ഗാന്ധാരകല
ഒന്നാം സഹസ്രാബ്ദത്തിലെ ആദ്യ നൂറ്റാണ്ടുകളിൽ പുരാതനഗാന്ധാരത്തിലും അതിനു ചുറ്റുമായും വികാസം പ്രാപിച്ച കലാ-വാസ്തുശിൽപകലാരീതിയാണ് ഗാന്ധാരകല എന്നറിയപ്പെടുന്നത്. ഗ്രീക്കോ-റോമൻ വാസ്തുകലാരീതിയുടേയ്യും ഇന്ത്യൻ പരമ്പരാഗത രീതിയുടേയ്യും സംയോജനമാണ് ഗാന്ധാരകലയിൽ ദർശിക്കാനാകുക. ഗാന്ധാരത്തിൽ ഉടലെടുത്ത ഈ വാസ്തുശില്പരീതി, വിദൂരപ്രദേശങ്ങളിലേക്കും വ്യാപിച്ചു. ഗാന്ധാരത്തിൽ നിന്നും മദ്ധ്യേഷ്യ, വഴി ചൈനയിലേക്കുള്ള വ്യാപാരപാതയിലുടനീളം ഗാന്ധാരകലയുടെ സ്വാധീനം കടന്നെത്തി[1]. അഫ്ഘാനിസ്താനിലെ ബുദ്ധമതവുമായി ബന്ധപ്പെട്ട നിരവധി പൗരാണിക സ്തൂപങ്ങളും വിഹാരങ്ങളും ശിൽപ്പങ്ങളും ഗാന്ധാരകലയുടെ ഉദാഹരണങ്ങളാണ്.
പരിണാമം
[തിരുത്തുക]ഒന്നാം സഹസ്രാബ്ദത്തിന്റെ ആദ്യ നൂറ്റാണ്ടുകളിൽ മദ്ധ്യധരണ്യാഴി പ്രദേശവുമായുള്ള കുശാനരുടെ അടുത്ത ബന്ധം നിമിത്തം ഇവരുടെ കാലത്ത് പടിഞ്ഞാറു നിന്നുള്ള റോമൻ രീതികൾ തുടക്കത്തിൽ ഗാന്ധാരകലയിൽ കൂടുതലായി സ്വാധീനം ചെലുത്തി. (റോമൻ രീതിയുടെ അനുകരണമെന്നപോലെയാണ് കുശാനർ സ്വർണനാണയങ്ങൾ പുറത്തിറക്കിയതെന്നും ഇതിനോട് ചേർത്ത് വക്കാവുന്ന കാര്യമാണ്.)
പിൽക്കാലത്ത് ഈ പടിഞ്ഞാറൻ സ്വാധീനത്തിൽ കുറവുണ്ടാകുകയും, ഇറാനിയൻ, ഇന്ത്യൻ, മദ്ധ്യേഷ്യൻ രീതീകൾ അതിനു പകരം സ്ഥാനം പിടിക്കുകയും ചെയ്തു. നാലുമുതൽ ആറുവരെ നൂറ്റാണ്ടിൽ വടക്കേ ഇന്ത്യയിലെ ഗുപ്തകല, ഗാന്ധാരകലയിൽ കാര്യമായ സ്വാധീനം ചെലുത്തി. അഫ്ഘാനിസ്താനിൽ പലയിടത്തും കാണുന്ന ബുദ്ധപ്രതിമകളും ബുദ്ധവിഹാരങ്ങളും ഗാന്ധാരകലയുടെ ഈ പിൽക്കാലരൂപങ്ങളാണ്. ഘോർബന്ദ് നദിയുടെ തീരത്തുള്ള ഫുണ്ടുഖ്വിസ്താനിലെ ബുദ്ധപ്രതിമകളും ചിത്രങ്ങളും പൂർണമായും ഇന്ത്യൻ രീതിയിലുള്ളതാണ്[1].
പ്രത്യേകതകൾ
[തിരുത്തുക]ആദ്യകാലത്ത് ചിഹ്നങ്ങളിലൂടെയായിരുന്നു ബുദ്ധനെ ചിത്രീകരിച്ചിരുന്നത്. ബുദ്ധനെ മനുഷ്യരൂപത്തിൽ പ്രതിഷ്ഠിക്കുന്ന രീതി, ഗാന്ധാരത്തിലും മഥുരയിലും ഏതാണ്ടൊരേ കാലത്താണ് ആരംഭിച്ചത്. മഹായാനം എന്നു വിളിക്കുന്ന ഈ വ്യക്ത്യാരാധനാരീതി, ഹീനയാനം എന്ന് (കളിയാക്കി) വിളിക്കുന്ന പുരാതനരീതിയെ പിന്തള്ളി.
ആദ്യകാല ഗാന്ധാരകലയിൽ ഗൗതമബുദ്ധന്റേയും മൈത്രേയന്റേയും (ഭാവിയിലെ ബുദ്ധൻ) ശില്പങ്ങളാണ് നിർമ്മിക്കപ്പെട്ടിരുന്നത്. പിൽക്കാലത്ത്, ഇടതുകൈയിൽ താമരപിടിച്ചിട്ടുള്ള അവലോകിതേശ്വരൻ പോലെയുള്ള ബോധിസത്വങ്ങളുടെ രൂപങ്ങളും നിർമ്മിക്കപ്പെട്ടു. ഈ ബോധിസത്വങ്ങൾ പലപ്പോഴും തലപ്പാവും ആഭരണവിഭൂഷിതമായും അക്കാലത്തെ രാജാക്കന്മാരോട് രൂപസാദൃശ്യമുള്ള രീതിയിലാണ് നിർമ്മിക്കപ്പെട്ടിരുന്നത്.
ആദ്യകാലത്തെ ഗാന്ധാരശില്പികൾ കല്ലാണ് ശിൽപ്പങ്ങൾ നിർമ്മിക്കുന്നതിനുപയോഗിച്ചത്. പ്രത്യേകിച്ച് മേഖലയിൽ ലഭ്യമായിരുന്ന blue schist, green phyllite തുടങ്ങിയ കല്ലുകളാണ് ഉപയോഗപ്പെടുത്തിയിരുന്നത്. പിൽക്കാലത്ത് ഈ സാമഗ്രികളുടെ ലഭ്യത കുറഞ്ഞതിനെത്തുടർന്ന് stucco-യും ചുണ്ണാമ്പുകൂടൂം ഉപയോഗിക്കാൻ തുടങ്ങി. പടിഞ്ഞാറൻ ഇറാനിയൻ സ്വാധീനമാണ് ഈ മാറ്റത്തിന്റെ കാരണം[1].
അധഃപതനം
[തിരുത്തുക]മദ്ധ്യേഷ്യയിൽ നിന്നുള്ള നാടോടിവംശങ്ങളായ ഷിയോണൈറ്റുകൾ, ഹെഫ്‌തലൈറ്റുകൾ തുടങ്ങിയവരുടെ വരവോടെയാണ് മേഖലയിലെ ബുദ്ധമതത്തിന്റേയും ബുദ്ധമതനിർമ്മിതികളുടേയും തകർച്ചയാരംഭിച്ചത്. ഇന്ത്യൻ, ചൈനീസ് ഗ്രന്ഥങ്ങളനുസൈച്ച് അഞ്ചാം നൂറ്റണ്ടിന്റെ അവസാനം മുതൽ ആറാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ അധികാരത്തിലിരുന്ന തോരമാന എന്നും മിഹിരകുല എന്നും പേരുകളുള്ള രണ്ട് ഹൂണ/തുർക്കിക് രാജാക്കന്മാരെയാണ് പ്രദേശത്തെ ബുദ്ധമതനിർമ്മിതികളുടെ തകർച്ചക്ക് ഉത്തരവാദികളായി കണക്കാക്കുന്നത്[2].
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 Vogelsang, Willem (2002). "9-Northern Rulers". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 152. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ Vogelsang, Willem (2002). "10-THe Reassertion of the Iranian West". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 175. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)