Jump to content

ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡു
ജനനം(1893-03-23)മാർച്ച് 23, 1893
Kalangal, Coimbatore, India
മരണം4 ജനുവരി 1974(1974-01-04) (പ്രായം 80)
ദേശീയതഇന്ത്യ
പൗരത്വംഇന്ത്യ
അറിയപ്പെടുന്നത്Scientist, Inventor, Businessman, Photographer and Philanthropist
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംElectrical, Mechanics, Automotive, Agriculture
കുറിപ്പുകൾ
തോമസ് എഡിസൺ ഓഫ് ഇന്ത്യ എന്ന് വിശേഷിപ്പിക്കപ്പെടുന്നു.

ഇന്ത്യൻ എഞ്ചിനീയറായിരുന്നു ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡു. നിരവധി കണ്ടുപിടിത്തങ്ങൾ നടത്തിയ ഇദ്ദേഹത്തെ ഇന്ത്യയുടെ എഡിസൺ എന്ന് വിശേഷിപ്പിക്കാറുണ്ട്.

യുണൈറ്റഡ് മോട്ടോർ സർവീസ്

[തിരുത്തുക]

1893 മാർച്ച് 23-ന്, കോയമ്പത്തൂരിനടുത്ത് കാലങ്കൽ എന്ന സ്ഥലത്താണ് ജനനം. 1920-ൽ ഒരു പാസഞ്ചർ കോച്ച് സ്വന്തമാക്കിക്കൊണ്ട് ഇദ്ദേഹം വാഹന വ്യവസായ രംഗത്ത് പ്രവേശിച്ചു. 1937 ആയപ്പോഴേക്കും ഇദ്ദേഹത്തിന്റെ യുണൈറ്റഡ് മോട്ടോർ സർവീസ് (UMS) രാജ്യത്തെ ഏറ്റവും കാര്യക്ഷമമായ വാഹനശൃംഖല തന്നെ സ്വന്തമാക്കി. ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ വൈദ്യുത മോട്ടോർ യുഎംഎസ് കമ്പനിയിൽ നിന്നായിരുന്നു.

പുതിയ കണ്ടുപിടിത്തങ്ങൾ

[തിരുത്തുക]

വ്യാവസായിക രംഗത്താണ് ഇദ്ദേഹം കൂടുതൽ സംഭാവനകൾ നൽകിയതെങ്കിലും ഇലക്ട്രിക്കൽ, മെക്കാനിക്കൽ, കൃഷി (സങ്കര കൃഷി-Hybrid cultivation) ഓട്ടോമൊബൈൽ എഞ്ചിനീയറിങ് തുടങ്ങിയ മേഖലകളിലും ശ്രദ്ധ പതിപ്പിച്ചു. റസന്ത് (Rasant) എന്ന പേരിൽ ഇദ്ദേഹം പുറത്തിറക്കിയ വൈദ്യുത ക്ഷൗരക്കത്തി അന്ന് അന്താരാഷ്ട്ര വിപണിയിൽ നിലവിലുണ്ടായിരുന്നതിനെക്കാൾ മെച്ചപ്പെട്ട നിലവാരം പുലർത്തി. ക്യാമറയുടെ ദൂരം ക്രമീകരിക്കുന്ന ഉപകരണം, പഴവർഗങ്ങളുടെ സത്തെടുക്കുന്ന യന്ത്രം, കള്ളവോട്ട് തടയാനാവുംവിധം സമ്മതിദാനം രേഖപ്പെടുത്താവുന്ന യന്ത്രം, മണ്ണെണ്ണ ഉപയോഗിച്ച് കറങ്ങുന്ന പങ്ക തുടങ്ങിയവ ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളിൽ ചിലതാണ്. ചെറിയ മുതൽമുടക്കിൽ അഞ്ച് വാൽവുകളുള്ള റേഡിയോ സെറ്റ് 1941-ൽ ഇദ്ദേഹം വികസിപ്പിച്ചെടുത്തു. 1952-ൽ 2000 രൂപയ്ക്ക് രണ്ട് സീറ്റർ പെട്രോൾ എൻജിൻ കാർ പുറത്തിറക്കി. പക്ഷേ, സർക്കാരിൽ നിന്നും ആവശ്യമായ അനുമതി നിഷേധിച്ചതിനെത്തുടർന്ന് ഇതിന്റെ ഉത്പാദനം നിർത്തിവെച്ചു.

കാർഷിക മേഖലയിൽ

[തിരുത്തുക]

കാർഷിക മേഖലയിൽ, പരുത്തിക്കൃഷി, അത്യുത്പാദന ശേഷിയുള്ള ചാമക്കൃഷി, കൃഷിക്കനുയോജ്യമായ കുത്തിവയ്പുകൾ എന്നിവ വികസിപ്പിച്ചെടുത്തു. ഈ മേഖലയിൽ ഇദ്ദേഹത്തിന്റെ പ്രവർത്തന മികവിനെ സർ സി.വി. രാമൻ, സസ്യവിസ്മയം (botanic marvels) എന്നാണ് വിശേഷിപ്പിച്ചത്.

ജനനന്മക്കായി

[തിരുത്തുക]

രാഷ്ട്രീയ മേഖലയിൽ നിന്ന് അകന്നാണ് ഇദ്ദേഹം നിലകൊണ്ടതെങ്കിലും 1936-ലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ മത്സരിച്ചു. പക്ഷേ, വിജയിക്കാനായില്ല.

1944 മുതൽ വ്യവസായ മേഖലയിലെ സജീവപ്രവർത്തനങ്ങളിൽ നിന്ന് മാറി ജനനന്മയ്ക്കുതകുന്ന മറ്റു പ്രവർത്തനങ്ങളിൽ നായിഡൂ ശ്രദ്ധ ചെലുത്തി. ഇദ്ദേഹത്തിന്റെ കീഴിലുള്ള തൊഴിലാളികൾക്കും, സാമൂഹികമായി അടിച്ചമർത്തപ്പെട്ട മറ്റു ജനവിഭാഗങ്ങൾക്കും, ഗവേഷണ സ്കോളർഷിപ്പുകളും ക്ഷേമപദ്ധതികളും ഏർപ്പെടുത്തി. ഇദ്ദേഹത്തിന്റെ സ്മരണാർഥം കോയമ്പത്തൂരിൽ വർഷംതോറും ജി.ഡി. നായിഡു ഇൻഡസ്ട്രിയൽ എക്സ്ബിഷൻ സംഘടിപ്പിക്കാറുണ്ട്. ജന്മനാട്ടിലെ മെട്രിക്കുലേഷൻ ഹയർ സെക്കണ്ടറി സ്കൂളിന് ഇദ്ദേഹത്തിന്റെ പേരാണ് നൽകിയിട്ടുള്ളത്. 1974 ജനുവരി 4-ന് ഇദ്ദേഹം അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നായിഡു, ജി.ഡി. (1893 - 1974) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.