കേരളത്തിലെ പ്രാഥമികവിദ്യാഭ്യാസം
പ്രാഥമിക വിദ്യാഭ്യാസം എന്ന വാക്കിന്റെ വാചികമായ അർഥം ആദ്യത്തെ വിദ്യാഭ്യാസം എന്നാണ്. അങ്ങനെ പരിഗണിക്കുമ്പോൾ ഒരു വ്യക്തിയുടെ വിദ്യാഭ്യാസം ഗർഭാവസ്ഥയിൽ തന്നെ ആരംഭിക്കുന്നുവെന്നു പറയാം. എന്നാൽ സാങ്കേതികമായി ഈ വാക്ക് ഉപയോഗിക്കുന്നത് ഔപചാരിക വിദ്യാഭ്യാസത്തിലെ ആദ്യഘട്ടങ്ങളെ സൂചിപ്പിക്കാനാണ്.
കേരളത്തിൽ നഴ്‌സറി വിദ്യാഭ്യാസത്തെ പ്രാഥമിക വിദ്യാഭ്യാസമായി പരിഗണിക്കുന്നില്ല. പ്രാഥമിക വിദ്യാഭ്യാസത്തിനു മുൻപുള്ളത് എന്ന അർഥത്തിൽ പ്രീപ്രൈമറി എന്നാണ് അവയെ പറയുന്നത്. ലോകത്തിൽ വ്യത്യസ്‌ത പ്രദേശങ്ങളിൽ വ്യത്യസ്‌ത കാലയളവുകളെ പ്രൈമറി വിദ്യാഭ്യാസമായി പരിഗണിക്കുന്നുണ്ടെങ്കിലും പൊതുവേ ഒന്നാം ക്ലാസുമുതൽ എട്ടാം ക്ലാസുവരെയുള്ള വിദ്യാഭ്യാസത്തെയാണ് പ്രൈമറി വിദ്യാഭ്യാസം എന്നു വിവക്ഷിക്കുന്നത്. ഇന്ത്യയിൽ തന്നെ വ്യത്യസ്‌ത സംസ്ഥാനങ്ങളിൽ വ്യത്യസ്‌തമായിട്ടാണ് ഈ ഘട്ടം ക്രമീകരിച്ചിരിക്കുന്നത്.
ഒന്നാം ക്ലാസുമുതൽ അഞ്ചാംക്ലാസുവരെ ലോവർ പ്രൈമറിയും ആറാംക്ലാസു മുതൽ എട്ടാം ക്ലാസുവരെ അപ്പർപ്രൈമറിയും എന്നതാണ് മിക്ക സംസ്ഥാനങ്ങളും കേന്ദ്രഗവൺമെന്റും അംഗീകരിച്ചിരിക്കുന്ന ഘടന. എന്നാൽ കേരളത്തിൽ ഈ ഘട്ടങ്ങൾ യഥാക്രമം ഒന്നുമുതൽ നാലുവരെയും അഞ്ചു മുതൽ ഏഴു വരെയുമാണ്. 2009-ൽ കേന്ദ്രഗവൺമെന്റ് അംഗീകരിച്ച വിദ്യാഭ്യാസ അവകാശനിയമത്തിന്റെ പാശ്ചാത്തലത്തിൽ കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസവും ആദ്യത്തെ രീതിയിലേക്ക് മാറേണ്ടിവരും എന്നാണ് കരുതപ്പെടുന്നത്.
ഘടന
[തിരുത്തുക]നിലവിലുള്ള (2011) സംവിധാനം അനുസരിച്ച് അഞ്ചു വയസ്സ് പൂർത്തിയാകുന്ന കുട്ടിയെ ഒന്നാം ക്ലാസിൽ ചേർക്കുന്നു. സാധാരണ സാഹചര്യത്തിൽ അദ്ധ്യയന വർഷാരംഭത്തിലെ ആദ്യ അഞ്ചു പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ കുട്ടിയെ സ്‌ക്കൂളിൽ പ്രവേശിപ്പിക്കണം. കേരളത്തൽ അഞ്ചു തരത്തിലുള്ള വിദ്യാലയങ്ങൾ നിലവിലുണ്ട്.
- ഗവൺമെന്റ് സ്‌ക്കൂളുകൾ. ഇവ പൂർണ്ണമായും ഗവൺമെന്റ് സ്ഥാപനങ്ങളാണ്.
- എയിഡഡ് സ്‌ക്കൂളുകൾ. ഇവയുടെ സ്ഥലം, കെട്ടിടം, ഉപകരണങ്ങൾ എന്നിവ സ്വകാര്യവ്യക്തികളുടേതോ സ്ഥാപനങ്ങളുടേതോ ആയിരിക്കും. ഇദ്ദേഹമോ ഇദ്ദേഹം നിർദ്ദേശിക്കുന്ന ആളോ ആയിരിക്കും സ്‌ക്കൂൾ മാനേജർ. (ഗവൺമെന്റു തീരുമാനത്തിനു വിധേയമായി). ഗവൺമെന്റു തീരുമാനത്തിനു വിധേയമായി സ്‌ക്കൂളിലെ ജീവനക്കാരെ നിയമിക്കാനും സ്ഥലം മാറ്റാനും സസ്‌പെന്റുചെയ്യാനും ഉള്ള അധികാരം മാനേജർക്ക് ഉണ്ട്. ഇത്രയും വസ്‌തുതകൾ ഒഴിച്ചാൽ ഗവൺമെന്റ് എയിഡഡ് സ്‌ക്കൂളുകൾ തമ്മിൽ കാര്യമായ വ്യത്യാസങ്ങളില്ല. (പൊതു വിദ്യാലയങ്ങൾഎന്നു പരാമർശിക്കുന്നത് ഈ രണ്ടു വിഭാഗത്തേയും ഉദ്ദേശിച്ചാണ്)
- റെക്കഗ്നൈസ്‌ഡ് സ്‌ക്കൂളുകൾ (അൺ എയിഡഡ് സ്‌ക്കൂളുകൾ). നിശ്ചിത നിബന്ധനകൾക്കു വിധേയമായി ഗവൺമെന്റ് അനുമതിയോടുകൂടി പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളാണിവ. അക്കാഡമിക് കാര്യങ്ങളിലൊഴികെ ഒരു കാര്യത്തിലും ഈ സ്‌ക്കൂളുകളിൽ ഗവൺമെന്റ് നിയന്ത്രണം ഉണ്ടായിരിക്കുകയില്ല.
- കേന്ദ്രഗവൺമെന്റ് നിയമങ്ങൾക്കു വിധേയമായി പ്രവർത്തിക്കുന്നവ. കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ സ്കൂളുകൾ, എൻ.സി.ഇ.ആർ.ടി. സിലബസ് പിന്തുടരുന്ന മറ്റ് സ്കൂളുകൾ തുടങ്ങിയവ.
- അനംഗീകൃത സ്‌ക്കൂളുകൾ. ഗവൺമെന്റ് അംഗീകാരം ലഭിക്കും എന്ന പ്രതീക്ഷയിൽ നിലവിൽ അംഗീകാരം ഇല്ലാതെ പ്രവർത്തിക്കുന്ന സ്‌ക്കൂളുകൾ ആണിവ. ഗവൺമെന്റ് ഇത്തരം സ്‌ക്കൂളുകളുടെ സാന്നിധ്യം തന്നെ അറിയുന്നില്ല.
സ്‌ക്കൂളുകളിലെ ഭരണസംവിധാനം
[തിരുത്തുക]സ്‌ക്കൂളുകളിലെ പ്രധാന അധികാരി ഹെഡ്‌മാസ്റ്ററാണ്. സ്ക്കൂളിലെ ഭരണപരവും പഠനപരവുമായ എല്ലാകാര്യങ്ങളുടേയും നേതൃത്വവും നിയന്ത്രണവും അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്. പ്രൈമറി സ്‌ക്കൂൾ അധ്യാപകർ തന്നെയാണ് മാനദണ്‌ഡങ്ങൾക്കനുസരിച്ച് (മുഖ്യമായും സർവ്വീസ് ദൈർഘ്യം)പ്രധമാധ്യാപകരായി നിയമിക്കപ്പെടുന്നത്.
കുറേ പ്രൈമറി സ്‌ക്കൂളുകൾ ഉൾപ്പെടുന്ന ഒരു പ്രദേശം വിദ്യാഭ്യാസ ഉപജില്ല എന്ന് അറിയപ്പെടുന്നു.സ്‌ക്കൂളുകളുടെ എണ്ണവും സ്ഥലത്തിന്റെ വിസ്‌തൃതിയും ഓരോ പ്രദേശത്തും വ്യത്യസ്‌തമായിരിക്കും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആയിരിക്കും ഓരോ ഉപജില്ലയിലും അധികാരി. സ്ഥലം മാറി വരുന്ന ഹൈസ്‌ക്കൂൾ ഹെഡ്‌മാസ്റ്ററോ, സ്ഥാനക്കയറ്റം കിട്ടിയ ഹൈസ്‌ക്കൂൾ അധ്യാപകനോ ആയിരിക്കും ഇത്. ഇദ്ദേഹത്തിന് സ്വന്തമായി ഒരു ഓഫീസും അവിടെ സീനിയർ സൂപ്രണ്ടുമുതൽ താഴോട്ടുള്ള ഉദ്യോഗസ്ഥരും ഉണ്ടായിരിക്കും.
പല വിദ്യാഭ്യാസ ഉപജില്ലകൾ ചേർത്ത് വിദ്യാഭ്യാസ ജില്ല രൂപീകരിക്കുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്ന ഡി. ഇ. ഒ. ആണ് വിദ്യാഭ്യാസ ജില്ലയിലെ അധികാരി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് പ്രൈമറി സ്ക്കൂളുകളുടെ മാത്രം മേലധികാരം ഉണ്ടായിരിക്കുന്പോൾ ഡി ഇ ഓ മാർ ഹൈസ്ക്കൂളുകളുടെ കൂടി മേലധികാരികളാണ്. ജില്ലയിലെ മുഴുവൻ ഹൈസ്ക്കൂളുകളുടേയും ഉപജില്ലാ ഓഫീസുകളുടേയും മേലന്വേഷണം ഡി ഇ ഒ യുടെ ചുമതലയാണ്. എ ഇ ഓ, ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ എന്നിവരുടെ സ്ഥാനക്കയറ്റത്തിലൂടെയാണ് ഡി. ഇ. ഒ. പദവി നികത്തപ്പെടുന്നത്. ഇദ്ദേഹത്തിൻറെ ഓഫീസിൽ പി.എ മുതലുള്ള ഉദ്യോഗസ്ഥരുണ്ടാകും.
ഒരു റവന്യൂ ജില്ലയിൽ പല വിദ്യാഭ്യാസ ജില്ലകൾ ഉണ്ടാകും. റവന്യൂജില്ലയിലെ വിദ്യാഭ്യാസ അധികാരി (ഹൈസ്ക്കൂൾ വരെ) വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്റ്റർ ആണ്. ഡി ഇ ഓ മാർ ഉദ്യോഗക്കയറ്റത്തിലൂടെ ഡി ഡി ഇ ആകുന്നു. ഡപ്യൂട്ടി ഡയറക്റ്റർ ഓഫീസിൽ അഡ്മിനിസേറ്റ്രേറ്റീവ് അസിസിറ്റൻറു മുതൽ നിരവധി ഉദ്യോഗസ്ഥർ ഡി ഡി യെ സഹായിക്കാൻ ഉണ്ട്.
ഡി ഡി ഇ കഴിഞ്ഞാൽ സംസ്ഥാന തലത്തിൽ ഡയറക്റ്റർ ഓഫ് പബ്ലിക്ക് ഇൻശ്റ്റ്രക്ഷൻസ് എന്ന ഡി പി ഐ തുടങ്ങി പല ഉന്നത ഉദ്യോഗസ്ഥരും ഉണ്ട്.ഏറ്റവും തലപ്പത്ത് വിദ്യാഭ്യാസ മന്ത്രിയും.
അക്കാഡമിക്
[തിരുത്തുക]സർവ്വ ശിക്ഷാ അഭിയാൻ, ഡയറ്റ് എന്നീ സ്ഥാപനങ്ങൾ കൂടി സ്ക്കൂൾ വിദ്യാഭ്യാസ രംഗത്തു പ്രവർത്തിക്കുന്നുണ്ട്. ഇവരണ്ടും കേന്ദ്രഗവൺമെൻറ് സംരംഭങ്ങളാണ്. സർവ്വ ശിക്ഷാ അഭിയാൻ സർവരും പഠിക്കുക സർവരും വളരുക എന്ന മുദ്രാവാക്യത്തോടുകൂടി എട്ടാം ക്ലാസ് വരെയുള്ള മേഖലയിൽ പ്രവർത്തിക്കുന്നു എട്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിൻറെ അക്കാഡമിക് സഹായം,മേൽനോട്ടം,സ്ക്കൂളുകൾ ഇല്ലാത്ത പ്രദേശത്ത് ഏകാധ്യാപക വിദ്യാലയങ്ങൾ സ്ഥാപിക്കുക,ഗവൺമെൻറ് സ്ക്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നിവയാണ് എസ് എസ് എ യുടെ മുഖ്യലക്ഷ്യങ്ങൾ.പഞ്ചായത്ത് അടിസ്ഥാനത്തിൽ ക്ലസ്റ്റർ റിസോർസ് സെൻറെർ,പല പഞ്ചായത്തുകൾ ചേരുന്ന പ്രദേശത്ത് ഒരു ബ്ലോക്ക് റിസോഴ്സ് സെൻറെർ,ജില്ലാ പ്രോജക്റ്റ് ഓഫീസ്,സംസ്ഥാന പ്രോജക്റ്റ് ഓഫീസ് എന്നിങ്ങനെയാണ് എസ് എസ് എ പ്രവർത്തിക്കുന്നത്. ബി ആർ സി എന്ന ബ്ലോക്ക് റിസോഴ്സ് സെൻററിലൂടെ യാണ് മുഖ്യമായും എസ് എസ് എ വിദ്യാഭ്യാസത്തിൽ ഇടപെടുന്നത് ഇവിടെ ഒരു ബ്ലോക്ക് പ്രോഗ്രാം ഓഫീസറും,നിരവധി അധ്യാപക പരിശീലകരും ഉണ്ടായിരിക്കും.ഏതായാലും വർത്തമാന കാല കേരളീയ പ്രൈമറി വിദ്യാഭ്യാസത്തിൻറെ ഗുണദോഷങ്ങൾക്ക് വലിയ ഒരളവോളം എസ് എസ് എ ആണ് ഉത്തരവാദി. നിശ്ചിത കാലയളവിലേക്ക് കേന്ദ്രഗവൺമെൻറ് ആരംഭിച്ച പദ്ധതിയാണ് ഇത് എങ്കിലും കാലാവധി നീട്ടിക്കൊടുക്കുകയാണ് പതിവ്.ഇതിൻറെ ഫണ്ട് കേന്ദ്രഗവൺമെൻറും സംസ്ഥാനഗവൺമെൻറും മാനദണ്ഡങ്ങൾക്കനുസരിച്ച് നിശ്ചിത ക്രമത്തിൽ പങ്കുവയ്ക്കുകയാണ്. ഒരു റവന്യൂ ജില്ലയിൽ ഒന്ന് എന്ന ക്രമത്തിലാണ് ഡയറ്റുകൾ ഉള്ളത്.ഡയറ്റുകളോട്(ഡിസ്റ്റ്രിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ റിസേർച്ച് ആൻഡ് ട്രൈനിംഗ്) ചേർന്ന് ഒരു അധ്യാപക പരിശീലന കേന്ദ്രം ഉണ്ടാകും റവന്യൂ ജില്ലയിലെ സ്ക്കൂൾ വിദ്യാഭ്യാസത്തിൻറെയും അനൗപചാരിക വിദ്യാഭ്യാസത്തിൻറേയും അക്കാഡമിക് മേൽനോട്ടം,പരിശീലനം എന്നിവ ഡയറ്റിൻറെ ചുമതലയാണ്. സംസ്ഥാന അടിസ്ഥാനത്തിൽ സ്ക്കൂൾ വിദ്യാഭ്യാസത്തിൻറെ അക്കാഡമിക് നേതൃത്ത്വവും നിയന്ത്രണവും സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ റിസേർച്ച് ആൻഡ് ട്രൈനിംഗ് എന്ന സ്ഥാപനം നിർവഹിക്കുന്നു.
കേരളത്തിലെ പാഠ്യപദ്ധതി
[തിരുത്തുക]കഴിഞ്ഞ കുറച്ചു കാലം കൊണ്ട് കേരളത്തിലെ പ്രാഥമിവിദ്യാഭ്യാസ പാഠപദ്ധതി സമഗ്രമായ മാറ്റത്തിനു വിധേയമായി കഴിഞ്ഞു.അറിവുനിറയ്ക്കാനുള്ള പാത്രമാണ് കുട്ടി എന്ന സങ്കൽപ്പത്തിൽ നിന്നും അറിവു നിർമ്മിക്കേണ്ട വ്യക്തിയാണ് കുട്ടി എന്ന നിയയിലേക്ക് പാഠപദ്ധതി സമീപനം മാറി.
പഠനം രസകരമാകണം, പരിസരത്തുനിന്നും സാഹചര്യത്തിൽ നിന്നും അറിവുനിർമ്മിക്കാൻ പര്യാപ്തമാകണം, കുട്ടികളുടെ കഴിവുകളെ(ശേഷികളെ)വികസിപ്പിക്കാൻ സാദ്ധ്യത ഉള്ളതായിരിക്കണം, പരിസ്ഥിതി ബോധം വളർത്തുന്നതാകണം, കുട്ടികളുടെ വ്യക്തി പരമായ സാധ്യതകൾക്കനുസരിച്ചും പ്രാദേശീയമായ സവിശേഷതകൾക്കനുസരിച്ചും ക്രമീകരിക്കാൻ സാധ്യമായ വിധത്തിൽ അയവുള്ളതായിരിക്കണം ഇവയൊക്കെയാണ് ആധുനിക പാഠപദ്ധതിയുടെ സവിശേഷതകൾ. പരീക്ഷകളിൽ മാർക്കിന് പകരം ഗ്രേഡിംഗ് ഏർപ്പെടുത്തിയത്, തുടർമൂല്യനിർണ്ണയം, പരീക്ഷാലഘൂകരണം ഇവയെല്ലാം ഇതിൻറെ ബാഹ്യമായ പ്രകടനങ്ങളും ചെറിയക്ലാസുകളിൽ പോലും കുട്ടികൾ സ്വയം വിമർശനത്തിനും, പരസ്പര വിശകലനത്തിനും, തയ്യാറാകുന്നത്, സ്വയം നിഗമനങ്ങൾ തയ്യാറാക്കി വസ്തു നിഷ്ഠമായി അവ പരിശോധിച്ച് അറിവിലേയ്ക്ക് എത്തി ചേരുന്നത്,എന്നിവ ആന്തര പ്രകടനങ്ങളുമാണ്. പ്രശ്നാധിഷ്ഠിത സമീപനം, വിമർശനാത്മകമായ പഠനം, സാമൂഹിക ഞ്ജാന നിർമ്മിതി, അറിവിൻറെ നിർമ്മാണം, എന്നിവയാണ് പാഠ്യപദ്ധതിയുടെ ലക്ഷണങ്ങൾ. ഇനി പറയുന്നവ പ്രധാന സാമൂഹ്യപ്രശ്നങ്ങളായി പാഠപദ്ധതി വിലയിരുത്തുകയും പഠനപ്രവർത്തനങ്ങളിൽ ഇവയുടെ പരിഹാരത്തിന് ഊന്നൽ നൽകുകയും ചെയ്യുന്നുണ്ട്. ശാസ്ത്രീയ സ്ഥലജല മാനേജ്മെൻര് ഇല്ല,കൃഷി ജീവിതത്തിൻരെ ഭാഗമായി കാണുന്നില്ല,സങ്കുചിതവും പ്രാദേശീകവുമായ ദേശീയതകലും വർഗീയതയും വളർന്നു വരുന്നു,കായികാധ്വാനത്തോടുള്ള മതിപ്പു കുറയുന്നു -അതു വികസിപ്പിക്കാനുള്ള പദ്ധതികൾ ഇല്ല,തനത് സാംസ്ക്കാരിക പാരന്പര്യത്തേക്കുറിച്ച് അവബോധമില്ല,പാർശ്വ വൽക്കരിക്കപ്പെട്ടവരോട് പരിഗണനയില്ല,പരിസ്ഥിതി സൗഹാർദമായ വികസന വീക്ഷണമില്ല,ശരിയായ പൊതുജനാരോഗ്യ കാഴ്ചപ്പാടില്ല.
താഴെപറയുന്ന പ്രവർത്തനങ്ങളിലൂടെയാണ് കുട്ടി അറിവ് നിർമ്മിക്കുന്നത്
- ഒരു പ്രശ്നം അഭിമുഖീകരിക്കുന്നു
- പ്രശ്നം ഏറ്റെടുത്ത് വിശകലനം ചെയ്യുന്നു
- ചില അനുമാനങ്ങൾ രൂപീകരിയ്ക്കുന്നു
- പ്രശ്ന നിർധാരണത്തിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു
- വിവരശേഖരണം അവയുടെ ക്രമീകരണം അപഗ്രഥനം എന്നിവയിലൂടെ നിഗമനത്തിലെത്തുന്നു
- നിഗമനത്തെക്കുറിച്ചുള്ള സംവാദം വിമർശനം തിരുത്തൽ, നിഗമനങ്ങളുടെ സ്ഥിരീകരണം പ്രയോഗം
ഇങ്ങനെ അറിവുനിർമ്മിക്കുന്ന കുട്ടി പുതിയ അറിവിൻറെ വെളിച്ചത്തിൽ പുതിയ പ്രതികരണങ്ങൾ നടത്തുകയും പുതിയ പ്രശ്നങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്നു.
ബുദ്ധിയുടേയും ശേഷിയുടേയും വികസനത്തെ സംബന്ധിച്ച കാഴ്ചപ്പാട് രൂപീകരിച്ചിരിക്കുന്നത് ഗാഡ്നറുടെ സിദ്ധാന്തം അനുസരിച്ചാണ്. ബുദ്ധി എട്ടു തലങ്ങളിലായി വ്യാപരിച്ചിരിക്കുന്നു.ഭാഷാപരം,ലോജിക് പരം(ഗണിതം യുക്തി),സംഗീതപരം,ശാരീരികം,ദൃശ്യ-സ്ഥലപരം,വ്യക്തി വൈവിദ്ധ്യ പരം,പ്രകൃതി പരം,ആന്തരിക വൈയക്തികം ഇവയുടെ വികസനത്തിനു യോജിക്കുന്ന പ്രവർത്തനങ്ങളാണ് പഠനപ്രവർത്തനങ്ങളിലൂടെ നടത്തുന്നത്