കോവുണ്ണി നെടുങ്ങാടി
സംസ്കൃത പണ്ഡിതനും 'കേരളകൗമുദി' എന്ന മലയാള വ്യാകരണ കൃതിയുടെ രചയിതാവുമാണ് കോവുണ്ണി നെടുങ്ങാടി (30 ആഗസ്റ്റ് 1830 - 26 നവംബർ 1889).
ജീവിതരേഖ
[തിരുത്തുക]ബ്രിട്ടിഷ് മലബാർ ജില്ലയിലെ വള്ളുവനാട് താലൂക്കിൽ മുള്ളത്ത് രാരിച്ചൻവെള്ളോടിയുടെയും കുഞ്ചിക്കോവിലമ്മയുടെയും മകനായി 1830 ആഗസ്റ്റ് 30നു ജനിച്ചു. മദ്രാസ് പ്രസിഡൻസി കോളേജു്, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച നെടുങ്ങാടി, പിന്നീട് അഭിഭാഷകവൃത്തിയിലേക്ക് തിരിഞ്ഞു. വടക്കൻ പറവൂരിലും ആലുവയിലും തിരുവനന്തപുരത്തും ജില്ലാ കോടതിയിൽ സർക്കാർ വക്കീലായിരുന്നു. കൊല്ലം 1055-ൽ തിരുവിതാംകൂർ സർക്കാർ ജോലിയിൽനിന്നും പിരിഞ്ഞതിനുശേഷം കവളപ്പാറയിൽ സംസ്കൃതാദ്ധ്യാപകനായി.[1]
കേരളകൗമുദി വ്യാകരണം
[തിരുത്തുക]സംസ്കൃതത്തിലെ പാണിനീസൂത്രങ്ങൾ, തമിഴിലെ നന്നൂൽ, മലയാളത്തിലെ പരമ്പരാഗതഭാഷാരയോഗങ്ങൾ ഇവയെ ഏകോപിച്ച് തയ്യാറാക്കിയ കേരളകൗമുദി വ്യാകരണത്തിന്റെ രചന 1875 ൽ പൂർത്തിയാക്കി. കൂനമ്മാവിലെ അച്ചുകൂടത്തിലാണിത് അച്ചടിച്ചത്. 550 പ്രതികളായിരുന്നു ആദ്യം അച്ചടിച്ചത്. 1930 ൽ രണ്ടാം പതിപ്പിറങ്ങി. ഇത് കോഴിക്കോട് രാമകൃഷ്ണ അച്ചുകൂടത്തിലാണ് അച്ചടിച്ചത്.1 ക 4 അണയായിരുന്നു വില. രണ്ടാമത് ഇറങ്ങിയ 300 പ്രതികൾ മുന്നൂറു രൂപയ്ക്ക് തിരുവിതാംകൂർ സർക്കാർ വിലയ്ക്ക് വാങ്ങി.[2]
കൃതികൾ
[തിരുത്തുക]കോവുണ്ണി നെടുങ്ങാടിയുടെ നിലപാടുകൾ
[തിരുത്തുക]- കേരളകൗമുദിയിലെ ആമുഖശ്ലോകം പരിഗണിച്ച് ഭാഷോല്പത്തി സംബന്ധിച്ച കോവുണ്ണി നെടുങ്ങാടിയുടെ കാഴ്ചപ്പാടിനെ സംസ്കൃതജന്യവാദമായി തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിലും, യഥാർത്ഥത്തിൽ അദ്ദേഹം സംസ്കൃത-തമിഴ് ഭാഷകളുടെ സംഗമത്തിൽനിന്നാണ് മലയാളത്തിന്റെ ഉദ്ഭവമെന്ന അഭിപ്രായക്കാരനാണ്. കേരളകൗമുദിയിൽ അദ്ദേഹം "ആര്യദ്രാവിഡ വാഗ്ജാതാ കേരളീയോക്തികന്യകാ" എന്ന് ഈ വസ്തുത വ്യക്തമാക്കുന്നുണ്ട്. “നമ്പൂതിരിമാരുടെ സംസ്കൃതവും ദ്രാവിഡരുടെ തമിഴും കലർന്ന് നമ്മുടെ ഈ മണിപ്രവാളം ഉണ്ടായി.” എന്ന് അദ്ദേഹം ഇക്കാര്യം വ്യാഖ്യാനിക്കുകയും ചെയ്യുന്നു. "സംസ്കൃതോച്ചാരണം പ്രായഃ സംസ്കൃതം കേരളീയോക്തിയിൽ എങ്കിലും താവഴിക്കത്രേ തങ്കലേ രീതിയൊക്കയും" എന്നും, അതായത്, "ഉച്ചാരണംകൊണ്ട് സംസ്കൃതത്തോട് അധികം ചേർച്ചയുണ്ടായാലും ഭാഷയുടെ രീതിയും മറ്റും തമിഴ്‌മുറയ്ക്കുതന്നെയെന്നതിന് യാതൊരു സംശയവും ഇല്ലതാനും" എന്നും അദ്ദേഹം പറയുന്നു. സംസ്കൃതത്തെ മലയാളഭാഷയുടെ പിതാവും ദ്രാവിഡത്തെ മാതാവുമായാണ് അദ്ദേഹം കല്പിക്കുന്നത്.[3]
- തമിഴിൽ 'മാത്ര' എന്ന് അർഥമുള്ള 'അചൈ' എന്ന ശബ്ദത്തിന് പ്രാചീന മലയാളത്തിലുള്ള തത്സമം. തമിഴ് വൃത്തശാസ്ത്രമനുസരിച്ച് ലഘുമാത്രകൾ നിറഞ്ഞതിനു 'നേരശൈ' എന്നും ഗുരുമാത്രകൾക്ക് 'നിരയശൈ' എന്നും പറഞ്ഞുവരുന്നു. 'അശ താൻ നേരു നിരയു-മേശാം ലഘുഗുരുക്കളിൽ' എന്ന് കേരളകൗമുദി എന്ന ശാസ്ത്രകൃതിയിൽ കോവുണ്ണി നെടുങ്ങാടി പ്രസ്താവിച്ചിട്ടുണ്ട്.