ഗ്രാമർ ഓഫ് ദ മലബാർ ലാംഗ്വേജ്
രാജ്യം | ഇന്ത്യ |
---|---|
ഭാഷ | ഇംഗ്ലിഷ് - മലയാളം വ്യാകരണം |
പ്രസിദ്ധീകരിച്ച തിയതി | 1799 |
ഏടുകൾ | 150 |
മലയാളഭാഷാവ്യാകരണത്തെക്കുറിച്ച് ഇംഗ്ലീഷിൽ[ക] എഴുതപ്പെട്ട ആദ്യത്തെ ഗ്രന്ഥമാണ്, ഗ്രാമർ ഓഫ് ദ മലബാർ ലാംഗ്വേജ്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ബോംബെ ആസ്ഥാനത്തിൽ ഡോക്ടറായിരുന്ന റോബർട്ട് ഡ്രമ്മണ്ട് ആണ് ഈ വ്യാകരണ ഗ്രന്ഥത്തിന്റെ കർത്താവ്.[1] Grammar of the Malabar Language എന്നാണ് ഇംഗ്ലീഷ് പേര്.
ഈസ്റ്റിന്ത്യാ കമ്പനിയുടെ മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റാണ് ഗ്രാമർ ഓഫ് ദ മലബാർ ലാംഗ്വേജ് പ്രസിദ്ധീകരിച്ചത്.1799-ൽ ബോംബെയിലെ കുറിയർ പ്രിന്റിങ്ങ് ഓഫീസാണ് പുസ്തകം അച്ചടിച്ചത് പുറത്തിറക്കിയത്[2].കുറച്ചൊക്കെ മലയാളം മുൻപ് തന്നെ പഠിച്ചിരുന്ന റോബർട്ട് ഡ്രമ്മണ്ട് 1796- ൽ കേരളത്തിലെത്തി. വരാപ്പുഴയിലെ ബിഷപ്പ് ലൂയിസിന്റെ അതിഥിയായി താമസിച്ച് വ്യാകരണ പഠനം തുടർന്നു. ഉദ്യോഗസ്ഥനായ തോമസ് മോറിസ് കീറ്റിന്റെ സഹായം ഇക്കാര്യത്തിൽ ഏറെ ഉപയോഗപ്പെടുത്തി[3]. പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവിൽ മൈസൂർ ഇംഗ്ലീഷ് ആധിപത്യത്തിൽ അമർന്നു. അങ്ങനെ മൈസൂരിന്റെ കീഴിലായിരുന്ന മലബാറിലും ഈസ്റ്റിന്ത്യാകമ്പനിയുടെ ഭരണം നിലവിൽ വന്നു.ഈ സാഹചര്യത്തിൽ സാമാന്യ ജനതയുടെ സമ്മതി കരസ്ഥമാക്കാനും അവരെ നയപരമായി കീഴടക്കാനും പറ്റിയ മികച്ച ഉപാധി എന്ന നിലയിൽ മലയാള ഭാഷാ പഠനത്തിന് മുൻഗണന കൈവന്നു.അങ്ങനെയാണ് ഡ്രമ്മണ്ട് ഈസ്റ്റിന്ത്യാകമ്പനിയുടെ ഔദ്യോഗിക വിവർത്തകനായി നിയമിക്കപ്പെടത്. അദ്ദേഹം മലയാളം വാക്കുകൾ മലയാള ലിപിയിൽതന്നെ എഴിതിയിട്ട് അടുത്തു തന്നെ ഇംഗ്ലീഷ് ലിപിയിൽ ലിപ്യന്തരണം ചെയ്ത രൂപം കൊടുക്കുകയാണ് ഈ ഗ്രന്ഥത്തിൽ ചെയ്തിട്ടുള്ളത്. ഉദാ:ശക്തി -shakti.ഈ പുസ്തകത്തിനാവശ്യമായ ഫോണ്ടുകൾ നിർമ്മിച്ചത് ഭെരംജീ ജീജാഭായി എന്ന പാഴ്സിയാണെന്ന് കരുതുന്നു.
കുറിപ്പുകൾ
[തിരുത്തുക]ക.^ മലയാളത്തിന്റെ ആദ്യ വ്യാകരണ ഗ്രന്ഥം ഒരിറ്റലിക്കാരൻ ലത്തീൻ ഭാഷയിൽ എഴുതിയ ഗ്രന്ഥമാണെന്നാണ് പൗലിനോസ് പാതിരി പറയുന്നത്. വരാപ്പുഴ മെത്രാപ്പൊലീത്തയായിരുന്ന ആഞ്ജലോസ് ഫ്രാൻസിസ് ആണതിന്റെ ഗ്രന്ഥകാരൻ. ഗ്രമാത്തിക്കാ ലിംഗ്വേ വുൾഗാരിസ് മലബാറിച്ചേ എന്ന താൾ കാണുക.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Kerala History and its Makers By A. Sreedhara Menon
- ↑ ഗ്രാമർ ഓഫ് ദ മലബാർ ലാംഗ്വേജ്,റോബർട്ട് ഡ്രമ്മണ്ട് (ഡിസംബർ 2002), കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട് , തിരുവനന്തപുരം.പുറം: xvi, ആദ്യ പതിപ്പ്-1799 ഡിസംബർ 16
- ↑ ഡോ. വി. ആർ. പ്രബോധചന്ദ്രൻ നായർ,പഠനം: ഗ്രാമർ ഓഫ് ദ മലബാർ ലാംഗ്വേജ്,റോബർട്ട് ഡ്രമ്മണ്ട് (ഡിസംബർ 2002) പുറം xvi