കോച്ചടൈയാൻ
കോച്ചടൈയാൻ | |
---|---|
സംവിധാനം | സൗന്ദര്യ രജനീകാന്ത് |
നിർമ്മാണം | |
രചന | കെ .സ് . രവികുമാർ |
അഭിനേതാക്കൾ | രജനികാന്ത് ദീപിക പദുകോൺ ശോഭന ആദി ജാക്കി ശ്രോഫ് |
സംഗീതം | എ. ആർ . റഹ്മാൻ |
ഛായാഗ്രഹണം | പദ്മേഷ് |
ചിത്രസംയോജനം | അന്തോണി[1] |
സ്റ്റുഡിയോ |
|
വിതരണം | Eros International |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
ബജറ്റ് | ₹125 കോടി[2] |
സമയദൈർഘ്യം | 124 മിനിറ്റ്[3] |
ആകെ | ₹70 കോടി[2] |
സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്ത് 2014-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ഭാഷാ മോഷൻ ക്യാപ്ചർ കമ്പ്യൂട്ടർ ആനിമേറ്റഡ് ആക്ഷൻ ചലച്ചിത്രമാണ് കോച്ചടൈയാൻ [4]. ഇന്ത്യയിലെ ആദ്യ ഫോട്ടോറിയലിസ്റ്റിക് ചലച്ചിത്രമാണിത്.[5] രജനികാന്ത്, ദീപിക പദുക്കോൺ, ശോഭന, ആദി, ജാക്കി ഷ്രോഫ്, ശരത്കുമാർ, രുക്മിണി വിജയകുമാർ, നാസർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കോച്ചടൈയാൻ രണധീരൻ എന്ന രാജാവിന്റെ കഥയാണ് പറയുന്നത്. ചിത്രത്തിൻറെ സംഗീത സംവിധാനം എ. ആർ. റഹ്മാൻ നിർവ്വഹിച്ചിരിക്കുന്നു.[6]
അന്തരിച്ച നടൻ നാഗേഷ് അനിമേഷനിലൂടെ പുനരവതരിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
കഥയുടെ രത്നച്ചുരുക്കം
[തിരുത്തുക]കൊട്ടൈപട്ടണത്തിൽനിന്നുള്ള റാണ എന്നു പേരായ ബാലൻ (രജനീകാന്ത്) ഇരട്ടസഹോദരനായ സേനയുടെ അപേക്ഷയെ മാനിക്കാതെ കുടുംബത്തെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു. നദിയിലൂടെ വള്ളത്തിൽ തുഴഞ്ഞുപോകവേ പെട്ടെന്ന് അപകടമുണ്ടാകുകയും അയൽരാജ്യവും കോട്ടൈപട്ടണത്തിന്റെ ഒരു ശത്രുവുമായ കലിങ്കപുരിയിൽനിന്നുള്ള ഏതാനും മത്സ്യത്തൊഴിലാളികൾ ഈ ബാലനെ കണ്ടെത്തുകയും ചെയ്യുന്നു. റാണ അവരോടൊപ്പം കലിങ്കപുരിയിൽ എത്തി അവിടെ വളരുകയും ആയുധവിദ്യകളഭ്യസിച്ച് ഭയമേതുമില്ലാത്ത ഒരു യോദ്ധാവായി മാറുകയും ചെയ്യുന്നു. അയാളുടെ പോരാട്ട വീര്യവും കഴിവുകളും കണ്ടറിഞ്ഞ കലിംഗപുരിയിലെ രാജാവായ മഹേന്ദ്രന്റെ (ജാക്കി ഷ്രോഫ്) പ്രീതിയും വിശ്വാസവും സമ്പാദിക്കാൻ സാധിക്കുകയും രാജാവ് അയാളെ കലിംഗപൂരി സേനയുടെ കമാൻഡർ ഇൻ ചീഫായി ഉയർത്തുകയും ചെയ്തു. മഹന്ദ്രന രാജാവിൻറെ പുത്രനായ വീര മഹേന്ദ്രൻ (ആദി) രാജ്യത്തിലെമ്പാടുമുള്ള ഖനികളിൽ അടിമപ്പണി ചെയ്യുന്ന തടവുകാരായി പിടിക്കപ്പെട്ടെ പട്ടാളക്കാരെ റാണയ്ക്കു കാണിച്ചുകൊടുക്കുന്നു. ഈ വിവരം അതീവ രഹസ്യമാണെന്നും ഏതാനും പേർക്കു മാത്രമേ ഇതറിയാവൂ എന്നും അയാൾ റാണയോടു പറയുന്നു.
അടിമകളെ മോചിപ്പിച്ചു കലിങ്കപുരിയിലെ സൈന്യത്തിൽ ചേർത്ത് തങ്ങളുടെ സൈനിക ബലം വർദ്ധിപ്പിക്കേണ്ടുന്നതിന്റെ ആവശ്യകതയും പുതിയ യുദ്ധതന്ത്രങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണെന്നും റാണ വീരയെ ബോധ്യപ്പെടുത്തുന്നു. വീര ഇതു സമ്മതിക്കുയും അടിമകൾ വിമോചിതരാകുകയും ചെയ്യുന്നു. അതിനുശേഷം കലിംഗപട്ടണത്തെ ആക്രമിക്കുവാനുള്ള സമ്മതം രാജ മഹേന്ദ്രയിൽനിന്നു സമ്പാദിക്കുന്നു. യുദ്ധത്തിനിടയിൽ റാണ തന്റെ ബാല്യകാല സുഹൃത്തും കോട്ടൈപട്ടണത്തിലെ രാജാവ് റിഷികോടകന്റെ (നാസർ) പുത്രനും രാജകുമാരനുമായ സെങ്കോടകനുമായി (ആർ ശരത്കുമാർ) ഏറ്റുമുട്ടാനിടയായി.
പോരാട്ടത്തിന് പകരം, കൊട്ടപ്പട്ടണത്തിലെ തടവുകാരായ പടയാളികളെ വിമോചിപ്പിക്കുക എന്നതാണ് റാണയുടെ പ്രധാന ഉദ്ദേശ്യമെന്നു വെളിവാക്കപ്പെടുന്നു. യുദ്ധം നിറുത്തിവയ്ക്കാനുള്ള സൂചന നൽകിയതോടൊപ്പം റാണയും പടയാളികളും കലിംഗപുരിയുടെ ഉത്തരവുകളെ തള്ളിപ്പറയുകയും ചെയ്യുന്നു. യുദ്ധത്തിൽനിന്നു പിൻവാങ്ങിയ അവർ കോട്ടൈപട്ടണത്തിലേയ്ക്കു പോകുകയും ചെയ്തു. രാജാ മഹേന്ദ്രന്റേയും അയാളുടെ പുത്രന്റേയും അപ്രീതിക്കു റാണ പാത്രമാകുന്നു. കിരീടാവകാശി വീര മഹേന്ദ്രൻ, അവരെ കബളിപ്പിച്ചതിനും കലിംഗപൂരി രാജ്യത്തെ വഞ്ചിച്ചതിനും റാണയോടു പ്രതികാരം ചെയ്യുന്നതാണെന്നു പ്രഖ്യാപിച്ചു. കോട്ടൈപട്ടണത്തുവച്ച് റാണയും സെങ്കോടകനും അവരുടെ പഴയ സൗഹൃദം പുതുക്കുന്നു. സെങ്കോടകൻ റാണയെ ഋഷികോടകനു പരിചയപ്പെടുത്തുകയും റാണയെ കണ്ടയുടനേ അയാൾ പെട്ടെന്നു ജാഗരൂകനാകുകുയും ചെയ്യുന്നു. റാണ തന്റെ ഇളയ സഹോദരിയായ യമുനാ ദേവിയുമായി (രുക്മിണി വിജയകുമാർ) പുനസമാഗമം നടത്തി. അവൾ അയാളെ ചെറുപ്പകാലത്തു മാത്രം കണ്ടിട്ടുള്ളൂ. അവരുടെ അമ്മാവനാണ് (നാഗേഷ്) ആണ് അവളെ വളർത്തിയത്. തന്റെ മാതാവ് യാഘവി (ശോഭന) മരിച്ചുപോയതായും സഹോദരൻ സേനയെ കാണാതെ പോയതായും റാണ മനസ്സിലാക്കുന്നു. സഹോദരി യമുനയും സെങ്കോടകനും തമ്മിൽ അനുരാഗത്തിലാണെന്ന വിവരവും റാണ മനസ്സിലാക്കി. അവരുടെ ബന്ധത്തെ അയാൾ അനുകൂലിക്കുകയും വിവാഹത്തിനു സമ്മതിക്കുകയും ചെയ്തു. അതേസമയംതന്നെ ബുദ്ധിപൂർവ്വം രാജാവിന്റെ പുത്രൻ, യമുനയേപ്പോലെ ഒരു സാധാരണക്കാരിയെ വിവാഹം കഴിക്കാൻ ഉറപ്പിച്ച വിവരം ഋഷികോടകനെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഇതേസമയം, റാണ തന്റെ ബാല്യകാല സുഹൃത്തും ഋഷികോടകന്റെ പുത്രിയുമായ രാജകുമാരി വദനദേവിയുമായി (ദീപിക പാദുക്കോൺ) പ്രണയത്തിലായി
വൈകാതെ തന്നെ സെങ്കോടകനും യമുന വിവാഹിതരാകുന്നു. വിവാഹം നടക്കുന്ന സമയം വധു രാജകുടുംബത്തിൽനിന്നുള്ളതല്ലായെന്നു മനസ്സിലാക്കിയ ഋഷികോടകൻ യമുനയെ വിവാഹം കഴിക്കുന്നതിൽനിന്നും പുത്രനെ വിലക്കുന്നു. അക്ഷോഭ്യനായി സെങ്കോടകൻ യമുനയുമായി കൊട്ടാരംവിട്ടുപോകുന്നു. അന്നുരാത്രി വൈകി, പൊയ്മുഖം ധരിച്ച ഒരുവൻ കൊട്ടാരത്തിൽ അതിക്രമിച്ചു കടക്കുകയും ഋഷികോടകനെ വധിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ വദന അയാളെ പിന്തുടരുകയും പോരാട്ടം നടത്തി അവനെ പിടിച്ചുകെട്ടുകയും ചെയ്യുന്നു. ഋഷികോടകൻ അയാളുടെ മുഖംമുടി വലിച്ചുമാറ്റുകയും അത് റാണയാണെന്നു ബോധ്യപ്പെട്ടതോടെ ഉടനടി ജയിലിലേയ്ക്കു തള്ളുകയും മരണശിക്ഷ വിധിക്കുകയും ചെയ്യുന്നു. തകർന്നു പോയ വദന, റാണയെ പാർപ്പിച്ചിരുന്ന തടവറയിലെത്തി കാരണമന്വേഷിക്കുയും താൻ ഋഷികോടകനെ വധിക്കുവാൻ താൻ ശ്രമിച്ചതിന്റെ കാരണം അയാൾ അവളോടു പറയുന്നു.
വർഷങ്ങൾക്കുമുൻപ് കൊട്ടൈപട്ടണത്തിന്റെ മുൻ കമാൻഡർ ഇൻ ചീഫായിരുന്ന കൊച്ചടിയാന്റെ ഇളയമകനായിരുന്നു റാണ.കൊച്ചടിയാൻ തന്റെ ധീരതയുടെപേരിൽ കൊട്ടൈപട്ടണത്തിലെ ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു വ്യക്തിയായിരുന്നു. അയാൾ ഋഷികോടകനേക്കാൾ ജനകീയനുമായിരുന്നു. ഇതിനാൽ ഋഷികോടകൻ കൊച്ചടിയാനോടു അസൂയയും വിദ്വേഷവുമള്ളവനായി മാറി. ഒരു രാത്രി, കൊച്ചടിയാൻ രാജ്യത്തിനുവേണ്ടി കുതിരകളേയും വെടിക്കോപ്പുകളും വാങ്ങിച്ചതിന് ശേഷം കൊട്ടൈപട്ടണിലേയ്ക്കു കപ്പലിൽ സഞ്ചരിക്കവേ, കലിംഗ പുരിയിലെ എതിരാളി സൈന്യം അവരെ ആക്രമിച്ചു. കൊച്ചടിയാൻ അവരെ പരാജയപ്പെടുത്തുന്നു, പക്ഷേ അവരുടെ ശൗര്യത്തെ മാനിച്ച് സ്വരാജ്യത്തേയ്ക്കു മടങ്ങിപ്പോകുവാൻ അവരെ അനുവദിക്കുന്നു. എങ്കിലും, കലിംഗപുരി സേന, പോകുന്നതിനു മുമ്പ് കപ്പലിലുണ്ടായിരുന്ന ഭക്ഷണത്തിൽ വിഷം കലർത്തുന്നു. കൊട്ടൈപട്ടണ സൈന്യം ഈ ആഹാരം കഴിക്കുകയും എല്ലാവരും രോഗാതുരരാകുകയും ചെയ്യുന്നു.
കലിംഗപൂരി സേനയിൽ വഞ്ചിതായ വിവരം അറിഞ്ഞിട്ടുപോലും കൊച്ചടിയാൻ ഉടൻ തന്നെ കലിംഗാപുരിയിലേക്കുതന്നെ പോവാൻ തയ്യാറാവുകയായിരുന്നു, കാരണം രോഗം ബാധിച്ചു മരിച്ചുകൊണ്ടിരിക്കുന്ന പട്ടാളക്കാർക്കു മരുന്നുകൾ നൽകാൻ മതിയായ അടുത്തുള്ള ഏക ഭൂപ്രദേശം അതു മാത്രയായിരുന്നു. തന്റെ സൈനികർക്ക് വൈദ്യസഹായം നൽകാൻ രാജാ മഹേന്ദ്രനോട് അദ്ദേഹം നിർദ്ദേശിക്കുന്നു. രാജ മഹേന്ദ്രൻ, കൌശലപൂർവ്വം ഒരു നിബന്ധന വയ്ക്കുന്നു. തന്റെ ആളുകളെ രക്ഷിക്കാൻ കൊച്ചടിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ കലിംഗാപുരിയിലേയ്ക്കുള്ള എല്ലാ കുതിരകളെയും വെടിക്കോപ്പുകളും അതോടൊപ്പം രോഗംബാധിച്ച പട്ടാളക്കാരെ അടിമകളായും കലിംഗപുരിയിൽ ഉപേക്ഷിക്കണമെന്ന നിബന്ധനയാണ് അയാൾ കൊച്ചടിയാനുമുന്നിൽ വച്ചത്. ഇതു കൊച്ചടിയാൻ അംഗീകരിച്ചാൽമാത്രമേ രോഗം ബാധിച്ച പട്ടാളക്കാർക്കു ചികിത്സ നൽകി അവരെ ജീവിതത്തിലേയ്ക്കു തിരിച്ചുകൊണ്ടുവരികയുള്ളൂ. ഈ ആളുകൾ വിഷം ബാധിച്ചു മരിക്കുന്നതിനേക്കാൾ ഭേദം അടിമകളായി ജീവിക്കുകയാണെന്നും സമീപകാലത്ത് ഒരു യുദ്ധമുണ്ടാകുകയാണെങ്കിൽ ഇവരെ എളുപ്പത്തിൽ രക്ഷപെടുത്താമെന്നും കൊച്ചടിയാൻ ചിന്തിക്കുന്നു. അതുകൊണ്ട് രാജാ മഹേന്ദ്രന്റെ വാഗ്ദാനം അദ്ദേഹം സ്വീകരിക്കുകയും കലിംഗപൂരിയിൽനിന്ന് ഏകനായി തിരിച്ചുപോകുകയും ചെയ്യുന്നു. കൊട്ടൈപട്ടണത്തിൽ അദ്ദേഹം തിരിച്ചെത്തിയപ്പോൾ അസൂയമൂത്ത ഋഷികോടകൻ ഈ അവസരം മുതലെടുക്കുകയും കൊച്ചടിയാന്റെ എല്ലാ ആദരവും അന്തസ്സും അടിച്ചമർത്തുകയും തന്റെ സൈന്യത്തേയും കുതിരകളേയും വെടിക്കോപ്പുകളും കലിംഗപുരിക്കു സമ്മാനിച്ച് കൊട്ടൈപട്ടണത്തെ ഒറ്റുകൊടുത്ത ഒരു ചതിയാനായി ചിത്രീകരിച്ച് അദ്ദേഹത്തെ വധശിക്ഷക്കു വിധിക്കുകയും ചെയ്തു. ജനങ്ങളെല്ലാം അദ്ദേഹത്തെ മരണശിക്ഷക്കു വിധിച്ചതിൽ അന്ധാളിച്ചുപോയി. അദ്ദേഹത്തിൻറെ പത്നി യാഘവി ഈ അനീതികൾക്കായി ഋഷികോടകനെ പരസ്യമായി ശാസിക്കുകയും കുറ്റപ്പെടുത്തുകപോലും ചെയ്തുവെങ്കിലും ഋഷികോടകൻ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. പിറ്റേന്നു രാവിലെ റാണയുടെ കൺമുന്നിൽവച്ച് കൊച്ചടിയാനെ വധശിക്ഷക്കു വിധേയനാക്കി.
തന്റെ പിതാവിനെ അന്യായമായി കൊലപ്പെടുത്തിയതിനു പ്രതികാരം ചെയ്യുവാനുള്ള ശക്തി സംഭരിക്കുന്നതിനും കൊട്ടൈപട്ടണത്തിലെ ഭടന്മാരെ ശത്രുരാജ്യത്തിൽനിന്നു മോചിപ്പിക്കുന്നതിനുമായിട്ടാണു താൻ കലിംഗപൂരിയിലേക്ക് ഓടിപ്പോയതെന്ന് റാണ വദനയോടു മൊഴിയുന്നു. തന്റെ പിതാവിന്റെ ദുഷ്പ്രവർത്തനങ്ങളെക്കുറിച്ച് കേട്ടതോടെ അവൾ ഖിന്നയായി. എന്നിരുന്നാലും റാണയുമായി അവൾ വീണ്ടും അനുരഞ്ജനത്തിലായി. പിന്നീട് റാണയെ മോചിപ്പിക്കാൻ അവൾ പിതാവിനോട് കേണപേക്ഷിച്ചുവെങ്കിലും പ്രയോജനമുണ്ടായില്ല. ഇതേസമയം റാണ ജയിലിൽനിന്നു രക്ഷപെടുന്നു. റാണയുടെ രക്ഷപ്പെടലിനെക്കുറിച്ചു മനസ്സിലാക്കിയ ഋഷികോടകൻ ജ്യോത്സ്യനോടൊപ്പം കൂടിയാലോചന നടത്തുകയും റാണയുടെ കാരുണ്യത്തിലാണു തന്റെ ജീവൻ എന്നതു മനസ്സിലാക്കുകയും ചെയ്യുന്നു. അയാൾ ഉടനടി വദനയുടെ വിവാഹം വീര മഹേന്ദ്ര രാജകുമാരനുമായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ചെയ്യുന്നു. കൊട്ടൈപട്ടണത്തിനും കലിംഗാപുരിനും ഇടയിൽ ശത്രുതയുണ്ടെങ്കിലും, ഒരു കൂട്ടുകെട്ടിലൂടെ ഇരുകൂട്ടർക്കും റാണയോടുള്ള വിദ്വേഷം തീർക്കുന്നതിനും അയാളെ അമർച്ച ചെയ്യുന്തിനും ഈ വിവാഹത്തിലൂടെ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് അയാൾ ഈ വിവാഹം ഏർപ്പെടുത്തിയത്.
കല്യാണ ദിവസത്തിൽ ചടങ്ങു നടക്കുന്നതിനു തൊട്ടുമുമ്പ് റാണാ എത്തുന്നു. റാണയും കോട്ടൈപട്ടണത്തിലെ ജനങ്ങളും റിഷികോടകനെ ശകാരിക്കുകയും സ്വകാര്യ നേട്ടങ്ങൾക്കായി രാജ്യത്തെ മുഴുവനായി ശത്രുരാജ്യത്തിലെ രാജാ മഹേന്ദ്രന് അടിയറവച്ച ഒരു രാജ്യദ്രോഹിയായി മുദ്രകുത്തുകയും ചെയ്യുന്നു. ഋഷികോടകൻ വർഷങ്ങൾക്കുമുമ്പ് കൊച്ചടിയാനിൽ ആരോപിച്ച അതേ ആരോപണങ്ങളായിരുന്നു ഇത്. ഇതിനെത്തുടർന്ന് റാണയും കോട്ടൈപട്ടണത്തിലേയും കലിംഗപൂരിയിലേയും സംയുക്ത സൈന്യവുമായി ഒരു യുദ്ധം തുടങ്ങി. രണ്ടു രാജ്യങ്ങളുടെയും സൈന്യത്തെ കീഴടക്കാനും, കൊട്ടൈപട്ടണത്തിന്റെ സേനയിൽ ഭൂരിഭാഗത്തേയും തന്റെ വരുതിയിലാക്കുന്നതിനും റാണക്കു സാധിച്ചു. റാണ, രാജാ മഹേന്ദ്രനെ വധിക്കുകയും പരാജിതനായ വീര മഹേന്ദ്രനെ സ്വരാജ്യത്തേക്കു തിരിച്ചുപോകാൻ അനുവദിച്ചതോടൊപ്പം അവരുടെ സൗഹൃദത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുകയും ചെയ്തു. പിന്നീട് ഋഷികോടകനെതിരെ പോരാടി അയാളെ ശിരച്ചേദം ചെയ്യന്നു.
അവസാനമായി, റാണയും വദനയും പുനസമാഗമം നടത്തുന്നു. ഒരു യുവ സൈനികൻ കുതിരയോടിച്ചുകൊണ്ട് അവരുടെ അടുത്തേയ്ക്കു വരുന്നു. ഈ പട്ടാളക്കാരൻ റാണയുടെ ഇരട്ടസഹോദരൻ സേനയാണെന്ന് വെളിവാക്കപ്പെട്ടു. അദ്ദേഹം അത്യന്തം രോഷാകുലനാണെന്നു തോന്നി. പിതാവ് രാജാവിനെ സംരക്ഷിക്കുവാൻ ആവശ്യപ്പെട്ടിരുന്നതിനെതിരെ, റാണ അദ്ദേഹത്തെ കൊലപ്പെടുത്തിയതു സേനയെ രോഷാകുലനാക്കുകയും ഒരു യുദ്ധം സമാഗതമാണെന്നു സൂചിപ്പിക്കപ്പെടുകയും ചെയ്യുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- രജനീകാന്ത് - കൊച്ചടിയാൻ, രണധീരൻ (റാണ), സേനധീരൻ (സേന)[7]
- ദീപിക പദുകോൺ - വന്ദന രാജകുമാരി
- രുക്മിണി വിജയകുമാർ - യമുന ദേവി
- ശോഭന - യാഘവി മഹാദേവകി രാജകുമാരി
- ജാക്കി ഷ്രോഫ് - രാജാ മഹേന്ദ്രൻ
- നാസർ - റിഷിക്കോടഗൻ
- ആർ. ശരത്കുമാർ - സെങ്കോടകൻ
- ആദി - വീര മഹേന്ദ്രൻ (Voice dubbed by [./https://en.wikipedia.org/wiki/Magadheera Kadhir])
- നാഗേഷ് - രജനീകാന്തിൻറെ അമ്മാവൻ
- ഷണ്മുഖരാജൻ - ദേവദേവൻ
- രമേഷ് ഖന്ന - നാഗേഷ്
- സൌന്ദര്യ രജനീകാന്ത് (Special appearance in "Engae Pogutho Vaanam")
അവലംബം
[തിരുത്തുക]- ↑ "Arts / Cinema : Making the cut and how!". The Hindu. 15 സെപ്റ്റംബർ 2012. Archived from the original on 19 ഒക്ടോബർ 2012. Retrieved 8 സെപ്റ്റംബർ 2013.
- ↑ 2.0 2.1 "Now, Kochadaiyaan producers in financial tangle". The Hindu. 27 December 2014. Archived from the original on 30 March 2016.
- ↑ "'Kochadaiiyaan' is here!". The Hindu. 8 സെപ്റ്റംബർ 2013. Archived from the original on 9 സെപ്റ്റംബർ 2013. Retrieved 8 സെപ്റ്റംബർ 2013.
- ↑ "Kollywood filmmakers opt for classical words for film titles". The Times of India. 3 സെപ്റ്റംബർ 2013. Archived from the original on 3 സെപ്റ്റംബർ 2013. Retrieved 8 സെപ്റ്റംബർ 2013.
- ↑ KOCHADAIIYAAN – BBFC Archived 11 മേയ് 2018 at the Wayback Machine
- ↑ The London Session Orchestra Archived 3 മാർച്ച് 2014 at the Wayback Machine Discogs Retrieved 5 June 2014.
- ↑ "Kids only after delivering Kochadaiyaan". The New Indian Express. 10 മാർച്ച് 2014. Archived from the original on 22 മാർച്ച് 2014.