്സ് തൊഴിലാളി യൂണിയൻ നിലവിലുണ്ടായിരുന്നു. 1937 മാർച്ച് 7ന് നടന്ന യൂണിയന്റെ സമ്മേളനത്തിൽ നിലവിലുണ്ടായിരുന്ന പ്രസിഡന്റിന്റെ നീക്കം ചെയ്യുകയും, കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവായിരുന്ന പി.കൃഷ്ണപിള്ളയെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു. അദ്ദേഹം യൂണിയന്റെ അമരത്തു വന്നതോടുകൂടി, സംഘടനക്ക് പുതിയൊരു ഉണർവ്വ് പ്രകടമായി. കൂടുതൽ തൊഴിലാളികൾ സംഘടനയിൽ അംഗമായി ചേർന്നു.[21] 1937 ജൂൺ 14 ന് കോഴിക്കോടു വെച്ച് സംഘടനയുടെ ഒരു വാർഷികയോഗം സംഘടിപ്പിക്കുകയുണ്ടായി. തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ തൊഴിലാളികൾ സംഘടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പി.കൃഷ്ണപിള്ള അവരെ പറഞ്ഞു മനസ്സിലാക്കി. പ്രാദേശികമായി മാത്രം നിലനിന്നിരുന്ന ഈ സംഘടനയെ അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്സുമായി ബന്ധിപ്പിക്കാൻ ഈ സമ്മേളനം തീരുമാനമെടുത്തു.[22][23]

കോഴിക്കോട് നെയ്ത്തു തൊഴിലാളി യൂണിയൻ

[തിരുത്തുക]

കോഴിക്കോടുള്ള നെയ്ത്തു തൊഴിലാളികളെ സംഘടിപ്പിച്ച് നിർജ്ജീവമായികിടന്നിരുന്ന തൊഴിലാളിയൂണിയനെ ശക്തമായ ഒരു സംഘടനയാക്കിമാറ്റിയത് പി.കൃഷ്ണപള്ളയെപ്പോലുള്ള നേതാക്കളുടെ കഴിവാണ്. 1937 ൽ കോഴിക്കോടു നെയ്ത്തു തൊഴിലാളി യൂണിയന്റെ ഒരു സമ്മേളനം കൂടുകയും , തൊഴിലാളികളുടെ കൂലി അരയണവീതം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്തു.[24]

അവകാശ പ്രഖ്യാപന ദിനം

[തിരുത്തുക]

1937 സെപ്തംബർ 19 തൊഴിലാളികൾ അവകാശ പ്രഖ്യാപന ദിനമായി ആഘോഷിക്കുകയുണ്ടായി. മലബാറിൽ നിരവധി തൊഴിലാളി സംഘടനകൾ പങ്കെടുത്ത പ്രകടനങ്ങൾ നടക്കുകയുണ്ടായി. മോട്ടോർ തൊഴിലാളി യൂണിയൻ, നെയ്ത്തു തൊഴിലാളി യൂണിയൻ, ചെത്തുതൊഴിലാളികൾ, മത്സ്യതൊഴിലാളികൾ, സോപ്പു നിർമ്മാണ തൊഴിലാളികൾ എന്നിങ്ങനെ നിരവധി സംഘടനയിലുള്ള അംഗങ്ങൾ അന്നു നടന്ന ജാഥയിൽ പങ്കെടുത്തു. വർഷത്തിൽ ഒരു ദിവസം ശമ്പളത്തോടുകൂടിയ അവധി, ആഴ്ചയിൽ ഒരു ദിവസം അവധി, ഇൻഷുറൻസ്, ബോണസ് തുടങ്ങിയ അവകാശങ്ങൾ നേടിയെടുക്കാൻ മുതലാളിമാരോട് ആവശ്യപ്പെടുന്ന നിരവധി പ്രമേയങ്ങൾ സമ്മേളനം പാസ്സാക്കി.[25] കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി നേതാവായിരുന്ന ഇ.എം.എസ്സ്. നമ്പൂതിരിപ്പാടായിരുന്നു യോഗ അദ്ധ്യക്ഷൻ.[26]

വടകര ഐക്യ തൊഴിലാളി യൂണിയൻ

[തിരുത്തുക]

കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവായ കെ. കേളുവിന്റെ നേതൃത്വത്തിലാണ് ചുരുട്ടു കമ്പനികളിലെ തൊഴിലാളികളെ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ഇവരുടെ പ്രവർത്തനത്തിന്റെ ഫലമായി 1938 ൽ ഐക്യ തൊഴിലാളി യൂണിയൻ രൂപംകൊണ്ടു. തുടക്കത്തിൽ എല്ലാ മേഖലയിലുമുള്ള തൊഴിലാളികളും ഈ സംഘടനയിൽ ഉണ്ടായിരുന്നു. പിന്നീട് ഈ സംഘടന വടക ബീഡി ആന്റ് സിഗാർ വർക്കേഴ്സ് യൂണിയനായി മാറി. രൂപീകരണ സമയത്ത കെ.കേളു പ്രസിഡന്റും, പി.പി.ശങ്കരൻ സെക്രട്ടറിയുമായിരുന്നു.[27]

കേരള കർഷക സംഘം

[തിരുത്തുക]

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടത്തിൽ കർഷകതൊഴിലാളികളുടെ ജീവിതം വളരെ ദുസ്സഹമായിരുന്നു. ബ്രിട്ടീഷ് ഭരണത്തിൻ കീഴിലാണെങ്കിലും, പ്രാദേശിക ജന്മികൾ ക്രൂരന്മാരായിരുന്നു. ജന്മികളുടെ ഉപദ്രവം കൂടാതെ അനാചാരങ്ങളിലും, അന്ധവിശ്വാസങ്ങളിലും ആണ്ടു കിടക്കുകയായിരുന്നു ഈ സമൂഹം. ഇവരെ സംഘടിപ്പിച്ച് ഒരു കുടക്കീഴിൽ കൊണ്ടു വരുക എന്നത് തികച്ചും ദുഷ്കരമായിരുന്നു. ഇതൊന്നും പോരാതെയായിരുന്നു സർക്കാർ കൊണ്ടു വന്നിരുന്ന വർഷാവർഷം വർദ്ധിച്ചു വരുന്ന നികുതിഭാരവും. [28]ഇതിനെതിരേ സംഘടിതമായി ഒരു ചെറുത്തു നിൽപ്പും ഉണ്ടായിരുന്നില്ല. എന്നാൽ 1933 നവംബർ 5 ന് കേരള കർഷക സംഘം എന്നൊരു സംഘടന രൂപീകരിച്ചിരുന്നു.[29] 1933 ഡിസംബർ 3 നികുതി ദിനമായി ആചരിക്കാൻ കേരള കർഷക സംഘത്തിന്റെ യോഗം തീരുമാനിച്ചു. മുമ്പുള്ളതിനേക്കാൾ നികുതി നാലിലൊന്നായി ഇളവു ചെയ്തു തരാൻ സർക്കാരിനോടാവശ്യപ്പെടാൻ യോഗം തീരുമാനിച്ചു.[30] ഈ കാര്യത്തെക്കുറിച്ച് വീണ്ടും ചർച്ചചെയ്യുന്നതിനായി ഇ.എം.എസ്സന്റെ നേതൃത്വത്തിൽ ഒരു സമ്മേളനം പട്ടാമ്പിയിൽ വെച്ചു കൂടുകയുണ്ടായി, ഏതാണ്ട് 200 ഓളം കർഷകർ പങ്കെടുത്ത ഒരു യോഗമായിരുന്നു അത്.

അഖില മലബാർ കർഷക സംഘം

[തിരുത്തുക]

കേരള കർഷക സംഘവുമായി ചേർന്ന് പ്രവർത്തിച്ചിരുന്നുവെങ്കിലും അതിന്റെ പ്രവർത്തനത്തോട് പി.കൃഷ്ണപിള്ളയെപ്പോലുള്ള നേതാക്കൾക്ക് താൽപര്യമുണ്ടായിരുന്നില്ല. ഈ സംഘടന കർഷകരിൽതന്നെ മേലേക്കിടയിലെ ആളുകളുടെ താൽപര്യങ്ങൾമാത്രമാണ് സംരക്ഷിച്ചിരുന്നത്. യഥാർത്ഥ കർഷകതൊഴിലാളിയുടേയോ കീഴ്കുടിയാന്മാരുടേയോ പ്രശ്നങ്ങളിൽ വേണ്ടത്ര ഇടപെട്ടിരുന്നില്ല എന്നതായിരുന്നു കാരണം. അതുകൊണ്ടു തന്നെ കർഷകരെ പുതിയ ഒരു സംഘടനക്കു കീഴിൽ അണിനിരത്തുന്നതിനെക്കുറിച്ചായിരുന്നു നേതാക്കളുടെ ചിന്ത മുഴുവൻ. ഇതിന്റെ ഭാഗമായി, 1934 മെയ് ആറാം തീയതി ഏറനാടു താലൂക്കിലെ കർഷകരുടെ ഒരു യോഗം പരപ്പനങ്ങാടിയിൽ വെച്ചു കൂടുകയുണ്ടായി. നികുതി കുറക്കുന്നതിനു വേണ്ടി സർക്കാരിനോടാവശ്യപ്പെടുന്ന ഒരു പ്രമേയം യോഗം പാസ്സാക്കി. കർഷകരെ സംഘടിപ്പിക്കാൻ കേരളത്തിലെ മുതിർന്ന നേതാക്കളോട് ആവശ്യപ്പെട്ടത് പി. കൃഷ്ണപിള്ളയായിരുന്നു എന്ന് ഇ.എം.എസ്സ് തന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. [31]


1935 ജൂലൈ 13ന് പഴയ ചിറക്കൽ താലൂക്കിൽ വിഷ്ണുഭാരതീയന്റെ വീടായ ഭാരതീയ മന്ദിരത്തിൽ വെച്ചു ചേർന്ന യോഗത്തിലാണ് വടക്കേ മലബാറിലെ ആദ്യത്തെ സംഘടിത കർഷകസംഘം രൂപീകരിക്കപ്പെടുന്നത്. 28പേരോളം പങ്കെടുത്ത ഒരു യോഗമായിരുന്നു ഇത്. വിഷ്ണു ഭാരതീയൻ പ്രസിഡന്റും, കെ.എ.കേരളീയൻ സെക്രട്ടറിയുമായി 17 അംഗ പ്രവർത്തകസമിതിയേയും തിരഞ്ഞെടുക്കുകയുണ്ടായി. [32] സാമ്പത്തികവും, രാഷ്ട്രീയവുമായ അധികാരം കൃഷിക്കാരിലേക്കും തൊഴിലാളികളിലേക്കും കിട്ടത്തക്കവണ്ണം പരിപൂർണ്ണ സ്വാതന്ത്ര്യം നേടുക എന്നതായിരുന്നു പുതിയതായി രൂപീകരിക്കപ്പെട്ട സംഘടനയുടെ ലക്ഷ്യം.[33] മലബാർ കർഷകസംഘത്തിന്റെ വളരെ പെട്ടെന്നുള്ള വളർച്ച, ജന്മികൾക്കും അവരുടെ പിണിയാളുകളായ ഉദ്യോഗസ്ഥർക്കും ഒരു പേടിസ്വപ്നമായിരുന്നു. പാട്ടമളക്കുന്നതിനുപയോഗിക്കുന്ന കള്ളപ്പറകൾ[൨] ഉപേക്ഷിക്കുക ഒഴിപ്പിക്കൽ നിരോധിക്കുക, ജന്മികളുടെ നികുതി കുടിശ്ശികയ്ക്ക് കുടിയാന്റെ വിള ജപ്തിചെയ്യുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നിരവധി തവണ കർഷകസംഘം പ്രവർത്തകർ ജന്മിമാരുടെ വീട്ടിലേക്ക് ജാഥകൾ നടത്തി. അവസാനം മുതലാളിമാർ കർഷകസംഘം നേതാക്കളുമായി ചർച്ചക്കു തയ്യാറായി. 1937 മേയ് മാസത്തിൽ പലയിടത്തായി രൂപംകൊണ്ടിരുന്ന ചെറിയ ചെറിയ കർഷക സംഘങ്ങളെ ഒരുമിച്ചു ചേർത്ത് അഖില മലബാർ കർഷകസംഘം രൂപീകരിച്ചു. സംഘടനയുടെ പ്രസിഡന്റ് പി.നാരായണൻനായരും, സെക്രട്ടറി കെ.എ കേരളീയനുമായിരുന്നു.[34]

അധ്യാപക യൂണിയൻ

[തിരുത്തുക]

മലബാറിലെ ആദ്യകാലത്തെ അധ്യാപകരുടെ ജീവിതം തികച്ചും കഷ്ടകരമായിരുന്നു. ഒരു അസംഘടിത വർഗ്ഗമായിരുന്നു ഇവർ. അക്കാലത്ത് ബഹുഭൂരിപക്ഷം വിദ്യാലയങ്ങളും എയ്ഡഡ് ആയിരുന്നു. സ്കൂൾ അധികാരികൾക്ക് അവരുടെ ഇഷ്ടം പോലെ അധ്യാപകരെ നിയമിക്കാനും പിരിച്ചുവിടാനും അധികാരം ഉണ്ടായിരുന്നു. സർക്കാർ ശമ്പളത്തിനു പകരം ഗ്രാന്റ് എന്ന പേരിലാണ് തുക അനുവദിച്ചിരുന്നത്. ഇതു തന്നെ കൃത്യമായി അധ്യാപകരുടെ കൈയ്യിൽ കിട്ടിയിരുന്നില്ല.[35] അസംഘടിതരായ ഈ വർഗ്ഗത്തന്റെ ക്ഷേമത്തിനായി കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാക്കളിൽ ഒരാളായ കൃഷ്ണപിള്ള രംഗത്തിറങ്ങി. അദ്ദേഹത്തിന്റെ ശ്രമഫലമായി 1934 ൽ അഖില മലബാർ എയിഡഡ് എലിമെന്ററി ടീച്ചേഴ്സ് യൂണിയൻ എന്നൊരു സംഘടന നിലവിൽ വരികയുണ്ടായി. എന്നാൽ ഇതിനു മുമ്പു തന്നെ മലബാറിലെ ചില താലൂക്കുകളിൽ പ്രാദേശികമായി ചില സംഘടനകൾ അധ്യാപകരുടെ ക്ഷേമത്തിനായി നിലവിൽ വരികയുണ്ടായെങ്കിലും അവയൊന്നും മുഖ്യധാരയിലേക്കു വന്നു പ്രവർത്തിക്കാനുള്ള ആർജ്ജവം കാണിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഇവരെയെല്ലാം ചേർത്താണ് അഖില മലബാർ എയിഡഡ് എലിമെന്ററി ടീച്ചേഴ്സ് യൂണിയൻ എന്ന സംഘടന രൂപീകരിച്ചത്.[36]

അധ്യാപകർ സംഘടിക്കാൻ തുടങ്ങിയതോടെ പ്രതികാര നടപടികളുമായി ഉടമകൾ രംഗത്തെത്തി. സർക്കാർ അംഗീകാരമില്ലാത്ത സംഘടനകളിൽ ചേരരുത് അതുപോലെ തന്നെ തിരഞ്ഞെടുപ്പിൽ പങ്കെടുക്കു പാർട്ടികളിൽ അംഗങ്ങളായി ചേരാൻ പാടില്ല എന്നിങ്ങനെയുള്ള നിയമങ്ങൾ നിലവിൽ വന്നു. ഇതിനെതിരേ അധ്യാപകർ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാൻ ഒരുങ്ങി. ഈ പ്രക്ഷോത്തെ മുന്നിൽ നിന്നും നയിക്കാതെ ഒരു നിഴൽപോലെ കൂടെ നിന്ന നേതാക്കളായിരുന്നു കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ഇ.എം.എസ്സ് നമ്പൂതിരിപ്പാടും, പി.കൃഷ്ണപിള്ളയും.[37]

ഇതും കാണുക

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
  • ^ ബ്രിട്ടീഷ് ഇന്ത്യയിലെ നാണയവ്യവസ്ഥയിൽ നിലവിലുണ്ടായിരുന്ന ഒരു നാണയമാണ് അണ. 16 അണയായിരുന്നു ഒരു ഉറുപ്പികയ്ക്
  • ^ ധാന്യങ്ങൾ അളക്കുന്നതിന്‌ കേരളത്തിൽ ഉപയോഗിച്ചിരുന്ന അളവുപാത്രമാണ്‌ പറ. എന്നാൽ ഇതിലുപരിയായി കൃഷിസ്ഥലങ്ങളുടെ അളവ് വരെ പറ കണക്കിൽ പറയാറുണ്ട്. പത്ത് പറ കണ്ടം എന്നു പറയുന്നത്, പത്തു പറ നെല്ല് വിതയ്ക്കാവുന്ന സ്ഥലമാണ്

അവലംബം

[തിരുത്തുക]
  • ഡോക്ടർ.ചന്തവിള, മുരളി (2009). സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്ര പഠനം. ചിന്ത പബ്ലിഷേഴ്സ്. ISBN 81-2620226-2. Archived from the original on 2016-03-04. Retrieved 2013-04-14.


  1. പി.കൃഷ്ണപിള്ളയുടെ ജീവചരിത്രം -ഡോക്ടർ.ചന്തവിള മുരളി പുറം 281
  2. ആണ്ടലാട്ട്. തൊഴിലാളി വർഗ്ഗത്തിന്റെ പിറവി. ചിന്ത. ആദ്യകാലതൊഴിലാളി മുന്നേറ്റങ്ങൾ മധ്യസ്ഥതയിലൂടെ അവസാനിക്കുകയായിരുന്നു
  3. പി.കൃഷ്ണപിള്ളയുടെ ജീവചരിത്രം -ഡോക്ടർ.ചന്തവിള മുരളി പുറം 281-282
  4. പി.കൃഷ്ണപിള്ളയുടെ ജീവചരിത്രം -ഡോക്ടർ.ചന്തവിള മുരളി പുറം 283
  5. "കാലിക്കറ്റ് ലേബർ യൂണിയൻ സംഘാടനം". ദേശാഭിമാനി ദിനപത്രം. 19-ആഗസ്റ്റ്-1952. യൂണിയൻ സംഘടിപ്പിക്കുന്നതിനെ ആളുകൾ കളിയാക്കിയെങ്കിലും കൃഷ്ണപിള്ളക്ക് അതിൽ നിരാശയൊന്നുമുണ്ടായിരുന്നില്ല. {{cite news}}: Check date values in: |date= (help)
  6. പി.കൃഷ്ണപിള്ളയുടെ ജീവചരിത്രം -ഡോക്ടർ.ചന്തവിള മുരളി പുറം 287
  7. എ.കെ., ഗോപാലൻ (2009). എന്റെ ജീവിത കഥ. ചിന്ത പബ്ലിഷേഴ്സ്. p. 68-70. ISBN 978-8126201426. ഫാക്ടറിയിലെ ലാഭകണക്കുകളെക്കുറിച്ച് ഞങ്ങൾ വ്യക്തമായി പഠിക്കുകയും അത് തൊഴിലാളികൾക്ക് വിശദീകരിക്കുകയും ചെയ്തു
  8. പി.ആർ.എൻ, സിൻഹ (2004). ഇൻഡസ്ട്രിയൽ റിലേഷൻസ്, ട്രേഡ് യൂണിയൻസ് ആന്റ് ലേബർ ലെജിസ്ലേഷൻസ്. പിയേഴ്സൺ. p. 281-282. ISBN 978-8177588132. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  9. "തിരുവണ്ണൂർ കോട്ടൺ മിൽ സമരം". ദേശാഭിമാനി ദിനപത്രം. 05-ജനുവരി-1935. ജോലി സമയം ദിവസത്തിൽ ഒമ്പതു മണിക്കൂർ പ്രകാരം ആഴ്ചയിൽ 54 മണിക്കൂറായി സ്ഥിരപ്പെടുത്താൻ മുതലാളിമാരോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. {{cite news}}: Check date values in: |date= (help)
  10. പി.കൃഷ്ണപിള്ളയുടെ ജീവചരിത്രം -ഡോക്ടർ.ചന്തവിള മുരളി പുറം 301
  11. "ഫറോക്കിലെ പണിമുടക്കം". മാതൃഭൂമി ദിനപത്രം. 31-മാർച്ച്-1935. ഫറോക്കിൽ കാരണമൊന്നും കൂടാതെ തൊഴിലാളികളെ ഫാക്ടറികളിൽ നിന്നും പിരിച്ചുവിടാൻ തുടങ്ങി {{cite news}}: Check date values in: |date= (help)
  12. "ഫറോക്കിലെ പണിമുടക്കം". മാതൃഭൂമി ദിനപത്രം. 4-മാർച്ച്-1935. ഫറോക്കിൽ ഓട്ടു കമ്പനി തൊഴിലാളികൾ പണിമുടക്കുന്നു {{cite news}}: Check date values in: |date= (help)
  13. പി.കൃഷ്ണപിള്ളയുടെ ജീവചരിത്രം -ഡോക്ടർ.ചന്തവിള മുരളി പുറം 306-307
  14. "അഖില കേരള തൊഴിലാളി പ്രസ്ഥാനം". മാതൃഭൂമി ദിനപത്രം. 01-മെയ്-1935. നിലവിലുള്ള തൊഴിലാളി സംഘങ്ങളേയെല്ലാം ചേർത്ത് ഒരു സംസ്ഥാന സംഘട ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ് - പി. കൃഷ്ണപിള്ള {{cite news}}: Check date values in: |date= (help)
  15. "അഖില കേരള തൊഴിലാളി പ്രസ്ഥാനം". മാതൃഭൂമി ദിനപത്രം. 28-മെയ്-1935. വെറുമൊരു സമ്മേളനം എന്നതിലുപരി കേരളത്തിൽ ഒരു പ്രസ്ഥാനമാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്ന് എ.കെ.പിള്ള പ്രസ്താവിച്ചു {{cite news}}: Check date values in: |date= (help)
  16. പി.കൃഷ്ണപിള്ളയുടെ ജീവചരിത്രം -ഡോക്ടർ.ചന്തവിള മുരളി പുറം 312
  17. പി.കൃഷ്ണപിള്ളയുടെ ജീവചരിത്രം -ഡോക്ടർ.ചന്തവിള മുരളി പുറം 325
  18. തോമസ്, ഐസക്ക് (1998). ദ സ്റ്റോറി ഓഫ് കേരള ദിനേശ് ബീഡി. ഐ.എൽ.ആർ.പ്രസ്സ്. p. 28-32. ISBN 978-0801484155. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  19. പി.കൃഷ്ണപിള്ളയുടെ ജീവചരിത്രം -ഡോക്ടർ.ചന്തവിള മുരളി പുറം 326
  20. തോമസ്, ഐസക്ക് (1998). ദ സ്റ്റോറി ഓഫ് കേരള ദിനേശ് ബീഡി. ഐ.എൽ.ആർ.പ്രസ്സ്. p. 49. ISBN 978-0801484155. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  21. പി.കൃഷ്ണപിള്ളയുടെ ജീവചരിത്രം -ഡോക്ടർ.ചന്തവിള മുരളി പുറം 331
  22. പി.കൃഷ്ണപിള്ളയുടെ ജീവചരിത്രം -ഡോക്ടർ.ചന്തവിള മുരളി പുറം 331-332
  23. "കേരള പ്രസ്സ് തൊഴിലാളി യൂണിയൻ വാർഷികയോഗം". മാതൃഭൂമി. 30-ഏപ്രിൽ-1938. കോഴിക്കോട് പ്രസ്സ് തൊഴിലാളി യൂണിയനെ അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്സുമായി ബന്ധിപ്പിക്കാൻ യോഗം തീരുമാനിച്ചു. {{cite news}}: Check date values in: |date= (help)
  24. പി.കൃഷ്ണപിള്ളയുടെ ജീവചരിത്രം -ഡോക്ടർ.ചന്തവിള മുരളി പുറം 341
  25. പി.കൃഷ്ണപിള്ളയുടെ ജീവചരിത്രം -ഡോക്ടർ.ചന്തവിള മുരളി പുറം 356-360
  26. ഇ.എം.എസ്സ്, നമ്പൂതിരിപ്പാട്. ആത്മകഥ. p. 312. തൊഴിലാളികളുടെ ആവശ്യങ്ങൾ നേടിയെടുക്കാനും, ആ പ്രവർത്തനത്തിൽ വേണ്ടത്ര ജനപിന്തുണ ഉറപ്പിക്കാനുമായിരുന്നു ആ പ്രകടനം
  27. പി.കൃഷ്ണപിള്ളയുടെ ജീവചരിത്രം -ഡോക്ടർ.ചന്തവിള മുരളി പുറം 371
  28. പി., രാധാകൃഷ്ണൻ (1989). പീസന്റ് സ്ട്രഗ്ഗിൾ ലാന്റ് റീഫോം ആന്റ് സോഷ്യൽ ചേഞ്ച് ഇൻ മലബാർ. കോ-ഓപ്പർജാൽ ലിമിറ്റഡ്. p. 58. {{cite book}}: Cite has empty unknown parameter: |1= (help)
  29. അമർത്യാ, സെൻ (1997). ഇന്ത്യൻ ഡിവലപ്പ്മെന്റ് സെലക്ടഡ് റീജിയണൽ പെർസ്പക്ടീവ്. ഓക്സ്പഫഡ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 292-293. ISBN 978-0198292043.
  30. നികുതി ദിനം. മാതൃഭൂമി ആഴ്ചപ്പതിപ്പ്. 11-ഡിസംബർ-1933. നികുതിയിൽ ഇളവു ചെയ്തു തരണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്ന ഒരു പ്രമേയം ഈ യോഗം പാസ്സാക്കി {{cite book}}: Check date values in: |date= (help)
  31. ഇ.എം.എസ്സ്, നമ്പൂതിരിപ്പാട്. ആത്മകഥ. ചിന്ത.
  32. പി.കൃഷ്ണപിള്ളയുടെ ജീവചരിത്രം -ഡോക്ടർ.ചന്തവിള മുരളി പുറം 400
  33. പി.കൃഷ്ണപിള്ളയുടെ ജീവചരിത്രം -ഡോക്ടർ.ചന്തവിള മുരളി പുറം 401
  34. വി.വി., കുഞ്ഞികൃഷ്ണൻ. കേരളീയനും കർഷകപ്രസ്ഥാനവും.
  35. പി.കൃഷ്ണപിള്ളയുടെ ജീവചരിത്രം -ഡോക്ടർ.ചന്തവിള മുരളി പുറം 441
  36. പി.കൃഷ്ണപിള്ളയുടെ ജീവചരിത്രം -ഡോക്ടർ.ചന്തവിള മുരളി പുറം 441-442
  37. കെ.കെ, നായർ. വെളിച്ചത്തിനു ചാലുകീറിയവർ. അധ്യാപകരുടെ ഈ പ്രക്ഷോഭത്തെ നിഴൽപോലെ നയിച്ച് ഒരു വലിയ രാഷ്ട്രീയ സംഭവമാക്കി മാറ്റി