കോൺസുലേറ്റ് ഭരണം(ഫ്രാൻസ്)
ഫ്രഞ്ചു കോൺസുലേറ്റ് Consulat français | |
---|---|
പ്രഥമ ഫ്രഞ്ചു റിപബ്ലിക് | |
ചരിത്രം | |
തുടങ്ങിയത് | 10 November 1799 |
അവസാനിപ്പിച്ചത് | 18 May 1804 |
Preceded by | ഡയറക്റ്ററി ഭരണം |
Succeeded by | പ്രഥമ ഫ്രഞ്ചു സാമ്രാജ്യം ചക്രവർത്തി നെപ്പോളിയൻ ബോണപ്പാർട്ട് |
Part of a series on the |
---|
France പ്രദേശത്തിന്റെ ചരിത്രം |
ഫ്രാൻസിൽ 1799 മുതൽ 1804 വരെ നിലനിന്ന ഭരണ സംവിധാനമാണ് കോൺസുലേറ്റ് (Consulate) . അഞ്ചു വർഷത്തെ ഈ കാലയളവിൽ ഫ്രഞ്ച് രാഷ്ട്രീയരംഗത്ത് ഭരണത്തലവനെന്ന നിലയിലും സൈനികമേധാവിയെന്ന നിലയിലും നെപോളിയൻ വ്യക്തിമുദ്ര പതിപ്പിക്കുകയും ജനഹിതത്തിലൂടെത്തന്നെ ഫ്രഞ്ചു ചക്രവർത്തിയായി സ്ഥാനാരോഹണം നടത്തുകയും ചെയ്തു.
പശ്ചാത്തലം
[തിരുത്തുക]ഏറെ രക്തച്ചൊരിച്ചിലുണ്ടാക്കിയ ഭീകരവാഴ്ചക്കുശേഷം അഞ്ചംഗ ഡയറക്റ്ററി അധികാരത്തിൽ വന്നു. വിപ്ലവത്തിന് പരിപൂർണ നേതൃത്വം നല്കിയ ഷീയെസും ബറാസ്സുമായിരുന്നു ഇവരിൽ മുഖ്യർ. ഗില്ലോട്ടിൻ അപ്രത്യക്ഷമായെങ്കിലും രാജ്യത്ത് അരക്ഷിതാവസ്ഥ നടമാടി. മാത്രമല്ല, ഫ്രാൻസിന്റെ സാമ്പത്തികസ്ഥിതി വളരെ പരിതാപകരമായ നിലയിലായിരുന്നു.[1]. രൂക്ഷമായ അഭിപ്രായഭിന്നത ജനപ്രതിനിധികളെ വ്യത്യസ്ത വിഭാഗങ്ങളാക്കി വേർതിരിച്ചു. രാജപക്ഷീയരായ വലതുപക്ഷവും ജനപക്ഷീയരായ ഇടതു പക്ഷവും അവർക്കിടയിൽ മിതവാദികളുമായി പിളർന്ന ജനപ്രതിനിധികൾ രണ്ടു മണ്ഡലങ്ങളിലേയും പ്രവർത്തനം സ്തംഭിപ്പിച്ചു.[2] രാജ്യദ്രോഹികളേയും അവരുടെ അടുത്തബന്ധുക്കളേയും തെരഞ്ഞു പിടിച്ച് തടവിലെടുക്കാനോ, രാജ്യഭ്രഷ്ട് കല്പിക്കാനോ ഉള്ള നിയമം(Loi des otages- Law of Hostages) പ്രാബല്യത്തിൽ വന്നു.[3] ഡയറക്റ്ററിയെ എതിർക്കുന്നവരേയാണ് മുഖ്യമായും ഈ നിയമം ലക്ഷ്യമിട്ടത്. ഇത് ജനരോഷത്തിനും ആഭ്യന്തരകലാപങ്ങൾക്കും വഴിവെച്ചു.ഇതിനിടെ അയൽരാജ്യങ്ങളും ഫ്രാൻസിനെ ആക്രമിക്കാൻ മുതിർന്നു. വിദേശീയാക്രമണങ്ങൾ എങ്ങനെ നേരിടേണം എന്നതിനെപ്പറ്റിയും ജനപ്രതിനിധികൾക്ക് ഒരു തീരുമാനത്തിൽ എത്താനായില്ല. രണ്ടു മണ്ഡലങ്ങളും പിരിച്ചു വിടാതെ ഭരണം തുടരാനാവില്ലെന്ന നില വന്നു. നിലവിലുണ്ടായിരുന്ന ഭരണഘടനക്ക് വിരുദ്ധമായ ഇത്തരമൊരു രാഷ്ട്രീയ അട്ടിമറിക്ക് സൈനികസഹായം അത്യന്താപേക്ഷിതമായിരുന്നു[4]. സർവസമ്മതനായ സൈന്യാധിപൻ നെപോളിയൻ ആകസ്മികമായി ഈജിപ്തിൽ നിന്ന് തിരിച്ചെത്തിയത് ഡയറക്റ്ററി അംഗങ്ങൾക്ക് ഏറെ ആശ്വാസമേകി. സീയെസിന്റേയും ബറാസ്സിന്റേയും[5] ലക്ഷ്യമാർഗങ്ങൾ വ്യത്യസ്തമായിരുന്നു. വ്യക്തമായ രാഷ്ട്രീയ വീക്ഷണങ്ങളുണ്ടായിരുന്ന ഷീയെസിന്റെ പദ്ധതിക്കാണ് നെപോളിയൻ പിന്തുണ നല്കിയത്[6]. ബ്രൂമേർ 18-19-നു ഗൂഢാലോചന നടപ്പാക്കപ്പെട്ടു. തങ്ങളുടെ പദ്ധതിയെ പിന്തുണക്കുമെന്ന് ഉറപ്പുള്ള അംഗങ്ങളെ മാത്രം നിയമസഭകളിലേക്ക് വിളിച്ചു വരുത്തി; ഭരണഘടന റദ്ദാക്കിയതായും ഡയറക്റ്ററിയും നിയമസഭകളും പിരിച്ചു വിട്ടതായും നെപോളിയനും ഷീയെസും ഡൂക്കോസുമടങ്ങിയ മൂന്നംഗ താത്കാലിക കൗൺസുലേറ്റ് ഭരണമേറ്റതായുമുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായി[7] രാജ്യത്തിനകത്തും പുറത്തുമുള്ള ഭീഷണികളെ സമഗ്രമായി നേരിടാനും ഫ്രാൻസിന്റെ അഖണ്ഡതയും സുരക്ഷയും ഉറപ്പു വരുത്താനുമായിട്ടാണ് ഈ നടപടിയെന്ന് നെപോളിയൻ ജനങ്ങളെ ഉണർത്തിച്ചു[8],[9]
താത്കാലിക കോൺസുലേറ്റ്
[തിരുത്തുക]മൂന്നംഗ താത്കാലിക കോൺസുലേറ്റ് ഉടനടി അധികാരമേറ്റു. പുതിയൊരു ഭരണഘടന എഴുതിയുണ്ടാക്കുന്ന ചുമതല ഷീയെസിനും, ഭരണനിർവഹണം നെപോളിയനുമായിരുന്നു[10], [11]. ഭരണാധികാരിയെന്ന നിലക്ക് നെപോളിയൻ ഉടനടിയായി ചെയ്തത് തങ്ങൾക്ക് അനുകൂലരായി നിന്ന പഴയ നിയമസഭാംഗങ്ങളെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേക്ക് കോൺസുലേറ്റിന്റെ വക്താക്കളായി ജനസമ്പർക്കത്തിനു പറഞ്ഞയക്കുക എന്നതായിരുന്നു[12]. മറ്റൊന്ന് അനധികൃതമായ തടവിലെടുക്കൽ/നാടുകടത്തൽ നിയമം നിരുപാധികം പിൻവലിക്കുക എന്നതും. എന്നാൽ തീവ്രവിപ്ലവകാരികളിൽ ചെലരെ നാടുകടത്തിയെന്നും സൂചനകളുണ്ട്.[13],[14].മതസഹിഷ്ണുതയുടെ ഭാഗമായി നിവോസ് 9-ന് (ഡിസമ്പർ 30) പുറപ്പെടുവിച്ച ഉത്തരവുപ്രകാരം വാലെൻഷ്യയിലെ ക്രൈസ്തവപുരോഹിതൻ പയസ് ആറാമനെ മതവിധികൾ പ്രകാരം അടക്കം ചെയ്യാനുള്ള അനുമതി നല്കപ്പെട്ടു.[15].
നെപോളിയന്റെ അടിയന്തരശ്രദ്ധ പതിഞ്ഞ മറ്റൊരു കാര്യം ഫ്രാൻസിന്റെ സമ്പദ്വ്യവസ്ഥയായിരുന്നു. റൊക്കം പണത്തിനു പകരം Assignat എന്നപേരിലുള്ള വായ്പാപത്രങ്ങളാണ് പ്രചാരത്തിലുണ്ടായിരുന്നത്. സൈനികർക്കും മറ്റുദ്യോഗസ്ഥർക്കും വർഷങ്ങളായി ശമ്പളം ലഭിച്ചിരുന്നില്ല. കൈവശാവകാശ റജിസ്റ്ററുകൾ പുതുക്കാത്തതിനാൽ ഭൂനികുതി ഈടാക്കുന്നതിലും കനത്ത വീഴ്ച പറ്റിയിരുന്നു. ധനകാര്യവകുപ്പ് ഏറ്റെടുത്ത ഗൂഡിൻ ഉടനടി സ്ഥാവരജംഗമസ്വത്തുക്കളുടെ കൈവശാവകാശരേഖകൾ പുതുക്കാനും നികുതി ഈടാക്കാനുമുള്ള സംരംഭങ്ങൾക്ക് നേതൃത്വം നല്കി [16]
ഭരണസംവിധാനം വിപ്ലവ വർഷം VIII
[തിരുത്തുക]സീയെസിന്റെ രൂപരേഖ
[തിരുത്തുക]ജനങ്ങളെ മുതലെടുക്കുന്ന നേതാക്കളേയും സ്വേച്ഛാധിപതികളേയും അകറ്റിനിർത്തുന്ന ഒരു വ്യവസ്ഥയാണ് ഷീയെസ് വിഭാവനം ചെയ്തത്[17]. ജനങ്ങളുടെ വിശ്വാസം സമൂഹത്തിന്റെ അടിത്തട്ടിൽ നിന്ന് മുകളിലോട്ടും അധികാരം മുകളിൽ നിന്നു താഴോട്ടും പ്രവഹിക്കണമെന്ന തത്ത്വത്തിലൂന്നിയ ഷീയെസിന്റെ പിരമിഡിയൻ ഭരണസംവിധാനത്തിൽ[18] പലയിടത്തും നിബന്ധനകളും നിയന്ത്രണങ്ങളും ഉണ്ടായിരുന്നു. ഈ ഘടനയനുസരിച്ച് ഫ്രാൻസ് തദ്ദേശ-പ്രാദേശിക-ദേശീയ തലങ്ങളിൽ നിയോജക മണ്ഡലങ്ങളായി വിഭാഗീകരിക്കപ്പെട്ടു. ഇരുപത്തിയൊന്നു വയസ്സുള്ള പുരുഷന്മാർക്ക് വോട്ടവകാശം ലഭിച്ചു. അന്നത്തെ ജനസംഖ്യാ കണക്കനുസരിച്ച് വോട്ടർമാരുടെ എണ്ണം ഏതാണ്ട് 50 ലക്ഷമായിരുന്നു[18]. പ്രാഥമിക തെരഞ്ഞെടുപ്പിൽ ഈ 50 ലക്ഷം പേർ തദ്ദേശ തലത്തിൽ തങ്ങളുടെ ഇടയിൽ നിന്ന് 5 ലക്ഷം പേരേയും, രണ്ടാം ഘട്ടത്തിൽ ഈ 5 ലക്ഷം പേർ പ്രാദേശിക തലത്തിൽ അമ്പതിനായിരം പേരേയും മൂന്നാം ഘട്ടത്തിൽ ഈ അമ്പതിനായിരം പേർ തങ്ങളിൽ നിന്ന് അയ്യായിരം പേരെ ദേശീയതലത്തിലേക്കും തെരഞ്ഞെടുക്കും. ഇവർ യഥാക്രമം തദ്ദേശ, പ്രാദേശിക, ദേശീയ തലത്തിൽ ശ്രദ്ധേയർ (Notables) എന്ന് അറിയപ്പെടും. അതതു തലങ്ങളിലെ ഉദ്യോഗസ്ഥർ തത്തുല്യ പട്ടികകളിൽ നിന്നു തെരഞ്ഞെടുക്കപ്പെടും.[19].
നിയമനിർമ്മാണം(ലെജിസ്ലേറ്റീവ്)- നിയമസഭാംഗങ്ങൾ ദേശീയതലത്തിലുള്ള പട്ടികയിൽ നിന്നാവും തെരഞ്ഞെടുക്കപ്പെടുക. നിയമസഭക്ക് രണ്ടു മണ്ഡലങ്ങളുണ്ടായിരിക്കും നൂറംഗങ്ങളടങ്ങിയ ട്രിബുണാറ്റും മുന്നൂറംഗങ്ങളടങ്ങിയ ലെജിസ്ലേറ്റീവ് ബോഡിയും. ഭരണനിർവഹണവിഭാഗത്തിന്റെ (എക്സിക്യുട്ടീവ്) സമിതിയായ സ്റ്റേറ്റ് കൗൺസിൽ അവതരിപ്പിക്കുന്ന നിയമങ്ങൾ ട്രിബുണാറ്റ് അത് വിശദമായി ചർച്ച ചെയ്യും. സ്റ്റേറ്റ് കൗൺസിലിന്റേയും ട്രിബൂണാറ്റിന്റേയും മൂന്നു പ്രതിനിധികൾ ലെജിസ്ലേറ്റീവ് ബോഡിക്കു മുന്നാകെ തന്താങ്ങളുടെ വാദങ്ങൾ അവതരിപ്പിക്കും. വാദം കേട്ട് പക്ഷെ തീരുമാനമെടുക്കുക മാത്രമാണ് ലെജിസ്ലേറ്റീവ് ബോഡിയുടെ ചുമതല. ആ തീരുമാനം ഈ സഭകൾക്കൊക്കെ മുകളിലായുള്ള നൂറംഗ സെനറ്റിലെത്തും. നിയമങ്ങൾ ഭരണഘടനാവിരുദ്ധമാണെങ്കിൽ വിലക്കുകല്പിക്കാനുള്ള അധികാരം സെനറ്റിന്.[20]. സെനറ്റർമാർ തങ്ങളുടെ ഇടയിൽ നിന്ന് ഭരണത്തലവനെ നിയമിക്കും. ഭരണത്തലവനെ സ്ഥാനത്തു നിന്നും നീക്കാനുള്ള അധികാരവും സെനറ്റിന് ഉണ്ടായിരിക്കും.
ഭരണനിർവഹണം(എക്സിക്യൂട്ടീവ്)- ദേശീയതലത്തിലുള്ള പട്ടികയിൽ നിന്നാണ് ഭരണകർത്താക്കൾ തെരഞ്ഞെടുക്കപ്പെടുക. ഭരണത്തലവന് ഒരൊറ്റ ചുമതല മാത്രം. യുദ്ധകാര്യങ്ങൾക്കും സമാധാനകാര്യങ്ങൾക്കുമായി രണ്ടു മന്ത്രിമാരെ നിയമിക്കുക.നെപോളിയനേയാണ് സീയെസ് ഈ സ്ഥാനത്തു കണ്ടത്. ദേശീയ-പ്രാദേശിക-തദ്ദേശ തലങ്ങളിലെ ഉദ്യോഗസ്ഥർ അതതു പട്ടികകളിൽ നിന്ന് കീഴുദ്യോഗസ്ഥരെ നിയമിക്കും.[20].
നീതിന്യായം അതതു തലങ്ങളിലുള്ള ശ്രദ്ധേയരുടെ പട്ടികയിൽ നിന്ന് നീതിന്യായ വകുപ്പുകളിലേക്കുള്ള ഉദ്യോഗസ്ഥർ നിയമിക്കപ്പെടും. നിയമനിർമ്മാണവും ഭരണനിർവഹണവും രണ്ടു സ്വതന്ത്രശാഖകളായുള്ള ഇത്തരമൊരു സംവിധാനം കക്ഷിരാഷ്ട്രീയങ്ങൾക്കും ചേരിതിരിവുകൾക്കും അതീതമായിരിക്കുമെന്നും എല്ലാഘടകങ്ങളും ഒത്തൊരുമയോടെ പ്രവർത്തിക്കേണ്ടത് അത്യാവശ്യമായിത്തീരുമെന്നും ഷീയെസ് ദൃഢമായി വിശ്വസിച്ചു. പ്രാതിനിധ്യ ജനാധിപത്യത്തിന്റെ (Representative Democracy) ഈ രൂപരേഖ സജീവചർച്ചക്ക് വിധേയമായി. [21]
നെപോളിയന്റെ ഭേദഗതികൾ
[തിരുത്തുക]ഷീയെസിന്റെ കരടുരേഖയിലെ ഭരണത്തലവൻ പേരിനു മാത്രമാണെന്നും അത് ശരിയല്ലെന്നുമുള്ള പിടിവാദത്തിൽ നെപ്പോളിയൻ ഉറച്ചു നിന്നു.[22].പ്രതിഭാശാലിയും പ്രഗൽഭമതിയുമായ ഒരു വ്യക്തിയും അത്തരമൊരു പദവി സ്വീകരിക്കാൻ തയ്യാറാവില്ലെന്നു് നെപോളിയൻ അഭിപ്രായപ്പെട്ടു. [23]. ഒടുവിൽ ഷീയെസ് വഴങ്ങി. ഭരണത്തലവനു പകരം മുഖ്യകോൺസിലും രണ്ടു ഉപകോൺസിലുമാരും എന്ന ഭേദഗതി സ്വീകരിക്കപ്പെട്ടു. മുഖ്യകോൺസിലിന്റെ അധികാരപരിധികൾ വിപുലീകരിക്കപ്പെട്ടു. പകുതി സെനറ്റർമാരെ നാമനിർദ്ദേശം ചെയ്യാനുള്ള അധികാരം മുഖ്യകോൺസിലിനു ലഭിച്ചു, അവർ ബാക്കിയുള്ളവരെ തെരഞ്ഞെടുക്കും. തദ്ദേശ-പ്രാദേശിക-രാഷ്ട തലങ്ങളിലും ,സൈനികശ്രേണികളിലും, നീതിന്യായവകുപ്പിലും(അല്പം ചില ഭേദഗതികളോടെ) ഉദ്യോഗസ്ഥന്മാരെ നിയമിക്കാനുള്ള അധികാരമടക്കം രാഷ്ട്രത്തിന്റെ സകലചുമതലകളും മുഖ്യകൗൺസിലിൽ മാത്രം നിക്ഷിപ്തമായി.[24]. ഇതോടെ ലെജിസ്ലേറ്റീവ് ശാഖക്കുപരിയായി എക്സിക്യൂട്ടീവിന്റെ സ്ഥാനം.
മുഖ്യകോൺസിലിന് അഞ്ചുലക്ഷം ഫ്രാങ്കും, ഉപകോൺസിലുകൾക്ക് മൂന്നു ലക്ഷം ഫ്രാങ്കും വാർഷികവേതനം. ടൂയിലെറി കൊട്ടാരസമുച്ചയത്തിൽ താമസസൗകര്യവും, അംഗരക്ഷകരും. ഈ സാഹചര്യത്തിൽ നെപോളിയനു താഴെ ഉപകോൺസിൽ പദവി സ്വീകരിക്കാൻ ഷീയെസ് തയ്യാറായില്ല.[25]
.
നെപോളിയനെ മുഖ്യകോൺസിലായും കാംബസിറേസിനേയും ലെബ്രൂണിനേയും ഉപകോൺസിലുമാരായും നാമനിർദ്ദേശം ചെയ്തകൊണ്ടുള്ള ഭരണഘടനയിലെ മറ്റു ചില പ്രധാന വ്യവസ്ഥകൾ ഇപ്രകാരമായിരുന്നു. കോൺസിലുകളും ഷീയെസും ഡൂക്കോസുമടങ്ങുന്ന സമിതി, ദേശീയലിസ്റ്റിൽ നിന്ന് 31 സെനറ്റർമാരെ നാമനിർദ്ദേശം ചെയ്യും ഇവർ ബാക്കി ഇരുപത്തൊമ്പതു പേരെ തെരഞ്ഞെടുക്കും. മറ്റു രണ്ടു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള അംഗങ്ങളെ സെനറ്റ് തെരഞ്ഞെടുക്കും. കൗൺസിലുകളുടെ ഉദ്യോഗകാലാവധി പത്തു വർഷമായിരിക്കും. [26]
കോൺസുലേറ്റ് ഭരണകൂടം
[തിരുത്തുക]24 ഫ്രിമേർ വിപ്ലവവർഷം VIII-ന് (15 ഡിസമ്പർ 1799) ഭരണഘടന പ്രസിദ്ധീകരിക്കപ്പെട്ടു, വിപ്ലവവർഷം VIII നിവോസ് 4-ന് (1799, ഡിസമ്പർ 25) പുതിയ കോൺസുലേറ്റ് ഭരണഭാരമേറ്റു. പിറ്റേന്നു തന്നെ നെപോളിയൻ ഇംഗ്ലണ്ടിലേക്കും പ്രഷ്യയിലേക്കും സൗഹൃദസന്ദേശങ്ങളയച്ചു.[27]. നിവോസ് 11-ന് (1800, ജനവരി 1)ആദ്യത്തെ നിയമസഭാസമ്മേളനം നടന്നു. ഫെബ്രുവരിയിൽ നടന്ന ജനഹിതപരിശോധനയിൽ മുപ്പതുലക്ഷത്തിലധികം പേർ അനുകൂലമായും വെറും 1562 പേർ പ്രതികൂലമായും വോട്ടു ചെയ്തു. [28].
ഭരണ പരിഷ്കാരങ്ങൾ
[തിരുത്തുക]ലൂയി പതിനാറാമന്റെ ശിരഛേദദിനം (ജനവരി 21 ) ആഘോഷപൂർവം കൊണ്ടാടുന്നത് നെപോളിയൻ നിർത്തലാക്കി. ബസ്റ്റീൽ ഭേദന ദിനവും (ജൂലൈ 14 ), ഒന്നാം റിപബ്ലിക്കിനെ ജന്മദിനവും വെൻഡർമേർ 1 (സപ്റ്റമ്പർ 21/22) മാത്രമായിരിക്കും ഫ്രാൻസിന്റെ ദേശീയാഘോഷങ്ങളെന്ന് പ്രഖ്യാപിച്ചു.[15]
- പത്രങ്ങൾക്കു വിലക്ക് നിവോസ് 27, വിപ്ലവ വർഷം VIII( 1800 ജനവരി 17). രാജ്യത്തിനകത്തേയും പുറത്തേയും ശത്രുക്കൾ ജനങ്ങളെ കോൺസുലേറ്റ് ഭരണത്തിനെതിരായി പ്രകോപിപ്പിക്കുന്നതു തടയാനായി എന്ന മുഖവുരയോടെ പത്രങ്ങളുടെ മേൽ നിയന്ത്രണങ്ങളുണ്ടായി. വാർത്തകൾ അധികാരസ്ഥരുടെ നിരീക്ഷണത്തിനു വിധേയമാക്കണമെന്ന നിയമം വന്നു. [29]
- കേന്ദ്രീകൃതമായ ഭരണനിർവഹണ രീതി നടപ്പിലായി.ഇതിനു വേണ്ടുന്ന നിയമങ്ങൾ പ്ലൂവിയസ് 28-ന് (ഫെബ്രുവരി 17, 1800 ) നിയമസഭ പാസ്സാക്കി.[30]
- നീതിന്യായവകുപ്പ് അഴിച്ചു പണിയാനുള്ള നിയമങ്ങൾ വെന്റോസ് 27-(മാർച്ച് 18, 1800) നിയമസഭ പാസ്സാക്കി.[31]
- സിവിൽ നിയമങ്ങൾ സരളമായ ഭാഷയിൽ ക്രോഡീകരിക്കാനുള്ള ശ്രമം ആരംഭിച്ചു.(ഇത് മുഴുവനായത് 1804-ൽ ആണ്.)
യുദ്ധങ്ങൾ, വിജയങ്ങൾ
[തിരുത്തുക]ഓസ്ട്രിയ, പ്രഷ്യ, ബ്രിട്ടൻ എന്നീ അയൽരാജ്യങ്ങളുമായി നെപോളിയൻ സന്ധിസംഭാഷണങ്ങൾക്ക് ശ്രമിച്ചെങ്കിലും അതു സഫലമായില്ല. തുടർന്നുണ്ടായ യുദ്ധങ്ങളിൽ വിജയം ഫ്രാൻസിനായിരുന്നു. ലൂണെവിൽ[32] അമീയേ [33]എന്നീ ഉടമ്പടികളിലൂടെ ഫ്രാൻസ് അയൽരാജ്യങ്ങളുമായി സമാധാനം സ്ഥാപിച്ചു.
നെപോളിയൻ - ആജീവനാന്തം മുഖ്യകോൺസുൽ
[തിരുത്തുക]മാർപ്പാപ്പ പയസ് ഏഴാമനുമായി നടത്തിയ അനുരഞ്ജനക്കരാറിലൂടെ[34] ഫ്രാൻസിലേക്ക് ക്രിസ്തുമതം തിരിച്ചെത്തി. പക്ഷെ മതസ്ഥാപനങ്ങൾ മുഖ്യകൗൺസിലിന്റെ കടും നിയന്ത്രണത്തിനു കീഴിലായിരുന്നു.നെപോളിയന്റെ ഈ നടപടി വിപ്ലവവാദികളെ പ്രകോപിപ്പിച്ചെങ്കിലും ഭൂരിപക്ഷം നെപോളിയന്റെ കൂടെയായിരുന്നു. വിപ്ലവക്കലണ്ടറിനോടൊപ്പം ഗ്രിഗോറിയൻ കലണ്ടറും ജനങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. പ്രഗൽഭരും കാര്യപ്രാപ്തിയുള്ളവരുമായ ഫ്രഞ്ച് ഉദ്യോഗസ്ഥർക്ക് ദേശീയ തലത്തിൽ ബഹുമതികൾ (Legion of Honor) നല്കാൻ ഉത്തരവായി.[35]. ഫ്രഞ്ചുസ്കൂളുകളിലെ വിദ്യാഭ്യാസ സമ്പ്രദായം ദേശീയതലത്തിൽ ഏകീകരിക്കപ്പെട്ടു.[36]
ഹെയ്തി-സാഡോമിംഗോ ദ്വീപുകളിൽ ആധിപത്യം ഉറപ്പിക്കാനായി അടിമത്തം പുനഃസ്ഥാപിക്കാനുള്ള വിവാദാസ്പദമായ നിയമവും നിയമസഭ പാസ്സാക്കി.[37].
കോൺസുലേറ്റ് ഭരണം നടപ്പായി രണ്ടു വർഷത്തിനകം ഫ്രാൻസിനകത്തും പുറത്തും സമാധാനം നിലനിന്നു, ഫ്രാൻസിന്റെ സാമ്പത്തികനിലയും ഏറെ മെച്ചപ്പെട്ടു. ഇതെല്ലാം നെപോളിയന്റെ നേതൃത്വം കൊണ്ടാണെന്ന അഭിപ്രായം പരക്കെ പടർന്നു. നെപോളിയന്റെ ജനസമ്മതി വർദ്ധിച്ചു. പ്രത്യുപകാരമെന്ന നിലക്ക് നെപോളിയന് ആജീവനാന്തം മുഖ്യകൗൺസിൽ എന്ന സ്ഥാനം നല്കണമെന്നുമുള്ള കാംബസിറേസിന്റെ അഭിപ്രായം നിയമസഭകൾ അംഗീകരിച്ചു.[38],[39] ഭരണഘടനയിൽ ഭേദഗതികൾ ചെയ്യപ്പെട്ടു.[40]. ഇതു പ്രകാരം മുഖ്യകൗൺസിൽ സർവാധികാരിയായി.നിയമസഭകളിലേക്കും സെനറ്റിലേക്കും അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുള്ള അധികാരം മുഖ്യകൗൺസിലിൽ നിക്ഷിപ്തമായി. തദ്ദേശ-പ്രാദേശിക-ദേശീയ ലിസ്റ്റിൽ പെടാത്തവരേയും നാമനിർദ്ദേശം ചെയ്യാൻ മുഖ്യകൗൺസിലിന് അധികാരമുണ്ട്. ട്രിബൂണാറ്റും ലെജിസ്ലേറ്റീവ് ബോഡിയും നിർവീര്യമാക്കപ്പെട്ടു. 1802 ഓഗസ്റ്റിൽ ജനഹിതപരിശോധന നടന്നു.വമ്പിച്ച ഭൂരിപക്ഷത്തോടെ ജനങ്ങൾ സമ്മതി രേഖപ്പെടുത്തി. [41]
നെപോളിയനെ വധിക്കാനുള്ള ശ്രമങ്ങൾ
[തിരുത്തുക]ഫ്രാൻസിൽ രാജഭരണം പുനഃസ്ഥാപിക്കാനായി രാജപക്ഷക്കാർ(Royalists) നിരന്തരം ഗൂഢാലോചനകൾ നടത്തിയതായി സൂചനകളുണ്ട്. ഫ്രാൻസിന്റെ വർദ്ധിച്ചുവരുന്ന സൈന്യബലവും അഭിവൃദ്ധിയും കണ്ട് ആശങ്കാകുലരായ അയൽരാജ്യങ്ങൾ ഇത്തരം ഗൂഢാലോചനകൾക്ക് ഒത്താശകൾ ചെയ്തുകൊടുക്കുകയും ചെയ്തു. ചെല ഗൂഢാലോചനകളുടെ വിവരം വെളിച്ചത്താവുകയും കുറ്റവാളികൾ പിടിക്കപ്പെടുകയും ചെയ്തു. ബൂർബോൺ രാജവംശജർക്കു കൂടി പങ്കുണ്ടെന്നു പറയപ്പെട്ട മറ്റൊരു ഗൂഢാലോചന ഫ്രഞ്ചു ജനതയെ പ്രകോപിപ്പിച്ചു. ഫ്രാൻസിന്റെ രാഷ്ട്രീയസ്ഥിരതയും ഭദ്രതയും ഉറപ്പാക്കാനായി നെപോളിയൻ ചക്രവർത്തി പദം സ്വീകരിക്കണമെന്നും , നെപോളിയന്റെ സന്തതികൾക്ക് ആ അവകാശം പരമ്പരാഗതമായി ലഭിക്കണമെന്നുമുള്ള അഭിപ്രായങ്ങൾ സമൂഹത്തിൽ പരന്നു.[42]. നെപോളിയനും അത്തരമൊരു പ്രസ്താവത്തെ എതിർത്തില്ല.[43] എന്നാൽ ആജീവനാന്തം മുഖ്യകോൺസിൽ എന്നനിലക്ക് എല്ലാ അധികാരങ്ങളും നെപോളിയനിൽ നിക്ഷിപ്തമായിരിക്കെ ചക്രവർത്തിപദം ആവശ്യമില്ലെന്ന അഭിപ്രായക്കാരായിരുന്നു കാംസെറേസും കാർനോട്ടും. അവരിരുവരും ഈ പ്രമേയത്തെ അനുകൂലിച്ചില്ല.[44]. പക്ഷെ 1804 ഫ്ലോറിയാൽ13-ന് (3 മെയ് 1804) ട്രിബുണാറ്റ് ഇത്തരമൊരു പ്രമേയം അംഗീകരിക്കുകയും അടുത്ത ദിവസം തന്നെ അത് പരിഗണനക്കായി സെനറ്റിലേക്ക് അയക്കുകയും ചെയ്തു. [45]
കോൺസുലേറ്റിന്റേയും റിപബ്ലിക്കിന്റേയും അന്ത്യം
[തിരുത്തുക]വിപ്ലവവർഷം പന്ത്രണ്ട് ഫ്ലോറിയാൽ28 -ന്( മെയ് 18, 1804) ഫ്രഞ്ചുഭരണഘടന വീണ്ടും പുതുക്കിയെഴുതപ്പെട്ടു.. ഫ്രഞ്ചുറിപബ്ലിക്, ചക്രവർത്തി നെപോളിയൻ ബോണപാർട്ടിന്റെ ഫ്രഞ്ചു സാമ്രാജ്യമായി പരിണമിച്ചു. [46]
അവലംബം
[തിരുത്തുക]- ↑ ThiersI, p. 18.
- ↑ ThiersI, p. 17-18.
- ↑ Anderson, p. 267, Law of Hostages.
- ↑ Barras, p. xii.
- ↑ BarrasIV, p. xvi.
- ↑ AbbottI, p. 264.
- ↑ 18-19 Brumaire Decree
- ↑ AbbottI, p. 271.
- ↑ BourrienneI, p. 246.
- ↑ Abbott, p. 275.
- ↑ ThiersI, p. 19.
- ↑ ThiersI, p. 25.
- ↑ ThiersI, p. 54.
- ↑ BourrienneI, p. 255.
- ↑ 15.0 15.1 ThiersI, p. 55.
- ↑ ThiersI, p. 27-31.
- ↑ ThiersI, p. 39.
- ↑ 18.0 18.1 AbbottI, p. 279.
- ↑ ThiersI, p. 40.
- ↑ 20.0 20.1 ThiersI, p. 41.
- ↑ ThiersI, p. 41-45.
- ↑ ThiersI, p. 45,47.
- ↑ AbbottI, p. 278.
- ↑ ThiersI, p. 47.
- ↑ ThiersI, p. 48.
- ↑ .ഫ്രാൻസിന്റെ ഭരണഘടന-വിപ്ലവവർഷം VIII
- ↑ ThiersI, p. 57,58.
- ↑ ThiersI, p. 49.
- ↑ Anderson, p. 282, പത്രവിലക്ക്.
- ↑ Anderson, p. 283, Centralization of Administration.
- ↑ Anderson, p. 288, Law for the Reorganization of judicial system.
- ↑ Anderson, p. 290, ലൂണെവിൽ ഉടമ്പടി.
- ↑ Anderson, p. 294, അമീയേ ഉടമ്പടി.
- ↑ Anderson, p. 296,കോൺകോർദാ 1802.
- ↑ Anderson, p. 336,Legion of Honor.
- ↑ Anderson, p. 308-322, വിദ്യാഭ്യാസ സമ്പ്രദായം ഏകീകരണ നിയമങ്ങൾ.
- ↑ Anderson, p. 339,ഫ്രഞ്ചുകോളനികളിൽ അടിമത്തം.
- ↑ ThiersI, p. 401.
- ↑ Anderson, p. 323-7,ആജീവനാന്തം കൗൺസിൽ.
- ↑ Anderson & ഭരണഘടനാ ഭേദഗതികൾ, p. 327.
- ↑ ThiersI, p. 401-2.
- ↑ ThiersI, p. 582-3, 586.
- ↑ ThiersI, p. 584.
- ↑ ThiersI, p. 587-8, 592.
- ↑ ThiersI, p. 593.
- ↑ Anderson, p. 343, Senatum Consultam ഭരണഘടന, വർഷം XII.
- Abbott, Joseph S.C. (1855). History of Napoleon Bonaparte Vol.I. Harper& Brothers.
{{cite book}}
: Cite has empty unknown parameter:|1=
(help),History of Napoleon Bonaparte Vol.I - Anderson, Frank, M (1904). The Constitutions & other select documents illustrating the History of France 1789-1901. The H.S Wilson Company.
{{cite book}}
: CS1 maint: multiple names: authors list (link) The Constitutions & other select documents illustrating the History of France 1789-1901 - Barras, Paul (1896). Memoirs of Barras- Member of the Directorate- Volume III. Harper & Brothers.,Memoirs of Barras- Member of the Directorate- Volume III
- Barras, Paul (1896). Memoirs of Barras- Member of the Directorate Vol IV. Harper & Brothers.,Memoirs of Barras- Member of the Directorate Vol IV
- Bourrienne (1831). Private Memoirs of Napoleon Bonaparte: During the Periods of the Directory, the Consulate, and the Empire. Carey & Lea.Private Memoirs of Napoleon Bonaparte: During the Periods of the Directory, the Consulate, and the Empire, Louis Antoine Fauvelet de Bourrienne
- Thiers, Adolphe (1881). History of the Consulate & the Empire under Napoleon Vol.I. Claxton &Co.,History of the Consulate & the Empire under Napoleon Vol.I