Jump to content

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ലോഗോ

കുട്ടികൾക്കായി പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കുന്നതിനു വേണ്ടി കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ 1981-ൽ തുടങ്ങിയ ഒരു സ്ഥാപനമാണ് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റിറ്റ്യൂട്ട്. മലയാള ഭാഷയിലാണ് കുട്ടികൾക്കായുള്ള ആനുകാലികങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നത്. സംസ്ഥാനത്തെ സാംസ്കാരിക വകുപ്പ് മന്ത്രി ചെയർമാനായ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ഡയറക്ടർ പള്ളിയറ ശ്രീധരൻ ആണ്. പ്രൊഫ. എബ്രഹാം ജോസഫ്, ജോർജ്ജ് ഓണക്കൂർ, ഡോ. കുര്യാസ് കുമ്പളക്കുഴി, സി.ജി. ശാന്തകുമാർ‌, പാലാ കെ.എം. മാത്യു, റൂബിൻ ഡിക്രൂസ്, പ്രൊഫ. തുമ്പമൺ തോമസ് (ഡയറക്ടർ ഇൻ ചാർജ്ജ്), ഡോ. നെടുമുടി ഹരികുമാർ, എം സന്തോഷ് കുമാർ (ഡയറക്ടർ ഇൻ ചാർജ്ജ്), ഡോ. പോൾ മണലിൽ എന്നിവരായിരുന്നു മുൻ ഡയറക്ടർമാർ.
മലയാളത്തിലെ ശ്രദ്ധേയമായ ബാലമാസിക തളിര് പ്രസിദ്ധീകരിക്കുന്നതും ഇൻസ്റ്റിറ്റ്യൂട്ട് ആണ്. മലയാളത്തിലെ ബാലസാഹിത്യ രചനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ബാലസാഹിത്യ പുരസ്കാരങ്ങളും [1] എഴുത്തുകാർക്കും ചിത്രകാർക്കുമുള്ള പരിശീലന പരിപാടികളും നടത്തുന്നു. സാംസ്കാരിക വകുപ്പിനുവേണ്ടി എല്ലാവർഷവും തിരുവനന്തപുരം പുസ്തകമേള നടത്തുന്നതും കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി തളിര് വായനാമത്സരം നടത്തുന്നതുമാണു് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മറ്റു ചുമതലകൾ.[2]

പ്രവർത്തനങ്ങൾ

[തിരുത്തുക]
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് - തളിര്, സെയിൽസ് വിഭാഗങ്ങൾ

പുസ്തകപ്രസാധനമാണ് മുഖ്യലക്ഷ്യമെങ്കിലും ബാലസാഹിത്യ പ്രചാരണം, കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മത്സരങ്ങൾ തുടങ്ങിയവയും ഇൻസ്റ്റിറ്റ്യൂട്ട് ചെയ്ത് വരുന്നു. കുട്ടികൾക്കുള്ള മാസികയായ തളിര് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണമാണ്. വിജ്ഞാനകോശങ്ങൾ ‍, നിഘണ്ടുക്കൾ ‍, ശാസ്ത്രപുസ്തകങ്ങൾ ‍, പൊതുവിവരങ്ങൾ നൽകുന്ന പുസ്തകങ്ങൾ, പാഠ്യവിഷയങ്ങൾക്ക് അനുബന്ധമായി ഉപരി വായനയ്ക്കുള്ള ലഘുഗ്രന്ഥങ്ങൾ ‍, തർജമകൾ ജീവചരിത്രങ്ങൾ മുതലായ മേഖലകളിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതുവരെയായി 600 ഓളം പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

തിരുവനന്തപുരം പുസ്തകമേള

[തിരുത്തുക]

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങളിൽ ഒന്നാണ് തിരുവനന്തപുരം പുസ്തകമേളയുടെ സംഘാടനം. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരവളപ്പിലാണ് മേള സംഘടിപ്പിക്കാറുള്ളത്. 2011 ലെ പുസ്തകമേള മാത്രം സംസ്കൃതകോളേജ് കാമ്പസിലാണ് നടത്തിയത്. വിദേശത്തുനിന്നടക്കം നൂറിലേറെ പ്രസാധകർ മേളയിൽ പങ്കെടുക്കാറുണ്ട്. കോടിക്കണക്കിന് രൂപയുടെ പുസ്തകങ്ങൾ എല്ലാ വർഷവും വിപണനം ചെയ്യപ്പെടുന്നു. അതതു വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിക്കുന്ന മികച്ച 10 പുസ്തകങ്ങൾക്ക് തിരുവനന്തപുരം പുസ്തകമേള പുരസ്കാരം നല്കിവരുന്നു. 10,000 രൂപയും ഫലകവുമാണ് പുരസ്കാരം. വിവിധ സാംസ്കാരികപരിപാടികളും ക്യാമ്പുകളും മേളയോടനുബന്ധിച്ച് സംഘടിപ്പിക്കാറുണ്ട്. ഇതുവരെ ഏഴ് പുസ്തകമേളകൾ ഇത്തരത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. [3]

ഭരണവും കാര്യനിർവ്വഹണവും

[തിരുത്തുക]
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് - ഓഫീസ് സമുച്ചയം

കുട്ടികൾക്കുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഒരു സംസ്ഥാനസർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഭാരതത്തിലെ ഏക സ്ഥാപനമാണു് ഈ ഇൻസ്റ്റിറ്റ്യൂട്ട്. സാംസ്കാരിക വകുപ്പ് മന്ത്രി ചെയർമാനായുള്ള ഒരു ഭരണസമിതിയാണ് ഇൻസ്റിറ്റ്യൂട്ട് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. സമിതിയുടെ ഉപാദ്ധ്യക്ഷൻ സാംസ്കാരികവകുപ്പ് സെക്രട്ടറിയാണു്. മെംബർ സെക്രട്ടറിയ്ക്കു തന്നെയാണു് സാധാരണ ഡയറക്റ്ററുടെ ചുമതല. ഇതുകൂടാതെ ധനകാര്യം, പൊതുവിദ്യാഭ്യാസം, കോളേജ് വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ മേധാവികളും കാര്യനിർവ്വാഹകസമിതിയിലെ അംഗങ്ങളാണു്. സ്ഥാപനത്തിൽ ഏകദേശം മുപ്പതോളം ഉദ്യോഗസ്ഥരും ജോലിക്കാരും ഉണ്ടു്.

പ്രസിദ്ധീകരണങ്ങൾ

[തിരുത്തുക]

4 മുതൽ 6 വരെ, 6 മുതൽ 9 വരെ, 9 മുതൽ 12 വരെ, 12 മുതൽ 14വരെ, 14നു മുകളിൽ എന്നിങ്ങനെ അഞ്ചു വിവിധ പ്രായതലങ്ങളിലുള്ള [4] കുട്ടികൾക്കു് അനായാസം വായിക്കാനും ആസ്വദിക്കാനും ഉതകുന്ന പുസ്തകങ്ങൾ, അതതു വിഭാഗങ്ങളിലായി ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചുവരുന്നു. ചിത്രപുസ്തകങ്ങൾ, കഥകൾ, കവിതകൾ നാടകങ്ങൾ, വിജ്ഞാനകോശങ്ങൾ, നിഘണ്ടുക്കൾ, ശാസ്ത്ര പുസ്തകങ്ങൾ, പൊതുവിവരങ്ങൾ നല്കുന്ന പുസ്തകങ്ങൾ, തർജമകൾ, ജീവചരിത്രങ്ങൾ മുതലായവ ഇതിൽ ഉൾപ്പെടുന്നു. ഇതുവരെ എഴുന്നൂറോളം പുസ്തകങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കെട്ടിലും മട്ടിലും മികച്ചു നിൽക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണങ്ങൾക്കു് താരതമ്യേന കുറഞ്ഞ വിലയും കൂടിയ ഗുണനിലവാരവുമുണ്ടെന്നു് ഇൻസ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നു. [അവലംബം ആവശ്യമാണ്] ഇന്ത്യയിലെ തന്നെ ഏതു പ്രസാധകരോടും കിടപിടിക്കുന്ന ഈ പുസ്തകങ്ങൾ വളരെ മിതമായ വിലയിൽ കൂടുതൽ കോപ്പികൾ അച്ചടിക്കുന്നതുമൂലം കേരളത്തിലെ ബാലസാഹിത്യരംഗത്തിന് ഗുണനിലവാരത്തിലും വിലയിലും മാതൃകയും നിയന്ത്രണവുമായി നിലനില്ക്കുന്നുവെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഇത്തരം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ ആരംഭിച്ചതോടെ മറ്റു പ്രസാധകരും ഈ നിലവാരത്തിലേക്കുയരാൻ നിർബന്ധിതരായെന്നും ഈ സ്ഥാപനം അവകാശപ്പെടുന്നുണ്ടു്.

തളിര് മാസിക

[തിരുത്തുക]
തളിര് മാസികയുടെ പുറംചട്ട

ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന ബാലമാസികയാണ് തളിര്. കേരള സംസ്ഥാന ജവഹർ ബാലഭവനായിരുന്നു ആദ്യകാലത്ത് തളിര് മാസിക നടത്തിയിരുന്നത്. 1995 മുതൽ മാസിക കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഏറ്റെടുത്തു പ്രസിദ്ധീകരിച്ചു വരുന്നു. പത്ത് വയസ്സിനും പതിനെട്ട് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളെ ഉദ്ദേശിച്ചാണ് ഈ മാസിക പുറത്തിറക്കുന്നത്. കേരളത്തിൽ കുട്ടികൾക്കായി സർക്കാർ തലത്തിൽ പ്രസിദ്ധീകരിക്കുന്ന ഏക മാസിക കൂടിയാണിത്. മലയാളത്തിന്റെ പ്രമുഖ കവി സുഗതകുമാരി ആയിരുന്നു മാസികയുടെ സ്ഥാപക എഡിറ്റർ. മരണംവരെ അദ്ദേഹം മാസികയുടെ ചീഫ് എഡിറ്റർ ആയി തുടർന്നു. ഇപ്പോൾ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ എഡിറ്റർ ആയി പ്രവർത്തിച്ചുവരുന്നു.

പുരസ്കാരങ്ങൾ

[തിരുത്തുക]

കഥ, നോവൽ, കവിത, നാടകം വൈജ്ഞാനിക ശാസ്ത്രം, പുനരാഖ്യാനം - വിവർത്തനം , ചിത്രീകരണം തുടങ്ങിയ മേഖലകളിലായി ബാലസാഹിത്യ അവാർഡുകൾ നൽകിവരുന്നുണ്ട്.. 10,000 രൂപയും പ്രശസ്തി പത്രവും മെമൻറോയും ചേർന്നതാണ് ഈ അവാർഡ്. ഇത് കൂടാതെ മലയാള ബാലസാഹിത്യശാഖയ്ക്ക് സമഗ്ര സംഭാവന നൽകുന്ന മികച്ച ബാലസാഹിത്യകാരർക്ക് സമഗ്രസംഭാവനയ്ക്കുള്ള അവാർഡ് നൽകുന്നു. സി.ജി. ശാന്തകുമാറിന്റെ പേരിൽ അറിയപ്പെടുന്ന സമഗ്രസംഭാവന അവാർഡ് കവി കുഞ്ഞുണ്ണി മാഷിനാണ് ആദ്യമായി ലഭിച്ചത്. സുമംഗല, പ്രൊഫ. എസ് ശിവദാസ്, പള്ളിയറ ശ്രീധരൻ, കെ. തായാട്ട്, സുഗതകുമാരി, സിപ്പി പള്ളിപ്പുറം, കെ. വി. രാമനാഥൻ, ഡോ. കെ ശ്രീകുമാർ,ശൂരനാട് രവി, ടി. കെ. ഡി. മുഴപ്പിലങ്ങാട്, പി. പി. കെ. പൊതുവാൾ, മലയത്ത് അപ്പുണ്ണി, പയ്യന്നൂർ കുഞ്ഞിരാമൻ എന്നിവർക്കും ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 50,000 രൂപയും പ്രശസ്തിപത്രവും മെമൻറോയും ചേർന്നതാണ് പുരസ്കാരം. മികച്ച ബാലസാഹിത്യകൃതിക്കുള്ള പാലാ കെ എം മാത്യു ബാലസാഹിത്യ പുരസ്കാരം 2014മുതൽ നൽകിവന്നിരുന്നു. ഒന്നിടവിട്ട വർഷങ്ങളിലാണ് പുരസ്കാരം നൽകുന്നത്. 2014ൽ നോവൽ വിഭാഗത്തിൽ ഡോ. കെ ശ്രീകുമാറിന് ഫ്രൈഡേ ഫൈവ് എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്. കിളിരൂർ രാധാകൃഷ്ണൻ(2016), ഏഴാച്ചേരി രാമചന്ദ്രൻ(2018), ശ്രീജിത്ത് പെരുന്തച്ചൻ(2020) എന്നിവർക്കും തുടർന്ന് പുരസ്കാരങ്ങൾ ലഭിച്ചു.

അക്ഷരയാത്ര

[തിരുത്തുക]

മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി കിട്ടിയതിന്റെ ഭാഗമായി കേരളത്തിലെ സാംസ്കാരികസ്ഥാപനങ്ങൾ നടത്തുന്ന വിവിധ പരിപാടികളിൽ ഇൻസ്റ്റിറ്റ്യൂട്ട് അക്ഷരയാത്ര എന്ന പരിപാടിയാണ് ഏറ്റെടുത്തിരിക്കുന്നത്. എല്ലാ കുട്ടികൾക്കും പുസ്തകമെത്തിക്കാനുള്ള പരിപാടിയായിട്ടാണ് ഇതു നടത്തപ്പെടുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കണ്ണൂർ, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലെ തിരഞ്ഞെടുത്ത സ്കൂളുകളിൽ ഇതുവരെ അക്ഷരയാത്ര നടന്നിട്ടുണ്ട്. [5][6] [7]

ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങളിൽ ചിലത്

[തിരുത്തുക]
  • അമ്മപ്പശുവിന്റെ കഥകൾ
  • പൂച്ചക്കുട്ടികളുടെ വീട്
  • പച്ചക്കുതിരയുടെ പാട്ട്
  • അക്ബർ ചക്രവർത്തിയെ ആരു പഠിപ്പിക്കും?
  • ഒരു കുട്ടിയും കുട്ടിച്ചാത്തനും
  • കേരളത്തിലെ സാധാരണ പക്ഷികൾ
  • കേരളത്തിലെ സാധാരണ ചിത്രശലഭങ്ങൾ
  • ഒരു ജെ സി ബിയുടെ കഥ
  • നായക്കുട്ടി
  • മുത്തശ്ശീടെ കണ്ണുകൾ
  • മഹാഭാരതം
  • അമ്പിളിമാമൻ - ജി മാധവൻനായരുടെ ജീവിതകഥ
  • എഡിസൺ പുതിയ വെളിച്ചം പുതിയ ശബ്ദം
  • കണക്കിലെ ദന്തഗോപുരങ്ങൾ
  • ഹായ് അമ്പിളിമാമൻ
  • ഒളിമ്പിക്‌സ്
  • നെൽസൺമണ്ടേല
  • രസതന്ത്രത്തിന്റെ കഥ
  • മാനത്തെ കാഴ്ചകൾ
  • ലോകോത്തര നാടോടിക്കഥകൾ

ബാലസാഹിത്യപുരസ്‌കാരം 2012

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.thehindu.com/news/states/kerala/article3397670.ece
  2. http://www.kerala.gov.in/index.php?option=com_content&view=article&id=3394&Itemid=2460
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-23. Retrieved 2014-01-21.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-22. Retrieved 2012-10-20.
  5. http://www.mathrubhumi.com/kollam/news/2592081-local_news-Kollam-%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82.html[പ്രവർത്തിക്കാത്ത കണ്ണി]
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2014-01-21.
  7. https://keralakaumudi.com/news/mobile/news.php?id=113554&u=local-news-thrissur
  8. "കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് - ബാലസാഹിത്യ അവാർഡുകൾ 2012 പ്രഖ്യാപിച്ചു". കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്. Archived from the original on 2013-08-30. Retrieved 2013 ഓഗസ്റ്റ് 30. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]