Jump to content

ചടയൻ ഗോവിന്ദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചടയൻ ഗോവിന്ദൻ
മാർക്സിസ്റ്റ് പാർട്ടി, സംസ്ഥാന സെക്രട്ടറി
ഓഫീസിൽ
1996-1998
മുൻഗാമിഇ.കെ.നായനാർ
പിൻഗാമിപിണറായി വിജയൻ
അഞ്ചാം കേരള നിയമസഭാംഗം
ഓഫീസിൽ
1977-1980
മണ്ഡലംഅഴീക്കോട്
വ്യക്തിഗത വിവരങ്ങൾ
ജനനം(1929-05-12)മേയ് 12, 1929[1]
മരണംസെപ്റ്റംബർ 9, 1998(1998-09-09) (പ്രായം 69)
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിസി.പി.ഐ.(എം)

കേരളത്തിലെ കമ്യൂണിസ്റ്റ് നേതാവും, സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയുമായിരുന്നു ചടയൻ ഗോവിന്ദൻ ( മേയ് 12 1929 - സെപ്റ്റംബർ 9 1998). കൊളച്ചേരിയിൽ വെച്ചു രൂപീകരിക്കപ്പെട്ട കർഷകസംഘവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചാണ് ഗോവിന്ദൻ പൊതുപ്രവർത്തനം തുടങ്ങുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനെതിരേ അണിനിരക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആഹ്വാനം നടത്തിയപ്പോൾ ബാലനായിരുന്ന ഗോവിന്ദനും ആവേശപൂർവ്വം അതിൽ പങ്കെടുത്തു.

നെയ്ത്തുതൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ വ്യാപൃതനായി. കയറളം വീടാക്രമണകേസുമായി ബന്ധപ്പെട്ടു ഒളിവിൽ പോയി. 1965 ൽ ചൈനാ ചാരനെന്നു മുദ്രകുത്തി അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചു. പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.എമ്മിനൊപ്പം നിന്നു. 1977 ൽ അഴീക്കോട് നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ച് നിയമസഭയിലെത്തി. 1996-ൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയായി സ്ഥാനമേറ്റു.

ആദ്യകാല ജീവിതം[തിരുത്തുക]

കണ്ണൂർ ജില്ലയിലെ നാറാത്ത് പഞ്ചായത്തിൽ കുഞ്ഞപ്പ-കല്യാണി ദമ്പതികളുടെ മകനായി 1929 മേയ് 12-നാണ് ചടയൻ ഗോവിന്ദൻ ജനിച്ചത്‌. പാവപ്പെട്ട കുടുംബം ആയതിനാൽ അഞ്ചാം ക്ലാസിൽ സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ചു നെയ്ത്ത് വേലയ്ക്കു പോയി. പിതാവിന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് കുടുംബം പുലർത്താൻ കഴിയില്ലായിരുന്നു. ദാരിദ്ര്യം ശരിക്കനുഭവിച്ച ഒരു ബാല്യമായിരുന്നു ചടയൻ ഗോവിന്ദന്റേത്. അതുകൊണ്ടാണ് ഗോവിന്ദൻ ചെറുപ്രായത്തിൽ തന്നെ ഒരു തൊഴിലാളിയായി മാറിയത്. [2]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

രണ്ടാംലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ അതിനെതിരേ സംഘടിക്കാൻ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആഹ്വാനം ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടിരിക്കുന്ന കാലം കൂടിയായിരുന്നു അത്. അക്കാലത്ത് ഒളിവിൽ നടന്ന ചർച്ചകളിലും, പ്രവർത്തനങ്ങളിലും തന്റെ അമ്മാവന്റെയൊപ്പം ഗോവിന്ദനും പങ്കെടുക്കുമായിരുന്നു. ദേശീയ രാഷ്ട്രീയത്തെക്കുറിച്ചൊക്കെ അറിയാൻ ഇത്തരം മീറ്റിംഗുകൾ സഹായമായി. ഇക്കാലത്ത് നെയ്ത്തു തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ വ്യാപൃതരായിരുന്ന സി.കണ്ണനും, പി.അനന്തനും ഗോവിന്ദനുമായി സ്ഥിരമായ സമ്പർക്കം പുലർത്തി. ക്രമേണ ഗോവിന്ദൻ നെയ്ത്തു തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കാൻ തുടങ്ങി. ഒരു യുവാവാകുന്നതിനു മുമ്പേ തന്നെ തന്റെ വർഗ്ഗം നേരിടുന്ന കഷ്ടതകൾ നേരിട്ടു മനസ്സിലാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.[3]

കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക്[തിരുത്തുക]

1948-ൽ കമ്യുണിസ്റ്റ്‌ പാർട്ടിയിൽ അംഗമായ ചടയൻ നിരവധി തൊഴിലാളി വർഗ സമരങ്ങൾ നയിക്കുകയും ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിച്ച സമയത്ത് പോലീസിന്റേയും ശത്രുക്കളുടേയും ആക്രമണത്തിനു പലതവണ വിധേയനായിരുന്നു ഗോവിന്ദൻ. പാർട്ടി നിരോധനം നിലനിന്നിരുന്ന കാലത്ത്, കമ്മ്യൂണിസ്റ്റ് നേതാവായ പി. കൃഷ്ണപിള്ളയെ കൊണ്ടു വന്ന് നാറാത്ത് പ്രസംഗിപ്പിച്ചു. ശത്രുക്കൾ ആക്രമിച്ചെങ്കിലും കൃഷ്ണപിള്ളക്ക് യാതൊരാപത്തും സംഭവിക്കാതെ ഗോവിന്ദനുൾപ്പടെയുള്ള പ്രവർത്തകർ സംരക്ഷിക്കുകയായിരുന്നു. കയറളത്തെ കോൺഗ്രസ്സ് നേതാവായിരുന്ന കുഞ്ഞിരാമൻ നമ്പ്യാരുടെ വീടാക്രമിച്ച കേസിൽ ഗോവിന്ദൻ പ്രതിയായിരുന്നു. പോലീസിന്റെ പിടിയിൽപ്പെടാതിരിക്കാൻ ഒളിവിൽപോയെങ്കിലും പിന്നീട് അറസ്റ്റിലായി. ഈ കേസിൽ ഏഴുമാസത്തോളം കണ്ണൂരിൽ തടവുകാരനായി കഴിഞ്ഞു. 1965 ൽ ചൈനാ ചാരനെന്നു മുദ്രകുത്തി പോലീസ് വേട്ടയാടി, വീണ്ടും ഒളിവിൽ പോയെങ്കിലും പോലീസ് അറസ്റ്റു ചെയ്തു. അടിയന്തരാവസ്ഥക്കാലത്ത് മുഴുവനായി ഒളിവിലായിരുന്നു.[4]

അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലാ കൗൺസിൽ അംഗമായിരുന്നു. പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.എമ്മിന്റെ കൂടെ നിന്നു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി, കേരള നിയമസഭാംഗം (1977-1979) അഴീക്കോട് നിയമസഭാമണ്ഡലം [5] എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷം സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1998 സെപ്റ്റംബർ ഒമ്പതിന് തന്റെ 69ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു[6]

സ്വകാര്യ ജീവിതം

  • ഭാര്യ: ദേവകി
  • മക്കൾ :
  • സുരേന്ദ്രൻ
  • രാജൻ
  • സത്യൻ
  • സുഭാഷ്

പ്രധാന പദവികളിൽ[തിരുത്തുക]

  • 1996-1998 : സി.പി.എം, സംസ്ഥാന സെക്രട്ടറി
  • 1995-1998 : സി.പി.എം, കേന്ദ്രക്കമ്മറ്റി അംഗം
  • 1989-1990 : സി.പി.എം, ജില്ലാസെക്രട്ടറി, തിരുവനന്തപുരം
  • 1986-1998 : സി.പി.എം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം
  • 1979-1986 : സി.പി.എം, കണ്ണൂർ ജില്ലാ സെക്രട്ടറി
  • 1978-1998 : സി.പി.എം, സംസ്ഥാന സമിതി അംഗം
  • 1977-1980 : നിയമസഭാംഗം, അഴീക്കോട്
  • 1977-1979 : സി.പി.എം, കണ്ണൂർ ഏരിയ സെക്രട്ടറി
  • 1964 : സി.പി.എം, കണ്ണൂർ ജില്ലാക്കമ്മറ്റി അംഗം
  • 1963-1978 : വൈസ് പ്രസിഡന്റ്, നാറാത്ത് ഗ്രാമ പഞ്ചായത്ത്
  • 1962 : കമ്മ്യൂണിസ്റ്റ് പാർട്ടി, കണ്ണൂർ മണ്ഡലം കമ്മിറ്റി അംഗം
  • 1962 : കമ്മ്യൂണിസ്റ്റ് പാർട്ടി, ഇരിക്കൂർ ഫർക്ക ലോക്കൽ കമ്മിറ്റി സെക്രട്ടറി
  • 1952 : കമ്മ്യൂണിസ്റ്റ് പാർട്ടി, ഇരിക്കൂർ ഫർക്ക ലോക്കൽ കമ്മിറ്റി അംഗം
  • 1948 : കമ്മ്യൂണിസ്റ്റ് പാർട്ടി സെൽ അംഗം[7][8][9]
ചടയൻ ഗോവിന്ദന്റെ ശവകുടീരം

അവലംബം[തിരുത്തുക]

  1. "ചടയൻ ഗോവിന്ദൻ". കേരള നിയമസഭ. Retrieved 2013-09-04.
  2. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 232. ISBN 81-262-0482-6. ചടയൻ ഗോവിന്ദൻ - ആദ്യകാലജീവിതം
  3. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 233-234. ISBN 81-262-0482-6. ചടയൻ ഗോവിന്ദൻ - പൊതുപ്രവർത്തനം
  4. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 236-237. ISBN 81-262-0482-6. ചടയൻ ഗോവിന്ദൻ - ഒളിവുകാലജീവിതം
  5. "ചടയൻ ഗോവിന്ദൻ". കേരള സർക്കാർ. Retrieved 2013-09-04.
  6. "സഖാവ്:ചടയൻ ഗോവിന്ദൻ". സി.പി.ഐ(എം) കേരളഘടകം. Archived from the original on 2014-03-26. Retrieved 2009-08-01.
  7. ചടയൻ ഗോവിന്ദൻ നേതൃനിരയിലെ സൗമ്യ സാന്നിധ്യം
  8. ചടയൻ ഗോവിന്ദൻ 25ആം ചരമ വാർഷിക ദിനം
  9. ചടയൻ ഗോവിന്ദന് സ്മരണാഞ്ജലി
"https://ml.wikipedia.org/w/index.php?title=ചടയൻ_ഗോവിന്ദൻ&oldid=4014047" എന്ന താളിൽനിന്ന് ശേഖരിച്ചത്