Jump to content

കേരളത്തിലെ എൻഡോസൾഫാൻ ദുരന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എൻഡോസൾഫാൻ എന്ന കീടനാശിനി ഉപയോഗിച്ചതിനെത്തുടർന്ന് കേരളത്തിലെ കാസർഗോഡ് ജില്ലയിൽ സംഭവിച്ച ആരോഗ്യപ്രശ്നങ്ങളുടെ പരമ്പരയാണ് കേരളത്തിലെ എൻഡോസൾഫാൻ ദുരന്തം. ടീ മൊസ്ക്വിറ്റോ ബഗ് പോലുള്ള കീടങ്ങളെ നിയന്ത്രിക്കുന്നതിനായി കാസർഗോഡ് ജില്ലയിലെ കശുമാവിൻ തോട്ടങ്ങളിൽ എൻഡോസൾഫാൻ ആകാശത്തുനിന്നു തളിക്കപ്പെട്ടു. ഈ കീടനാശിനി പ്രയോഗിച്ചതിന് ശേഷം ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളിൽ ശാരീരികവും ജനിതകവുമായ പ്രശ്നങ്ങൾ ബാധിച്ചതായി കണ്ടെത്തി. എൻഡോസൾഫാൻ തളിച്ചതിന്റെ ഫലമായി ജനന വൈകല്യങ്ങൾ, ശാരീരിക വൈകല്യങ്ങൾ, മാനസിക വൈകല്യങ്ങൾ എന്നിങ്ങനെ വിവിധ ആരോഗ്യ പ്രശ്നങ്ങൾ ജില്ലയിലെ 11 പഞ്ചായത്തുകളിലെ ജനങ്ങളിൽ പ്രകടമായിരുന്നു. ഇത് ഈ പ്രദേശത്തെ ജൈവവൈവിധ്യത്തെയും ബാധിച്ചു.

2011 ഏപ്രിലിൽ പെർസിസ്റ്റന്റ് ഓർഗാനിക് പൊല്യൂട്ടന്റ്സ് റിവ്യൂ കമ്മിറ്റി എൻഡോസൾഫാൻ തന്മാത്രയെ സ്ഥിരമായ ജൈവ മലിനീകകരണം ഉണ്ടാക്കുന്ന തന്മാത്ര ആയി പ്രഖ്യാപിച്ചു. കാസർഗോഡ് ജില്ലയിൽ സംഭവിച്ച ആരോഗ്യപ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ വിവിധ സംഘടനകൾ ആരംഭിച്ച പ്രചാരണമാണ് ഈ പ്രഖ്യാപനത്തിന് ഒരു കാരണം.

അവലോകനം

[തിരുത്തുക]

1963-64 കാലയളവിൽ, ഇപ്പോൾ കാസർഗോഡ് ജില്ലയിലുള്ള പാഡ്രെയ്ക്ക് ചുറ്റുമുള്ള കുന്നുകളിൽ കൃഷി വകുപ്പ് കശുമാവുകൾ നടാൻ തുടങ്ങി.[1] 1978ൽ കേരള സർക്കാരിന്റെ അനുബന്ധ സ്ഥാപനമായ പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള (പി. സി. കെ.) ഈ തോട്ടങ്ങൾ ഏറ്റെടുത്തു.[1]

എൻഡോസൾഫാൻ ഒരു ഓർഗാനോക്ലോറിൻ കീടനാശിനി ആണ്, ഇത് പ്രാണികളുടെ ജിഎബിഎ-ഗേറ്റഡ് ക്ലോറൈഡ് ചാനലിനെ തടയുന്നതിലൂടെ പ്രവർത്തിക്കുന്നു (IRAC ഗ്രൂപ്പ് 2A).[2] 1978-ൽ, കശുമാവിനെ ബാധിക്കുന്ന ടീ മൊസ്ക്വിറ്റോ ബഗ് പോലുള്ള കീടങ്ങളെ നിയന്ത്രിക്കാൻ പ്ലാന്റേഷൻ കോർപ്പറേഷന്റെ കീഴിലുള്ള കശുവണ്ടി തോട്ടങ്ങളിൽ എൻഡോസൾഫാൻ ആകാശത്ത് നിന്നു തളിക്കാൻ തുടങ്ങി.[3][4] ഈ കീടനാശിനി പ്രയോഗിച്ചതിന് ശേഷം ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ ശാരീരികവും ജനിതകവുമായ പ്രശ്നങ്ങൾ ബാധിച്ചതായി കണ്ടെത്തി. ജില്ലയിലെ എൻമകജെ, ബെല്ലൂർ, കുംബടാജെ, പുല്ലൂർ, പെരിയ തുടങ്ങിയ പഞ്ചായത്തുകളിലാണ് ഈ ആരോഗ്യപ്രശ്നങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.[5] ഈ പഞ്ചായത്തുകളിൽ ഏകദേശം 20 വർഷത്തോളം തുടർച്ചയായി എൻഡോസൾഫാൻ കീടനാശിനി തളിക്കുകയും ഇതിനെ തുടർന്ന് പ്രദേശവാസികൾ വിവിധ രോഗങ്ങൾക്കും മരണങ്ങൾക്കും ഇരയാകാൻ തുടങ്ങുകയും ചെയ്തതായി പറയപ്പെടുന്നു.[5]

പ്രത്യാഘാതങ്ങൾ

[തിരുത്തുക]

1981 ൽ സ്വതന്ത്ര പരിസ്ഥിതി പത്രപ്രവർത്തകനായ ശ്രീപദ്രെ, കീടനാശിനി തളിക്കുന്ന പ്രദേശങ്ങളിൽ വളർത്തുമൃഗങ്ങൾക്കിടയിലെ വിവിധ വൈകല്യങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്തുകൊണ്ട് എൻഡോസൾഫാൻ എന്ന കീടനാശിന്നിന്റെ വലിയ തോതിലുള്ള ഉപയോഗത്തിന്റെ അനന്തരഫലങ്ങൾ ആദ്യമായി തുറന്നുകാട്ടി.[6] 1981 ഡിസംബർ 25 ന് എവിഡൻസ് വീക്കിലി എൻഡോസൾഫാൻ തളിച്ച ശേഷം എൻമകജെയിൽ പശുക്കൾ വികൃതമായ കൈകാലുകളുള്ള കിടാവുകൾക്ക് ജന്മം നൽകുന്നതിനെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.[1]

എൻഡോസൾഫാൻ ഉപയോഗം മനുഷ്യരിലും കാര്യമായ സ്വാധീനം ചെലുത്തിയതായി പിന്നീട് കണ്ടെത്തി. ജനന വൈകല്യങ്ങൾ, ശാരീരിക വൈകല്യങ്ങൾ, മാനസിക വൈകല്യം, അർബുദം, ഗൈനക്കോളജിക്കൽ പ്രശ്നങ്ങൾ എന്നിവ എൻഡോസൾഫാൻ തളിക്കുന്നതിന്റെ ഫലമായി ജനങ്ങളിൽ പ്രകടമായിരുന്നു.[3][7] കേരളത്തിന് സമാനമായി, ഇതേ ആരോഗ്യപ്രശ്നങ്ങൾ ഇപ്പോൾ കർണാടകയിലെ തെക്കൻ കാനറ ജില്ലയിലും കാണപ്പെടുന്നു, അവിടെയും കർണാടക കശുവണ്ടി വികസന കോർപ്പറേഷൻ 20 വർഷത്തിലേറെയായി കശുവണ്ടി തോട്ടങ്ങളിൽ എൻഡോസൾഫാൻ ആകാശത്ത് നിന്നു തളിക്കുന്നു.[3] 1995 മുതൽ, എൻഡോസൾഫാൻ തളിക്കുന്നതുമായി ബന്ധപ്പെട്ട 500 മരണങ്ങൾ കേരളത്തിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.[8]

വ്യാപകമായ പൊതു എതിർപ്പിനെത്തുടർന്ന്, 1998-ൽ കേരള സർക്കാർ എൻഡോസൾഫാൻ തളിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചു.[6] 2001 ഫെബ്രുവരിയിൽ കേരള കാർഷിക സർവകലാശാലയിൽ നിന്ന് സർക്കാർ നിയോഗിച്ച സംഘം ആകാശത്ത് നിന്നു തളിക്കുന്നത് ഉടൻ നിർത്താൻ ശുപാർശ ചെയ്തു.[4] 2001ലെ കീഴ്ക്കോടതി വിധിയെത്തുടർന്ന് സർക്കാർ ഈ കീടനാശിനി സ്ഥിരമായി നിരോധിച്ചു.[6] 2002 ജനുവരിയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപേഷണൽ ഹെൽത്ത് ഒരു റിപ്പോർട്ട് പുറത്തിറക്കി, അത് പാഡ്രെ ഗ്രാമത്തിൽ നിന്ന് ശേഖരിച്ച ജല സാമ്പിളുകളിലും രക്ത സാമ്പിളുകളിലും എൻഡോസൾഫാന്റെ അംശം കണ്ടെത്തിയതായി പ്രസ്താവിച്ചു.[4] 2018 ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ കാസർഗോഡ് മണ്ണിൽ എൻഡോസൾഫാൻ അവശിഷ്ടങ്ങൾ അതിന്റെ ഉപയോഗം നിർത്തി 20 വർഷത്തിനുശേഷവും നിലനിൽക്കുന്നതായി കണ്ടെത്തി.[9]

ഇന്ത്യ ഗവൺമെൻ്റ് എതിർത്ത് വോട്ട് ചെയ്തു എങ്കിലും,[10] 2011 ഏപ്രിലിൽ പെർസിസ്റ്റന്റ് ഓർഗാനിക് പൊല്യൂട്ടന്റ്സ് റിവ്യൂ കമ്മിറ്റി എൻഡോസൾഫാൻ തന്മാത്രയെ സ്ഥിരമായ ജൈവ മലിനീകരണമുണ്ടാക്കുന്ന തന്മാത്ര ആയി പ്രഖ്യാപിച്ചു.[11] കാസർഗോഡ് കാണുന്ന ആരോഗ്യപ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ വിവിധ സംഘടനകൾ ആരംഭിച്ച പ്രചാരണമാണ് ഈ പ്രഖ്യാപനത്തിന് ഒരു കാരണം.[11]

കേരള സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് വിവിധ തരത്തിലുള്ള രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന 6278 വ്യക്തികളെ "എൻഡോസൾഫാൻ ഇരകൾ" എന്നും അക്കാലത്ത് ഈ പ്രദേശങ്ങളിൽ സംഭവിച്ച മരണങ്ങളെ "എൻസോസൾഫാൻ വിഷബാധയ്ക്ക് ഇരയായവർ" എന്നും തരംതിരിച്ചിട്ടുണ്ട്.[12] സർക്കാർ ഈ രീതിയിൽ, എൻഡോസൾഫാൻ മൂലമുണ്ടാകുന്ന വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന എല്ലാവരെയും ഇരകളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും അവർക്ക് സാമ്പത്തിക സഹായം, പ്രതിമാസ പെൻഷൻ, സൌജന്യ റേഷൻ, സൌജന്യ ചികിത്സ, പാർപ്പിടം, മറ്റ് നിരവധി സൌകര്യങ്ങൾ എന്നിവ നൽകുകയും ചെയ്തുവരുന്നു.[12][13] 2006 ൽ, എൻഡോസൾഫാൻ ബാധിച്ച് മരിച്ച 135 പേരുടെ ആശ്രിതർക്ക് സർക്കാർ 50,000 രൂപ വീതം വിതരണം ചെയ്തു.[14]

കശുവണ്ടി തോട്ടങ്ങളിൽ എൻഡോസൾഫാൻ തളിക്കുന്നത് പ്രദേശത്തെ ജൈവവൈവിധ്യത്തിനും കാര്യമായ നാശനഷ്ടമുണ്ടാക്കിയതായി സലിം അലി ഫൌണ്ടേഷനിലെ ഡോ. വി. എസ്. വിജയൻ നടത്തിയ പഠനത്തിൽ പറയുന്നു. വിജയനും സംഘവും നടത്തിയ ദ്രുത സർവേ സൂചിപ്പിക്കുന്നത് കീടനാശിനി ഉപയോഗത്തിലൂടെ പ്രദേശത്തെ സസ്യവൈവിധ്യം 40 മുതൽ 70 ശതമാനം വരെ കുറയുകയും തദ്ദേശീയ ഇനങ്ങളെ, പ്രത്യേകിച്ച് മത്സ്യങ്ങളെ ഇത് ഏറ്റവും കൂടുതൽ ബാധിക്കുകയും ചെയ്തു എന്നാണ്.[15]

എതിർപ്പുകൾ

[തിരുത്തുക]

ഈ പ്രദേശങ്ങളിലെ ആരോഗ്യപ്രശ്നങ്ങൾക്ക് എൻഡോസൾഫാൻ ഒരു പ്രധാന കാരണമാണോ എന്ന കാര്യത്തിൽ തർക്കമുണ്ട്. മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് കാസർഗോഡ് ഈ രോഗങ്ങൾ കൂടുതലായി കാണപ്പെടുന്നുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്നതാണ് ഒരു വാദം.[16] എൻഡോസൾഫാനുമായി യാതൊരു ബന്ധവുമില്ലാത്ത രോഗങ്ങളും ഈ പ്രദേശങ്ങളിൽ എൻഡോസൾഫാൻ ബാധിതരായി കണക്കാക്കുന്നവരിൽ ഉള്ളതായി പറയപ്പെടുന്നു.[16]

എൻഡോസൾഫാൻ ദുരന്ത അവകാശവാദങ്ങളുടെ അശാസ്ത്രീയ സ്വഭാവത്തെക്കുറിച്ച് ശാസ്ത്രജ്ഞനും കേരള കാർഷിക സർവകലാശാലയിലെ കാർഷിക എൻടോമോളജി വിഭാഗം മേധാവിയുമായ ഡോ. കെ. എം. ശ്രീകുമാർ ശക്തമായി വാദിക്കുന്നു.[17] എൻഡോസൾഫാൻ മൂലമാണെന്ന് പറയപ്പെടുന്ന തല വളർന്ന കുട്ടിക്ക് യാഥാർത്ഥത്തിൽ ഹൈഡ്രോസെഫാലസ് എന്ന രോഗം ആണെന്നും സാധാരണ പ്രസവത്തിലെ ബുദ്ധിമുട്ടുകൾ, രണ്ട് കുട്ടികൾ ഒരുമിച്ച് ജനിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ തുടങ്ങി വിവിധ കാരണങ്ങളാൽ ഇത് സംഭവിക്കാമെന്നും ശ്രീകുമാർ പറയുന്നു.[17] എൻഡോസൾഫാൻ മൂലമാണ് ഇത് സംഭവിച്ചതെന്ന് ഇതുവരെ ഒരു ഗവേഷണ പ്രബന്ധം പോലും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.[17] എൻഡോസൾഫാൻ തളിക്കുന്ന പ്രദേശങ്ങളിലും ഇതുവരെ എൻഡോസൽഫാൻ ഉപയോഗിക്കാത്ത പ്രദേശങ്ങളിലും ഈ രോഗികൾ ഉണ്ടെന്നും കാസർഗോഡ് ജില്ലയിലെ എൻഡോസള്ഫാൻ മൂലമുണ്ടാകുന്നതെന്ന് പറയപ്പെടുന്ന എല്ലാത്തരം രോഗങ്ങളുടെ കാര്യത്തിലും സ്ഥിതി സമാനമാണെന്നും അദ്ദേഹം പറയുന്നു.[17] എൻഡോസൾഫാൻ മൂലമാണെന്ന് പറയുന്ന രോഗികളെ ആരോഗ്യ പ്രവർത്തകർ തിരിച്ചറിയുമ്പോൾ കൂടിയും, ഈ രോഗങ്ങൾ എൻഡോസൽഫാൻ മൂലമാണ് ഉണ്ടായതെന്ന് സ്ഥിരീകരിക്കാൻ ക്ലിനിക്കൽ അല്ലെങ്കിൽ ബയോകെമിക്കൽ തെളിവുകളുടെ അഭാവമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.[17]

കോഴിക്കോട് മെഡിക്കൽ കോളേജ് നടത്തിയ ഒരു പഠനത്തിൽ കാസർഗോഡ് രോഗങ്ങൾ കൂടുതലായി കാണപ്പെടുന്നുണ്ടെങ്കിലും, കറന്റ് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ശ്രീകുമാറിന്റെയും സഹ എൻടോമോളജിസ്റ്റ് പ്രതാപൻ ദിവാകരന്റെയും വിമർശനമനുസരിച്ച്, കോഴിക്കോട് മെഡിക്കൽ കോളേജിലെ പഠനത്തിലെ രോഗികളുടെ രക്തത്തിലെ എൻഡോസൾഫാന്റെ അളവിന് ഈ രോഗികളുടെ ആരോഗ്യവുമായി യാതൊരു ബന്ധവുമില്ല എന്ന് പറയുന്നു.[16]

നിയമപരമായ നടപടികൾ

[തിരുത്തുക]

കോടതി വിധികൾ

[തിരുത്തുക]

കാസർകോട്ടെ വിവിധ ഗ്രാമങ്ങളിൽ ആയിരക്കണക്കിന് ജനങ്ങൾ എൻഡോസൾഫാൻ ദുരിതബാധിതരായതിനെത്തുടർന്ന് ഈ കീടനാശിനിയുടെ ഉത്പാദനവും വില്പനയും ഉപയോഗവും സംബന്ധിച്ച് വിവിധ കോടതികളിൽനിന്നായി വിവിധ വിധികൾ ഉണ്ടായിട്ടുണ്ട്. 2011 മെയ് 13 ന് രാജ്യത്തെ പരമോന്നത നീതിന്യായപീഠമായ സുപ്രീം കോടതി നടത്തിയ വിധി ശ്രദ്ധേയമാണ്. ഇന്ത്യയിലെ പ്രമുഖ യുവജനസംഘടനയായ ഡി.വൈ.എഫ്.ഐ. സുപ്രീംകോടതിയിൽ എൻഡോസൾഫാൻ നിരോധിക്കണമെന്നാവശ്യപ്പെട്ട് അന്യായം ഫയൽ ചെയ്തതിനെത്തുടർന്ന് 2011 മെയ് 13 മുതൽ എട്ടാഴ്ചത്തേക്ക് എൻഡോസൾഫാൻ വില്പനയും ഉപയോഗവും രാജ്യമാകെ നിരോധിച്ചു. ജീവിക്കാനുള്ള മനുഷ്യൻറെ അവകാശവും സ്വാതന്ത്ര്യവും വ്യക്തമാക്കുന്ന ഭരണഘടനയുടെ 21-ആം അനുച്ഛേദപ്രകാരമുള്ള മുൻ ഉത്തരവുകളുടെ അടിസ്ഥാനത്തിലും മുൻകരുതലിന്റെ ഭാഗവുമായാണ് ഈ വിധി. അതോടൊപ്പം എൻഡോസൾഫാന്റെ ദോഷഫലങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് ഡയറക്ടർ, കാർഷിക കമ്മീഷണർ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് പഠനസമിതികൾ രൂപീകരിക്കുകയും അവയുടെ ഏകോപിതറിപ്പോർട്ട് എട്ടാഴ്ചക്കുള്ളിൽ സുപ്രീംകോടതിക്ക് സമർപ്പിക്കണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. നിരോധനത്തിനെതിരായി കേന്ദ്രഗവൺമെന്റ് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. മാത്രമല്ല, എൻഡോസൾഫാൻ ഉത്പാദനത്തിനായുള്ള ലൈസൻസുകൾ ഇനിയൊരു ഉത്തരവുവരെ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്[18].

കാസർകോട്ടെ പുല്ലൂർ ഗ്രാമത്തിൽ എൻഡോസൾഫാൻ പ്രയോഗത്തെത്തുടർന്ന് താമസിക്കാനാകാതെ വലഞ്ഞ കൃഷി ഉദ്യോഗസ്ഥയായ ലീലാകുമാരിയമ്മയാണ് എൻഡോസൾഫാനുമായി ബന്ധപ്പെട്ട് ആദ്യമായി കോടതിയിലെത്തുന്നത്. 1998 ഒക്ടോബർ 18നാണ് ഹൊസ്ദുർഗ് മുൻസിഫ് കോടതിയിൽ ലീലാകുമാരിയമ്മ എൻഡോസൾഫാൻ തളി നിർത്തണമെന്നാവശ്യപ്പെട്ട് അന്യായം ഫയൽ ചെയ്യുകയും ആ പ്രദേശത്ത് എൻഡോസൾഫാൻ തളിക്കരുതെന്ന് കോടതി താൽക്കാലിക വിധി പുറപ്പെടുവിക്കുകയും ചെയ്തു. 2000 ഒക്ടോബർ 18ന് ആ വിധി പൂർണ്ണമായി നടപ്പാക്കി.

തുടർന്ന് 2001ൽ കാസർകോട് മുൻസിഫ് കോടതിയിൽ ഡോ. മോഹൻകുമാർ, ദേവപ്പനായ്ക്, പരേതനായ മധുസൂദന ഭട്ട് എന്നിവർ ചേർന്ന് മുളിയാർ ബോവിക്കാനമടക്കമുള്ള കാസർകോടൻ പ്രദേശങ്ങളിൽ എൻഡോസൾഫാൻ തളി നിർത്തണമെന്നാവശ്യപ്പെട്ട് അന്യായം ഫയൽ ചെയ്തു. താൽക്കാലികമായി എൻഡോസൾഫാൻ പ്രയോഗം കോടതി നിരോധിച്ചു. സ്ഥിരമായി നിരോധിക്കാനായി ഡോ. മോഹൻകുമാർ 2001ൽ ഹൈക്കോടതിയിലും അന്യായം ഫയൽ ചെയ്തു[19].

ഈ വിധികളെത്തുടർന്ന് പ്ലാന്റേഷൻ കോർപ്പറേഷൻ ഹൈക്കോടതിയിൽ കേസ്സുമായെത്തി. ഈ ഘട്ടത്തിൽ എറണാകുളം തിരുവാംകുളത്തെ നേച്ചർ ലവേഴ്‌സ് മൂവ്‌മെന്റും ഹൈക്കോടതിയിൽ അന്യായം ഫയൽ ചെയ്തു. സി.ജയകുമാറിന്റെ നേതൃത്വത്തിലുള്ള 'തണൽ' എല്ലാവിധ സാങ്കേതിക സഹായങ്ങളും കേസ്സിന് നൽകി. ഒപ്പം സൗജന്യമായി വാദിക്കാൻ അഡ്വ. ഡെയ്‌സി തമ്പിയും തയ്യാറായി. തുടർന്ന് ചരിത്രപ്രാധാന്യമുള്ള വിധിയിലൂടെ 2002ൽ എൻഡോസൾഫാൻ തളിക്കുന്നത് കേരള ഹൈക്കോടതി താൽക്കാലികമായി നിരോധിച്ചു. കാസർകോട്ടെ പ്ലാന്റേഷൻ കോർപ്പറേഷൻ എസ്റ്റേറ്റുകളിൽ സൂക്ഷിച്ച 1500ഓളം ലിറ്റർ എൻഡോസൾഫാൻ ഹൈക്കോടതി ഉത്തരവ് പ്രകാരം ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ സീൽ ചെയ്ത് സൂക്ഷിക്കുകയും ചെയ്തു.

2002 മുതൽ 2006 വരെയാണ് എൻഡോസൾഫാൻ തളി കോടതി ഇടപെടൽ മൂലം നിർത്തിച്ചത്. 2006ൽ കേന്ദ്രസംഘത്തിന്റെ പഠനറിപ്പോർട്ട് പുറത്തുവരികയും ജനങ്ങളുടെ ഭീതിയും മറ്റും കണക്കിലെടുത്ത് കേരള സർക്കാർ ഒരു സർക്കുലറിലൂടെ എൻഡോസൾഫാൻ തളി നിരോധിക്കുകയും ചെയ്തു.

കാസർകോട്ടെ വിവിധ ഗ്രാമങ്ങളിൽ ആയിരക്കണക്കിന് ദുരിതബാധിതർ നരകിച്ച് ജീവിക്കുമ്പോഴാണ് ഡി.വൈ.എഫ്.ഐ. സുപ്രീംകോടതിയിൽ അന്യായം ഫയൽ ചെയ്യുകയും എട്ടാഴ്ചക്കുള്ള നിരോധന വിധി സമ്പാദിക്കുകയും ചെയ്തത്. ഇനി ഒരു ഉത്തരവ് വരെ കീടനാശിനി ഉൽപ്പാദനവും വിതരണവും സുപ്രീംകോടതി നിരോധിച്ചത് കാസർകോട്ടുകാരുടെ വിജയം കൂടിയാണ്. എൻഡോസൾഫാനെ സംബന്ധിച്ചുള്ള എല്ലാ രേഖകളും സൂക്ഷിച്ചിട്ടുള്ള 'വൺ എർത്ത് വൺ ലൈഫ്' എന്ന സംഘടനയും എൻഡോസൾഫാനെതിരെയുള്ള പോരാട്ടത്തിൽ സജീവമാണ്.

സമ്പൂർണനിരോധനം

[തിരുത്തുക]

ഡി.വൈ.എഫ്.ഐ. സുപ്രീംകോടതിയിൽ അന്യായം ഫയൽ ചെയ്തതിനെത്തുടർന്നുള്ള 2011 സെപ്റ്റംബർ 30നുണ്ടായ അന്തിമവിധിയിൽ എൻഡോസൾഫാൻ ഉൽപാദനവും ഉപയോഗവും രാജ്യത്ത് സമ്പൂർണ്ണമായി നിരോധിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ കേസ്സിൽ മുൻപ് എൻഡോസൾഫാൻറെ ഉൽപ്പാദനവും വിതരണവും സുപ്രീംകോടതി 2011 മെയ് 13ന് ഇടക്കാല ഉത്തരവിലൂടെ താല്ക്കാലികമായി നിരോധിച്ചിരുന്നു. കമ്പനികളുടെ പക്കൽ ഇപ്പോഴുള്ള 1990.596 മെട്രിക് ടൺ എൻഡോസൾഫാൻ ശേഖരം മറ്റുരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് കോടതി അനുമതി നൽകിയിട്ടുണ്ട്. പൂർണ്ണമായി കയറ്റുമതി ചെയ്തതിനുശേഷം രാജ്യത്ത് ഈ കീടനാശിനിയുടെ നിർമ്മാണവും വിതരണവും പാടില്ല. രാജ്യത്തൊരിടത്തും മലിനീകരണപ്രശ്നമുണ്ടാവാത്ത തരത്തിൽ വേണം കയറ്റുമതിയെന്നും കോടതി വ്യവസ്ഥ ചെയ്തു. സർക്കാരും മറ്റു ഏജൻസികളും ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നും കോടതി ഉത്തരവിലുണ്ട്. കഴിഞ്ഞ ഇക്കാര്യത്തിൽ താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കയറ്റുമതിയും തടയണമെന്ന് ഡിവൈഎഫ്ഐ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.മറ്റു രൂപത്തിൽ എൻഡോസൾഫാൻ മടങ്ങിയെത്താതിരിക്കാൻ മുൻകരുതലെടുക്കണമെന്നും ഉത്തരവിലുണ്ട്.മാരകകീടനാശിനിയുടെ കെടുതികളിൽ നിന്ന് രാജ്യത്തെ രക്ഷിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണെന്ന് എസ്എച്ച് കപാഡിയ,സ്വതന്ത്രകുമാർ ,കെഎസ് രാധാകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇതോടെ വർഷങ്ങളായി എൻഡോസൾഫാൻ ബാധിച്ച് ദുരിതത്തിൽ കഴിഞ്ഞ കാസർകോട്ടെയും മറ്റും ജനങ്ങൾക്കും പരിസ്ഥിതിപ്രവർത്തകർക്കും ആശ്വാസകരമാണ് കോടതിവിധി[20].

പിന്നീടുള്ള വിധികൾ

[തിരുത്തുക]

എൻഡോസൾഫാന്റെ ഇരകൾക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ 2017 ജനുവരിയിൽ സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ടു.[21] ഉത്തരവ് പുറപ്പെടുവിച്ച് അഞ്ച് വർഷത്തിന് ശേഷവും എല്ലാവർക്കും നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടതിനെത്തുടർന്ന് 2022 മെയ് മാസത്തിൽ എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നത് വൈകിപ്പിച്ചതിന് സുപ്രീം കോടതി സംസ്ഥാന സർക്കാരിനെ ശക്തമായി വിമർശിച്ചു.[21]

എൻഡോസൾഫാൻ ബാധിതർക്ക് മതിയായ വൈദ്യസഹായം നൽകണമെന്ന് 2017ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഇത് നടപ്പാക്കുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടുവെന്ന് ആരോപിച്ച് 2021ൽ സുപ്രീം കോടതിയിൽ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയെ തുടർന്ന്, ജില്ലയിലെ എൻഡോസൾഫാൻ ഇരകൾക്കുള്ള മെഡിക്കൽ, പാലിയേറ്റീവ് കെയർ സൌകര്യങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കേരള ഹൈക്കോടതി കാസർഗോഡ് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് (ഡിഎൽഎസ്എ) നിർദ്ദേശിച്ചു.[22]

ജനപ്രിയ സംസ്കാരത്തിൽ

[തിരുത്തുക]

എൻഡോസൾഫാൻ ദുരന്തത്തിൻ്റെ ഗൗരവം എടുത്തുകാട്ടുന്ന എം. എ. റഹ്മാൻ സംവിധാനം ചെയ്ത ഒരു ഡോക്യുമെൻ്ററി ചിത്രമാണ് അരജീവിതങ്ങൾക്കൊരു സ്വർഗം.[23] കെ.എം.കെ. കുഞ്ഞബ്ദുള്ളയുടെ നേതൃത്വത്തിൽ 'ഗ്രീൻഫോക്‌സ്' നിർമ്മിച്ച ഡോക്യുമെൻ്ററി 1999-ൽ ചിത്രീകരണം തുടങ്ങി 2002-ൽ പൂർത്തിയാക്കി.[23] കെ. ആർ. മനോജ് സംവിധാനം ചെയ്ത എ പെസ്റ്ററിംഗ് ജേർണി ഈ ദുരന്തത്തെ ആസ്പദമാക്കിയുള്ള മറ്റൊരു ഡോക്യുമെൻ്ററിയാണ്.[24] ഈ ഡോക്യുമെൻ്ററി എൻഡോസൾഫാൻ കേസിലെ തെളിവായി സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നു.[24]

എൻഡോസൾഫാൻ ദുരന്തത്തെ അടിസ്ഥാനമാക്കി അംബികാസുതൻ മാങ്ങാട് എഴുതിയ നോവൽ ആണ് എൻമകജെ (ജെ ദേവിക സ്വർഗ്ഗ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു).[25][26] ഡോ. ബിജു രചനയും സംവിധാനവും നിർവഹിച്ച 2015-ലെ മലയാള ചലച്ചിത്രം വലിയ ചിറകുള്ള പക്ഷികൾ ഈ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.[27] ജയരാജ് സംവിധാനം ചെയ്ത പകർന്നാട്ടം എന്ന ചലച്ചിത്രവും ഈ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.[28]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 savvy, soumya misra; Sopan, Joshi (13 January 2017). "Tracking decades-long endosulfan tragedy in Kerala". Down To Earth (in ഇംഗ്ലീഷ്).
  2. Sparks, Thomas C; Storer, Nicholas; Porter, Alan; Slater, Russell; Nauen, Ralf (2021). "Insecticide resistance management and industry: the origins and evolution of the I nsecticide R esistance A ction C ommittee (IRAC) and the mode of action classification scheme". Pest Management Science. 77 (6): 2609–2619. doi:10.1002/ps.6254. ISSN 1526-498X. PMC 8248193. PMID 33421293.
  3. 3.0 3.1 3.2 "Endosulfan Industry's Dirty War - A Chronology of events". www.cseindia.org (in ഇംഗ്ലീഷ്).
  4. 4.0 4.1 4.2 "Children born after Oct 2011 won't be considered endosulfan victims, says new govt order" (in ഇംഗ്ലീഷ്). Malayala Manorama.
  5. 5.0 5.1 "എൻഡോസൾഫാൻ ബാധിതരും വെല്ലുവിളികളും". Samayam Malayalam. The Times of India.
  6. 6.0 6.1 6.2 Irshad, S Mohammed; Jacquleen, Joseph (March 14, 2015). "An Invisible Disaster Endosulfan Tragedy of Kerala" (in English). Economic and Political Weekly. pp. 61–65.{{cite web}}: CS1 maint: unrecognized language (link)
  7. Neema, Bisht; Sunita, Pal; Sindhu, Tayade (December 2015). "Endosulfan – A Disastrous Pesticide" (PDF). International Journal of Scientific & Engineering Research. 6 (2): 19–22.
  8. "No end to Endosulfan tragedy". The Hindu (in Indian English). 25 October 2009.
  9. Greeshma, Odukkathil; Namasivayam, Vasudevan; Athira, K. (2018). "ASSESSMENT OF ENDOSULFAN AND OTHER PESTICIDE RESIDUES IN SOIL OF ENMAKAJE PANCHAYATH, KASARAGOD, KERALA, INDIA" (PDF). Indian Journal of Environmental Sciences. 22 (2): 95–99.
  10. "The End of Days for Endosulfan | Building and Enabling Disaster Resilience of Coastal Communities (BEDROC)". www.bedroc.in. Retrieved 2025-01-05.
  11. 11.0 11.1 "An Evidence-based Inquiry into the Endosulfan Tragedy in Kasaragod, Kerala | Economic and Political Weekly". www.epw.in (in ഇംഗ്ലീഷ്). 9 October 2021.
  12. 12.0 12.1 "എൻഡോസൾഫാൻ ബാധിതരും വെല്ലുവിളികളും". Samayam Malayalam. The Times of India.
  13. Meethal, Amiya (11 March 2021). "An ever-bleeding wound called Endosulfan tragedy". The New Indian Express (in ഇംഗ്ലീഷ്).
  14. "'കാസർകോടെന്താ കേരളത്തിലല്ലേ'; എന്തിനീ സ്ത്രീയെ നിങ്ങൾ പട്ടിണിക്കിടുന്നു?". Mathrubhumi (in ഇംഗ്ലീഷ്). 13 October 2022.
  15. "Endosulfan destroyed biodiversity of Kasaragod villages". The Hindu (in Indian English). 22 April 2011.
  16. 16.0 16.1 16.2 Pulla, Priyanka (22 May 2013). "Kerala's Endosulfan Tragedy". Open The Magazine (in ഇംഗ്ലീഷ്).
  17. 17.0 17.1 17.2 17.3 17.4 "ഹൈഡ്രോസിഫലസ്, സെറിബ്രൽ പാൽസി, ഡൗൺ സിൻഡ്രോം രോഗങ്ങൾ എൻഡോസൾഫാൻ മൂലമെന്നതിന് ശാസ്ത്രീയാടിസ്ഥാനമെന്ത്? ആരോപണമുന്നയിക്കുന്നവരുടെ പഠന രീതിശാസ്ത്രം എന്തായിരുന്നു? ശാസ്ത്രീയ തെളിവുകൾ ഉണ്ടായേ തീരൂ ഹരിത മാനവ് - ഡോ. കെ. എം. ശ്രീകുമാർ". Samayam Malayalam. The Times of India.
  18. "എൻഡോസൾഫാൻ എട്ടാഴ്ചത്തേക്ക് നിരോധിച്ചു" (PDF). മാതൃഭൂമി. May 15, 2011. Archived from the original (PDF) on 2020-11-25. Retrieved 2011-5-15. {{cite news}}: |first= missing |last= (help); Check date values in: |accessdate= (help)
  19. "എൻഡോസൾഫാനെ 'കോടതി കയറ്റിയവർ'ക്ക് അഭിമാനം". മാതൃഭൂമി. May 15, 2011. Retrieved 2011-5-15. {{cite news}}: |first= missing |last= (help); Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  20. "എൻഡോസൾഫാന് സമ്പൂർണ്ണനിരോധനം". ദേശാഭിമാനി. സെപ്റ്റംബർ 30, 2011. Archived from the original on 2016-03-05. Retrieved 2011-9-30. {{cite news}}: Check date values in: |accessdate= (help)
  21. 21.0 21.1 "എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരം വൈകുന്നു; വിമർശനവുമായി സുപ്രീംകോടതി". News18 മലയാളം. 14 May 2022.
  22. Bureau, The Hindu (17 October 2024). "Kerala High Court seeks detailed report on medical care for endosulfan victims in Kasaragod". The Hindu (in Indian English). {{cite news}}: |last1= has generic name (help)
  23. 23.0 23.1 ലേഖകൻ, മാധ്യമം (2021-11-10). "'അരജീവിതങ്ങൾക്കൊരു സ്വർഗ'ത്തിന്​​ രണ്ടുപതിറ്റാണ്ട്​ | 20 years of endosulfan documentary | Madhyamam". www.madhyamam.com. Retrieved 2025-01-05. {{cite web}}: zero width space character in |title= at position 32 (help)
  24. 24.0 24.1 "'വസുധ' പുരസ്‌കാരം 'എ പെസ്റ്ററിങ് ജേർണി'ക്ക്‌ , Iffi 2011 - Mathrubhumi Movies". web.archive.org. 2011-12-03. Archived from the original on 2011-12-03. Retrieved 2025-01-05.
  25. "Malayalam author Ambikasuthan Mangad's new novel 'Swarga' is a reminder for us of our mindless crimes against humanity". The Financial Express. 2017-08-06. Archived from the original on 2021-06-24. Retrieved 2021-06-16.
  26. "'Swarga' Draws on Mythical Tales to Depict Kerala's Struggle Against Endosulfan Spraying". The Wire. Archived from the original on 2021-06-24. Retrieved 2021-06-16.
  27. "Ace Malayalam director is making a movie based on the Endosulfan tragedy". 5 January 2015. Archived from the original on 10 July 2015. Retrieved 6 May 2015.
  28. "Jayaraj's film 'Pakarnnattam' discusses political violence". The Times of India. 2011-12-12. Archived from the original on 2012-07-14.