ഗണം (ഛന്ദഃശാസ്ത്രം)
ഛന്ദഃശാസ്ത്രത്തിലെ നിയമങ്ങൾ അനുസരിച്ച് പദ്യങ്ങളിലെ അക്ഷരങ്ങളെയോ മാത്രകളെയാ കൂട്ടങ്ങളായി തിരിക്കുന്നതിൽ ഒരു കൂട്ടത്തിന്നു പറയുന്ന പേരാണ് ഗണം. അക്ഷരങ്ങളെ അടിസ്ഥാനമാക്കിയും മാത്രകളെ അടിസ്ഥാനമാക്കിയും ഗണങ്ങൾ തിരിക്കാറുണ്ട്.
അക്ഷരങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗണങ്ങൾ
[തിരുത്തുക]അക്ഷരങ്ങളെ അടിസ്ഥാനമാക്കി ഗണം തിരിക്കേണ്ട സന്ദർഭങ്ങളിൽ മൂന്നക്ഷരം കൂടുന്നത് ഒരു ഗണം എന്നാണ് നിയമം. ഓരോ ഗണത്തിനും അവയിലെ ഗുർവക്ഷരങ്ങളുടെയും ലഘ്വക്ഷരങ്ങളുടെയും സ്ഥാനം അനുസരിച്ച് വ്യത്യസ്ത നാമങ്ങളുണ്ട്. ഗുരുലഘുക്കളുടെ സ്ഥാനഭേദംകൊണ്ട് ഗണങ്ങൾ എട്ടെണ്ണമാണുള്ളത്.
ഗണനാമങ്ങൾ
[തിരുത്തുക]ഗണനാമം | ലക്ഷണം | ഉദാഹരണം | ചിഹ്നനം |
---|---|---|---|
'യ'ഗണം | ആദ്യക്ഷരം ലഘു-ശേഷിക്കുന്നവ ഗുരു | വിനോദം | υ – – |
'ര'ഗണം | മധ്യാക്ഷരം ലഘു-ശേഷിക്കുന്നവ ഗുരു | ശ്യാമളാ | – υ – |
'ത'ഗണം | അന്ത്യക്ഷരം ലഘു-ശേഷിക്കുന്നവ ഗുരു | മാലാഖ | – – υ |
'ഭ'ഗണം | ആദ്യക്ഷരം ഗുരു-ശേഷിക്കുന്നവ ലഘു | കാലടി | – υ υ |
'ജ'ഗണം | മധ്യാക്ഷരം ഗുരു-ശേഷിക്കുന്നവ ലഘു | മഹർഷി | υ – υ |
'സ'ഗണം | അന്ത്യക്ഷരം ഗുരു-ശേഷിക്കുന്നവ ലഘു | വികടൻ | υ υ – |
'മ'ഗണം | സർവഗുരു | ആനന്ദം | – – – |
'ന'ഗണം | സർവലഘു | ജനത | υ υ υ |
പഠനസൂത്രങ്ങൾ
[തിരുത്തുക]ഗണങ്ങളുടെ പേരുകൾ ഓർത്തുവയ്ക്കാനുള്ള പഠനസൂത്രം:
യരത-ഭജസ-മന
ഗണങ്ങളുടെ പേരുകളും അവയിലെ ലഘു-ഗുരുക്കളുടെ സ്ഥാനങ്ങളും ഓർത്തുവയ്ക്കാനുള്ള പഠനസൂത്രം:
സംസ്കൃതത്തിൽ:
ആദിമധ്യാവസാനേഷു
യ,ര,താ യാന്തി ലാഘവം
ഭ,ജ,സാ ഗൗരവം യാന്തി
മനൗ തു ഗുരുലാഘവം
മലയാളത്തിൽ:
ആദിമധ്യാന്തവർണങ്ങൾ -
ലഘുക്കൾ യ,ര,ത,ങ്ങളിൽ
ഗുരുക്കൾ ഭ,ജ,സ,ങ്ങൾക്ക്
മ,ന,ങ്ങൾ ഗ,ല,മാത്രവും.
ഗണങ്ങളെ ഓർത്തുവയ്ക്കാൻ മറ്റൊരു സൂത്രം:
നൃപതി ജയിയ്ക്ക യശസ്വീ ഭാസുര
താരുണ്യ രാഗവാൻ സതതം
മാലെന്യേ എന്നു മുറയ്ക്കെട്ടു ദൃഷ്ടാന്തം
മാത്രയെ അടിസ്ഥാനമാക്കിയുള്ള ഗണങ്ങൾ
[തിരുത്തുക]മാത്രകളുടെ അടിസ്ഥാനത്തിൽ ഗണകല്പന ചെയ്യേണ്ടയിടങ്ങളിൽ നാലുമാത്രകൾ ചേരുന്നതാണ് ഒരു ഗണം. ലഘുവിന് ഒരു മാത്ര, ഗുരുവിന് രണ്ടു മാത്ര. അങ്ങനെ നാലുമാത്രയായി അഞ്ചുവിധം ഗണം വരും.
- നാല് ലഘു (υ υ υ υ)
- രണ്ട് ഗുരു (– –)
- ആദ്യക്ഷരം ഗുരു, ബാക്കി രണ്ടും ലഘു (– υ υ)
- ആദ്യത്തേയും ഒടുവിലത്തേയും ലഘു; മധ്യത്തിൽ ഗുരു (υ – υ)
- ആദ്യത്തേതും രണ്ടാമത്തേതും ലഘു; അടുത്തത് ഗുരു (υ υ –)
ഈ ഗണങ്ങൾക്ക് പ്രത്യേകിച്ച് പേരുകൾ ഇല്ല. ആദ്യത്തേതിനെ നഗണവും ലഘുവും ചേർന്നത് എന്നും രണ്ടാമത്തേതിനെ ഗുരുദ്വയം എന്നും പറഞ്ഞുവരുന്നു. ശേഷിച്ചവ യഥാക്രമം ഭ, ജ, സ എന്ന ഗണങ്ങൾ തന്നെ. എന്നാൽ ചില ഛന്ദഃശാസ്ത്രജ്ഞർ ഇവയ്ക്ക് പേരുനൽകി ഉപയോഗിക്കാറുണ്ട്. സർവലഘു അഥവാ പനിമതി (υ υ υ υ), സർവഗുരു അഥവാ മാനം (– –), ആദിഗുരു അഥവാ കാമിനി (– υ υ), മധ്യഗുരു അഥവാ വധൂടി (υ – υ), അന്ത്യഗുരു അഥവാ വിജയം (υ υ –) എന്നിങ്ങനെയാണ് മാത്രാഗണങ്ങൾക്ക് നൽകുന്ന പേരുകൾ.
ഉദാഹരണം
[തിരുത്തുക]ദ̅ ന̅ മ̅ ദ̆ ച̆ ഭ̌ ഭ̄ ന̌ ച̌ സ ̌ച̄ ഫ̄ ഡ̌ വ̌ സ̆
അക്ഷരങ്ങളുടെ മുകളിലായി ഗുരു, ലഘു ചിഹ്നങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നു.