ഉള്ളടക്കത്തിലേക്ക് പോവുക

ചന്ദ്രക്കല എസ്. കമ്മത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ചന്ദ്രക്കല എസ്. കമ്മത്ത്
പ്രമാണം:Chandrakkala.JPG
ചന്ദ്രക്കല എസ്. കമ്മത്ത്
ജനനം1940
ആലപ്പുഴ
ദേശീയത ഇന്ത്യ
തൊഴിൽസാഹിത്യകാരി
അറിയപ്പെടുന്നത്നോവൽ, ചെറുകഥ
ജീവിതപങ്കാളിസഞ്ജയ് കമ്മത്ത്
കുട്ടികൾപ്രതാപ് എസ്. കമ്മത്ത്
വിദ്യ
മാതാപിതാക്കൾശ്രീരാമചന്ദ്ര ഷേണായി
അവാർഡുകൾസാഹിത്യ അക്കാദമിയുടെ 'സമഗ്രസംഭാവനാ പുരസ്കാരം'.

മലയാള ഗദ്യ സാഹിത്യകാരിയാണ് ചന്ദ്രക്കല എസ്. കമ്മത്ത്. നിരവധി ജനപ്രിയ നോവലുകളുടെ രചയിതാവാണ്. വനിതയിൽ പ്രസിദ്ധീകരിച്ച 'കുങ്കുമപ്പൊട്ടഴിഞ്ഞു' എന്ന ലേഖനമാണ് ആദ്യം എഴുതിയത്. 16 നോവലുകളും നാൽപ്പതോളം കഥകളും എഴുതിയ ചന്ദ്രക്കലയുടേതായി ആദ്യം പ്രസിദ്ധീകരിച്ച കഥ ‘അഗ്നിഹോത്രം’ ആണ്. രുഗ്മ എന്ന നോവൽ 1983 ൽ അതേ പേരിൽ സിനിമയായിട്ടുണ്ട്. അവരുടെ അവസാനമായി പ്രസിദ്ധീകരിച്ച നോവൽ സുമംഗല ആണ്. കൊങ്കിണി സമുദായത്തിലെ സ്ത്രീ ജീവിതങ്ങളാണ് അവർ തന്റെ നോവലുകളിൽ കോറിയിടാൻ ശ്രമിച്ചത്. മലയാളി സമൂഹത്തിന് തികച്ചും അന്യമായ ഗൗഡ സാരസ്വത ബ്രാഹ്മണ ജീവിതം തന്റെ നോവലുകളിലൂടെയും സിനിമ, ടെലിവിഷൻ പരമ്പര തുടങ്ങിയവയിലൂടെയും മലയാളികൾക്ക് പരിചിതമായി. 2014 ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

ആലപ്പുഴ ജില്ലയിലെ സമ്പന്നമായ ഒരു ഗൗഡ സാരസ്വത ബ്രാഹ്‌മണ കുടുംബത്തിൽ ശ്രീരാമചന്ദ്ര ഷേണായിയുടെ അഞ്ച കുട്ടികളിൽ ഒരാളായി 1940 ൽ ജനിച്ചു. കൊങ്കിണിയായിരുന്നു മാതൃഭാഷ. പിതാവ് ഒരു സ്വകാര്യ ബാങ്കിൽ ഏജന്റ് ആയിരുന്നു. പിതാവ് ജോലി ചെയ്തിരുന്ന ബാങ്ക് തകർച്ച നേരിട്ടതോടെ, അദ്ദേഹം കോയമ്പത്തൂരിലെ ഒരു മരക്കമ്പനിയിൽ മാനേജരായി ജോലിയ്ക്ക് ചേർന്നു, എന്നാൽ താമസിയാതെ ആ ജോലിയും നഷ്ടപ്പെട്ടതോടെ വീട്ടിലെത്തി. കുടുംബം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചതിനാൽ അമ്മാവന്മാരുടെ സഹായത്തോടെ വിദ്യാഭ്യാസം പൂർത്തിയാക്കി. ബിരുദം നേടിയ ശേഷം ആദ്യം ഒരു സ്വകാര്യ വിദ്യാലയത്തിലും പിന്നീട് ഒരു സർക്കാർ ഹൈസ്കൂളിലും അധ്യാപികയായി ജോലി ചെയ്തു.

കൊല്ലം കളക്ടറേറ്റിൽ നാഷണൽ സേവിംഗ്സ് ഓഫീസറായി ജോലി ചെയ്തിരുന്ന അമ്മാവന്റെ മകനെ ചന്ദ്രക്കല വിവാഹം കഴിച്ചു. വിവാഹാനന്തരം കൊല്ലത്തായി താമസം. സർക്കാർ ഹൈസ്ക്കൂൾ അധ്യാപികയായിരുന്നു. അവർക്ക് രണ്ട് കുട്ടികളുണ്ട്. ഭർത്താവിന്റെ മരണശേഷം, സ്വന്തം അനുഭവങ്ങളെ അടിസ്ഥാനമാക്കി, കുങ്കുമപ്പൊട്ടഴിഞ്ഞു എന്ന പേരിൽ ഒരു ലേഖനം എഴുതി വനിതാ മാസികയ്ക്ക് അയച്ചത് വഴിത്തിരിവായി.

മനോരാജ്യം, കുങ്കുമം, വനിത തുടങ്ങിയ ആനുകാലികങ്ങളിൽ കഥ, നോവൽ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. 1983ൽ വനിതക്കു വേണ്ടി എഴുതിയ 'രുഗ്മ' എന്ന നോവൽ പി.ജി. വിശ്വഭംരൻ സിനിമയാക്കി.[1]

'ഭിക്ഷ' എന്ന നോവൽ 'അക്ഷയപാത്രം' എന്ന പേരിലും 'സപത്നി' എന്ന നോവലും ശ്രീകുമാരൻ തമ്പി സീരിയലാക്കി.[2]

കൃതികൾ

[തിരുത്തുക]
  • രുഗ്മ
  • ഭിക്ഷ (നോവൽ)
  • സപത്നി
  • ശിശിരാന്തം
  • ഒഢ്യാണം (തെരഞ്ഞെടുത്ത പത്തൊമ്പത് കഥകൾ)
  • വനദുർഗ്ഗാ തെരുവിലെ കറവക്കാരി
  • മിഥില
  • കലാവതി
  • സുമംഗല
  • ഇനി അൽപ്പം ത്രിമധുരം
  • കറവക്കാരി
  • അഗ്നിഹോത്രം
  • ഇവിടെ ഒരു തണൽ മരം
  • ചെമ്പകത്തിന്റെയും നീലുവിന്റെയും കഥ (ചെറുകഥ)
  • മുത്തശ്ശി രാമായണം

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്കാരം(2014)[3]

അവലംബം

[തിരുത്തുക]
  1. "ചന്ദ്രക്കല എസ്. കമ്മത്ത്". Department of Women and Child Development, Kerala state. Archived from the original on 2022-01-24. Retrieved 2022-01-24.
  2. "ഭൂമിയിലെ ചന്ദ്രക്കല". മാതൃഭൂമി. 10 February 2021. Archived from the original on 2021-02-10. Retrieved 11 February 2021.
  3. http://www.mangalam.com/print-edition/keralam/411380