ഗ്ലോറിയ സ്റ്റുവാർട്ട്
ഗ്ലോറിയ സ്റ്റുവാർട്ട് | |
---|---|
ജനനം | ഗ്ലോറിയ സ്റ്റുവാർട്ട് ജൂലൈ 4, 1910 സാന്താ മോണിക്ക, കാലിഫോർണിയ, യു.എസ്. |
മരണം | സെപ്റ്റംബർ 26, 2010 ലോസ് ആഞ്ചലസ്, കാലിഫോർണിയ, യു.എസ്. | (പ്രായം 100)
മരണ കാരണം | Respiratory failure resulting from lung cancer |
മറ്റ് പേരുകൾ | ഗ്ലോറിയ ഫ്രാൻസെസ്‍ സ്റ്റുവാർട്ട് |
കലാലയം | യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബർക്കിലി |
തൊഴിൽ | Actress, artist, fine printer |
സജീവ കാലം | 1927–2004 |
ഉയരം | 5 അടി (1.52400 മീ)*[1] |
രാഷ്ട്രീയ കക്ഷി | ഡെമോക്രാറ്റിക് |
ജീവിതപങ്കാളി(കൾ) | ബ്ലയർ ഗോർഡൻ നെവെൽ
(m. 1930; div. 1934) |
കുട്ടികൾ | 1 |
ഗ്ലോറിയ ഫ്രാൻസെസ്‍ സ്റ്റുവാർട്ട് (ജനനം: ഗ്ലോറിയ സ്റ്റുവാർട്ട് എന്ന പേരിൽ, ജീവിതകാലം: ജൂലൈ 4, 1910 – സെപ്റ്റംബർ 26, 2010) ഒരു അമേരിക്കൻ ചലച്ചിത്ര നടി, നാടക നടി, സാമൂഹ്യപ്രവർത്തക എന്ന നിലകൾ പ്രശസ്തയായ വനിതയായിരുന്നു. പ്രീ-കോഡ് സിനിമകളിലെ അഭിനയത്തിലൂടെയാണ് അവർ ആദ്യം അറിയപ്പെട്ടിരുന്നതെങ്കിലും ജെയിംസ് കാമറൂണിന്റെ ടൈറ്റാനിക് (1997) എന്ന ചിത്രത്തിലെ നിരൂപക പ്രശംസ നേടിയ വേഷത്തിലൂടെ അവർ പിന്നീട് പ്രശസ്തി നേടി. ഒരു സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡ്, ഒരു ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശം, ഒരു അക്കാദമി അവാർഡ് നാമനിർദ്ദേശം എന്നിവ അവർ നേടിയ അംഗീകാരങ്ങളിൽ ഉൾപ്പെടുന്നു. 86-ാം വയസ്സിൽ അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട അവർ 2020 ലെ കണക്കുകൾപ്രകാരം മികച്ച സഹനടി എന്ന വിഭാഗത്തിൽ അക്കാദമി അവാർഡ് നാമനിർദേശം ചെയ്യപ്പെട്ട ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്.
കാലിഫോർണിയയിലെ സാന്താ മോണിക്ക സ്വദേശിയായ ഗ്ലോറിയ 1920 കളിൽ തന്റെ വിദ്യാലയ ജീവിതകാലത്തുതന്നെ അഭിനയരംഗത്തേയ്ക്ക് കടന്നുവന്നിരുന്നു. ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ വിദ്യാഭ്യാസത്തിനുശേഷം പ്രാദേശിക നാടകവേദികളിലും ലോസ് ഏഞ്ചലസിലെ സമ്മർ സ്റ്റോക്കിലും ന്യൂയോർക്ക് നഗരത്തിലും നാടകവേദികളിൽ വേഷങ്ങൾ അവതരിപ്പിച്ചു. 1932ൽ യൂണിവേഴ്സൽ പിക്ചേർസുമായി ഒരു സിനിമയിലേയ്ക്ക് കരാർ ഒപ്പുവയ്ക്കുകയും “ദ ഓൾഡ് ഡാർക്ക് ഹൌസ്” (1932), “ദ ഇൻവിസിബിൾ മാൻ” (1933) തുടങ്ങിയ ഹൊറർ ചിത്രങ്ങളിലും ഷെർലി ടെമ്പിളിനോടൊപ്പം പൂവർ ലിറ്റിൽ റിച്ച് ഗേൾ (1936), റെബേക്ക ഓഫ് സണ്ണിബ്രൂക്ക് ഫാം (1938) തുടങ്ങി അനേകം സിനിമകളുടെ ഭാഗമാകുകയും ചെയ്തു. “ത്രീ മസ്കറ്റിയേഴ്സ്” (1939) എന്ന ചിത്രത്തിൽ ക്യൂൻ ആൻ എന്ന കഥാപാത്രമായും അഭിനയിച്ചു.
1940 മുതൽ സ്റ്റുവർട്ട് തന്റെ ചലച്ചിത്ര ജീവിതം മന്ദഗതിയിലാക്കുകയും, പകരം ന്യൂ ഇംഗ്ലണ്ടിലെ പ്രാദേശിക നാടകവേദിയിൽ നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തു. 1945 ൽ, 20ത് സെഞ്ചുറി ഫോക്സിന്റെ ഒരു കരാർ നടിയെന്ന കാലാവധി അവസാനിച്ചശേഷം തന്റെ അഭിനയ ജീവിതം ഉപേക്ഷിച്ച സ്റ്റുവർട്ട് അടുത്ത മൂന്ന് പതിറ്റാണ്ടുകൾ ഒരു കലാകാരിയെന്ന നിലയിൽ ഒരു മികച്ച പ്രിന്ററായി ജോലി ചെയ്യുകയും പെയിന്റിംഗുകൾ, സെറിഗ്രാഫി, മിനിയേച്ചർ ബുക്കുകൾ, ബോൺസായ് എന്നിവ നിർമ്മിക്കുകയും ചെയ്തു. ഈ കാലയളവിൽ അവർ നിരവധി കലാ മാതൃകകൾ നിർമ്മിക്കുകയും അവയിൽ പലതും ലോസ് ഏഞ്ചലസ് കൗണ്ടി മ്യൂസിയം ഓഫ് ആർട്ട്, മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് എന്നിവയിലെ ശേഖരങ്ങളുടെ ഭാഗമാണ്.
1970 കളുടെ അവസാനത്തിൽ സ്റ്റുവർട്ട് ക്രമേണ അഭിനയരംഗത്തേക്ക് മടങ്ങിയെത്തുകയും റിച്ചാർഡ് ബെഞ്ചമിൻറെ മൈ ഫേവറിറ്റ് ഇയർ (1982), വൈൽഡ്കാറ്റ്സ് (1986) എന്നിവയുൾപ്പെടെയുള്ള ചിത്രങ്ങളിൽ നിരവധി ബിറ്റ് ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ടൈറ്റാനിക്കിൽ (1997) 101-കാരിയായ റോസ് ഡോസൺ കാൽവർട്ടായി അഭിനയിച്ചുകൊണ്ട് അവർ മുഖ്യധാരാ സിനിമയിലേക്ക് ഒരു പ്രധാനപ്പെട്ട തിരിച്ചുവരവ് നടത്തുകയും ഇത് നിരവധി അംഗീകാരങ്ങളും ശ്രദ്ധയും നേടുകയും ചെയ്തു. വിം വെൻഡേഴ്സിന്റെ ലാൻഡ് ഓഫ് പ്ലെന്റി (2004) എന്ന ചിത്രത്തിലായിരുന്നു അവരുടെ അവസാന ചലച്ചിത്ര പ്രകടനം. 2010 സെപ്റ്റംബറിൽ 100 വയസ്സുള്ള ഗ്ലോറിയ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് അന്തരിച്ചു.
അഭിനയത്തിനും കലാപരമായ ജീവിതത്തിനുംപുറമേ, ഒരു ആജീവനാന്ത പരിസ്ഥിതി, രാഷ്ട്രീയ പ്രവർത്തകയായിരുന്ന സ്റ്റുവർട്ട്, സ്ക്രീൻ ആക്ടേഴ്സ് ഗിൽഡിന്റെയും ഹോളിവുഡ് ആന്റി നാസി ലീഗിന്റെയും സഹസ്ഥാപകാംഗവുംകൂടിയായിരുന്നു.
ജീവിതരേഖ
[തിരുത്തുക]1910-1929: ആദ്യകാല ജീവിതം
[തിരുത്തുക]ഗ്ലോറിയ സ്റ്റുവാർട്ട്[2] 1910 ജൂലൈ നാലാം തിയതി കാലിഫോർണിയയിലെ സാന്താ മോണിക്കയിലെ കുടുംബത്തിൽ രാത്രി 11:00 ന്, ആലീസിന്റെയും (മുമ്പ്, ഡീഡ്രിക്) ഫ്രാങ്ക് സ്റ്റുവാർട്ടിന്റെയും ആദ്യ കുട്ടിയായി ജനിച്ചു.[3] മാതാവിലൂടെ, മൂന്നാം തലമുറ കാലിഫോർണിയക്കാരിയായിരുന്ന സ്റ്റുവർട്ടിന്റെ മാതൃ മുത്തശ്ശി ആലീസ് വോഗൻ അവരുടെ മാതാവ് ബെറില്ല (സ്റ്റുവർട്ടിന്റെ മുതുമുത്തശ്ശി) മിസോറിയിൽ നിന്ന് കാലിഫോർണിയയിലേക്ക് ഒരു മേൽക്കൂരയുള്ള വാഗണിലേയ്ക്കു താമസം മാറ്റി രണ്ടുവർഷത്തിനുശേഷം 1854-ൽ ഗോൾഡ് കൺട്രിയിലെ ഏഞ്ചൽസ് ക്യാമ്പിൽ ജനിച്ചു.[4][5] ഒറിഗോണിലെ ഡാളസ് സ്വദേശിയായ സ്റ്റുവർട്ടിന്റെ പിതാവ് സ്കോട്ടിഷ് വംശജനും സാൻ ഫ്രാൻസിസ്കോയിൽ നിയമം പഠിച്ച വ്യക്തിയുമാണ്. അവളുടെ ജനനസമയത്ത്, അദ്ദേഹം സിക്സ് കമ്പനീസ് എന്ന സംഘടനയെ പ്രതിനിധീകരിക്കുന്ന ഒരു അഭിഭാഷകനായിരുന്നു.[6] സ്റ്റുവർട്ടിന് പതിനൊന്ന് മാസത്തിന് ശേഷം ജനിച്ച ഒരു ഇളയ സഹോദരനായ ഫ്രാങ്ക് ജൂനിയറും, മറ്റൊരു ഇളയ സഹോദരനായിരുന്ന തോമസുമാണ് (ഫ്രാങ്ക് ജൂനിയറിനുശേഷം രണ്ട് വർഷത്തിന് ശേഷം ജനിക്കുകയും, മൂന്നാമത്തെ വയസ്സിൽ നട്ടെല്ലിനു ബാധിച്ച മെനിഞ്ചൈറ്റിസ് മൂലം മരിക്കുകയും ചെയ്തു) സഹോദരങ്ങളായി ഉണ്ടായിരുന്നത്.[3]
കുട്ടിക്കാലത്ത് മാതാവിനോടൊപ്പം ചർച്ച് ഓഫ് ക്രൈസ്റ്റ് വിശ്വാസം പിന്തുടർന്ന സ്റ്റുവർട്ട്, തുടർന്ന് ഒരു കത്തോലിക്കാ സ്കൂളിൽ പഠനത്തിനു ചേർന്നു.[7] യഥാർത്ഥത്തിൽ പ്രെസ്ബൈറ്റീരിയൻ ആയിരുന്ന പിതാവ്, അവളുടെ കുട്ടിക്കാലത്ത് ക്രിസ്ത്യൻ സയൻസിലേക്ക് പരിവർത്തനം ചെയ്തു.[8] സ്റ്റുവർട്ടിന് ഒൻപത് വയസ്സുള്ളപ്പോൾ, ഒരു വാഹനം കാലിൽ ഉരസിക്കൊണ്ടുപോയതിനേത്തുടർന്നുണ്ടായ പരിക്കിലെ അണുബാധയാൽ അവളുടെ പിതാവ് മരിച്ചു. അദ്ധ്യാപികയെ തല്ലിയതിന് അവൾ ഗ്രേഡ് സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ടു ("സത്യം പറഞ്ഞാൽ, അവർ അത് അർഹിക്കുന്നു" എന്ന് അവൾ ഓർമ്മിച്ചു).[9] രണ്ട് കൊച്ചുകുട്ടികളെ വളർത്താൻ പ്രയാസപ്പെട്ട മാതാവ്, പ്രാദേശിക വ്യവസായി ഫ്രെഡ് ജെ. ഫിഞ്ചിന്റെ സഹായ നിർദ്ദേശം ഉടൻ അംഗീകരിച്ചു.[A][10] ഗ്ലോറിയ ഫേ ഫിഞ്ച് എന്ന പേര് ഉപയോഗിച്ചാണ് സ്റ്റുവർട്ട് സ്കൂളിൽ ചേർന്നത്.[11] മാതാപിതാക്കൾ അവൾക്ക് മധ്യനാമം നൽകിയിരുന്നില്ല, എന്നതിനാൽ പിതാവിന്റെ പേരായ ഫ്രാങ്കിന്റെ സ്ത്രൈണരൂപമായ ഫ്രാൻസെസ് മധ്യനാമമായി സ്വീകരിച്ചു.[12]
സാന്താ മോണിക്ക ഹൈസ്കൂളിൽ പഠനം നടത്തിയ സ്റ്റുവർട്ട് നാടകത്തിൽ സജീവമായി പങ്കെടുക്കുകയും ദി സ്വാൻ എന്ന സീനിയർ ക്ലാസ് നാടകത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു.[11] അഭിനയം പോലെ തന്നെ എഴുത്തും ഇഷ്ടമായിരുന്ന അവർ ഹൈസ്കൂളിലെ അവസാന രണ്ട് വേനൽക്കാലങ്ങൾ ചെറുകഥ, കവിതാ രചനാ ക്ലാസുകളിൽ പങ്കെടുക്കുകയും[13] സാന്താ മോണിക്ക ഔട്ട്ലുക്കിന്റെ ഒരു ബാല റിപ്പോർട്ടറായി ജോലിയെടുക്കുകയും ചെയ്തു.[14]
സാന്ത മോണിക്ക ഉന്നത വിദ്യാലയത്തിൽ ചേർന്ന സ്റ്റുവർട്ട്, അവിടെ നാടകരംഗത്ത് സജീവമായി പ്രവർത്തിക്കുകയും കൂടാതെ മുതിർന്നവരുടെ ക്ലാസിലെ നാടകമായ ദി സ്വാനിലെ പ്രധാന വേഷം അവതരിപ്പിക്കാൻ അവസരം ലഭിക്കുകയും ചെയ്തു. അഭിനയത്തോടൊപ്പം എഴുത്തും ഇഷ്ടമായിരുന്ന സ്റ്റുവാർട്ട് ഹൈസ്കൂളിൽ തന്റെ അവസാനത്തെ രണ്ട് വേനൽക്കാലം ചെറുകഥ, കവിതാ രചന എന്നിവ സംബന്ധമായ ക്ലാസുകൾ എടുക്കുകയും സാന്താ മോണിക്ക ഔട്ട്ലുക്കിന്റെ ഒരു ബാല റിപ്പോർട്ടറായി പ്രവർത്തിക്കുകയും ചെയ്തു.
കൗമാരപ്രായത്തിൽ, രണ്ടാനച്ഛനുമായി ഒരു പ്രക്ഷുബ്‌ധമായ ബന്ധം പുലർത്തിയിരുന്ന അവർ, വീടുവിട്ടു പോകുന്നതിന്റെ ഭാഗമായി കോളേജിൽ ചേരാനും ശ്രമിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ ഉപരിപഠനത്തിന് ചേർന്ന സ്റ്റുവർട്ട് തത്ത്വചിന്തയിലും നാടക കലയിലും പ്രാവീണ്യം നേടി. കോളേജ് നാടകങ്ങളിലെ സ്ഥിര സാന്നിദ്ധ്യമായിരുന്ന അവർ ഡെയ്ലി കാലിഫോർണിയനിൽ ജോലി ചെയ്തതോടൊപ്പം കാമ്പസ് സാഹിത്യ ജേണലായ ഓക്സിഡന്റിന് സാഹിത്യ സംഭാവനകൾ നൽകുകയും ഒരു കലാകാരന്റെ മാതൃകയെന്ന നിലയിൽ പ്രവർത്തിക്കുകയും ചെയ്തു. ബെർക്ക്ലിയിൽവച്ചാണ് അവർ ഗ്ലോറിയ സ്റ്റുവർട്ട് എന്ന പേരിൽ ഒപ്പിടാൻ ആരംഭിച്ചത്. യുസി ബെർക്ക്‌ലിയിൽ ഒരു വിദ്യാർത്ഥിനിയായിരിക്കുമ്പോൾ, സ്റ്റുവർട്ട് യംഗ് കമ്മ്യൂണിസ്റ്റ് ലീഗിൽ ചേരാൻ ആഗ്രഹിച്ചു. അവർ ഇതെക്കുറിച്ച് എഴുതി, "ഇത് പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടിയാണെന്ന് എന്നോട് പറഞ്ഞിരുന്നു. അത് എന്നെ ആകർഷിച്ചു. പക്ഷേ പതിനെട്ട് വയസ്സിന് താഴെയുള്ള ആർക്കും ലീഗിൽ അംഗത്വം നൽകില്ല, അതിനാൽ എനിക്ക് അതിൽ ചേരാൻ സാധിച്ചില്ല." കാർമലിൽ, മുക്രാക്കർ ലിങ്കൺ സ്റ്റെഫെൻസുമായുള്ള അവരുടെ സൗഹൃദം കൂലിക്കാർക്കും തൊഴിലാളിവർഗ്ഗത്തിനും മേലുള്ള അധിക്ഷേപങ്ങളെക്കുറിച്ച് കൂടുതൽ ആഴത്തിലുള്ള ഉൾക്കാഴ്ച നൽകുന്നതിന് കാരണാകുകയും ഏതാനും വർഷങ്ങൾക്കകം ഹോളിവുഡിലെത്തിയപ്പോൾ ലിബറൽ ആവശ്യങ്ങൾക്കായി പ്രവർത്തിക്കാൻ ഇത് അവരെ പ്രാപ്തയാക്കുകയും ചെയ്തു.
ജൂനിയർ വർഷത്തിന്റെ അവസാനത്തിൽ, ജൂൺ 1930 ന്, സ്റ്റുവർട്ട് സാൻ ഫ്രാൻസിസ്കോ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിന്റെ മുഖപ്പിന്റെ നിർമ്മാണത്തിൽ റാൽഫ് സ്റ്റാക്ക്പോളിനൊപ്പം സഹായിയായി പ്രവർത്തിച്ച ഒരു യുവ ശിൽപ്പി ബ്ലെയർ ഗോർഡൻ ന്യൂവെല്ലിനെ വിവാഹം കഴിച്ചു. കാർമൽ-ബൈ-ദി-സീയിലേക്ക് താമസം മാറിയ ന്യൂവെൽസ് ദമ്പതിമാർക്ക് അവിടെ ആൻസൽ ആഡംസ്, എഡ്വേർഡ് വെസ്റ്റൺ, റോബിൻസൺ ജെഫേഴ്സ്, ലിങ്കൺ സ്റ്റെഫൻസ്, അദ്ദേഹത്തിന്റെ ഭാര്യ എല്ലാ വിന്റർ തുടങ്ങിയ കലാകാരന്മാരുടെ ഒരു ഉത്തേജക സമൂഹവുമായി സൌഹൃദം പങ്കിടുന്നതിനു സാധിച്ചു. കാർമൽ-ബൈ-ദി-സീയൽ, സ്റ്റുവർട്ട് ഗോൾഡൻ ബോഗ് തിയേറ്ററിന്റെ നിർമ്മാണങ്ങളിൽ വേഷങ്ങൾ അവതരിപ്പിക്കുകയും ഒപ്പം കാർമെലൈറ്റ് വർത്തമാന പത്രത്തിൽ സ്റ്റാഫ് അംഗമായി പ്രവർത്തിക്കുകയും ചെയ്തു.
അവലംബം
[തിരുത്തുക]- ↑ Mank 2005, p. 133.
- ↑ Ancestry.com, 1920 United States Federal Census, City of Santa Monica, precinct 14, sheet No. 12B, line 52. Accessed September 15, 2014.
- ↑ 3.0 3.1 Stuart & Thompson 1999, p. 6.
- ↑ Stuart & Thompson 1999, p. 203.
- ↑ Thompson, Sylvia (1988). Feasts and friends : recipes from a lifetime. San Francisco: North Point Press. ISBN 0865473501.
- ↑ Stuart & Thompson 1999, p. 5.
- ↑ Stuart & Thompson 1999, p. 10.
- ↑ Stuart & Thompson 1999, pp. 10–11.
- ↑ Stuart & Thompson 1999, p. 11.
- ↑ Stuart & Thompson 1999, pp. 11–12.
- ↑ 11.0 11.1 The Nautilus (June 1927). Santa Monica High School Yearbook, p. 45.
- ↑ "Gloria Frances Stuart, actress. Shaking hands with an admirer, who has painted her name and her portrait on his breast. 1938". Getty Images. Retrieved July 2, 2015.
- ↑ Stuart & Thompson 1999, p. 13.
- ↑ Stuart & Thompson 1999, p. 20.
- ↑ Half-sister Patricia Marie Finch was born in 1924.